നമ്മുടെ അയൽനാടാണ് തെക്കിൽ. കളകളാരവം മുഴക്കിയൊഴുകുന്ന പുഴയോരത്താൽ അനുഗ്രഹീതമാണിവിടം. പ്രഭാതത്തിൽ തുഷാരമണികൾ തുളുമ്പിയിരിക്കുന്നുണ്ടാകും പുഴയോരത്ത്. അതിലേറെ അവിടെ സന്തോഷം കൊള്ളിക്കുന്നത് പുഴയോരത്ത് തൊട്ടുരുമ്മി അടക്കം പറഞ്ഞുകൊണ്ടിരിക്കുന്ന മസ്ജിദിൽ വർഷാ വർഷം അരങ്ങേറുന്ന റാത്തീബിന്റെ(ഇസ്ലാമിൽ ഏറെ പ്രാധാന്യമുള്ള ഒരു ആത്മീയ സദസ്സ്) അസുലഭ മുഹൂർത്തങ്ങളാണ്. ഈ നാട് വിലാസത്തിൽ ഇറങ്ങിയത് കൊണ്ട് തന്നെ ചെറുപ്പത്തിൽ തന്നെ അറിയാൻ ഏറെ പ്രയോജിതമായി. റാത്തീബിന് പോയതും കിട്ടിയ അനുഭവവും ആ കുരുന്നുമനസ്സിനെ ഏറെ നടുക്കിയതുമായ അനുഭവങ്ങൾ കുറിക്കുകയാണ് ലേഖകൻ.
ബാല്യകാലം, വികൃതികൾ മനസ്സിൽ കുടികെട്ടിപ്പാർത്ത കാലം, അതിലേറെ തീർത്തും ഉല്ലാസമായിത്തീർക്കുന്ന കാലം, പതിവ് പോലെ വർഷാവർഷം കേട്ട് തുടങ്ങുന്ന ഒരു വാക്ക് കേട്ട് തുടങ്ങി തെക്കിൽ റാത്തീബ് നടക്കുന്നു. അറിഞ്ഞത് മുതൽ ഉമ്മയോട് സമ്മതത്തിനിരക്കാൻ തുടങ്ങി. അങ്ങനെ സമ്മതാർഹം പിറ്റേന്ന് പുലർച്ചേ ഉമ്മയോട് തെക്കിലിൽ പോകുമ്പോൾ അവിടന്ന് ടോയ്സ് വാങ്ങാൻ വേണ്ടി പൈസ ആവശ്യപ്പെട്ടു. ആദ്യം ഇല്ലെന്ന് പറഞ്ഞെങ്കിലും ഉമ്മയുടെ പെട്ടിതുറന്ന് തപ്പിയെടുത്ത് ഒരു ഇരുപത് രൂപ തന്നു. അത് കൈയ്യിൽ ലഭിക്കുമ്പോൾ തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു ഇത് ചോക്കോബാറും ലൈമും കുടിക്കാനേ കൊള്ളത്തുള്ളൂ മറ്റൊന്നിനും തികയില്ലാ എന്ന്. ആകെ കിട്ടിയ പൈസയും മടക്കിപ്പിടിച്ച് ഇറങ്ങുമ്പോഴാണ് ഇത് കണ്ടുകൊണ്ടിരുന്ന പെങ്ങൾ പെട്ടെന്ന് എനിക്ക് അമ്പത് രൂപ തന്ന് പറഞ്ഞു ഇതിൽ നിന്ന് മുപ്പത് എടുത്ത് ബാക്കി ഇരുപത് രൂപ എനിക്ക് കൊണ്ടത്തരണം. ഇങ്ങനെയുള്ള പലതും ഓർക്കുമ്പോൾ പെങ്ങന്മാർ നശ്വരമായ ഈ ദുനിയാവിൽ കിട്ടിയ വലിയ അനുഗ്രഹമായിത്തോന്നാറുണ്ട്. അങ്ങനെ കിട്ടിയ നാൽപ്പത് രൂപയുമായി ഒരുപാട് സ്വപ്നവും കണ്ട് കൈയ്യിൽ നോട്ട് ചുരുട്ടിപ്പിടിച്ച് കൂട്ടുകാരുമായി കാൽനടവഴി പ്രസ്തുത സ്ഥലവും ലക്ഷ്യമാക്കി നടന്നു. ഞാൻ വരുമ്പോൾ അനുജത്തി എന്നേയും കൂട്ടാമോ എന്ന് ചോദിച്ചിരുന്നു. ഞാൻ എന്റെ സുഹൃത്തുക്കളോടൊപ്പം പോകുന്നത് കാരണം ഞാൻ അതിന് വിമുഖത കാണിച്ചു. അങ്ങനെയാണ് ഞാൻ ഇറങ്ങിത്തിരിച്ചത്. ആ നടത്തം വല്ലാത്തൊരു നടത്തമായിരുന്നു.
ഒരുപാട് കയറ്റവും ഇറക്കവും കയറിയറങ്ങി. ഒരുപാട് കഥകളും പറഞ്ഞ് നടക്കുമ്പോൾ ഓരോരുത്തരും ഉമ്മ കൊടുത്ത പൈസ കാണിക്കുകയും വാങ്ങുന്ന ടോയ്സുകളുടെ കഥകളും പറയുന്നുണ്ട്. വലിയതും ചെറിയതുമായ സംഖ്യകളും സാധനങ്ങളും.. അങ്ങനെ റാത്തീബ് നടക്കുന്ന നഗരിയിൽ എത്തിച്ചേർന്നു. ഒരുപാട് അകലേതന്നെ കടകളുടെ കൂമ്പാരങ്ങൾ. മനുഷ്യന്റെ കൈകളുപയോഗിച്ച് നിർമിച്ച പാവകൾ. അതിന്റെ കണ്ണുകൾ എന്നെ തുറിച്ച് നോക്കുംപോലെ തോന്നിപ്പിക്കുന്നു. ആ സാധനങ്ങൾ പലതും ചൈനയുടേതാണ്. അത് വികസിപ്പിച്ച് വികസിപ്പിച്ച് ചൈന ഇന്ന് കണ്ടാൽ മനുഷ്യകുഞ്ഞുങ്ങളെപ്പോലെ തോന്നിപ്പിക്കുന്ന കൈപ്പാവകളെ വികസിപ്പിച്ചെടുത്തുവത്രേ. പാവ കണ്ടപ്പോൾ വീട്ടിലിരിക്കുന്ന അനുജത്തിക്ക് ഒന്ന് വാങ്ങാമെന്ന് കരുതിയെങ്കിലും ആദ്യം തന്നെ ചോക്കോബാർ വണ്ടിയിൽ നിന്ന് ചോക്കോബാർ വാങ്ങി പൈസ കുറഞ്ഞ കാരണം വാങ്ങാൻ പറ്റില്ലെന്ന് മനസ്സിലായി. ഏതായാലും വേണ്ടുവോളം ആഗ്രഹങ്ങൾ മനസ്സാകുന്ന മാണിക്യക്കൊട്ടാരത്തിൽ നൃത്തമാടി. പിന്നീട് ബാക്കിയുള്ള പൈസയ്ക്ക് കിട്ടാവുന്ന കളിക്കോപ്പിനായി തിരഞ്ഞു. അവസാനം ഒരു ഹെലിക്കോപ്റ്റർ കിട്ടി. സന്തോഷോത്സവം പോലെ നിറഞ്ഞാടുന്ന നഗരത്തിൽ നിന്ന് ഒരുപാട് ആളുകൾ വസ്തുക്കൾ വാങ്ങുന്നത് നോക്കിനിന്നു. പിന്നീട് അവിടുന്ന് അശരീരി പോലെ ഒരു അനൗൺസ്മെന്റ് വന്നു അതിങ്ങനെയായിരുന്നു. പത്തൽ വിതരണം ആരംഭിക്കാറായിരിക്കുന്നു എല്ലാവരും സജ്ജരാവുക. ളുഹ്റ് നമസ്കാരനന്തരമായിരുന്നു ഇത്. അങ്ങനെ നമ്മൾ വരിനിന്നു ഒരുപാട് നേരം..
ഓരോ നിമിഷവും വരിയിങ്ങനെ നീങ്ങിക്കൊണ്ടേയിരുന്നു. വല്ലാതെ തിരക്ക് കൂട്ടുന്ന ഒരിടം. അങ്ങനെ ഞാൻ പൊതിയും വാങ്ങിക്കൊണ്ട് പൊതി വാങ്ങാൻ വേണ്ടി വെമ്പൽ കൊള്ളുന്ന അഥവാ മുന്നിലേക്ക് പാഞ്ഞടുക്കുന്ന ഒരു സമൂഹത്തിന്റെ മുമ്പിലൂടെ പുറത്തക്ക് നീങ്ങി. അപ്പോഴാണ് അവിടെ വെച്ച് ഞാൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ എന്നേയും കൂട്ടുമോ എന്ന് ആരാഞ്ഞപ്പോൾ ഞാൻ കൂട്ടാതെ വന്ന അനുജത്തി പിന്നിൽ നിന്നും വിളിച്ചത്. ഞാൻ അവൾ വരുമെന്ന് പ്രതീക്ഷിച്ചതേയില്ല. അപ്പോൾ അവൾ പറഞ്ഞു ഞാൻ അപ്പുറത്തെ വീടുകളിലുള്ള ചങ്ങാതിമാരോടൊപ്പം വന്നതാണെന്ന്. ഏതായാലും കണ്ടപ്പോൾ ഞാൻ പറഞ്ഞു ഇനി നമുക്ക് ഒരുമിച്ച് പോകാം. ഞാനത് പറയലോട് കൂടി അവളുടെ കൂടെ വന്നവരോട് അവൾ പറഞ്ഞു ഞാൻ ഇച്ചയുടെ കൂടെ വരാം നിങ്ങള് പോയിക്കോളു.. അങ്ങനെ ഞങ്ങൾ അവിടെന്ന് ഐസ്ക്രീം ഭക്ഷിച്ചു. ഞങ്ങൾ തിന്നുമ്പോഴേക്കും എന്റെ കൂടെയുള്ള ചങ്ങായിമാരും പിരിഞ്ഞ്പോയി... അന്ന് എനിക്ക് 12 വയസ്സും അനിയത്തിക്ക് 8 വയസ്സുമായിരുന്നു. അങ്ങനെ നമ്മൾ രണ്ടുപേർ മാത്രമായി ചുരുങ്ങി. ഞങ്ങൾ അവിടന്ന് അൽപ്പസമയത്തിന് ശേഷം തിരിച്ച് പോകാൻ ഒരുങ്ങി. പരിപാടി കഴിഞ്ഞ ഇടത്ത് നിന്ന് നേരേ തിരിഞ്ഞ് പോകേണ്ട വഴിയായിരുന്നു നമ്മുടെ അന്നത്തെ നടപ്പാത. അവിടെ നിന്നും നമ്മൾ നേരേ നടന്നു. നടപ്പാതയ്ക്ക് അരികിൽ നിന്നും ഒരു ഓട്ടോക്കാരൻ വരുന്നോ എന്ന് ചോദിച്ചിരുന്നു. നമ്മുടെ നാട്ടിലേക്ക് പോകുന്ന വണ്ടിയായിരുന്നു അത്.. അതിൽ കയറാൻ തുനിയുമ്പോൾ ഇരുപത് രൂപയാകും എന്ന് പറഞ്ഞു.. കൈയ്യിൽ ഇരുപത് രൂപ ഉണ്ടായിരുന്നങ്കിലും നമ്മൾ കയറിയില്ല. കാരണം പെങ്ങൾ വരുമ്പോൾ തന്ന അമ്പത് രൂപയുടെ ബാക്കിയാണത്. തിരിച്ച് കൊണ്ട് വരണം എന്ന് പറഞ്ഞാണ്... എന്തൊരു സത്യസന്ധത..
അങ്ങനെ യഥാവഴിയിൽ നിന്നും നമ്മൾ തെന്നിമാറിക്കൊണ്ട് വഴിപിഴച്ചതായ നിലക്ക് നമ്മൾ മെയിൻ റോഡിലേക്ക് സഞ്ചരിച്ചു. വഴിതെറ്റിവന്നപ്പോൾ വലിയ വലിയ പാണ്ടിലോറികൾ തുരു തുരാ വരുന്നത് കണ്ടു. ആദ്യം തന്നെ വലിയ വലിയ കയറ്റത്തെയായിരുന്നു ചട്ടഞ്ചാലിലേക്കുള്ള പാതയിലൂടെ നമ്മൾ ഏറ്റുമുട്ടിയത്. വലിയ വലിയ പാണ്ടിലോറികൾ ഇറങ്ങിവരുന്നത് കണ്ടപ്പോൾ എന്റെ മനസ്സിൽ ഭയം ജനിക്കാൻ തുടങ്ങി. കൈയ്യിൽ പത്തിരിയും ഇറച്ചിയും ഉണ്ട്. എന്റെ ഒരു കൈയ്യിൽ അനുജത്തിയുടെ തോളും... വഴിതെറ്റിയത് ഭീതി സൃഷ്ടിച്ചപ്പോൾ അനുജത്തി നിലിവിളിച്ച് കരയാൻ തുടങ്ങി.. ഒരു ദിശാബോധം കിട്ടാതെ കൂടെ ഞാനും കരഞ്ഞു.. പാണ്ടിലോറി ഓടിക്കുന്നവർ ഈ കരച്ചിൽ കണ്ട് കൈനീട്ടി എന്ത് പറ്റി എന്ന് ചോദിക്കാൻ തുടങ്ങി. അനുജത്തിയോട് വീട്ടിൽ എത്തും കരയേണ്ടതില്ല എന്ന് പറച്ചിലോട് കൂടെ ഞാൻ സമാശ്വാസപ്പെടുത്തി. അവസാനം നടന്ന് നടന്ന് ചട്ടഞ്ചാൽ പള്ളിയുടെ മിനാരം ദൃശ്യമായി.. അപ്പോഴാണ് മുഖത്ത് പുഞ്ചിരിവിടരാൻ തുടങ്ങിയത്. ഒരുപാട് വേദന സഹിച്ചതിന് ശേഷം തിരിച്ച്കിട്ടിയ ഏറ്റവും വലിയ നിധി പോലെ.. അങ്ങനെ സ്വദേശം കണ്ടെത്തിച്ചു. വീട്ടിലെത്തിയ ശേഷം എല്ലാം വീട്ടുക്കാരുമായി സംസാരിച്ചു. അവരെല്ലാം ഉത്കണ്ഠരായി നിന്ന് പോയി.. റോഡിലേക്ക് വിടാത്ത ഉമ്മയും അന്ന് വല്ല ആവശ്യത്തിനും റോഡിലേക്ക് ഉമ്മ കൂട്ടിയാൽ കൈ ചേർത്ത് പിടിക്കുന്ന മാതാവും അവരിൽ ഉണ്ടായിരുന്നു.. അന്ന് പെങ്ങൾ ചോദിച്ചിരുന്നു ആ വണ്ടിയിൽ നിങ്ങൾക്ക് കയറിക്കൂടായിരുന്നോ.. ഞാൻ പറഞ്ഞു നീ ബാക്കി ഇരുപത് തിരിച്ച് കൊണ്ട് വരണമെന്ന് കണിശമായി പറഞ്ഞത് കൊണ്ടാണ്..
Content Summary: Malayalam Memoir written by Ahammad Sahad Chattanchal