തിരിച്ചറിവ് – ശ്രീപദം എഴുതിയ കഥ

HIGHLIGHTS
  • തിരിച്ചറിവ് (കഥ)
virunn
Representative image. Photo Credit: MikeDotta /Shutterstock.com
SHARE

"ഇങ്ങനെ പോയാ ശരിയാവില്ല, ഇനി മുതൽ ഞാൻ എന്നെയും ഒന്ന് സ്നേഹിക്കാൻ തുടങ്ങട്ടെ" അവളാലോചിച്ചു.. ഒരു മടുപ്പിൽ നിന്നാണ് അവളിങ്ങനെയൊരു തീരുമാനം എടുക്കാൻ തന്നെയൊരുങ്ങിയത്. വീടിന്, കുടുംബത്തിന്, മക്കൾക്ക് പിന്നെ സ്വന്തക്കാർക്ക്, ഒക്കെവേണ്ടി ആവോളം ജീവിച്ചു തളർന്നു പോയി.. ഇപ്പോൾ ചുറ്റും മടുപ്പ് മണക്കുന്നു. സ്നേഹമസ്തമിച്ച് മടുപ്പിന് വഴിമാറിയോ.. വീട്ടിലുള്ളവരുടെ ആരോഗ്യം, സുഖം എന്നിവയെക്കുറിച്ച് എപ്പോഴും ആവലാതിപ്പെട്ടിരുന്ന എന്റെ മനസ്സ്, ഞാനവരുടെ ചിന്തകളിൽ ഉണ്ടായിരുന്നേ ഇല്ലെന്ന് തിരിച്ചറിഞ്ഞു, കാടുകയറുന്നൂ എന്റെ  ചിന്തകളിപ്പോൾ.. ആവശ്യങ്ങൾ- അത് നിറവേറ്റുന്ന ഒരു യന്ത്രം, അത്  മാത്രമായിരുന്നില്ലേ താനിത് വരെ.. യന്ത്രങ്ങൾക്ക് ഇഷ്ടങ്ങളുണ്ടാവില്ലല്ലോ ല്ലേ... അവളുടെ  ഇഷ്ടങ്ങൾ, ഇഷ്ടക്കേടുകൾ, മോഹങ്ങൾ, മോഹഭംഗങ്ങൾ, സ്വപ്നങ്ങൾ.. ഇതൊന്നും ആരും കണ്ടതുമില്ല, അവരെല്ലാം അവരവരുടെ സ്വന്തം ഇഷ്ടപൂർത്തീകരണത്തിന്റെ തിരക്കിലായിരുന്നു.. വീട് വൃത്തിയാക്കിയും വസ്ത്രങ്ങൾ അലക്കിയും ഭക്ഷണം ഉണ്ടാക്കി സമയാസമയങ്ങളിൽ വീട്ടുകാരെ ഊട്ടിയും ഒരു താങ്ങായി ഒരു തണലായി, വീടിന് മേലേപടർന്നു പന്തലിച്ച് നിൽക്കുന്ന ഒരു മനോഹര വൃക്ഷമായി അവൾ.. പൂത്തു സുഗന്ധം പരത്തിയപ്പോൾ അവർ വണ്ടുകളായി.. കായ്കനികൾ പഴുത്തപ്പോൾ അവർ കിളികളുമായി.. ഇന്നവൾ ഇലകൊഴിയും ശിശിരവൃക്ഷമാണ്, വണ്ടുകളില്ല കിളികളുമില്ല.. ബന്ധങ്ങളിലേക്ക് വേരൂന്നിയ ഒരു  പടുവൃക്ഷം.. കൂട് വിട്ടു കൂടുമാറി പോകുന്നവർ,  ജീവിതത്തിന് കുളിർമയേകിയ വൃക്ഷത്തിന്റെ ശാഖകൾ മുറിച്ച് മാറ്റാനും, കടയ്ക്കൽ തന്നെ കത്തി വെക്കാനും കലമ്പൽ കൂട്ടുന്നു. 

തനിക്കുമുണ്ടായിരുന്നില്ലേ ഇഷ്ടങ്ങൾ.. ഒരു കുടുംബം, സ്നേഹം വിതറുന്ന ഒരു കുടുംബം, അതിലെ നിറവെളിച്ചമായി നിറഞ്ഞു നിൽക്കാനും.. സ്നേഹം പകർന്നു വെളിച്ചത്തെ കെടാതെ കാക്കാൻ മെനക്കെടാതെ എല്ലാവരും അവരവരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് നടന്നകന്നു. ഈയൊരു നിലയിലെത്തിയപ്പോഴാണ് അവൾ സ്വയം മനസ്സിലാക്കുന്നത്, ചോര ഊറ്റിക്കൊടുത്ത് വളർത്തിയ സ്നേഹം, പകർന്നു കിട്ടിയിരുന്നോ എന്ന്.. സ്നേഹവും പരിഗണനയും ഒന്ന് തിരിഞ്ഞു നോക്കാതെ പടിയിറങ്ങിപ്പോകുന്നോ.. മറ്റുള്ളവർക്ക് വേണ്ടി  ജീവിതം ജീവിച്ചു തീർക്കുമ്പോൾ, അന്ന്, സ്വന്തം ഇഷ്ടങ്ങളെക്കുറിച്ച് അവളൊന്നു ചിന്തിച്ചിരുന്നോ. അവളുടെ ഇഷ്ടങ്ങൾ ഏതെന്ന് വേർതിരിച്ചെടുക്കാൻ അവൾക്ക് അന്നറിയില്ലായിരുന്നു. ഇങ്ങനെ ഒരൊറ്റത്തുരുത്തിൽ തടവിലാകും എന്നുമവൾ അറിഞ്ഞതേയില്ല.. ഇനിയെങ്കിലും  കുഴിച്ച് മൂടിയ  ഇഷ്ടങ്ങളെ ചികഞ്ഞ് പുറത്തെടുക്കാനാവുമോ അവൾക്ക്... അസ്തമയ സൂര്യന്റെ പൊൻകിരണങ്ങൾ തന്റെ ശരീരത്തിൽ വീണുടയുന്നതവൾ അറിയാൻ തുടങ്ങി. ജീവിതത്തിലേക്ക് അന്ധകാരം അരിച്ചരിച്ച് കയറി തന്നെ വിഴുങ്ങാൻ തുടങ്ങിക്കഴിഞ്ഞു. ഇനിയെപ്പോൾ?? 

താൻ ബഹുദൂരം മുന്നോട്ട് പോയിക്കഴിഞ്ഞിരിക്കുന്നു. എന്നാലും തന്റെ ഇഷ്ടങ്ങളെ പുറത്തെടുത്ത് തട്ടിക്കുടഞ്ഞാൽ ഇഷ്ടങ്ങൾക്ക് തിളക്കം വരുമോ?? അവളാശിച്ചു.. തിളങ്ങുന്ന മോഹങ്ങളെ  ഒപ്പം കൂട്ടാനാവാതെ പാതിവഴിയിൽ ഉപേക്ഷിച്ചു പോകേണ്ടി വരുമെന്ന് ഇപ്പോഴവൾ ഭയക്കുന്നു. മനസ്സ് തന്റെ ഇഷ്ടങ്ങളോട് മെല്ലെ മന്ത്രിച്ചു  "യോഗമുണ്ടെങ്കിൽ അടുത്ത ജന്മം കാണാം" എന്നും.."ഈ ജന്മം മുഴുവൻ ഒപ്പമുണ്ടായിട്ടും കാണാത്ത ഇഷ്ടങ്ങളെയാണോ നിങ്ങൾ അടുത്ത ജന്മം കാണുന്നത്" എന്ന് ഇഷ്ടങ്ങളുടെ പരിഹാസം..."ഞാനീ ഭൂമിയിൽ നിന്ന് പോയാല്‍ ഭൂമിക്ക് അല്ലെങ്കിൽ ഭൂമിയിലെ ജീവജാലങ്ങൾക്ക് എന്ത് സംഭവിക്കാൻ? ഒന്നും സംഭവിക്കില്ല, നഷ്ടം എനിക്കാണ്, എനിക്ക് മാത്രം" അവൾ തേങ്ങി. പ്രപഞ്ചത്തിലെ ഏറ്റവും സുന്ദരമായ ഗ്രഹത്തിൽ വന്നുപെട്ടിട്ടും അതിന്റെ സൗന്ദര്യം കാണാതെ പോകേണ്ടി വരിക. യാത്രകൾ ഇഷ്ടപ്പെട്ടിരുന്ന, തനിക്കിനി ഒരേയൊരു യാത്രയേ ഉള്ളൂ.. സംഗീതം അലിഞ്ഞു ചേർന്ന എന്റെ മനസ്സിലോ, പ്രപഞ്ചത്തിന്റെ ഓംകാരധ്വനി മാത്രം.. ഉറക്കം തേടിവരാത്ത, എന്റെയീ കണ്ണുകളടച്ചാൽ  കാണുന്ന ഈ നീലവെളിച്ചത്തിൽ, കേൾക്കുന്നു ബ്രഹ്മാണ്ഡസംഗീതം, അതിലലിയട്ടെ  ഇനി ഞാനും എന്റെ മോഹങ്ങളും, ഒരു വിതുമ്പലോടെ അവളോർത്തു..

Content Summary: Malayalam Short Story ' Thiricharivu ' written by Sreepadam

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS