ADVERTISEMENT

പതിവിൽ നിന്ന് വിപരീതമായി അന്ന് രാവിലെ അമ്മ വിളിക്കാതെ തന്നെ കണ്ണ് തുറന്നു, അടുത്ത് കിടന്ന അനിയനെ കാണാതെയിരുന്നപ്പോഴാണ് കണ്ണും തിരുമ്മി അടുക്കളയിലേക്ക് ചെന്നത്. എന്നും രാത്രിയിലുള്ള അച്ഛന്റെ ഉപദ്രവങ്ങളുടെ മുന്നിൽ ഒന്നും മിണ്ടാതെ നിറകണ്ണുകളോടെ നിൽക്കുന്ന അമ്മയുടെ ദേഷ്യവും സങ്കടവും തീർക്കുന്ന അടുക്കള  പോലും അന്ന് നിശബ്ദമായിരുന്നപ്പോഴാണ് മനസ്സൊന്ന് പിടഞ്ഞത്.. ചാരിയിരുന്ന അടുക്കള വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം കണ്ണുകൾ എത്തിയത് തേഞ്ഞ് തീർന്ന അമ്മയുടെ ചെരുപ്പുകൾ മുറ്റത്ത് കിടക്കുന്നുണ്ടോന്നായിരുന്നു. അമ്മയുടെയും അനിയന്റെയും ചെരുപ്പുകൾക്ക് ഇടയിൽ ഉണ്ടായിരുന്ന എന്റെ ചെരുപ്പ് മാത്രം കിടക്കുന്നത് കണ്ടപ്പോൾ എന്തെന്നില്ലാതെ കരച്ചിലാണ് വന്നത്. അടുക്കള മുറ്റവും കഴിഞ്ഞ് റോഡിലേക്കുള്ള ഇടവഴിയിലൂടെ ഓടുമ്പോഴാണ്, വെള്ളയിൽ കറുത്ത പുള്ളികളുള്ള ആ നരച്ച സാരി ഉടുത്തമ്മ ഓട്ടോറിക്ഷയിലേക്ക് കയറുന്നത് കണ്ടത്, ആരോ പിടിച്ചു വലിച്ചത് പോലെ പിന്നെ മുന്നോട്ട് പോകാൻ കഴിയാതെ വേലി കമ്പിൽ പിടിച്ചു നിൽക്കുമ്പോൾ പുറത്തേക്ക് വരാതെ തൊണ്ടയിൽ കരച്ചിൽ കുടുങ്ങിപ്പോയി.

"ഒരു ദിവസം അമ്മ ഇവിടെ നിന്ന് പോകും, മോൻ അച്ഛനൊപ്പം നിൽക്കണം കേട്ടോ...." ഇടയ്ക്കിടയ്ക്ക് അമ്മ പറയാറുള്ള ആ വാക്കുകളാണപ്പോൾ മനസ്സിലേക്ക് ഓടിയെത്തിയത്.. "അപ്പൊ ഇവനോ.." മുറ്റത്ത് കളിച്ചുകൊണ്ട് നിൽക്കുന്ന അനിയനെ നോക്കി ചോദിക്കുമ്പോൾ അമ്മ ഏറെ നേരം ഒന്നും മിണ്ടാതെ അവനെ നോക്കി ഇരിക്കും.. "ഇവൻ കുഞ്ഞല്ലേ ഇവൻ അമ്മയുടെയൊപ്പം നിൽക്കട്ടെ. മോൻ വല്യ കുട്ടി ആയില്ലേ.." അമ്മ തലമുടിയിൽ തഴുകി പറയുമ്പോൾ എഴുന്നേറ്റ് നിന്ന് സ്വന്തം ശരീരം നോക്കി ഞാനും വല്യ ആളായിയെന്ന് മനസ്സിൽ പറഞ്ഞ് പിന്നെയും അനിയന്റെയൊപ്പം കളിക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നത് സന്തോഷം കൊണ്ടായിരിക്കും എന്നാണപ്പോ കരുതിയിരുന്നത്. കൊരവള്ളിയിൽ കുടുങ്ങിയ കരച്ചിൽ പുറത്തേക്ക് വന്നില്ലെങ്കിലും നിൽക്കാതെ ഒഴുകി കൊണ്ടിരിക്കുന്ന കണ്ണുകൾ തുടച്ച് കൊണ്ട് അടുക്കളയിലേക്ക് നടന്നു. "എവിടെയാടാ നിന്റെ തള്ള, ആ മൂദേവി ചത്തോ, ഇവിടെയിന്ന് ഒരു തേങ്ങയും ഉണ്ടാക്കുന്നില്ലേ.. ഇവളിത് എവിടെപോയി കിടക്കുന്നു." ഉറക്കമെഴുന്നേറ്റ്  മുണ്ടും അഴിച്ച് ഉടുത്തുകൊണ്ട് അച്ഛൻ ചോദിക്കുമ്പോൾ ഒന്നും മിണ്ടാതെ കണ്ണുനീരും തുടച്ച് അടുക്കളവാതിൽപ്പടിയിൽ ഇരുന്നേയുള്ളു.. "എടാ നിന്നോടാ ചോദിക്കുന്നെ.... " അതും പറഞ്ഞ് പുറംകാൽ കൊണ്ട് പുറത്തിന് തട്ടുമ്പോഴും ഒന്നും മിണ്ടാതെ ഇരുന്നു... "രാവിലെ ഇരുന്ന് മോങ്ങാതെ നിന്റെ തള്ളയെ പോയി വിളിക്ക്..." അതും പറഞ്ഞ് ഒരു ബീഡിയും കത്തിച്ച് പുക പുറത്തേക്ക് ഊതികൊണ്ട് അച്ഛൻ കക്കൂസിലേക്ക് കയറുമ്പോഴും ഒന്നും മിണ്ടാതെ ഇരുന്നേയുള്ളു....

"സുമയെവിടെ മോനെ...." വേലിക്കപ്പുറം നിന്ന് ആരിഫായുമ്മ ചോദിക്കുമ്പോൾ അതുവരെ തൊണ്ടയിൽ കുടുങ്ങിയ കരച്ചിൽ പുറത്തേക്ക് വന്ന് തുടങ്ങി..."എന്തുപറ്റി മോനെ.... " എന്നും ചോദിച്ച് വേലി കമ്പിനിടയിലൂടെ അവർ എന്നിലേക്ക് ഓടിയെത്തുമ്പോൾ വയറിൽ മുഖം ചേർത്ത് ഒന്നും പറയാൻ കഴിയാതെ പൊട്ടി കരഞ്ഞു തുടങ്ങിയിരുന്നു.. "എന്തുപറ്റി മോനെ.. എവിടെ സുമയെവിടെ.... സുമേ...." എന്റെ കരച്ചിൽ കണ്ടാകും അമ്മയ്ക്കെന്തേലും സംഭവിച്ചോ എന്നുകരുതി അവർ വീട്ടിലേക്ക് നോക്കി ഉച്ചത്തിൽ അമ്മയെ വിളിക്കുകയും ഒപ്പം എന്നെ അശ്വസിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. "അവർ പോയി ഉമ്മ.. അമ്മയും പോയി അവനും പോയി.." ഏങ്ങിയേങ്ങിയുള്ള കരച്ചിനിടയിൽ ഞാൻ അത് പറയുന്നുണ്ടായിരുന്നു.. "എവിടേക്ക് പോയെന്നാ...." എന്റെ മുഖം പിടിച്ചുയർത്തി കൊണ്ടാണ് അവർ ചോദിച്ചത്. "അറിയില്ലുമ്മ ഞാൻ എഴുന്നേറ്റപ്പോൾ അമ്മ ഒരു ഓട്ടോയിൽ കയറി..." കരച്ചിലിനിടയിൽ പറഞ്ഞു മുഴുവിക്കാൻ കഴിയാതെ ഞാൻ വീണ്ടും ഉമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു തുടങ്ങി. അവർ എന്തൊക്കെയോ ആശ്വാസവാക്കുകൾ പറയുന്നുണ്ടായിരുന്നെങ്കിലും മനസ്സ് നിറയെ അമ്മയുടെ മുഖം മാത്രമായിരുന്നു. "ഈ കുഞ്ഞിന് അമ്മയെ ഇല്ലാതാക്കിയപ്പോൾ നിനക്ക് സമാധാനം ആയല്ലോ.. നീ കള്ളും കുടിച്ച് കെട്ടിയവളെയും കുഞ്ഞുങ്ങളെയും തെറിയും പറഞ്ഞ് തല്ലിയും നടന്നോ... നീയൊക്കെ ഒരു കാലത്തും നന്നാവില്ല..." കക്കൂസിൽ നിന്നിറങ്ങി വന്ന അച്ഛന്റെ മുഖത്ത് നോക്കി ഉമ്മ പറയുമ്പോൾ ഒന്നും മനസിലാകാതെ അച്ഛൻ അവരെതന്നെ നോക്കി നിന്നു. "നീ നോക്കേണ്ട അവൾ പോയി, നിന്റെ തല്ല് കിട്ടാത്ത സമാധാനമുള്ള എങ്ങോട്ടോ പോയി.. ഈ പൊന്നുമോനെ കൂടി കൊണ്ട് പോകായിരുന്നു അവൾക്ക്, ഇവൻ ഇനി ഒറ്റയ്ക്ക്... വാ മോനെ...." അച്ഛനോട് അതും പറഞ്ഞവർ എന്നെ അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി. 

പിന്നെയാണ് അറിഞ്ഞത് അച്ഛന്റെ കൂടെ ജോലി ചെയ്യുന്ന തമിഴനൊപ്പമാണ് അമ്മ പോയതെന്ന്, ഇടയ്ക്ക് ഒന്ന് രണ്ട് തവണ അയാൾ അച്ഛനൊപ്പം വീട്ടിൽ വന്നത് ഞാനപ്പോൾ ഓർത്തിരുന്നു.. "മോൻ വിഷമിക്കേണ്ട വൈകുന്നേരം ആകുമ്പോഴേക്കും അമ്മയിങ്ങ് എത്തും.." എന്നെ സമാധാനിപ്പിക്കാനാകും ഉമ്മയങ്ങനെ പറഞ്ഞത്. "വേണ്ടുമ്മ, അമ്മ വന്നാൽ അച്ഛൻ പിന്നെയും തല്ലും, ഇനിയിപ്പോ അമ്മയ്ക്ക് രാത്രി തല്ല് കിട്ടാതെ ഉറങ്ങാലോ.." എന്റെ വാക്കുകൾ കേട്ടപ്പോൾ ഉമ്മ ഒന്നും മിണ്ടാതെ തോളിൽ കിടന്ന ഷാൾ കൊണ്ട് കണ്ണും തുടച്ച് നിന്നപ്പോൾ എന്റെ കണ്ണുകൾ അപ്പോഴും ഇടവഴിക്ക് അങ്ങേയറ്റമുള്ള റോഡിലേക്ക് ആയിരുന്നു, ഇനിയിപ്പോ എന്നെ കൂട്ടികൊണ്ട് പോകാൻ അമ്മ വന്നാലോ എന്നൊരു പ്രതീക്ഷ മനസ്സിൽ ഉണ്ടായിരുന്നു. "അതേ നീ ചെക്കനെ ഈ വീട്ടിലേക്ക് ഒരുപാട് അടുപ്പിക്കേണ്ട, അവനുള്ള ആഹാരം എന്തേലും കൊടുത്താൽ മതി, അല്ലേ അവന്റ തന്ത വെള്ളമടിച്ച് ഇനി ഇവിടെ വന്ന് ബഹളം ഉണ്ടാക്കും..." ഉമ്മ തന്ന ചൂട് കഞ്ഞിയും അച്ചാറും കഴിക്കുമ്പോഴാണ് ഉള്ളിൽ നിന്ന് ഉമ്മയുടെ ഭർത്താവ് അവരോട് പറയുന്നത് എന്റെ ചെവിയിലും എത്തിയത്. തൊണ്ടയിൽ ഇരുന്ന കഞ്ഞി ഉള്ളിലേക്ക് ഇറക്കാൻ കഴിയാതെ അങ്ങനെ കുറെ നേരം ഇരുന്നു. ഒന്നും മിണ്ടാതെ ആ വീട്ടിൽ നിന്ന് ഇറങ്ങി നടക്കുമ്പോൾ പിന്നെയും കരച്ചിൽ തൊണ്ടയിൽ കുടുങ്ങിയിരുന്നു. നേരം ഇരുട്ടി തുടങ്ങിയപ്പോൾ ഉള്ളിൽ ഭയം നിഴലിച്ചു തുടങ്ങി. വരില്ലെന്ന് അറിയാമെങ്കിലും പ്രതീക്ഷയോടെ ഇടവഴിയിലേക്ക് നോക്കി ഇരിക്കുമ്പോഴും രാവിലെ മുതൽ മദ്യപിച്ചു ബോധം കെട്ടുകിടക്കുന്ന അച്ഛൻ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.

രാത്രി ആകുമ്പോഴേക്കും ഉള്ളിൽ എന്തെന്നില്ലാതെ ഒരു വിങ്ങലായിരുന്നു, തേയ്ക്കാത്ത ചുവരിൽ തൂക്കി ഇട്ടിരിക്കുന്ന കുഞ്ഞു കണ്ണാടിയിൽ ഒട്ടിച്ചിരുന്ന അമ്മയുടെ ചുവന്ന പൊട്ടൊഴിച്ച്  മറ്റൊന്നും അമ്മയുടെ അവശേഷിപ്പായി ആ വീട്ടിൽ ഉണ്ടായിരുന്നില്ല. അതിൽ നോക്കുന്തോറും ഉള്ളിൽ നിന്നൊരു വിങ്ങലിനൊപ്പം കണ്ണുനീർ പുറത്തേക്ക് ഒഴുകി കൊണ്ടിരുന്നു..കരഞ്ഞ് കരഞ്ഞ് രാത്രി എപ്പോഴോ ഉറങ്ങിപ്പോയ ഞാൻ കണ്ണ് തുറന്നത് രാവിലെ വിശപ്പിന്റെ വിളി വയറിൽ കത്തി നിന്നപ്പോഴാണ്. സ്കൂളിൽ പോയാൽ ഉച്ചകഞ്ഞി എങ്കിലും കിട്ടുമെന്നത് ഓർത്തപ്പോഴാണ് നിലത്ത് നിന്ന് ചാടി എഴുന്നേറ്റത്.. ബാഗിലേക്ക് ബുക്കുകൾ എടുത്ത് വയ്ക്കും മുന്നെ ആദ്യം അടുക്കളയിൽ പോയി ചോറുപാത്രമാണ് എടുത്ത് വച്ചത്. കൈയ്യിൽ കിട്ടിയ ബുക്കുകളുമായി സ്കൂളിലേക്ക് പോകുമ്പോൾ ആദ്യം നോക്കിയത് കഞ്ഞി വയ്ക്കുന്ന ചേച്ചി എത്തിയോയെന്നായിരുന്നു. ചേച്ചി അടുപ്പ് കത്തിക്കുന്നത് കണ്ടപ്പോൾ വയറൊന്ന് തടവി ക്ലാസിൽ കയറി ഇരുന്നു. "എടാ നിന്റമ്മ ഒളിച്ചോടിയല്ലേ. ആ പാണ്ടി ആണോടാ നിന്റെ അച്ഛൻ.." ക്ലാസിലേക്ക് കയറുമ്പോൾ എന്നെ വരവേറ്റത് കൂട്ടുകാരുടെ ആ കളിയാക്കിയുള്ള ചോദ്യങ്ങളായിരുന്നു. അപ്പോഴും എന്റെ ശ്രദ്ധ കഞ്ഞിപ്പുരയിലെ അടുപ്പിൽ ആയിരുന്നു. ഉച്ചയ്ക്ക് കഴിക്കാനുള്ള ബെൽ അടിക്കാനുള്ള കാത്തിരിപ്പ് ആയിരുന്നു പിന്നെ, ബെൽ അടിച്ചതും ചോറ്റ് പാത്രവും കൊണ്ടൊരോട്ടം ആയിരുന്നു. പാത്രത്തിൽ പാതി കഞ്ഞി ഒഴിച്ച ചേച്ചിയെ ദയനീയമായി നോക്കിയപ്പോഴാണ് അവർ വീണ്ടും ഒരു തവി കൂടി ഒഴിച്ച് തന്നത്. പകുതി കഞ്ഞി കുടിച്ച് ബാക്കി പാത്രത്തിൽ തന്നെ വച്ച് അടച്ച് അത് ഭദ്രമായി ബാഗിൽ വച്ച്, ആ ബാഗിന് കാവൽ ഇരുന്ന ദിവസങ്ങൾ ആയിരുന്നു പിന്നെ അങ്ങോട്ട്.. ബാക്കി വന്ന കഞ്ഞി സന്ധ്യയ്ക്ക് തുറന്ന് നോക്കുമ്പോൾ വളിച്ച മണം അടിക്കുമെങ്കിലും അടുക്കളയ്ക്ക് പിന്നിൽ അമ്മ നട്ട കാന്താരി പൊട്ടിച്ച് ആ കഞ്ഞി കുടിക്കുമ്പോൾ അതിന് വല്ലാത്ത സ്വാദ് ആയിരുന്നു.

ഒരിക്കൽ ക്ലാസ്സിൽ കൂടെ പഠിച്ചവനാണ് സ്വകാര്യമായി എന്നോട് പറഞ്ഞത് അവന്റെ വീടിന്റെ അടുത്താണ് അമ്മ താമസിക്കുന്നതെന്ന്.. "അമ്മ രാവിലെ അടുക്കളയിൽ പാത്രങ്ങൾ വലിച്ചെറിയുന്ന ശബ്ദം കേൾക്കാറുണ്ടോ.." എന്നായിരുന്നു ഞാൻ ആദ്യം അവനോട് ചോദിച്ചത്. ഇല്ലെന്നും അമ്മയും അനിയനും എപ്പോഴും സന്തോഷത്തോടെ കളിച്ചും ചിരിച്ചും നിൽക്കാറുണ്ടെന്നും ആ തമിഴൻ ജോലി കഴിഞ്ഞു വന്നാൽ അമ്മയുടെയും അനിയന്റെയും ഉച്ചത്തിലുള്ള ചിരി കേൾക്കാറുണ്ടെന്നും അവൻ പറഞ്ഞപ്പോൾ, അച്ഛനെപ്പോലെ അയാൾ രാത്രി അമ്മയെ ഉപദ്രവിക്കാറില്ല, ഇനിയിപ്പോ ഒരിക്കലും അമ്മ തിരിച്ചു വരാനും പോണില്ലെന്ന് എനിക്ക് മനസ്സിലായി. പിന്നെയുള്ള ദിവസങ്ങളിൽ പലപ്പോഴും മദ്യപിച്ചെത്തുന്ന അച്ഛൻ പുറങ്കാൽ കൊണ്ട് തട്ടി തെറിപ്പിക്കുന്ന കഞ്ഞി തറയിൽ നിന്ന് കോരിയെടുത്ത് കുടിക്കുമ്പോഴും അമ്മ അവിടെ സന്തോഷത്തോടെ ജീവിക്കുന്നു എന്നൊരു ആശ്വാസം ആയിരുന്നു. പത്താം ക്ലാസ്സ്‌ കഴിഞ്ഞാൽ പിന്നെ ഉച്ച കഞ്ഞി പോലും ഇല്ലാതെ പട്ടിണി ആയിപ്പോകും എന്നുള്ളത് കൊണ്ടാണ്, പരീക്ഷ കഴിഞ്ഞ പിറ്റേ ദിവസം തന്നെ മേശിരിക്ക് കൈയ്യാളായി കൂടെ പോയത്. ആദ്യമായി വെള്ളം കോരി വല്യ ടാങ്ക് നിറച്ചും, സിമന്റും മണലും കൂട്ടി കുഴച്ചും കൈയ്യിലെ തൊലി പൊട്ടി വേദനയും നീറ്റലും എടുക്കുമ്പോഴും ലക്ഷ്യം ഉള്ളിലെ വിശപ്പിന്റെ വിളി മാറ്റുക എന്നത് മാത്രമായിരുന്നു. ജോലി കഴിഞ്ഞു കിട്ടിയ പൈസയ്ക്ക് അരിയും വാങ്ങിയാണ് വീട്ടിലെത്തിയത്. അമ്മ ചെയ്യുന്നത് കണ്ടുള്ള പരിചയത്തിൽ അടുപ്പ് കത്തിച്ച് ചോറും വച്ചു. മിക്കപ്പോഴും പട്ടിണി ആയിരുന്ന വീട്ടിൽ ചോറിനൊപ്പം അമ്മ ഉണ്ടാക്കുന്നത് പോലെ പുളിയും മുളകും ഉടച്ച് ചൂട് ചോറ് കഴിക്കുമ്പോൾ കൈയ്യിലെ നീറ്റലിനൊപ്പം കണ്ണിൽ കൂടി ഒഴുകി വന്ന കണ്ണുനീർ, വേദന കൊണ്ടാണോ, സങ്കടം കൊണ്ടാണോ, സന്തോഷം കൊണ്ടാണോ എന്നറിയാത്ത വിധം മനസ്സ് കല്ലിച്ചിരുന്നു.

പോകപ്പോകെ ജോലിക്ക് കിട്ടുന്ന പൈസ അച്ഛൻ പിടിച്ചു വാങ്ങി തുടങ്ങിയപ്പോഴാണ് അച്ഛനോട്‌ കയർത്ത് സംസാരിച്ചുതുടങ്ങിയത്. തല്ലാൻ കൈ ഓങ്ങിയ അച്ഛന്റെ കൈ തടഞ്ഞതും അച്ഛൻ വീണ്ടും കൈ വീശിയപ്പോൾ കാൽ ഉറയ്ക്കാതെ നിലത്തേക്ക് വീണതും ഒരേ നിമിഷം ആയിരുന്നു. "അതേ നിങ്ങൾ ഈ കുടിച്ച് കുടിച്ച് എന്റെ അമ്മയെ ഓടിച്ചു, നഷ്ടപ്പെട്ടത് എന്റെ സന്തോഷങ്ങൾ ആയിരുന്നു. അല്ലേലും അച്ഛന് അച്ഛന്റെ സന്തോഷം, പക്ഷേ ഞാൻ ജോലിയെടുത്ത് കൊണ്ടുവരുന്ന പൈസയിൽ കൈയ്യിട്ട് വാരി  ഇമ്മാതിരി വെള്ളം അടിച്ചു കിടക്കാൻ ആണെങ്കിൽ പിന്നെ..." തറയിൽ കിടക്കുന്ന അച്ഛന്റെ നേരെ വിരൽ ചൂണ്ടി അത് പറഞ്ഞ് മുഴുവിക്കാതെ നിൽക്കുമ്പോൾ അച്ഛൻ എന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല. ഇതെല്ലാം നാട്ടുകാരിൽ ആരോ കണ്ടെന്നറിഞ്ഞത് പിറ്റേ ദിവസം അങ്ങാടിയിൽ 'തന്തയെ തല്ലി'യെന്ന് ആരൊക്കെയോ എന്നെ വിളിക്കുന്നത് കേട്ടപ്പോഴാണ്.. അതിൽ പിന്നെ അച്ഛൻ അധികം പുറത്തേക്ക് ഇറങ്ങാതെ വീട്ടിൽ തന്നെ ഇരുന്നതും, മദ്യപാനം നിർത്തിയതും കണ്ടപ്പോൾ വർഷങ്ങൾക്ക് ശേഷം പിന്നെ ജീവിതത്തിൽ സമാധാനമുണ്ടായി. പെട്രോൾ പമ്പിൽ ജോലിക്ക് നിൽക്കുന്ന കുറച്ചകലെയുള്ള ഒരു പെണ്ണിനോട് ഇഷ്ടം തോന്നിയപ്പോൾ ആദ്യം പോയി ചോദിച്ചത് അവളുടെ വീട്ടിൽ ആയിരുന്നു. "നീ ആ കുടിയന്റെ മോനല്ലേ, നിനക്കൊക്കെ എന്ത് വിശ്വസിച്ച് പെണ്ണ് തരും. നാളെ നീയും അങ്ങേരെ പോലെ ആകില്ലെന്ന് ആരറിഞ്ഞു.." അവളുടെ അമ്മ ചോദിക്കുമ്പോൾ മറുപടി ഇല്ലാതെ തല കുമ്പിട്ട് ആ വീട്ടിൽ നിന്ന് ഇറങ്ങി. അല്ലേലും ഡോക്ടറുടെ മകൻ ഡോക്ടർ, എഞ്ചിനീയറുടെ മകൻ എഞ്ചിനീയർ, അപ്പൊ പിന്നെ കുടിയന്റെ മകൻ...

പിന്നെ ഒരു ദിവസം ജോലി കഴിഞ്ഞ് വരുമ്പോഴാണ് വീട്ടിലേക്കുള്ള റോഡുവക്കിൽ അമ്മയും അനിയനും നിൽക്കുന്നത് കണ്ടത്. "മോനെ..." അടുക്കലെത്തുമ്പോൾ അമ്മ ശബ്ദം താഴ്ത്തി വിളിച്ചു. കരഞ്ഞ് കരഞ്ഞ് തളർന്ന് മയങ്ങികിടന്ന പല രാത്രികളിലും പ്രതീക്ഷിച്ചിരുന്നു മോനെയെന്ന ആ വിളി, ഇപ്പോഴെന്തോ ആ വിളി കേൾക്കുമ്പോൾ മനസ്സിൽ പ്രത്യേകിച്ച് വികാരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഒന്നും മിണ്ടാതെ അമ്മയെയും അനിയനെയും നോക്കി അവർക്കരികിൽ നിന്നതേയുള്ളൂ. കണ്ണുകൾ കുഴിഞ്ഞ, കവിളുകൾ ഒട്ടിയ, എല്ലുന്തിയ പഴയ അമ്മയിൽ നിന്ന് ഒരുപാട് മാറിയിരിക്കുന്നു ഇപ്പോൾ, അൽപ്പം തടിച്ച്, പഴയതിൽ നിന്നും വെളുത്ത്, തിളക്കമുള്ള സാരിയുടുത്ത് മുന്നിൽ നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ എനിക്ക് പ്രത്യേക സ്നേഹമോ വാത്സല്യമോ ഒന്നും തോന്നിയിരുന്നില്ല. "എനിക്ക് ഒരു മോൾ കൂടി ഉണ്ട്, അവളുടെ അച്ഛൻ മരിച്ചു, ഇനി ഞങ്ങൾക്കാരുമില്ല, മോൻ ആ വീട്ടിലേക്ക് വരണം..." മുഖത്ത് നോക്കാതെ അമ്മ പറയുമ്പോൾ ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നു. "കരഞ്ഞ് തളർന്നുറങ്ങിയ പല രാത്രികളിലും അമ്മ വന്ന് ഇതുപോലെ കൊണ്ടുപോകുമെന്ന് വെറുതെ സ്വപ്നം കണ്ടിരുന്ന ഒരു പതിമൂന്ന് വയസ്സുകാരൻ ഉണ്ടായിരുന്നു.." ഞാനത് പറയുമ്പോൾ ഏറെ നേരം ഒന്നും മിണ്ടാതെ അമ്മ തല കുമ്പിട്ട് നിന്നതേയുള്ളു. "മോളെ കെട്ടിച്ചു വിടണം, ഇവനാണെങ്കിൽ ജോലി ഒന്നും ആയിട്ടില്ല.." കണ്ണുനീർ തുടച്ചാണ് അമ്മ പറഞ്ഞത്.. "ജോലി ഇല്ലെങ്കിൽ എന്റെയൊപ്പം പോരട്ടെ. മേശിരിയുടെ കൈയ്യാളിനൊക്കെ നല്ല പൈസയുണ്ട്.." "അയ്യോ അവനെക്കൊണ്ടതൊന്നും..." ഞാൻ പറഞ്ഞു തീരും മുന്നേ അമ്മ അത് പറഞ്ഞു. "വിശപ്പിന്റെ വിളി സഹിക്കാതെ വരുമ്പോൾ എന്ത് ജോലിയും ചെയ്തോളും. അമ്മയുടെ മുതിർന്ന കുട്ടി പതിനഞ്ചാം വയസ്സിൽ ജോലിക്ക് പോയതും അതുപോലെ വിശപ്പിന്റെ വിളി സഹിക്ക വയ്യാതെയാണ്.."

എന്റെ വാക്കുകൾക്ക് അമ്മയ്ക്കപ്പോൾ മറുപടി ഒന്നും ഉണ്ടായിരുന്നില്ല.. "എന്നെകൊണ്ട് പറ്റുമ്പോലെ ഇടയ്ക്ക് എന്തേലും ഒക്കെ എത്തിക്കാം, പക്ഷെ അത് സ്ഥിരം പ്രതീക്ഷിക്കേണ്ട..." അന്ന് കൂലി കിട്ടിയതിൽ നിന്ന് അഞ്ഞൂറിന്റെ നോട്ട് മടക്കി അനിയന്റെ പോക്കറ്റിൽ ഇട്ടുകൊണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ ഒറ്റപ്പെടലിലും അനാഥത്വത്തിലും മുരടിച്ചു പോയ മനസ്സിൽ തെല്ലും കുറ്റബോധം ഉണ്ടായിരുന്നില്ല. മുരടിച്ച മനസ്സിൽ തെല്ല് സ്നേഹമോ അനുകമ്പയോ ഇല്ലെന്നറിയാതെ എന്നെയും നോക്കി അച്ഛൻ ഉമ്മറത്ത് അന്നും ഇരിപ്പുണ്ടായിരുന്നു..

Content Summary: Malayalam Short Story ' Manushyan ' written by Shyam Kallukuzhiyil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com