' ചങ്ങാടത്തിൽ കൊമ്പനാന, പേടിച്ചുവിറച്ചു യാത്രക്കാർ; ജീവൻ കൈയ്യിൽ പിടിച്ചൊരു വമ്പൻ ജലയാത്ര.. '

HIGHLIGHTS
  • കൊമ്പനാനയും ചങ്ങാടവും (കഥ)
malayalam-story-kombananayum-changadavum
Representative image. Photo Credit: arcticswede/istockphoto.com
SHARE

1980 കാലഘട്ടം. ബിസിനസുകാരൻ ചെറിയാൻ ഒരു പുതിയ മറ്റഡോർ ടെമ്പോ വാൻ വാങ്ങി. അപ്പനോട് പലരെയും കൊണ്ട് ശുപാർശ ചെയ്യിപ്പിച്ചും സമ്മർദ്ദം ചെലുത്തിയും ഒക്കെ ഒരുവിധം സമ്മതിപ്പിച്ച് വാങ്ങിയതായിരുന്നു അത്. അതുകൊണ്ടുതന്നെ വാൻ കൈയ്യിൽ കിട്ടിയപ്പോൾ എപ്പോഴും തുടച്ചു മിനുക്കി കഴുകി നമ്മുടെ ലാലേട്ടൻ ‘ഏയ്‌ ഓട്ടോ’യിൽ “സുന്ദരി”യെ കൊണ്ട് നടക്കുന്നത് പോലെ ആയിരുന്നു പുള്ളി അതിനെ കൊണ്ടു നടന്നിരുന്നത്. പരമഭക്തനായ അദ്ദേഹത്തിന് ഒരു ആഗ്രഹം. സുഹൃത്തുക്കളെയും കൂട്ടി തൃശ്ശൂർ അടുത്തുള്ള ചെട്ടിക്കാട് അന്തോണീസ് പുണ്യാളന്റെ ദേവാലയത്തിൽ കൊണ്ടുപോയി വെഞ്ചരിച്ച്  ഐശ്വര്യമായി ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച് തുടങ്ങണമെന്ന്.

ഒരു ഞായറാഴ്ച അപ്പന്റെ അനുവാദവും വാങ്ങി സമപ്രായക്കാരായ 8 സുഹൃത്തുക്കളെയും കൂട്ടി ചെട്ടിക്കാടിലേക്ക് പുറപ്പെട്ടു. യൗവ്വനത്തിന്റെ ചോരത്തിളപ്പിൽ  കൂട്ടുകാരെല്ലാവരും സ്റ്റീരിയോയിൽ പാട്ടൊക്കെ മുഴക്കി വച്ചും അതിന്റെ കൂടെ പാടിയും ഒരു വിനോദയാത്ര പോലെ പൊയ്ക്കൊണ്ടിരിക്കുകയാണ്. അക്കാലത്ത് ചെട്ടിക്കാട് എത്തണമെങ്കിൽ കുറച്ചുദൂരം ചങ്ങാടത്തിൽ കയറി വേണം യാത്ര ചെയ്യാൻ. ഇവർ പോകുന്നവഴി വലിയൊരു കൊമ്പനാന രണ്ടു പാപ്പാന്മാർക്കൊപ്പം പോകുന്നത് കണ്ടിരുന്നു. അന്നും ഇന്നും എന്നും ആന  എല്ലാവർക്കും ഒരു കൗതുകക്കാഴ്ച ആണല്ലോ! കുറച്ചുനേരം വണ്ടി നിർത്തിയിട്ട് ഹോണടിച്ച് ആനയുടെ ശ്രദ്ധ ആകർഷിക്കാൻ നോക്കി, എല്ലാവരും പിന്നെ യാത്ര തുടർന്നു. അവർ കടവ് കടക്കാൻ എത്തുമ്പോൾ ബോട്ട് അകലെനിന്ന് വരുന്നുണ്ടായിരുന്നു. ആദ്യമാദ്യം വരുന്ന വാഹനങ്ങൾ അക്കരയ്ക്കു പോകാൻ ഉള്ളത് ഒരു സ്ഥലത്ത് പാർക്ക് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് രണ്ടു പേര് അവിടെയുണ്ട്. വാൻ അവിടെ  കയറ്റിയിട്ടു. ദൂരെ നിന്ന് വന്ന ചങ്ങാടത്തിൽ നിന്ന് വാഹനങ്ങളും ആളുകളും ഒക്കെ ഇറങ്ങി കഴിഞ്ഞ് കയറ്റാനുള്ളവരെ  കയറ്റിത്തുടങ്ങും. 

ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും വാനും കയറ്റി കഴിഞ്ഞപ്പോഴുണ്ട് രണ്ട് പാപ്പാന്മാരും ആനയും കൂടി വേഗം അങ്ങോട്ട് വന്നിട്ട് ചെട്ടിക്കാട് അടുത്തുള്ള ഒരു അമ്പലത്തിൽ ഉത്സവത്തിന് എഴുന്നള്ളിക്കാൻ ഉള്ള ആനയാണ് ഇത്, ഇപ്പോൾ തന്നെ സമയം വൈകി. ഞങ്ങളെ ആദ്യം കയറാൻ അനുവദിക്കണമെന്ന അപേക്ഷയുമായിട്ടാണ് അവരുടെ വരവ്. ഒന്ന് രണ്ട് കാറുകൾ മാറ്റി ആനയെ കയറ്റാൻ അനുമതി കൊടുത്തു. ആനയെ ചങ്ങാടത്തിൽ കയറ്റാൻ വേണ്ടി പാപ്പാന്മാർ വാലു പിടിച്ചു തിരിക്കുകയോ കുത്തുകയോ മറ്റോ ചെയ്തിരുന്നു. ആന ചങ്ങാടത്തിൽ കയറിയതോടെ ചങ്ങാടം ഒന്ന് ആടിയുലഞ്ഞു. കയറ്റിയ കാറുകൾ ഉരുളാതിരിക്കാൻ തടിക്കഷണം വച്ച് അട വെച്ചിരുന്നു. ഡ്രൈവർ മാത്രം വണ്ടിയിൽ ഇരിക്കും. ബാക്കി ആളുകളൊക്കെ ബോട്ടിൽ പോയി സ്ഥലം പിടിച്ചിരുന്നു. ചെറിയാൻ മാത്രം വണ്ടിയിലും സുഹൃത്തുക്കളൊക്കെ ബോട്ടിലും കയറി. എന്നാൽ ആന തൊട്ടടുത്ത് വന്ന് നിലയുറപ്പിച്ചതോടെ വണ്ടിയിൽ ഇരിക്കുന്ന ഡ്രൈവർമാർക്ക് ഭയമായി. ദൂരെ നിന്ന് കാണുമ്പോൾ ഉള്ള  കൗതുകം അടുത്ത് വന്നു നിന്നപ്പോൾ ഇല്ലാതായി. അവരൊക്കെ പേടിച്ച് വണ്ടിയിൽ നിന്ന് ഇറങ്ങി ദൂരെ ബോട്ടിൽ പോയിരുന്നു. ഇവർ ഇറങ്ങുന്നതു കണ്ട് “നീയൊക്കെ ഒരു ആണാണോടാ? മൂക്കിനു താഴെ മീശയും വെച്ച് നടക്കുന്നു. ഒന്നും പേടിക്കാനില്ല, അവനാരെയും ഉപദ്രവിക്കില്ല. പേടിത്തൊണ്ടന്മാർക്ക് പേടിയാണെങ്കിൽ ബോട്ടിൽ പോയിരുന്നോ, “എന്നു പറഞ്ഞ് രണ്ടു പാപ്പാന്മാർ കൂടി പുച്ഛിച്ചു ചിരിച്ചു. ജീവനിൽ കൊതിയുള്ള അവർ അത് ഗൗനിച്ചില്ല. 

പുറപ്പെടാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഒരു പെട്ടി ഓട്ടോറിക്ഷ കൂടി വന്നു. അതിൽ നിറയെ ആടുകൾ ആയിരുന്നു. അവരെ ചങ്ങാടത്തിൽ കയറ്റിയ കുലുക്കത്തിൽ അതുങ്ങളൊന്നടങ്കം “മ്പേ” “മ്പേ” എന്നും പറഞ്ഞ് നിലവിളി തുടങ്ങി. ഈ ശബ്ദകോലാഹലം കേട്ടതും ആനയ്ക്ക് ദേഷ്യം വന്നു. തുമ്പിക്കൈ നീട്ടി രണ്ടുതവണ അത് ഒരു ശബ്ദം പുറപ്പെടുവിച്ചു. അതോടെ യാത്രക്കാരുടെ സപ്ത നാഡികളും തളർന്നു. എല്ലാവരും പേടിച്ചരണ്ട മുഖത്തോടെ ആയി ഇരിപ്പ്. ചങ്ങാടം പുറപ്പെട്ടതും ആന കുഴൽക്കിണറിന്റെ  പൈപ്പ് തുറന്നു വിട്ടത് പോലെ മൂത്രമൊഴിക്കാനും പിണ്ടിയിടാനും തുടങ്ങി. കാറുകളുടെയും  ഇരുചക്രവാഹനങ്ങളുടെയും  ബോട്ടിൽ ഇരുന്ന യാത്രക്കാരുടെ ദേഹത്തും ഒക്കെ ഇത് തെറിച്ചു വീണു കൊണ്ടിരുന്നു. ഒരു കല്യാണത്തിനു പോകുന്ന ആൾക്കാർ വരെ അതിനകത്ത് ഉണ്ടായിരുന്നു. എല്ലാവരും കൂടി ബഹളം തുടങ്ങി. പത്തറുപത് പേര് ഒന്നിച്ച് ബഹളം കൂട്ടിയപ്പോൾ അത് ഒരു ആരവമായി മാറി. അപ്പോൾ പാപ്പാൻ എല്ലാവരോടുമായി പറഞ്ഞു. “നിങ്ങൾ എല്ലാവരും അച്ചടക്കത്തോടെ ഇരുന്നില്ലെങ്കിൽ ആന ചിലപ്പോൾ ആക്രമണ സ്വഭാവം കാണിക്കും. ആദ്യമായിട്ടാണ് ഞങ്ങൾ ഈ ആനയെ ചങ്ങാടത്തിൽ കയറ്റുന്നത്. കുട്ടികുറുമ്പൻ ആണ്. ദേഷ്യം വന്ന് ആന ഇടഞ്ഞാൽ ചിലപ്പോൾ ഉപദ്രവിക്കും. എന്തെങ്കിലും ഉപദ്രവം കിട്ടി കഴിഞ്ഞിട്ട് പിന്നെ ഞങ്ങളോട് പരാതി പറഞ്ഞിട്ട് കാര്യമില്ല എന്ന്.” അതോടെ പിന്നെ ഒരു മൊട്ടുസൂചി താഴെ വീണാൽ പോലും കേൾക്കാൻ പറ്റും എന്ന അവസ്ഥയായി. ആരും പരാതി പറയാൻ പോയിട്ട് വായ തുറക്കാൻ പോലും ധൈര്യപ്പെട്ടില്ല.

അങ്ങനെ ചെട്ടിക്കാട് ജംഗ്ഷനിലെത്തി. എല്ലാവരും ജീവനും കൊണ്ട് പുറത്തേക്കിറങ്ങി. അപ്പോൾ പാപ്പാന്മാർ പറയുകയാണ്. “ഞങ്ങളും പേടിച്ച് ഇരിക്കുകയായിരുന്നു. ഈ കാറും വാനും ഒക്കെ ഒറ്റ ഉന്തിന് ഈ ആന തള്ളി വെള്ളത്തിൽ ഇടുമോ എന്ന്. കുറച്ചു പിണ്ടി ഇട്ടതല്ലേ ഉള്ളൂ, അതൊക്കെ എല്ലാവരും ഒന്നു കഴുകി കളഞ്ഞാൽ  മതി, ജീവൻ തിരിച്ചു കിട്ടിയല്ലോ എന്ന്! ചെറിയാൻ ജീവനുംകൊണ്ട് പുതിയ മാറ്റഡോർ വാനുമായി ചെട്ടിക്കാട് അന്തോണീസ് പുണ്യാളന്റെ പള്ളിയിലെത്തി വെഞ്ചരിച്ച്  അവർക്കും വാനിനും ഒരു അപകടവും സംഭവിക്കാത്തതിന് പ്രത്യേക മെഴുകുതിരിയും കത്തിച്ചു പ്രാർഥിച്ചു തിരികെ പോന്നു. പള്ളിയിൽ എത്തുന്നതിനുമുമ്പേ എല്ലാവരും ത്രിശങ്കു സ്വർഗ്ഗത്തിൽ എത്തിയിരുന്നു. അന്ന് ഭയന്ന് വിറച്ചിരുന്നെങ്കിലും ഇന്ന് ഷഷ്ഠിപൂർത്തിയിൽ എത്തിയ സുഹൃദ് സംഘത്തിന് കൊച്ചുമക്കളോട് പറഞ്ഞു ചിരിക്കാൻ ഉള്ള ഒരു പഴയകാല സംഭവം മാത്രമായി ഇത്.

Content Summary: Malayalam Short Story ' Kombananayum Changadavum ' written by Mary Josy Malayil

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS