ADVERTISEMENT

ഒരുപാട് നേരമായി അയാൾ തന്റെ പേര് ഓർത്തെടുക്കാൻ ശ്രമിക്കുന്നു. മരുഭൂമിയിലെ മണൽകാറ്റിൽ ചെറിയ ചെറിയ കൂനകൾ പ്രത്യക്ഷമാകും, ചിലപ്പോൾ പെട്ടെന്ന് അവ അപ്രത്യക്ഷമാകും. കാറ്റിന്റെ ഗതിവിഗതികൾക്കൊത്ത് രൂപം മാറുന്ന മരുഭൂമി. ഇന്ന് കാണുന്ന ഭൂമിയല്ല നാളെ കാണുക. ഇന്നലെയെന്തായിരുന്നു താൻ കണ്ടിരുന്നതെന്ന് ശരിയായി ഓർമ്മയും ഉണ്ടായിരുന്നില്ല. മരുഭൂമിയുടെ നടുക്ക് തനിയെ ഉള്ള ജീവിതം. തൊട്ടടുത്ത രാജ്യത്തിന്റെ അതിർത്തി തെറ്റി വന്നതാണ്. വഴി തെറ്റി വന്നത് ആരുടെയോ വലിയ കൃഷിയിടത്തിലേക്കായിരുന്നു. അയാൾ പൊലീസിൽ ഏൽപ്പിച്ചില്ല, എന്നാൽ തന്നെ ഭയപ്പെടുത്തി ആ കൃഷിയിടത്തിലെ ജോലിക്കാരനാക്കി. താൻ അകപ്പെട്ടുപോയി എന്നയാൾക്ക്‌ പിന്നീടാണ് മനസ്സിലായത്.

തന്റെ മുഴുവൻ തിരിച്ചറിയൽ രേഖകളും അതിർത്തിക്കപ്പുറത്തെ നാട്ടിലെ താമസ സ്ഥലത്താണ്. ഇവിടെ പൊലീസ് പിടിച്ചാൽ താൻ തീർച്ചയായും ഒരു അനധികൃത താമസക്കാരനാക്കി ജയിലിൽ അടക്കപ്പെടും, തന്റെ വ്യക്തിത്വം തനിക്ക് തെളിയിക്കാനുമാകില്ല. എങ്ങനെയെങ്കിലും രക്ഷപ്പെട്ടു അപ്പുറത്തെ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചാൽ അവർ തന്നെ വെടിവെച്ചിട്ടേക്കാം. വലിയ കൃഷിയിടത്തിന്റെ ഉടമയുടെ വണ്ടിയിലും തോക്കുണ്ട്, ഇടയ്ക്കിടെ അയാളതെടുത്ത് തന്റെ നേരെ ചൂണ്ടിക്കാണിക്കാറുമുണ്ട്. അധികാരം എനിക്ക് മാത്രമാണ്, നീ അടിമ മാത്രമാണെന്ന് അയാൾ തോക്ക് തന്റെ നേരെ ചൂണ്ടിക്കൊണ്ട് തന്നെ ഭയപ്പെടുത്തികൊണ്ടിരുന്നു. അപ്പോഴെല്ലാം താൻ ഭയന്ന് കരഞ്ഞിരുന്നു. പോകെ പോകെ കരച്ചിൽ നിന്നു, പിന്നെ തന്റെയുള്ളിൽ നിന്ന് ഒരു മൂളൽ മാത്രമേ വരൂ. ഇപ്പോൾ ആ മൂളലിനും ശബ്ദമില്ലാതെയായി. 

കൃഷിയിടത്തിലെ പുല്ല് കൊണ്ടുവരുന്ന നാട്ടുകാരൻ തന്നെ ഒരിക്കൽ കണ്ടു, അവൻ അവന്റെ നേരെ ചൂണ്ടി, നാസർ എന്ന് പറഞ്ഞു, പിന്നെ അവന്റെ വിരൽ തന്റെ നേരെ നീട്ടി, അയാൾ തന്റെ പേരാണ് ചോദിക്കുന്നതെന്ന് തനിക്കു മനസ്സിലായി, താൻ പേര് ഓർത്തെടുക്കാൻ ശ്രമിച്ചു. ഓർമ്മ വരുന്നില്ല, ഒരാളോട് സംസാരിച്ചിട്ട് എത്രയോ നാളുകൾ ആയിരിക്കുന്നു. ഇത്രയും നാൾ തന്റെ കൃഷിയിടത്തിന്റെ ഉടമയെ  മാത്രമേ കണ്ടിട്ടുള്ളൂ. ഉടമ തന്നെ പുല്ലു കൊണ്ടുവരുന്ന ആളെ തന്നിൽ നിന്ന് അകറ്റി നിർത്തിയിരുന്നു. ഗേറ്റിൽ പുല്ലുകെട്ട് ഇറക്കിപ്പോവുകയായിരുന്നു പതിവ്. ഇന്നൊരുപക്ഷേ പുറത്തു പോയപ്പോൾ ഗേറ്റ് അടക്കാൻ മറന്നിരിക്കണം. എന്തായിരുന്നു തന്റെ പേര്, കെ യിൽ തുടങ്ങുന്നതായിരുന്നല്ലോ, കെ ഞാൻ പറഞ്ഞു, നാസർ എന്നെ കെ എന്ന് വിളിച്ചു. പെട്ടെന്നാണ് ഒരു വെടിയുടെ ശബ്ദം കേട്ടത്, നാസർ പെട്ടെന്ന് താഴെ വീണു കിടന്നു. താനും പേടിച്ചു താഴേക്ക് വീണു. കൃഷിയുടമ വലിയ വായിൽ ഒച്ചയുണ്ടാക്കി നാസറിന് നേരെ പാഞ്ഞു വരുന്നു. ഇടയ്ക്കുള്ള ഒരു തടിയിൽ തട്ടി, അയാളൊന്നു വീണു, അയാളുടെ കൈയ്യിൽ നിന്നും തോക്ക്  തെറിച്ചു പോയി. ആ തക്കം നോക്കി നാസർ തന്റെ വണ്ടിയിൽ ചാടിക്കയറി വണ്ടി വേഗത്തിൽ ഓടിച്ചു പോയി. കൃഷിയിടത്തിന്റെ ഉടമ ചാടിയെഴുന്നേറ്റ് തന്നെ അടിച്ചു, അയാളുടെ കൈകൾ തളരുന്നത് വരെ മർദ്ദിച്ചു. മറ്റൊരാൾ തന്നെ കണ്ടതിലുള്ള കലിയാണതെന്നു തനിക്കു മനസ്സിലായി. അപ്പോൾ മുതൽ അയാൾ ഭക്ഷണവും വെള്ളവും തനിക്ക്‌  നിഷേധിച്ചു. മരുഭൂമിയിലെ ചൂടിലും തണുപ്പിലും താൻ തളർന്നുറങ്ങി.

പിറ്റേന്ന് രാവിലെ രണ്ടുമൂന്ന് പൊലീസ് വണ്ടികൾ ആ കൃഷിയിടത്തിലേക്ക് കടന്നു വന്നു. അതിൽ നാസറിനെ വിലങ്ങ് വെച്ച് ഇരുത്തിയിരുന്നു. പൊലീസധികാരികൾ അജ്ഞാതനായ എന്നെക്കുറിച്ചു കൃഷിയിടത്തിന്റെ ഉടമയോട് ചോദിച്ചു. എന്നാൽ എന്നെ അറിയില്ലെന്ന് അയാൾ പറഞ്ഞു. നാസറിന്റെ കണ്ണുകൾ എന്നെ താമസിപ്പിച്ചിരുന്ന മൃഗങ്ങൾക്കായി തീറ്റകൾ സൂക്ഷിക്കുന്ന സ്റ്റോർ മുറിയിലേക്ക് നീണ്ടു. പൊലീസുകാരൻ അത് പെട്ടെന്ന് മനസ്സിലാക്കി. എന്നാൽ കൃഷിയിടത്തിന്റെ ഉടമ തന്റെ തോക്കെടുത്തു, അയാൾ വെടി പൊട്ടിക്കുന്നതിന് മുമ്പേ മറ്റു പൊലീസുകാർ അയാളെ കീഴടക്കി. സ്റ്റോർ റൂമിൽ നിന്ന് തന്നെ കണ്ടെടുത്ത പൊലീസുകാർ തന്റെ പേര് ചോദിച്ചു, ഓർമ്മയുള്ള ഒരു വാക്ക് കെ എന്ന് മാത്രമാണ്, താനത് പറഞ്ഞു. അവർ തന്നെ വണ്ടിയിലേക്ക് കയറ്റി. നാസറിന്റെ കൈവിലങ്ങ് അഴിച്ചു കൃഷി ഉടമയെ കൈവിലങ്ങണിയിച്ചു. "അയാളുടെ ചിത്രമെടുക്കൂ, എന്നിട്ട് ഓഫീസിലേക്ക് അയക്കൂ, അവർ തിരഞ്ഞു കണ്ടുപിടിക്കട്ടെ, അത് വരെ സുരക്ഷിതമായ ഒരിടത്തു പാർപ്പിക്കാം". മുതിർന്ന പൊലീസുകാരൻ തന്നെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. മരുഭൂമിയിലൂടെ പൊടിപറത്തി ആ വണ്ടികൾ പാഞ്ഞു. വണ്ടിയുടെ പുറകിലിരുന്ന തന്റെ കാഴ്ചകളിൽ നിന്ന് ആ കൃഷിയിടം മറഞ്ഞു. ഞെട്ടിയുണർന്ന അയാൾ കട്ടിലിൽ നിന്ന് താഴെ വീണു. അയാൾ ആകെ വിയർത്തിരുന്നു. ലൈറ്റുകൾ ഇട്ട് അയാൾ വെള്ളമെടുത്തു കുടിച്ചു. ചുമരിൽ തൂക്കിയിട്ടിരുന്ന തന്റെ തിരിച്ചറിയൽ കാർഡ് എടുത്തു പേര് വായിച്ചു, "നാസർ കെ." നീണ്ട നിശ്വാസമെടുത്തു അയാൾ ആ തിരിച്ചറിയൽ കാർഡ് കഴുത്തിലണിഞ്ഞു, കണ്ണുകൾ അടച്ചു അയാൾ വീണ്ടും ഉറങ്ങാൻ ശ്രമിച്ചു. 

Content Summary: Malayalam Short Story ' Maravi ' written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com