ഹരി കരുമാടി എഴുതിയ രണ്ട് ചെറുകഥകൾ

malayalam-story-ayal-ariyatha-sathyam
SHARE

ഇരുട്ടിലേക്കുള്ള വഴി

ചുവരുകളിലൂടെ ഉറുമ്പുകളുടെ ഘോഷയാത്ര. വരി തെറ്റാതെയാണ് വരവ്. "തുടക്കവും ഒടുക്കവും എവിടെയാകാം.." ഞാൻ ഉറുമ്പുകളുടെ ആഘോഷത്തിന്റെ വഴിയിലെ ഒരു കാഴ്ചക്കാരൻ മാത്രം." പുതിയ വീടാണിത്. എവിടെ നോക്കിയാലും ഉറുമ്പുകൾ. ഇന്നു തന്നെ വിഷപ്പൊടി തൂകണം." മകന്റെ വാക്കുകളിൽ അസ്വസ്ഥത. ജോലി തിരക്കിൽ അവൻ രാവിലെ ഇറങ്ങും. തിരിച്ച് വീടെത്താൻ വൈകും. വീട്ടുകാര്യങ്ങൾ ഒക്കെ തന്റെ ജോലി. ഇതുവരെ താൻ തന്നെയാണ് എല്ലാം ചെയ്തിരുന്നത്. അച്ഛനും അമ്മയും കുറെ സഹോദരങ്ങളും ഉള്ള വീട്ടിൽ നിന്നാണ് താൻ ഇവിടെ എത്തിയത്. സഹോദരങ്ങൾ ഓരോരുത്തർക്കും കുടുംബം ആയപ്പോൾ അവരെല്ലാം വീട് മാറി. അതുപോലെ താനും. കുടുംബം ഭാഗം വച്ചപ്പോൾ കിട്ടിയ വീതത്തിൽ ഒരു ചെറിയ പുര കെട്ടി. ഓല മേഞ്ഞ പുര. അതിന്റെ മൺഭിത്തിയിൽ ചാണകം മെഴുകി വൃത്തിയാക്കും. വർഷത്തിൽ ഒന്നോ രണ്ടോ തവണയാണ് മെഴുക്ക്. മഴക്കാലം വരും മുമ്പെ പുര മേയണം. അന്നൊക്കെ അതൊരു ആഘോഷമാണ്. സുഹൃത്തുക്കളും അയൽക്കാരും സഹായത്തിന് ഉണ്ടാകും. കൂലിയില്ല. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കും. അന്നു വീട്ടുകാരത്തി എന്തെങ്കിലുമൊക്കെ പ്രത്യേക വിഭവങ്ങൾ ഒരുക്കി അടുക്കളയെ ഉൽസവമാക്കും. അന്നത്തെ ആഹാരത്തിന് സ്വാദ് അൽപം കൂടുതൽ ആയിരിക്കും. ഒരുമിച്ചിരുന്ന് കഴിക്കുന്നതു കൊണ്ടാകാം രുചി കൂടുന്നത്. "വീട്ടുകാരെ.." വഴിയേ പോകുന്നവരും ഒന്ന് വിളിച്ച് കടന്നു പോകും. ചിലർ വീട്ടിലേക്ക് കയറിയിരുന്ന് വർത്തമാനങ്ങൾ പങ്കുവയ്ക്കും. ഒരുമിച്ച് കൂടുന്നതാണല്ലോ നാട്. ജീവിതം തന്നെയായിരുന്നു സ്നേഹത്തിന്റെ ഭാഷ.

മകൻ പഠിച്ചു ഉദ്യോഗസ്ഥൻ ആയപ്പോൾ സ്വന്തം വീടിന്റെ കുറവുകളെക്കുറിച്ച് അവൻ പറഞ്ഞു തുടങ്ങി. പിന്നെ ഒന്നും ആലോചിച്ചില്ല. ആധാരം മകന്റെ പേരിൽ കൈമാറി. പുരപണി തുടങ്ങി. പ്ലാനും കണക്കുമൊക്കെ വലിയ എഞ്ചിനീയറെക്കൊണ്ട് വരപ്പിച്ചു. വീടാണ്. കണക്ക് തെറ്റരുത്. പറമ്പിൽ ഉള്ള പച്ച മരങ്ങൾ എല്ലാം വെട്ടിത്തെളിച്ചു. അതിന്റെ വേര് കയറിയാൽ അടിത്തറ ഇളകും. പഠിപ്പുള്ളവരുടെ ദീർഘ വീക്ഷണത്തെ മാനിക്കണമല്ലോ. പറമ്പ് വെളുത്തു. മക്കളുടെ കാലത്ത് അവരുടെ വഴി. അരുത് എന്ന് പറഞ്ഞ് വഴി മുടക്കണ്ട. "അപ്പൻ വിചാരിച്ചാൽ ഇതൊക്കെ നടക്കുമോ. ഇത്രയും വലിയൊരു വീട്!" മകൻ വലുതാകട്ടെ; എല്ലാ മക്കളും. മക്കൾ വളരുമ്പോൾ നാടും വളരും. അതാണ് മുന്നോട്ടുള്ള വഴി. പുര പണി തീർന്നപ്പോൾ കടത്തിന് മീതെ വീണ്ടും കടമായി. ബാങ്കിലെ ലോൺ മാസാമാസം മകന്റെ ശമ്പളത്തിൽ നിന്ന് പിടിക്കും. അതു കൂടാതെ പുറമെ പലിശക്ക് വാങ്ങിയത്. അതിന്റെ പലിശ തന്നെ മാസം നല്ലൊരു തുക വരും. അത് രണ്ടോ, മൂന്നോ തവണ മുടങ്ങിയാൽ അവർ വീട്ടിൽ വന്ന് ഇരുപ്പ് തുടങ്ങും. കാശും കൊണ്ടെ അവർ പോകൂ. ചിലപ്പോൾ വഴിയിൽ വച്ച് മകനും പലിശക്കാരും തമ്മിൽ വഴക്കുണ്ടാക്കി എന്ന് കേൾക്കാം. അത് അറിയുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കും. നല്ലൊരു ജോലി ഉണ്ടായിട്ടും ജീവിതം കടമാണ്! ഞാൻ പറഞ്ഞാൽ മകൻ കേൾക്കുമോ എന്നറിയില്ല. എങ്കിലും പറഞ്ഞു നോക്കാം. അന്നു നേരത്തേ മകൻ എത്തി. പതിവിലേറെ അവൻ ക്ഷീണിതനായിരുന്നു. "വീട് കഴിഞ്ഞുള്ള സ്ഥലം നമുക്ക് വിറ്റാലോ. കടം ഇല്ലാതെ ജീവിക്കാം." ഞാൻ മകനോടായി അൽപം ദൂരെ നിന്നാണ് പറഞ്ഞത്. എന്റെ ശരീരം നിറയെ വിഷപ്പൊടി പറ്റിയിരുന്നു. രാവിലെ മുതലേ ഉറുമ്പുകളുടെ പിന്നാലെ കൂടിയതാണ്. എന്തൊക്കെ ചെയ്താലും ഒടുവിൽ വിജയിക്കുന്നത് ഉറുമ്പുകൾ തന്നെ. വരി തെറ്റാതെ ഒരുമിച്ചു യാത്ര ചെയ്യുന്നവരെ ആർക്കും തോൽപ്പിക്കാൻ ആകില്ല. "വീടും സ്ഥലവും ഒരുമിച്ചാണ് ലോൺ. ഒരുമിച്ചു തന്നെ വിൽക്കേണ്ടി വരും. എങ്കിലെ കടം തീരൂ." അത് പറയുമ്പോൾ മകൻ എന്റെ അരികിലേക്ക് ചേർന്നു നിന്നു.
 

പുതിയ പുലരികൾ

ആരെങ്കിലും പറയാൻ വേണം. എങ്കിലെ പുലർച്ച കാണൂ. വർഷങ്ങൾ കൂടിയിരുന്നാണ് ഇന്ന് പ്രഭാതം കണ്ടത്. ഒരു പക്ഷി പാടുമ്പോൾ കാടുണരും എന്നാണെല്ലോ. ആ പക്ഷിയെ തന്നെയാണ് ഞാനും കേട്ടത്. പുലരിയുടെ ആദ്യത്തെ സംഗീതം. എവിടെയായിരുന്നു താൻ ഇതുവരെ.. സമയം തെറ്റിയുള്ള ജീവിതത്തിൽ രാത്രിയും പകലും തിരിച്ചറിഞ്ഞിരുന്നില്ല. ഉദയാസ്തമനങ്ങൾ അപ്പോഴും വന്നു പോയിരുന്നു. പക്ഷികൾ പാടുകയും കാട് ഉണരുകയും ചെയ്തിരുന്നു. തിരക്കിൽ നിന്ന് തിരക്കിലേക്കുള്ള തന്റെ ലോകത്ത് വേഗത പോരെന്നു തോന്നി. ജീവിതം ലാഭനഷ്ടങ്ങളുടെ കണക്ക് മാത്രമായി. കണക്കുകൾ കൂട്ടുന്നത് ലാഭത്തിനു വേണ്ടി മാത്രം. കണക്ക് പിഴയ്ക്കരുത്. അതിനുള്ള ഉപാധികളെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. ജീവിതത്തിൽ ചിരിയും കളിയും നിലച്ചു പോയി. നിലാവും നക്ഷത്രങ്ങളുമില്ല. പകലും രാത്രിയും ഇല്ല. എല്ലാം ഒരുപോലെ.. ഞാൻ എന്നെ കേൾക്കാതെയുള്ള അകലങ്ങളിലേക്ക് മറഞ്ഞു കഴിഞ്ഞിരുന്നു!

ഡോക്ടറെ കണ്ടു മടുത്തു. വീട്ടുകാർ എന്നെയും കൊണ്ട് ഇനിയാരെയും കാണിക്കാൻ ഇല്ല. അവരുടെ മുഖഭാവം അത് പറയുന്നുണ്ട്. ഓരോരുത്തരെയും കാണുമ്പോൾ ഞാൻ പറയും: "ഇതല്ല ഞാൻ.. ഇതല്ല ഞാൻ.. ഞാൻ വേറെ ആരോ.." എത്ര ഉറക്കെ പറഞ്ഞിട്ടും എന്റെ ശബ്ദം മാത്രം ആർക്കും കേൾക്കുവാൻ കഴിഞ്ഞില്ല. ഞാൻ ഒന്നും മിണ്ടുന്നില്ല എന്നാണ് എല്ലാവരുടെയും പരാതി. എനിക്ക് എന്നെ വേണം. ഡോക്ടറോട് മാത്രമല്ല, കാണുന്ന എല്ലാവരോടും എന്റെ മനസ്സ് പറഞ്ഞു. "നീയിനി ഒരിക്കലും മിണ്ടില്ലെന്നാണോ." പ്രായം ചെന്ന അമ്മ സങ്കടപ്പെട്ടു. നിത്യവും ഭാര്യ വിളിക്കും. ആ സമയത്തെ അവളുടെ മനസ്സ് പോലാണ് ചിലപ്പോൾ കരയും. ചിലപ്പോൾ ചിരിക്കും. തന്നോട് എന്തെങ്കിലും തിരിച്ചു പറയും എന്ന് മോഹിച്ച് അവൾ എന്നോടായി സംസാരിച്ചു കൊണ്ടേയിരിക്കും. തന്റെ കൺപീലി പോലും ഒന്ന് അനക്കുവാൻ കഴിയാതെ എല്ലാം താൻ കേൾക്കുന്നുണ്ട്. എങ്ങനെ തിരിച്ചു പറയണം എന്നറിയാതെ..

ഒരു വീഴ്ച മതി. എല്ലാം നിശ്ചലം. പിന്നെ മനസ്സ് പറയണം. ഞാൻ ഉണ്ടോ, ഇല്ലയോ എന്ന്. "മസ്തിഷ്കം പോയീന്ന് ആണ് ഡോക്ടർ പറയുന്നത്." കാഴ്ചക്കാർ എന്നോടുള്ള സഹതാപം പരസ്പരം പങ്കുവയ്ക്കുന്നു. അമ്മ, സഹോദരങ്ങൾ, ഭാര്യ, കുട്ടികൾ. ഒരു നാടു മുഴുവൻ എന്നെ വിളിക്കുകയാണ്. അവർ ഞാൻ ഉണരുന്നതും കാത്ത്.. ഒന്നും അറിയാതെ പേരക്കുട്ടികൾ തന്റെ ചുറ്റിനും തുള്ളിച്ചാടി കളിച്ചു നടന്നു. അവർക്ക് എല്ലാം കളിയാണ്. എന്റെ മൗനവും, ഞാനും.. അവർ എന്റെ കൈയ്യിൽ പിടിച്ച് എന്നെയും കൊണ്ടു പറന്നു. അവരോടൊപ്പം ഞാനും. അവർ ദൂരേക്ക് കൈ ചൂണ്ടി: "അതാ.." എന്റെ മുന്നിൽ പ്രഭാതം ഉണർന്നു തുടങ്ങി.!

Content Summary: Malayalam Short Story written by Hari Karumadi

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS