ഒരു ഡയറിക്കുറിപ്പ് – നിതിൻ ബാൽ എഴുതിയ ചെറുകഥ

HIGHLIGHTS
  • ഒരു ഡയറിക്കുറിപ്പ് (ചെറുകഥ)
niroopanahathya
Representative image. Photo Credit: mizar_21984 /Shutterstock.com
SHARE

കണ്ണുതുറന്നപ്പോൾ ആശ്ചര്യം. ചിറകുകൾ മുളച്ചിരിക്കുന്നു. ഭാരമില്ലാത്ത, മിനുമിനുസമുള്ള രണ്ടു  ചിറകുകൾ. ദേഹത്തൊരു നനവുണ്ടോ? ഉണ്ടെന്നു തോന്നുന്നു. കണ്ണുതുറന്നിട്ട് എത്ര നേരമായി. ഇന്നാണ് ഇപ്പോഴാണ് ഈ ചിറകുകൾ കാണുന്നത്. ചുറ്റും അനേകായിരം ചിറകടികൾ വന്നു നിറയുന്നു. ആരൊക്കെയോ കലപില കൂട്ടുന്നു. നനുത്ത മണ്ണിൽ ശരീരം മൂടി കിടക്കുമ്പോൾ നല്ല സുഖം. ചിറകുകൾ പലതും ആഞ്ഞടിക്കുന്നു. എന്തിനാണിത്ര ബഹളം. ഇരുട്ട്. ഇരുട്ടാണ് ചുറ്റും. എന്നെപ്പോലെ എല്ലാവർക്കും ചിറകുണ്ടോ? ചിറകുകളുണ്ടെങ്കിൽ പറക്കണം. പറക്കാതിരുന്നാലോ? തെറ്റെന്നു പറയും. ചുറ്റുമുള്ളവർ. പക്ഷെ പറക്കാതിരിക്കുന്നതാണ് എന്റെ സന്തോഷമെന്ന് തോന്നുന്നു. പറക്കുമ്പോൾ ചിറകൊടിഞ്ഞാലോ? മണ്ണിന്റെ നനവിൽ വീണ്ടും പോയിയമരും. പേടിയാണ്. എല്ലാത്തിനേയും പേടിയാണ്. പക്ഷെ എല്ലാവരും പറന്നു. ചിറകടികൾ കൊണ്ട് അന്തരീക്ഷം വിറച്ചു. ദാഹിക്കുന്നു. വിശക്കുന്നു. കഴിക്കാനെന്തെങ്കിലും.. വേണ്ട. പക്ഷെ ദാഹിക്കുന്നു. വിശക്കുന്നു. പതിയേ ചിറകടിച്ചുയർന്നു. ഇരുട്ട്. ഇരുട്ടിനെ പേടിയാവുന്നു. ദാഹിക്കുന്നു. വിശക്കുന്നു. കഴിക്കാനെന്തെങ്കിലും..

നനുത്ത മണ്ണിൽനിന്നും ഉയർന്നു പൊങ്ങി. ഇനിയുണ്ടാകുമോ ഒരു മടക്കയാത്ര. ചിറകടിച്ചുയർന്നു. ഇരുട്ട്. ഇരുട്ടിനെ പേടിയാവുന്നു. ദൂരെ ഒരു വെളിച്ചം. അതാണോ സൂര്യൻ..? ഇരുട്ടിനെ പിളർത്തി ആയിരക്കണക്കിന് അമ്പുകൾ പായുന്നു. ചുറ്റുമുള്ളവരെയെല്ലാം തട്ടിമാറ്റി അങ്ങോട്ടു കുതിച്ചു. പെട്ടെന്നെത്തണം. ഇരുട്ടാണ് വിശപ്പ്. വിശപ്പിനി വേണ്ട. ആവുന്നത്ര വേഗത്തിൽ ചിറകിട്ടടിച്ചു. വെളിച്ചത്തിലേക്കിറങ്ങി വെളിച്ചമാവാൻ ശ്രമിച്ചു. കൊതിച്ചു. തല കൊണ്ടിടിച്ചു. ചിറകുകൾ കൊണ്ട് വാരിപുണർന്നു. നല്ല ചൂടുണ്ട്. കണ്ണ് നിറയുന്നുണ്ടോ? ആനന്ദം നുരഞ്ഞു പൊങ്ങി. എന്തിനാണ് ഞാനിങ്ങനെ സന്തോഷിക്കുന്നത്.? അറിയില്ല. ശരീരമാസകലം വിറയൽ പൂണ്ടു. ഞാൻ നൃത്തമാടിക്കൊണ്ടേയിരുന്നു. ചുറ്റുമുള്ളവരെല്ലാം കൂടെ കൂടി. ആർത്തി തോന്നുന്നു. വെളിച്ചത്തിനോട്. വെളിച്ചമാവാൻ കഴിഞ്ഞിരുന്നെങ്കിൽ. ഇതുമതി. ഇതുമാത്രം മതി. സന്തോഷത്താൽ ഉള്ളു നിറഞ്ഞു. എല്ലാവരും കൂട്ടമായി നൃത്തം തുടർന്നു. ആർത്തി തോന്നുന്നു. വെളിച്ചത്തിനോട്. രാവേറെ വൈകിയിരിക്കുന്നു. എന്നിരുന്നാലും ഇനി മടങ്ങുന്നില്ല. ഇരുട്ട് നിറഞ്ഞ നനുത്ത മണ്ണിന്റെ മണത്തേക്കാൾ ഈ വെളിച്ചമെന്നെ ഭ്രമിപ്പിക്കുന്നു. കണ്ണിൽ നിറയുന്ന സൂര്യതേജസിനെ വിട്ട് ഇരുട്ടിലേക്ക് മടങ്ങാനോ. ഇല്ല. ഒരിക്കലുമില്ല. 

ചിറകുകൾ കാറ്റിൽ പറന്നു. ആരുടേത്.? ആനന്ദനൃത്തം തുടർന്നുകൊണ്ടേയിരുന്നു. വീണ്ടും. ചിറകുകൾ കാറ്റിൽ പറന്നു. ആരുടേത്.? എവിടെയോ ഒരു വേദന. സാരമില്ല. വെളിച്ചമുണ്ടല്ലൊ. വെളിച്ചമായാൽ മതിയെനിക്ക്. വീണ്ടുമൊരു വേദന. ശരീരത്തിന്റെ ഭാരം വല്ലാതെ കൂടുന്നതുപോലെ. ആവുന്നത്ര ശക്തിയിൽ വെളിച്ചത്തിലേക്കമർന്നു ചേർന്നു. സാധിച്ചില്ല. പരാജയപ്പെട്ടുവോ.? വീണ്ടും ഇരുട്ടിലേക്കൊരു മടക്കം. ആലോചിക്കാൻ വയ്യ. കഴിയുന്നില്ല. ഭാരം വീണ്ടും വർധിക്കുന്നതുപോലെ. ചിറകുകൾ കുഴയുന്നു. അവസാന ശ്രമമെന്നോണം ആർത്തിയോടെ കുതിച്ചു പാഞ്ഞു. വെളിച്ചമാവാൻ കഴിഞ്ഞില്ല. ദാഹിക്കുന്നു. വിശക്കുന്നു. അടർന്നുവീണ ചിറകുകൾ ഒരജ്ഞാതവസ്തുവിനെപോലെ എന്നെ നോക്കി പുഞ്ചിരിച്ചു. ഭാരമില്ലാത്ത, മിനുമിനുസമുള്ള രണ്ടു ചിറകുകൾ. ഇനിയിതെന്റേതാണോ? അല്ലായിരിക്കും. പതിയേ നടന്നു നീങ്ങാം. ദൂരെ വളരെ ദൂരെ തലക്കു മുകളിൽ വെളിച്ചം ജ്വലിച്ചുകൊണ്ടിരുന്നു. ചിറകില്ലാത്തവന് വെളിച്ചം അന്യമാണ്. കൊതിപ്പിക്കുന്ന, ഭ്രമിപ്പിക്കുന്ന വെളിച്ചം. നോക്കി നിൽക്കേണ്ട. കൊതിക്കണ്ട. നടന്നോളൂ. നേരം പുലരാറായി. ഇനിയധികം സമയമില്ല. ദാഹവും വിശപ്പും അടങ്ങിയിരിക്കുന്നു. ഉറക്കം വരുന്നു. ഉണരുമോ ഇനിയും.. ഒരിക്കൽ കൂടി പറന്നുപൊങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ. അടുത്ത ജന്മമാവട്ടെ. കണ്ണുകളടഞ്ഞു. മുകളിൽ ദൂരെ വെളിച്ചത്തിനുചുറ്റും പുതുപുത്തൻ ചിറകടികളുയർന്നു.  

എന്റെ ഡയറിക്കുറിപ്പ്.

മഴപ്പാറ്റ

Content Summary: Malayalam Short Story ' Oru Diarykkurippu ' written by Nithin Bal

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS