ADVERTISEMENT

എവിടെ നിന്നാണ് തുടങ്ങേണ്ടത് എന്നറിയാതെ അവർ രണ്ടുപേരും പരസ്പരം കുറച്ചു നേരം നോക്കി നിന്നു. "ഞാനൊരു ചായയെടുത്തുവരാം, കുറെ ദൂരം യാത്ര ചെയ്തു വന്നതല്ലേ". ഡോറ പറഞ്ഞു. അയാൾ ആ മുറിയാകെ ഒന്നുകൂടെ ഓടിച്ചു നോക്കി, ഒരു വ്യതിയാനവുമില്ല. ഏതാണ്ട് ഇരുപതിലേറെ വർഷങ്ങൾ ആകുന്നു ഇവിടെ വന്നിട്ട്. മലമുകളിലുള്ള ആ ഒറ്റപ്പെട്ട വീട് ഇന്നും അങ്ങനെ തന്നെ. മലയടിവാരത്ത് താഴെ കുറച്ചു വീടുകൾ വന്നിട്ടുണ്ട്. ആ വീട് മാത്രം ചരിത്രത്തിന്റെ ഒരു സ്മാരകം പോലെ. മലമുകളിൽ താഴെ ഞാൻ എല്ലാം കാണുന്നുണ്ട് എന്നപോലെ, എന്നാൽ ആരോടും ഒന്നും പറയാതെ ലോകം മാറുന്ന കാഴ്ചകൾ കണ്ടു, ഒരു മാറ്റവുമില്ലാതെ അങ്ങനെ നിൽക്കുന്നു. തന്നെ പഠിപ്പിച്ചിരുന്ന വർഗീസ് മാഷിന്റെ വീടാണത്. പഠന സമയത്ത് ഒരുപാടു തവണ വന്നിരുന്ന വീട്. സ്കൂൾ പഠനം കഴിഞ്ഞിട്ടും ആ യാത്രകൾ തുടർന്നു. അപ്പോഴൊരിക്കലും ഡോറയെ അത്ര ശ്രദ്ധിച്ചിരുന്നില്ല. എഴുത്തിന്റെ അസുഖം അന്നേ ഉണ്ടായിരുന്നു. മലയാളം അധ്യാപകനായിരുന്ന വർഗീസ് മാഷ് അയാളിലെ എഴുത്തുകാരനെ എന്നും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. 

അയാൾ എഴുതിയിരുന്ന കവിതകളും കഥകളും മാഷാണ് ആദ്യം വായിച്ചിരുന്നത്. ഒരിക്കലും തിരുത്തണമെന്ന് മാഷ് പറയില്ല, മറിച്ചു എഴുതിയ കവിതയോ കഥയോ ഇങ്ങനെയായാൽ എങ്ങനെയിരിക്കും എന്ന് ചോദിക്കും. ആ ചോദ്യങ്ങളിൽ അയാൾക്കറിയാം മാഷ് എന്താണ് ഉദ്ദേശിക്കുന്നതെന്ന്. മാഷിൽ നിന്ന് വാങ്ങി വായിച്ച പുസ്തകങ്ങൾ ആണല്ലോ തന്നെ നല്ലൊരു വായനക്കാരനാക്കിയത്. കോളജ് പഠനകാലത്ത് വായനയുടെ ഭ്രാന്തായിരുന്നു. മറ്റുള്ളവരുടെ ലൈബ്രറി കാർഡുകളും താനാണ് ഉപയോഗിച്ചിരുന്നത്. ആ  പുസ്തകക്കൂട്ടങ്ങളുടെ മണം ഇപ്പോഴും തന്നിലുണ്ട്. ഇന്നിപ്പോൾ പേനയെടുത്ത് എഴുതിയിട്ട് എത്ര കാലമായിരിക്കുന്നു. മാത്രമല്ല വിരലുകൾ വഴങ്ങാതെയായിരിക്കുന്നു. കമ്പ്യൂട്ടറിൽ ആയാലും മൊബൈലിൽ ആയാലും പെട്ടെന്ന് എഴുതിയെടുക്കാം, മാറ്റിയെഴുതാൻ വളരെ എളുപ്പം. തന്റെ പഠനം തീരുന്നതിന് തൊട്ടു മുമ്പാണ് മാഷ് കിടപ്പിലായത്. അപ്പോഴാണ് ഡോറ എഴുതുന്ന കത്തുകളെ കുറിച്ച് മാഷ് പറഞ്ഞത്. അതെല്ലാം ദൈവത്തിന് എഴുതുന്ന കത്തുകളാണത്രെ, തങ്ങളുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും തീർക്കണമെന്ന് ദൈവത്തിനോട് അഭ്യർഥിക്കുന്ന പ്രാർഥനകൾ. 

ചെറുപ്പത്തിലേ അമ്മ നഷ്ടമായ ഡോറക്ക് മാഷായിരുന്നു എല്ലാം. മാഷിന് എന്തെങ്കിലും സംഭവിച്ചാൽ ഡോറ എന്ത് ചെയ്യും എന്നത് മാഷിനെ എപ്പോഴും അലട്ടിയിരുന്നു. ബന്ധുക്കാരൊക്കെയുണ്ട്, എങ്കിലും തനിക്കെന്തെങ്കിലും സംഭവിക്കുന്നതിന് മുൻപ് ഡോറയെ വിവാഹം കഴിച്ചയക്കാനായിരുന്നു മാഷിന്റെ ആഗ്രഹം. എന്നാൽ ജോലി കിട്ടിയേ വിവാഹത്തിന് സമ്മതിക്കൂ എന്ന് ഡോറയും. വല്ലപ്പോഴുമാണ് താൻ ഡോറയുമായി സംസാരിച്ചിരുന്നത്. താൻ എഴുതുന്നത് ഡോറ വായിക്കുന്നുണ്ടെന്ന് അവരുടെ സംസാരത്തിൽ നിന്ന് അയാൾക്ക്‌ മനസ്സിലായി. വാക്കുകളോടുള്ള പ്രണയം അതിന്റെ രചയിതാവിനോടുമുണ്ടോ എന്നയാൾ സംശയിച്ചിരുന്നു. ചിലർക്ക് ഒന്നും സംസാരിക്കാതെ തന്നെ എല്ലാം മനസ്സിലാകും. അവർ രണ്ടുപേരും അങ്ങനെയായിരുന്നു. ഒന്നും പറയാതെ തന്നെ എന്താണ് തങ്ങളിൽ സംഭവിക്കുന്നതെന്ന് അവർക്കറിയാമായിരുന്നു. എന്നാൽ അതവർ തുറന്നു സംസാരിച്ചില്ല. പഠനം കഴിഞ്ഞതും പിറ്റേന്ന് തന്നെ അയാൾ ബോംബെയിലേക്ക് ജോലി തേടി പുറപ്പെട്ടു. മാഷുമായി കത്തുകളിലൂടെ ബന്ധമുണ്ടായിരുന്നു. അതിലെല്ലാം പരാമർശിച്ചിരുന്നത് ഡോറയുടെ വിവാഹത്തെകുറിച്ചായിരുന്നു. എന്നാൽ ഡോറ ജോലി എന്ന കാര്യത്തിൽ ഉറച്ചു നിന്നു. ജോലി കിട്ടട്ടെ എന്ന് താനും മറുപടിയിൽ കുറിച്ചു. "ആരുടേയും മുന്നിൽ കൈനീട്ടാതെ ജീവിക്കുക പ്രധാനമല്ലേ" എന്നായിരുന്നു തന്റെ മറുപടി. 

അടുത്ത കത്തുമുതൽ മാഷിന്റെ കത്തുകളിലെ കൈയ്യക്ഷരങ്ങൾ മാറി, അത് ഡോറയുടേതാണെന്ന് തനിക്ക് മനസ്സിലായി. മാഷിന് എഴുതാൻ പറ്റാതെയായിരിക്കണം. ഡോറയ്ക്ക് ടീച്ചർ ആയി ജോലി കിട്ടിയെന്നും, എന്നാൽ ചുറ്റും ഒരുപാട് പുസ്തകങ്ങൾ ഉള്ളതിനാൽ താൻ തനിയെ അല്ലെന്നും മാഷ് അറിയിച്ചു. അടുത്ത കത്തിൽ ഡോറയുടെ വിവാഹകത്തുമുണ്ടായിരുന്നു, താൻ നിർബന്ധമായും എത്തണമെന്നും മാഷ്  എഴുതിയിരുന്നു. ബോംബെയിൽ നിന്ന് വണ്ടി കയറുമ്പോൾ ഡോറയെ എങ്ങനെ അഭിമുഖീകരിക്കും എന്നയാൾ ആശങ്കപ്പെട്ടു. ജീവിതം ഇങ്ങനെയായിരിക്കും എന്നയാൾ സമാധാനപ്പെട്ടു. ആദ്യം മുതൽ അവസാനം വരെ വിവാഹ കർമ്മങ്ങൾക്ക് താൻ കൂടെയുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും ഡോറയുടെ മുഖത്ത് നോക്കിയില്ല, അഥവാ നോക്കിയെങ്കിൽ തന്നെ അതെ നിമിഷം അയാൾ കണ്ണുകൾ പിൻവലിച്ചു. നിസ്സഹായനായ ഒരു കാമുകനെപോലെ അയാൾ യാന്ത്രികമായി ആ ചടങ്ങുകളിൽ പങ്കെടുത്തു. എന്നാൽ ഡോറയുടെ വിവാഹ ജീവിതം അധികം നീണ്ടുനിന്നില്ല, ഒരപകടത്തിൽ ഡോറയുടെ ഭർത്താവ് മരണപ്പെട്ടു. അയാൾ അപ്പോഴേക്കും ജോലി തേടി ഗൾഫിലേക്ക് പറന്നിരുന്നു. ഡോറയുടെ ഭർത്താവിന് പിന്നാലെ മാഷും മരണപ്പെട്ടു. ഡോറ തനിച്ചായി. ഒരു പുനർവിവാഹത്തിന് "നിർഭാഗ്യവതി" എന്ന് മുദ്രകുത്തപ്പെട്ട ഡോറ സമ്മതിച്ചില്ല. സ്കൂളും കുട്ടികളും ആയി കഴിയുന്നതിനാൽ ജീവിതം അങ്ങനെ നീണ്ടു പോയി. 

"വർഷങ്ങൾ എത്ര വേഗമാണല്ലേ മറഞ്ഞുപോകുന്നത്" ഓർമ്മകളിൽ നിന്ന് അയാളെ ഉണർത്തി ഡോറ ചായയുമായി എത്തി. "അതെ, ജീവിതം വളരെ വേഗം തീർന്നു പോകുന്ന പോലെ തോന്നുന്നു" അയാൾ പറഞ്ഞു. "എന്തുകൊണ്ടാണ് പിന്നെ വിവാഹം കഴിക്കാഞ്ഞത്, ജീവിതത്തിന് ഒരർഥമൊക്കെ വേണ്ടേ?" ഡോറ അയാളോട് ചോദിച്ചു. "അങ്ങനെ ഒരർഥമുണ്ടെങ്കിൽ ഡോറ എന്താണ് വീണ്ടും വിവാഹം കഴിക്കാതിരുന്നത്?" അയാൾ തിരിച്ചു ചോദിച്ചു. "തനിയെ ആണ് കൂടുതൽ സ്വാതന്ത്ര്യമെന്ന് തോന്നി, പിന്നെ നിർഭാഗ്യവതി എന്ന വിളികളും ധാരാളമായിരുന്നു". ഡോറ പറഞ്ഞു. "ഒരു പക്ഷെ ഞാനും ആ സ്വാതന്ത്ര്യം തന്നെ തേടിയിരിക്കാം" അയാൾ പറഞ്ഞു. "ഇപ്പോഴും എഴുതുന്നില്ലേ" അയാൾ ഡോറയോട് ചോദിച്ചു. ഉണ്ട് എന്ന് ഡോറ തലയാട്ടി. "ഇനിയും ഗൾഫിലേക്ക് തിരിച്ചുപോകുന്നുണ്ടോ? വിശ്രമിക്കാനൊക്കെ സമയമായില്ലേ" ഡോറ അയാളോട് ചോദിച്ചു. "വിശ്രമിക്കാനുള്ളതല്ലല്ലോ ജീവിതം" അതായിരുന്നു അയാളുടെ മറുപടി. വീണ്ടും വരാം എന്ന് പറഞ്ഞു പിരിയുമ്പോൾ ഡോറ അയാളുടെ കൈയ്യിലേക്ക് ഒരു കവർ കൊടുത്തു. "വരുന്നു, എന്നറിഞ്ഞപ്പോൾ എഴുതിയ ഒരു കഥയാണ്, സൗകര്യം പോലെ വായിച്ചാൽ മതി" ഡോറ പറഞ്ഞു. അടിവാരത്തെ ബസ്സിൽ കയറി അയാളിരുന്നു. അയാൾ ആ കവർ തുറന്നു, കഥയുടെ തലക്കെട്ട് വായിച്ചു. "അവസാനത്തെ കാമുകൻ, ആദ്യത്തെയും".

Content Summary: Malayalam Short Story ' Avasanathe Kamukan ' written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com