ADVERTISEMENT

വീടുകൾക്ക് 

ചിറകുണ്ടായിരുന്ന കാലം, 

വീട്ടുകാരുടെ കണ്ണുവെട്ടിച്ച്

ഞങ്ങൾ പറക്കാനിറങ്ങും.

മാടൻകാവിലെ  

പറങ്കിമാവിന്റെ താഴ്ന്ന കൈകൾ 

ഞങ്ങളെ ഊഞ്ഞാലാട്ടും.
 

കശുവണ്ടി വിറ്റ്

ചൂണ്ടക്കൊളുത്തും,  

ആകാശപ്പട്ടവും വാങ്ങും.

ആറ്റുവക്കിലെ 

കാട്ടുകൈതത്തണലിലിരുന്ന് 

മാനത്ത്കണ്ണിയെ പിടിക്കും,
 

അപ്പോൾ, 

കൊന്നത്തെങ്ങിലെ

ഓലത്തുമ്പിൽ തൂക്കണാംകുരുവി

"വല്ലതും കിട്ടിയോടാ"

എന്ന് അർഥംവച്ചൊരു ചിരിചിരിച്ചു 

പറന്നുപോകും. 
 

വയൽ വരമ്പത്ത് 

ചേറിൽ പുതഞ്ഞു നത്തക്കാ 

പെറുക്കുമ്പോൾ....,

തൂവെള്ള നിറമുള്ള 

പവിഴക്കാലി കൊക്ക് 

മേനികാട്ടി പറന്നിറങ്ങും.
 

തെക്കേ മഠത്തിലെ  

കപ്പമാവിൻതുഞ്ചത്ത് 

പറന്നുചെന്നു നാം, 

അണ്ണാൻകടിച്ച മാമ്പഴത്തിന്റെ 

മറുപുറം കടിക്കും.
 

പള്ളിപ്പറമ്പിലെ 

കാട്ടുനെല്ലിക്കാ കടിച്ചുതിന്ന്  

കാട്ടാറരുവിതൻ മധുരത്തേൻകുടിച്ച്...

കടലുകാണിപ്പാറേടെ 

ഉച്ചിയിൽ കയറിനാം 

ആശയോടാകാശ പട്ടം പറത്തും.
 

മുത്തശ്ശി കഥയിൽ കുഴിച്ചിട്ട നിധി തേടി, 

ഭൂതത്താൻകോട്ട അരിച്ചുപെറുക്കും. 

പുളിങ്കറി കടുകുപൊട്ടിക്കും മണം 

നാവിൻതുമ്പിൽ വെള്ളം നിറക്കുമ്പോൾ,  

ചിറകുകളെല്ലാം അഴിച്ചുവച്ച് 

വിശപ്പെന്ന പലകയിലേക്ക് നാം

പറന്നിറങ്ങും.....
 

എന്നിട്ടും... എന്നിട്ടും....

സമയം ബാക്കിയാവും.

അങ്ങനെ കഴിയവെ ഒരു ദിനം 

നമ്മുടെ സമയമാരോ കട്ടോണ്ടുപോയി.

വീടിന്റെ ചിറകു കരിഞ്ഞുപോയി..... 

ധൃതിപിടിച്ചോടുന്ന 

ഒരു "കാലൻ ക്ലോക്ക് "

ചുവരിൽ ആരോ തറച്ചിട്ടുപോയി...
 

Content Summary: Malayalam Poem ' Veedukalkku Chirakundayirunna Kaalam ' written by Aneesh Kairali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com