വർണ്ണ പട്ടം പോലെ
ഉയരപ്പാറും പരുന്തിനെ പോലെ
അല്ലെങ്കിൽ കടലാസുവിമാനം പോലെ-
യെങ്കിലും പറക്കണമെന്നുണ്ടായിരുന്നു
തെറ്റി വന്ന കാലങ്ങളിൽ അറ്റുപോയ
ചിറകിനെക്കുറിച്ചോർക്കും
അതറ്റു പോയപ്പോൾ കെട്ടുപോയത്
നൂറ്റിനാൽപതു കോടി സ്വപ്നങ്ങളായിരുന്നു
പല്ലുന്തിയ ദളിതന്റെ, പകലാൾക്കൂട്ടം
തല്ലിക്കൊന്ന മനുഷ്യന്റെ,
തെരുവിൽ പിച്ചിയെറിഞ്ഞ പെണ്ണിന്റെ
എല്ലാവരുടെയും പ്രതീക്ഷയുടെ ചിറക്
അറ്റു പോയിരിക്കുന്നു
അരിഞ്ഞുവീഴ്ത്തിയ ചിറകുകൾ
ചെറുതായി ചലനമുണ്ടാക്കുമ്പോൾ
അതും പോൽ നിഷേധിക്കപ്പെട്ടതിനാൽ
അത്രമേൽ ശക്തിയായി ചവിട്ടിയരക്കപ്പെടും
ചത്തു വീണ ചിറകുകൾ ഭൂമിയിൽ
ഒരടയാളമായി കിടക്കുമ്പോൾ
ചിറകു നഷ്ടപ്പെട്ടവർ ചരിത്രമോർക്കും
'പണ്ടെല്ലാർക്കും ചിറകുണ്ടായിരുന്നു.
വലിയ ചിറകുകൾ വർണ്ണമുള്ളത് '
അങ്ങനെ ചിറകോർമ്മകളിൽ
വാചാലരാകും
ബുദ്ധൻ മരിച്ചപ്പോഴോ ഗാന്ധിക്ക്
വെടിയേറ്റപ്പോഴോ എല്ലാവരുടെയും
ചിറകുകൾ വെട്ടി മാറ്റപ്പെട്ടു.
'ചിറകു വേണം ഞങ്ങൾക്ക് '
മുതുകിൽ വെട്ടുപാടുകൊണ്ടവർ
അരിഞ്ഞു വീഴ്ത്തിയ പ്രതീക്ഷയെ
വീണ്ടെടുക്കാൻ ചിറകിനായി വാദിച്ചു
ഭരണകൂടം ചെവിയോർത്തു
ആരൊക്കെയോ അവകാശങ്ങളെ
കുറിച്ച് ചോദിക്കുന്നു.
ഇനിയാരും മിണ്ടിക്കൂടാ
ചിറകിനായി രണ്ടാം സ്വാതന്ത്ര്യസമരം
പൊട്ടിപ്പുറപ്പെട്ടു.
Content Summary: Malayalam Poem ' Chirakattavar ' written by Safuvanul Nabeel T. P.