എംഎൽഎ വന്നിട്ടില്ല, അതുകൊണ്ട് സാർ കുറച്ചധികം നേരം പ്രസംഗിക്കണം – നർമ്മകഥ

HIGHLIGHTS
  • കുറുപ്പു സാറിന്റെ മുഖ്യപ്രസംഗം (നർമ്മകഥ)
892045964
Representative image. Photo Credit:brazzo/istockphoto.com
SHARE

നവീന ലോകത്ത് കടന്നു കൂടിയ ചടങ്ങുകളിൽ പരമ ദുസ്സഹം ഏതെന്ന് ചോദിച്ചാൽ മീറ്റിംഗ് അയ്യോ മീറ്റിംഗ് എന്ന് നിങ്ങൾ പറയും എന്നാണ് ഇ. വി. കൃഷ്ണപിള്ള പണ്ടേ പറഞ്ഞിട്ടുള്ളത്. അപ്പോൾ ഇന്നത്തെ അവസ്ഥ പറയേണ്ടതുമില്ല. ഇതൊക്കെ ഓർത്താണ് പലപ്പോഴും മീറ്റിംഗിന് ക്ഷണിക്കാൻ ആരെങ്കിലും വന്നാൽ ഒഴിയാൻ നോക്കുന്നത്. കഴിഞ്ഞ ദിവസം ഒരു സംവിധായകനും നടനുമായി കോളേജ് യൂണിയൻ മീറ്റിംഗിനിടെയുണ്ടായ അടി പത്രത്തിലും മാധ്യമങ്ങളിലും ഇപ്പോഴും കത്തി നിൽക്കുന്നു. അവർ തമ്മിൽ ഒത്തു തീർപ്പായെങ്കിലും അതിനെക്കുറിച്ച് ചർച്ച നടത്തുന്നവർ ഇതുവരെ ഒത്തുതീർപ്പിലെത്തിയിട്ടില്ല.. ഇങ്ങനെ ഓരോ ദിവസത്തെ വാർത്തകൾ വായിക്കുമ്പോൾ സമ്മേളനങ്ങൾക്ക് പോകാൻ പേടിയാണെങ്കിലും പരിചയമുള്ളവർ വരുമ്പോൾ തീരെ ഒഴിവാക്കാനും കഴിയില്ല. അതു കൊണ്ടാണ് നാട്ടിലെ വായനശാലാ പ്രസിഡന്റും സെക്രട്ടറിയും വന്നപ്പോൾ ഒഴിവൊന്നും പറയാൻ പറ്റാതെ വന്നത്. "കുറുപ്പ് സാറേ, ഞങ്ങൾ അധികം ആരെയും വിളിക്കുന്നില്ല. എം.എൽ.എ. ഉൽഘാടനം, പഞ്ചായത്ത് പ്രസിഡന്റ് മുഖ്യപ്രസംഗം. പിന്നെ രണ്ടു പേരുടെ പ്രസംഗം. അതിലൊന്ന് സാറാണ്."

ഒരു അനുസ്മരണ സമ്മേളനമാണ്. വായനശാലയുടെ മുൻ പ്രസിഡന്റിന്റെ അനുസ്മരണമാണ്. അതുകൊണ്ട് അധികം സംസാരിക്കേണ്ടി വരില്ല. സ്വാഗതവും ഉപക്രമമൊന്നും നീണ്ടു പോകാതിരുന്നാൽ മതിയായിരുന്നു. പലപ്പോഴും മുഖ്യപ്രസംഗത്തെക്കാൾ നീണ്ടു പോകുന്നത് സ്വാഗത പ്രസംഗമായിരിക്കുമല്ലോ? വിശദമായ ഒരു അവലോകനത്തിന് ശേഷമായിരിക്കും സ്വാഗതത്തിലേക്ക് കടക്കുന്നത് തന്നെ. പിന്നെ ഓരോരുത്തരുടെയും ഗുണഗണങ്ങൾ വാഴ്ത്തി സ്വന്തം പേരിലും സംഘടനയുടെ പേരിലും നാട്ടുകാരുടെ പേരിലുമൊക്കെ ഓരോരുത്തർക്കും സ്വാഗതം പറഞ്ഞു വരുമ്പോൾ തന്നെ ഒരു സമയമാകും. അതു കഴിഞ്ഞ് ഉപക്രമം വരികയായി.. ചിലപ്പോൾ ഉപക്രമം അക്രമം തന്നെയാകാറുണ്ട്. എല്ലാം കഴിഞ്ഞ് മുഖ്യപ്രസംഗമാകുമ്പോഴേക്ക് പലപ്പോഴും കാലിയായ കസേര മാത്രമേ കാണൂ. കാശ് നേരത്തെ കൊടുത്തിട്ടില്ലെങ്കിൽ മൈക്ക് സെറ്റിന്റെ ആളെങ്കിലും കണ്ടാൽ ഭാഗ്യം.. ഏതായാലും ഇതങ്ങനെ നീണ്ടു പോകേണ്ട കാര്യമൊന്നുമില്ല. അനുസ്മരണ സമ്മേളനമാണല്ലോ? മരിച്ച ആളെപ്പറ്റി എത്ര പറഞ്ഞാലും എല്ലാവരും കൂടി ഒരു മണിക്കൂറിനപ്പുറം പറയേണ്ട കാര്യമില്ല. അങ്ങനെയൊക്കെ പ്രതീക്ഷിച്ചാണ് പോയത്. വായനശാലയിൽ ചെല്ലുമ്പോൾ തന്നെ ചെറിയ മഴയുണ്ടായിരുന്നു. അധികം താമസിയാതെ മഴ കൂടി. സദസ്യരായി കുറച്ചു പേർ അവിടവിടെ നിൽപ്പുണ്ട്. അവർ പോകുന്നതിന് മുമ്പ് തുടങ്ങിയാൽ നന്നായിരുന്നു. മഴ പ്രതീക്ഷിക്കാതെ വന്നതിനാൽ പലരുടെയും കൈയ്യിൽ കുടയില്ലാത്തത് സൗകര്യമായി. അവർ മഴ തീരുന്നതു വരെ പോകുമെന്ന് പേടിക്കണ്ട. ഇനി പ്രസംഗം കേൾക്കുന്നതിനെക്കാൾ നല്ലത് മഴ കൊള്ളുന്നത് തന്നെ എന്ന് ആളുകൾ തീരുമാനിച്ചു കൂടെന്നുമില്ല. ഇപ്പോഴത്തെ ചില പ്രസംഗങ്ങളുടെ പോക്ക് അങ്ങനെയാണല്ലോ?

കുറെ നേരം കാത്തിരുന്നിട്ടും വിശിഷ്ടാതിഥികളെ ആരെയും കാണുന്നില്ല. കുറുപ്പ് സാറിന്റെ അസ്വസ്ഥത കണ്ടാകാം പ്രസിഡന്റ് പറഞ്ഞു.. 'സാറേ, എം.എൽ.എ. മറ്റൊരു പരിപാടിയിലാണ്. പഞ്ചായത്ത് പ്രസിഡന്റ് ടൗണിൽ മഴയിൽ കുടുങ്ങിയിരിക്കുകയാണ്. പരിപാടി തുടങ്ങിക്കോളാൻ രണ്ടുപേരും അനുവാദം തന്നിട്ടുണ്ട്.' പ്രസംഗിക്കാൻ ഏറ്റ രണ്ടാമനും എത്തിയിട്ടില്ല, ആകെയുള്ളത് കുറുപ്പ് സാർ  മാത്രം, ഉൽഘാടകനും മുഖ്യ പ്രസംഗകനുമില്ലാതെ എങ്ങനെ പരിപാടി മുന്നോട്ട് കൊണ്ട് പോകും എന്ന് മനസ്സിലായില്ല. സാറിന്റെ സന്ദേഹം കണ്ടാകാം പ്രസിഡന്റ് പറഞ്ഞു. "സാറ് പ്രസംഗം ഇത്തിരി നീട്ടിക്കൊണ്ടു പോയാൽ മതി.. അപ്പോഴേക്കും അവരെത്തും.." ഈശ്വരാ, കുഴഞ്ഞു. മറ്റെന്ത് പരിപാടിയാണെങ്കിലും കുഴപ്പമില്ലായിരുന്നു.. അനുസ്മരണ പരിപാടി എങ്ങനെ അനന്തമായി നീട്ടിക്കൊണ്ടു പോകും? പറയാനുള്ളത് എങ്ങനെയായായാലും പത്ത് മിനിട്ടു കൊണ്ട് തീരും, പിന്നെന്ത് ചെയ്യും. ഏതായാലും വരുന്നിടത്ത് വെച്ച് കാണാം.. സമ്മേളനം സമാരംഭിച്ചു. സാധാരണ പതിവുള്ളതു പോലെ സ്വാഗതവും ഉപക്രമവുമൊന്നും അധികം നീണ്ടു പോയുമില്ല.. ഉപക്രമത്തിൽ പ്രസിഡന്റ് പറഞ്ഞു "ഇനി നമ്മുടെ കുറുപ്പ് സാറ് വിശദമായി സംസാരിക്കും, ബഹുമാന്യനായ എം. എൽ. എ.യും പഞ്ചായത്ത് പ്രസിഡന്റും എത്താൻ അൽപം വൈകുമെന്ന് അറിയിച്ചിട്ടുണ്ട്, അതു വരെ നമ്മോട് കുറുപ്പ് സാറ് സംസാരിക്കും, അതിനായി അദ്ദേഹത്തെ ഏറെ  ആദരവോടെ, ഏറെ സ്നേഹത്തോടെ ക്ഷണിച്ചു കൊള്ളുന്നു."

"എങ്കിലും പ്രസിഡന്റേ, എന്നോട് ഈ ചതി വേണ്ടായിരുന്നു.." എന്ന ആത്മഗതത്തോടെ കുറുപ്പ് സാർ എഴുന്നേറ്റു സദസ്സിനെ വിശദമായൊന്ന് നോക്കി. മഴ തീരാത്തതു കൊണ്ട് ആരും പോയിട്ടില്ല.. രണ്ടും കൽപ്പിച്ച് അങ്ങു തുടങ്ങി.. അഞ്ചു മിനിറ്റു കൊണ്ട് സ്‍മര്യ പുരുഷനെപ്പറ്റി പറയാനുള്ളതൊക്കെ പറഞ്ഞു തീർന്നു. പിന്നെ വായനശാലയുടെ ചരിത്രം വിശദമായി പറഞ്ഞു. അതിനിടയിൽ ഓരോ വണ്ടികളും കടന്നു പോകുമ്പോൾ കുറുപ്പ് സാർ പ്രതീക്ഷയോടെ നോക്കും, പ്രസിഡന്റോ എം.എൽ.എ.യോ ആണോ, പല പല വണ്ടികളും കടന്നു പോയെങ്കിലും അവരുടെ വണ്ടി മാത്രം വന്നില്ല. പണ്ട് തെങ്ങിനെപ്പറ്റി കാണാതെ പഠിച്ചു കൊണ്ടു പോയിട്ട് പശുവിനെപ്പറ്റിയുള്ള ചോദ്യത്തിന് ഉത്തരം എഴുതേണ്ടി വന്ന കുട്ടിയുടെ അവസ്ഥയായിരുന്നു കുറുപ്പു സാറിന്റേത്. ഏതായാലും വായനശാലയുടെ ചരിത്രവും തീർന്ന് പഞ്ചായത്തിന്റെ ചരിത്രത്തിലേക്ക് കടക്കാം എന്ന് വിചാരിക്കുമ്പോഴേക്ക് ശ്രോതാക്കളുടെ ഭാഗ്യം കൊണ്ടാണോ കുറുപ്പു സാറിന്റെ  ഭാഗ്യം കൊണ്ടാണോ എന്നറിയില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തി. സ്റ്റേജിലേക്കെത്തുന്നതിന് മുമ്പ് തന്നെ കുറുപ്പുസാർ പറഞ്ഞു, "നമ്മളേവരും ആകാംക്ഷയോടെ കാത്തിരുന്ന ബഹുമാന്യനായ പ്രസിഡന്റ് സ്ഥലത്തെത്തിയിട്ടുണ്ട്, അടുത്ത മുഖ്യ പ്രസംഗം നടുത്തുന്നതിന് വേണ്ടി ആദരപൂർവ്വം അദ്ദേഹത്തെ ക്ഷണിച്ചു കൊള്ളുന്നു" ഇത്രയും പറഞ്ഞിട്ട് കസേരയിലേക്ക് ഇരിക്കുകയായിരുന്നോ അതോ വീഴുകയായിരുന്നോ എന്ന് കുറുപ്പ് സാറിന്  ഇപ്പോഴും നല്ല ഓർമ്മ കിട്ടുന്നില്ല.

Content Summary: Malayalam Short Story ' Kuruppu Saarinte Mukhyaprasamgam ' written by Naina Mannanchery

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS