1985 കാലഘട്ടം. തൃശ്ശൂരിലെ ധനാഢ്യനായ ദേവസി മുതലാളിയുടെ മക്കളിൽ ഏറ്റവും ഇളയ മകനായിരുന്നു ബാങ്ക് ഉദ്യോഗസ്ഥനായ മാർട്ടിൻ. സുമുഖനും സുന്ദരനുമായ മാർട്ടിന്റെ വിവാഹം ഇവരുടെ അതേ സാമ്പത്തികസ്ഥിതിയും തറവാട്ടുമഹിമയുള്ള എറണാകുളത്തുള്ള ഒരു കുടുംബത്തിൽ നിന്ന് ഉറപ്പിച്ചു. പെൺകുട്ടിയുടെ പേര് സുമി. മനസ്സമ്മതത്തിന്റെ തലേദിവസം പയ്യന്റെ വീട്ടിലെ ആഘോഷ പരിപാടികൾ ഒക്കെ കഴിഞ്ഞു. 1983 മോഡൽ പെട്രോൾ കാർ കോയമ്പത്തൂർ കൊണ്ടുപോയി ഡീസൽ എൻജിൻ, എ.സി., റേഡിയോ ഒക്കെ ഘടിപ്പിച്ച് കാർ കുട്ടപ്പനാക്കി, പൂക്കൾ കൊണ്ട് അലങ്കരിച്ച് അടിപൊളിയാക്കി. ഡോക്ടർ അളിയനും പെങ്ങളും നേരത്തെ തന്നെ എത്തി. ആ കാറിൽ തന്നെ പയ്യനെ കൊണ്ടുപോകണം എന്ന് അദ്ദേഹം വല്ലാതെ ആഗ്രഹിച്ചിരുന്നു. ആ കാലഘട്ടത്തിൽ എ.സി. കാറുകൾ അപൂർവമായേ ഉള്ളൂ. ഇവർ മൂന്നുപേർക്കും പുറമെ മാർട്ടിന്റെ മറ്റു പെങ്ങമ്മാരുടെ മക്കളും മേക്കപ്പ് പോകുമോ എന്ന ഭയം ഉള്ള ചെറുപ്പക്കാരികളും എല്ലാവരും കൂടി ആ കാറിനകത്ത് ഞെങ്ങിഞെരുങ്ങി കയറി. എ.സി. യും ഇട്ട് ഉച്ചത്തിൽ പാട്ടും വച്ച് ചെറുക്കനും കൂട്ടരും പുറപ്പെട്ടു. പുറകെ എ. സി. അല്ലാത്ത കാറുകളിൽ മറ്റു ബന്ധുക്കളും. എറണാകുളം എത്തുന്നതിനുമുമ്പ് ഒന്ന് രണ്ട് തവണ വണ്ടി ചില ബ്ലോക്കുകളിൽ പെട്ടു നിറുത്തി ഇടേണ്ടത് ആയി വന്നു. ആ സമയത്ത് പെൺകുട്ടികൾ ഗ്ലാസ് താഴ്ത്താനോ എ.സി. ഓഫ് ചെയ്യാനോ ഒന്നും സമ്മതിച്ചിരുന്നില്ല. കാറ്റടിച്ചാൽ അവരുടെ തലമുടി സെറ്റ് ചെയ്തു വെച്ചിരിക്കുന്നതിന്റ ഭംഗി പോകും, മുഖത്തെ മേക്കപ്പ് പോകും അങ്ങനെ അങ്ങനെ പല കാരണങ്ങൾ പറഞ്ഞു..
എനിക്ക് കുറച്ച് ട്രാവൽ സിക്ക്നെസ്സ് ഉണ്ട്, ഈ കാറിലെ മണം എനിക്ക് പിടിക്കുന്നില്ല, ഛർദിക്കാൻ വരുന്നു എന്നൊന്നും കല്യാണച്ചെറുക്കൻ പറഞ്ഞിട്ട് പെൺകുട്ടികൾ അതൊന്നും ഗൗനിച്ചതേയില്ല. അവർ അങ്കിളിന് ഒരു ചെറുനാരങ്ങ മണപ്പിക്കാൻ കൊടുത്തു. എന്നിട്ട് പറഞ്ഞു ഇത് മണപ്പിച്ചു കൊണ്ടിരുന്നാൽ മതി എന്ന്. ഒരുവിധം നാരങ്ങയും മണപ്പിച്ച് ഛർദ്ദി നിയന്ത്രിച്ച് മാർട്ടിൻ കാറിലിരുന്നു. കാർ പള്ളിയിലെത്തി. സുന്ദരി പെൺകുട്ടികൾ ഒക്കെ ഓരോരുത്തരായി ഇറങ്ങി. മാർട്ടിനു കാറിൽ നിന്ന് ഇറങ്ങാൻ പറ്റുന്നില്ല. ആള് കാറിൽ ബോധംകെട്ട് കിടക്കുകയാണ്. ഡോക്ടർ അളിയൻ ഓടിവന്ന് വെള്ളം തളിച്ചു നോക്കി, കുലുക്കി നോക്കി, ഒരു രക്ഷയും ഇല്ല. ആവശ്യത്തിലധികം മേക്കപ്പിട്ട പെങ്ങന്മാരുടെ പെൺമക്കൾക്കും ആധിയായി. ഇവരെ പള്ളിയിൽ ഇറക്കി അലങ്കരിച്ച അതേ കാർ സുമിയുടെ വീട്ടിൽ പോയിട്ട് ആ കാറിൽ വേണം പെണ്ണിനെ കൊണ്ടുവരാൻ പോകാൻ. ബോധമില്ലാതെ സൂട്ടും കോട്ടും അണിഞ്ഞുകിടക്കുന്ന ചെറുക്കനെയും കൊണ്ട് ഡോക്ടർ അളിയൻ ആശുപത്രിയിലേക്ക് പാഞ്ഞു. അവിടെച്ചെന്നയുടനെ ചെറുക്കനെ നേരെ ഐ.സി.യു.വിൽ കയറ്റി. ചെറുക്കന് ബോധം വരാത്തതുകൊണ്ട് ഒബ്സർവേഷനിലാണു എന്ന് പറഞ്ഞു ഡോക്ടേഴ്സ്. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ സംഗതി കൈവിട്ടു പോയതായി മനസ്സിലാക്കി ഡോക്ടർ അളിയൻ പെണ്ണിന്റെ വീട്ടിലും പള്ളിയിലും വിവരമറിയിച്ചു. ചുരുക്കത്തിൽ മനസ്സമ്മതം മുടങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ? പള്ളിയിലേക്ക് പോകാൻ മാർട്ടിന്റെ വീട്ടിൽ നിന്നും വരുന്ന കാറും കാത്തു ഒരുങ്ങി നിന്ന പെൺകുട്ടിയുടെ സങ്കടം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
കുറച്ചുസമയം കഴിഞ്ഞ് ആണ് പയ്യന് ബോധം വന്നത്. കുഴപ്പമൊന്നുമില്ല എന്ന് ഡോക്ടേഴ്സ് പറഞ്ഞെങ്കിലും മാർട്ടിന്റെ ബന്ധുക്കൾക്ക് ബോധ്യം വരാതെ പയ്യനെയും കൊണ്ട് അവർ നേരെ വെല്ലൂർ ആശുപത്രിയിലേക്ക് വെച്ചുപിടിച്ചു. അന്നത്തെ കാലത്ത് വിദഗ്ധചികിത്സ അവിടെ മാത്രമാണുള്ളത്. അതിനിടയിൽ ഇവിടെ നാട്ടിൽ നിറംപിടിപ്പിച്ച കഥകൾ പരക്കാൻ തുടങ്ങി. ചെറുക്കൻ മദ്യപാനിയാണെന്ന് ഒരു കൂട്ടർ. തലേദിവസത്തെ ആഘോഷത്തിന്റെ ഹാങ്ങോവറിൽ ആയിരുന്നു പയ്യൻ. അവനു കുറച്ചു മോര് കൊടുത്താൽ മതിയായിരുന്നു. അതല്ല തലച്ചോറിന് എന്തോ അസുഖം ആണെന്ന് വേറെ ചിലർ. ചെറുപ്പത്തിലേയുള്ള വീഴ്ചയിൽ തലയ്ക്ക് ആഘാതം സംഭവിച്ചതാണെന്ന് മറ്റൊരു കൂട്ടർ. കാൻസർ ആണോ എന്ന് ചിലർക്ക് സംശയം. ഇതിനിടയിൽ ജീവിതം പൈങ്കിളി വാരികയിലൂടെ നോക്കിക്കാണുന്ന ചില അന്തവും കുന്തവുമില്ലാത്ത അമ്മച്ചിമാർ പയ്യന് ‘ലുക്കിമിയ’ സാധ്യത പോലും എഴുതിത്തള്ളിയില്ല. എന്തിനാണ് ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്? കുറച്ച് മലരിട്ട വെള്ളം അവനെക്കൊണ്ട് കുടിപ്പിച്ചാൽ മതിയായിരുന്നില്ലേ, ട്രാവൽ സിക്ക്നെസ്സ് അവനുണ്ടെന്ന് സ്വയം അറിയാമല്ലോ അപ്പോൾ യാത്ര തുടങ്ങുന്നതിനു മുമ്പ് അവന് കുറച്ചു ജീരകം നേരത്തെതന്നെ വായിലിട്ടു ചവച്ച് കൊണ്ട് ഇരിക്കാമായിരുന്നില്ലേ, പള്ളിമുറ്റത്ത് തന്നെ ഒരു കശുമാവ് നിൽപ്പില്ലേ, ആ ഇല മണപ്പിച്ചാൽ അപ്പോൾ തന്നെ അവൻ എണീറ്റ് വന്നേനെ. ഡോക്ടർ അളിയൻ മനപ്പൂർവം അവന്റെ കല്യാണം മുടക്കിച്ചതാണ് എന്ന് മറ്റു ചിലർ. മാർട്ടിന്റെ ബന്ധുക്കൾ അങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിന്നു. പോയ ബുദ്ധി ഇനി പിടിച്ചാൽ കിട്ടിലില്ലല്ലോ!
“അന്ന് യഥാർഥത്തിൽ എന്താണ് ഉണ്ടായത്”? ഈ ചോദ്യം പലകുറി പലരും ആവർത്തിച്ചപ്പോൾ ഉത്തരം പറഞ്ഞു മടുത്ത മാർട്ടിൻ എനിക്കൊന്നും ഓർമ്മയില്ല എന്ന് പറഞ്ഞതോടെ ചെറുക്കന് ‘അംനീഷ്യ’ ആയിരിക്കുമോ എന്ന് സംശയിച്ചു ചിലർ. ഏതായാലും സുമിയുടെ വീട്ടുകാർ ഞങ്ങൾ ഈ വിവാഹത്തിൽ നിന്ന് ഒഴിയുകയാണ് എന്ന് പറഞ്ഞതോടെ കഥാന്ത്യം ആയി. വെല്ലൂർ ഉള്ള എല്ലാ ചികിത്സകളും കഴിഞ്ഞപ്പോൾ ഡോക്ടർസ് ഒരു നിഗമനത്തിലെത്തി. പയ്യന് യാതൊരു അസുഖവും ഇല്ല. ട്രാവൽ സിക്ക്നെസ്സ് സ്വതവേയുള്ള ആൾ ചെറുനാരങ്ങ മണപ്പിച്ചു ശുദ്ധവായു ലഭിക്കാതെ ഓക്കാനം നിയന്ത്രിച്ചത് കൊണ്ട് ബോധം പോയതാണ് എന്ന്. സുമി എന്ന പെൺകുട്ടി അപശകുനം ആണെന്ന് പറഞ്ഞ് പലരും സുമിയ്ക്ക് വന്ന മറ്റു വിവാഹാലോചനകൾ മുടക്കാൻ നോക്കിയെങ്കിലും വർഷം ഒന്നു കഴിഞ്ഞപ്പോൾ ഒരു തെറ്റും ചെയ്യാത്ത ഈ പെൺകുട്ടി എന്തുപിഴച്ചു എന്നും പറഞ്ഞ് സാമാന്യ ബുദ്ധിയും അതിനൊത്ത ധീരതയുള്ള വിദ്യാസമ്പന്നനായ ഒരു യുവാവ് അവളെ താലികെട്ടി കൊണ്ടുപോയി. വളരെ വിഷമിച്ച് മാർട്ടിന്റെയും വിവാഹം രണ്ടുവർഷം കഴിഞ്ഞപ്പോൾ നടന്നു. പിന്നെ ഇവർ പരസ്പരം കണ്ടിട്ടു പോലുമില്ല. നാട്ടുകാർ ഈ കഥ ഒക്കെ മറന്നു.
കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ 30 വർഷം കഴിഞ്ഞു പോയി. ന്യൂയോർക്ക് നഗരത്തിലെ ഒരു സുപ്രഭാതം. 5 മിനിറ്റ് മുമ്പ് വരെ കുഗ്രാമത്തിലെ കഥയിൽ നിന്നും വിദേശത്ത് പ്രണയഗാനം പാടാൻ എത്തിയ തമിഴ് സിനിമ പോലെ പെട്ടെന്ന് ഈ ന്യൂയോർക്ക് നഗരവും ‘മ്മ്ടെ’, ത്രിശ്ശൂക്കാരൻ മാർട്ടിനും തമ്മിൽ എന്ത് ബന്ധം എന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാകും. ന്യൂയോർക്കിലെ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്ന മലയാളികളായ സുന്ദരനായ യുവാവും സുന്ദരിയായ യുവതിയും. അവർ പ്രണയബദ്ധരായിരുന്നു. വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. അവർക്ക് അതിന് ആരുടെയും അനുവാദമോ ആശീർവാദമോ വേണ്ടിയിട്ടല്ല ഒരു ഫോർമാലിറ്റിക്ക് രണ്ടുപേരും അവരവരുടെ വീടുകളിൽ അറിയിച്ചു എന്ന് മാത്രം. അവർ രണ്ടു പേരും ഒരേ സമയത്ത് കേരളത്തിൽ വരുന്നുണ്ട്, നിങ്ങൾക്ക് വേണമെങ്കിൽ പള്ളിയിലെ ചടങ്ങുകളൊക്കെ നടത്തിക്കോളൂ എന്ന്. രണ്ടുപേരും അവരവരുടെ പ്രതിശ്രുത വധുവിന്റെയും പ്രതിശ്രുത വരന്റെയും അഡ്രസ്സ് വീട്ടിൽ കൊടുത്തു. എന്തെങ്കിലും തൊടുന്യായം പറഞ്ഞു കല്യാണം മുടക്കാൻ ആണ് പ്ലാൻ എങ്കിൽ ഞങ്ങൾ നാട്ടിലേക്ക് തന്നെ വരില്ല എന്നൊരു മുന്നറിയിപ്പും കൊടുത്തിരുന്നു. “ഞങ്ങൾക്ക് നൂറു വട്ടം സമ്മതമാണ്. ദയവുചെയ്ത് നാട്ടിലേക്ക് വരണേ, അന്യനാട്ടിൽ കിടന്നുകൊണ്ട് അബദ്ധം ഒന്നും കാണിക്കരുത്, ഞങ്ങൾ നടത്തിത്തരാം.” നാട്ടിൽ നിന്നുള്ള ഇരുവീട്ടുകാരുടെയും നിലവിളികൾ ഒരു വിജയ ഭാവത്തോടെ ആസ്വദിച്ചു ആ യുവമിഥുനങ്ങൾ. കല്യാണത്തിനുള്ള എല്ലാ ഒരുക്കങ്ങളും തുടങ്ങി. പരസ്പരം വീട്ടുകാർ തമ്മിൽ കാണുകയോ, ഇനി സംസാരിച്ച് എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയോ ചെയ്യേണ്ട എന്ന് കരുതി ഇരുകൂട്ടരും കാണാൻ പോലും മിനക്കെട്ടില്ല. ഏതായാലും സ്വജാതി ആണല്ലോ എന്ന് ആശ്വസിച്ചു.
അവർ അറിഞ്ഞിരുന്നില്ല അവരുടെ കല്യാണത്തോടെ മുപ്പത് വർഷം പഴക്കമുള്ള മറ്റൊരു കല്യാണത്തിന്റെ അഥവാ നടക്കാതെപോയ കല്യാണത്തിന്റെ ചുരുൾ അവരിലൂടെ അഴിയാൻ പോവുകയാണെന്ന്. കല്യാണത്തിന്റെ അന്നാണ് എല്ലാവരും വിവരമറിയുന്നത്. അതെ സുഹൃത്തുക്കളെ, പയ്യൻ മറ്റാരുമല്ല സുമിയുടെ മകൻ. പെണ്ണ് മറ്റാരുമല്ല മാർട്ടിന്റെ ഇളയ മകൾ. “മാൻ പ്രപ്പോസസ്, ഗോഡ് ഡിസ്പോസസ്.” “മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു. അന്തിമമായ തീരുമാനം കർത്താവിന്റെത് അത്രേ.” (സുഭാഷിതങ്ങൾ 16 :1)
Content Summary: Malayalam Short Story ' Oru Naranga Kalyanam ' written by Mary Josy Malayil