ADVERTISEMENT

ചെറിയ വാക്കുകൾ വലിയ വേദനകൾ, അതായിരുന്നുവല്ലോ ആ കുടുംബത്തിന്റെ അടുക്കും ചിട്ടയും. ആ ചിന്തകളിൽ നിന്ന് മനം മടുത്ത് കിട്ടിയ വസ്ത്രങ്ങളെടുത്തണിഞ്ഞ് പാർക്കിലേക്ക് ഒരൊറ്റ നടത്തം. മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ നിറയെ മൈനകളാണ്. എന്താണാവോ ഈ മൈനക്കൂട്ടം ഇത്രയും ശബ്ദമുണ്ടാക്കുന്നത്. മുറ്റത്ത് നിൽക്കുന്ന മരത്തിന്റെ മുകളിരുന്ന് അവ ശക്തിയായി ചിലക്കാറുണ്ട് ചില ദിവസങ്ങളിൽ. ചിലപ്പോൾ ആ കാടൻ പൂച്ച എവിടെയെങ്കിലും നിൽപ്പുണ്ടായിരിക്കും. "പൂച്ചയെ കണ്ടിട്ട് ഒന്നുമായിരിക്കില്ല, സ്വതവേ ഈ മൈനകൾ ഭയങ്കര വഴക്കാളികളാണ്. കാക്കയെയും തത്തയെയും തോൽപ്പിക്കാനും നല്ല ശബ്ദത്തിൽ കശപിശ കൂടി ഗോതമ്പുമണികൾ സ്വന്തമാക്കാനും ഇവറ്റകൾക്ക് നല്ല സാമർഥ്യമാണ്." ഒരിക്കൽ ജോത്സന പറഞ്ഞ വാക്കുകളിലെ കർശനത കേൾക്കുമ്പോൾ ചിത്ര ഓർത്തത് തന്റെ വീട്ടുമുറ്റത്തെ മൈനകളെയാണ്. താൻ എപ്പോഴും അവയെ സ്നേഹത്തോടുകൂടി മാത്രമേ കണ്ടിരുന്നുള്ളൂ. താൻ ഓഫീസിൽ നിന്ന് വരുമ്പോൾ അവർ കലപില കൂട്ടുന്നത് തന്നോടുള്ള ഇഷ്ടം കൊണ്ടാണെന്നാണ് കരുതിയത്. കാരണം പൂച്ചകളിൽ നിന്ന് താനാണല്ലോ അവരെ രക്ഷിക്കുന്നത്! പൂച്ചയാകട്ടെ വാതിൽ തുറക്കുന്നതിന് മുമ്പ് ചാടി പല പരാതികളും സമർപ്പിക്കാറുണ്ട്. "ഈ അമ്മ, പാവം പൂച്ചയെ ആട്ടിപ്പുറത്താക്കാൻ നോക്കും. അതിനുള്ള പരാതിയാണ് ഈ മ്യാവു പറിച്ചിൽ." നയന പലപ്പോഴും കുറ്റപ്പെടുത്തിയിരുന്നു. ഇന്ന് അവളെവിടെ? ലോക്ക് ഡൗൺ കാലത്ത്, വെറും തമാശകളിൽ ഒന്നായിരുന്നു, ഈ ജീവികളെയല്ലാം നിരീക്ഷിക്കൽ. പലരും നല്ല വില്ലന്മാരും സമർഥരുമാണ്. പലപ്പോഴും ബാൽക്കണിയിൽ കിടക്കാൻ ശ്രമിക്കുന്ന പൂച്ചയെയും മക്കളെയും ആട്ടിയോടിക്കാൻ ശ്രമിക്കും. പിറ്റേദിവസം ബാൽക്കണിയുടെ വാതിൽ തുറന്നാൽ കാണുന്നത് അവരുടെ വിസർജ്യവും മൂത്രവും ആയിരിക്കും.

ഗ്രൗണ്ട് ഫ്ലോറിൽ വീട് കിട്ടിയപ്പോൾ ചുറ്റുമുള്ള സ്ഥലങ്ങൾ എങ്ങനെയെങ്കിലും പച്ചപ്പാക്കിവെക്കണമെന്ന ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട് മാറാൻ സമയം വൈകിയപ്പോഴേക്കും അധികാരികൾ എല്ലായിടത്തും മരങ്ങൾ വെച്ചുപിടിപ്പിച്ചു കഴിഞ്ഞു. അവയ്ക്ക് ചുവട്ടിൽ പൂച്ചെടികളും പച്ചക്കറികളും വളരാതെയായി. എന്തായാലും ഒരു കാര്യമുണ്ടായി, കത്തുന്ന വേനലിന്റെ കാഠിന്യം കാരണം ഉച്ചകഴിഞ്ഞ സമയങ്ങളിൽ മരച്ചില്ലകൾ, കിളികളുടേതായി. അവയെ പിടിക്കാൻ മരത്തിൽ കയറുന്ന പൂച്ചകളുടേതും. മരത്തിന്റെ ചില്ലയിലും ചുവട്ടിലും ഒറ്റയ്ക്കും കൂട്ടമായും ചിലക്കുന്ന കുരുവികൾ, മൈനകൾ. മുരിങ്ങമരച്ചുവട്ടിലെ വീണു കിടക്കുന്ന പൂക്കൾ കൊത്തി പെറുക്കി നടക്കുന്ന കിളികളെ പിടിക്കാൻ പതുങ്ങി പതുങ്ങി നിൽക്കുന്ന പൂച്ച. പൂച്ചയെ കണ്ടാൽ പറക്കാൻ മറന്ന്, പരിഭ്രമത്തോടെ അങ്ങോട്ടുമിങ്ങോട്ടും ചില്ലകളിലും ചുമരുകളിലും പറ്റിപ്പിടിച്ചു കലപില ശബ്ദം വെക്കുന്ന കിളികളുടെ സാമർഥ്യക്കുറവ്. ആകാശത്തിലേക്ക് അനായാസേന പറക്കുന്നതിനു പകരം, കെട്ടിടത്തിന്റെ ചുമരിലും മറ്റും പറ്റിപ്പിടിക്കുവാൻ ശ്രമിക്കുമ്പോൾ അവിടെയും ഇവിടെയും തട്ടി താഴെ വീഴുന്നു. 'തടസ്സം കാണുമ്പോൾ തന്റെ ബലം മറന്നു പോകുന്നവർ ' പ്രകൃതി തന്റെ സന്തുലനാവസ്ഥ നിലനിർത്തുന്നതായിരിക്കാം, അതിനുള്ളിലെ രഹസ്യം. രഹസ്യങ്ങളുടെ ഉൾക്കാഴ്ചയിലേക്ക് പോയാൽ ഒന്നും അനാവശ്യമല്ല. എല്ലാം പ്രകൃതിനിയമം.                 

പാർക്കിലെത്തിയത് അറിഞ്ഞില്ല. അവിടെ നിറയെ പൂക്കളും മരങ്ങളും പക്ഷികളും കലപില കൂട്ടിക്കൊണ്ടേയിരിക്കുന്നു. കുന്നിൻ മുകളിലേക്ക് നോക്കിയപ്പോൾ അവിടെയും നിറയെ പൂമരങ്ങളാണ്. പൂമരങ്ങൾക്കപ്പുറം മൾബറിത്തോട്ടങ്ങളായിരുന്നു. എത്രയോ കാലം ആഗ്രഹിച്ചതാണ് അവിടേക്ക് കയറി പോകണമെന്ന്. ആരും കൂട്ടില്ലാത്തതു കൊണ്ട് നടന്നില്ല. ഇന്ന് അവിടെ നിറയെ കൊട്ടാരങ്ങളെ വെല്ലുന്ന വീടുകളും ഫ്ലാറ്റുകളുമാണ്. ഒരിക്കൽ ഇംഗ്ലീഷ് നോവലുകളിലെ മഹലുകളും വില്ലകളും തന്റെ ഗ്രാമത്തിലെ കുന്നിന്റെ ഉച്ചികളിൽ താൻ തീർക്കാറുണ്ടായിരുന്നു. താനവിടെ ഫ്രില്ലുകൾ വെച്ച ഉടുപ്പുകൾ ധരിച്ച രാജകുമാരിയായിരുന്നു. ചുവപ്പ് നിറമുള്ള ടൈ കെട്ടിയ രാജകുമാരൻ കുതിരവണ്ടിയിൽ കയറി ഗ്രാമത്തിന്റെ ചെമ്മൺപാതയിലൂടെ സഞ്ചരിച്ചിരുന്നു. വർണ്ണചിറകുള്ള കഥകളിലെ രാജകുമാരിയുടെ പുനർജന്മമായി തന്നെ കണ്ട കുട്ടിക്കാലം. സ്വപ്നങ്ങളുടെ തിളക്കത്തിൽ ഭൂമിക്കടിയിലെ ആസ്വാദകർ തന്റെ നൃത്തം കണ്ടു മടങ്ങും. കൈയ്യും കാലും കണ്ണും എപ്പോഴും ചലിപ്പിച്ച് പാറക്കെട്ടുകളിലും തൊടിയിലും പറമ്പിലും ചുറ്റി നടന്ന കൗമാരത്തിൽ എപ്പോഴോ കൊച്ചേട്ടൻ കളിയാക്കി. "നീ എപ്പോഴും പുരികവും കണ്ണും ചലിപ്പിച്ച് നൃത്തകാരിയെ പോലെ സംസാരിച്ചാൽ കോളജിൽ കുട്ടികൾ കളിയാക്കും.' അന്ന് മുതൽ ബോധപൂർവ്വം അത് മാറ്റയെടുക്കാൻ ശ്രമം തുടങ്ങി. പിന്നീടങ്ങോട്ടുള്ള എല്ലാകാലവും ഇത്തരം ശ്രമങ്ങൾ തന്നെയായിരുന്നു ജീവിതം. മറ്റുള്ളവർക്ക് മുമ്പിൽ മാറ്റിയും മറിച്ചും അഭിനയിക്കുക. അച്ചിലിട്ട് വാർത്ത പോലെ ഒരേ യൂണിഫോമിൽ കുറേയെണ്ണം. പരാതിയില്ല, പരിഭവമില്ല, എന്തിനേറെ വേണ്ടത്ര ശബ്ദം പോലും ഇല്ല. 

ഒരു പൂക്കാലം മുഴുവൻ മനസ്സിൽ ഒളിപ്പിച്ച്, പതിവ്രതകളായി ചമഞ്ഞ സ്ത്രീ രൂപങ്ങൾ. കാലത്തിന്റെ ഒഴുക്കിൽ വിപ്ലവത്തിന്റെ വടികൾ അവരുടെ കൈകളിൽ ആരു കൊടുത്തു? കുടുംബത്തിന്റെ സ്ഥിരത അവരുടെ മൗനസേവനത്തിൽ ഭദ്രമായിരുന്നു. ഇന്നത്തെ ന്യൂജൻ വിവാഹംപോലും വേണ്ടെന്ന് വെക്കുന്നു. വലുതും ചെറുതുമായ കമ്പനികളിൽ ജോലി, ശമ്പളം. തന്റേടിയെന്നും അഹങ്കാരിയെന്നും കുറ്റപ്പെടുത്തൽ. ഇതൊന്നും അവരെ ഒട്ടുംകുലുക്കുന്നില്ല. ഒന്നോർത്താൽ അവരല്ലേ ശരി. നയനയുടെ വാക്കുകൾ അലയടിച്ചു കൊണ്ടേയിരിക്കുന്നു. "ഞാൻ മാത്രം എന്തിനു കഷ്ടപ്പെടണം. മക്കൾ, കുടുംബം, വീട്, ഉത്തരവാദിത്വം എല്ലാം എനിക്ക് മാത്രമോ? ഞാൻ എത്രയോ തവണ പറഞ്ഞതാണ് എനിക്ക് വിവാഹം വേണ്ടെന്ന്. ഇതെല്ലാം കൂടി ഒറ്റയ്ക്ക് ചുമക്കേണ്ടി വരും.. എന്നാലും ഞാൻ കരുതിയില്ല, ആന്റിയും മൊബൈൽ കുത്തിക്കളിക്കുവാൻ മാത്രമേ മകന് പഠിപ്പിച്ചുള്ളുവെന്ന സത്യം" വന്ന, അന്ന് മുതൽ അവൾ അമ്മ എന്ന വിളിക്ക് പകരം ആന്റി എന്നാണ് പറയുന്നത്. വിവാഹത്തിന്റെ തിരക്ക് കഴിഞ്ഞപ്പോൾ 'എന്തിനാണ് മോളെ, എന്നെ ആന്റി എന്ന് വിളിക്കുന്നത്?' 'സ്വന്തം അമ്മയല്ലാതെ മറ്റൊരാളെ പെട്ടെന്ന് അങ്ങനെ വിളിക്കാൻ എനിക്ക് കഴിയില്ല. മറ്റുള്ളവരെപ്പോലെ കള്ളം പറഞ്ഞു അഭിനയിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.' തുറന്നടിച്ച സംസാരത്തിൽ സ്വയം വ്യക്തത കാണിച്ചു. ആകുലതയൊന്നും തോന്നിയില്ല. തന്റെ മകന് ഇത്രയൊക്കെ പറയുന്ന കുട്ടി തന്നെയാണ് യോജിക്കുക. ജയകുമാറും താനും ഒരു കാര്യത്തിൽ തീരുമാനം കണ്ടെത്തി. അവരുടെ ജീവിതത്തിൽ അപസ്വരങ്ങൾക്ക് കാരണം തങ്ങളാണെന്ന് വാസ്തവത്തിന് ഉത്തരമുണ്ടാക്കാനുള്ള വഴി.

'ആന്റിയും അങ്കിളും എങ്ങും പോകണ്ട. ഞാനും ദേവനും എവിടെയെങ്കിലും മാറി താമസിക്കാം. അവനും ഒരു ഉത്തരവാദിത്തം ഒക്കെ ഉണ്ടാവും.' 'നയന പറയുന്നത് ശരിയാണ്.' ജയകുമാറും അത് തന്നെ അഭിപ്രായം പ്രകടിപ്പിച്ചു. ദേവനെ താനൊന്നും പഠിപ്പിച്ചിട്ടില്ല. മാർക്കറ്റിലേക്ക്, ബാങ്കിലേക്ക് ഓടി നടന്നു, കൂട്ടത്തിൽ അടുക്കള പണികൾ. എല്ലാം കൈകാര്യം താൻ തന്നെയായിരുന്നു. അമ്മയും അച്ഛനും കൂടെയുണ്ടായിരുന്ന വിവാഹത്തിന്റെ ആദ്യകാലങ്ങൾ, ജയകുമാറിനെകൊണ്ട് എന്തെങ്കിലും ചെയ്യിപ്പിക്കുന്നത് അവർ കുറച്ചിലായി കണ്ടു. കാലം കഴിഞ്ഞു പോകവേ അച്ഛനെ പോലെ അവനും മടിയനായി.. ഹോസ്റ്റലിൽ ചേർന്ന് കോളജിൽ പഠിച്ചു. അവൻ വളർന്നുവെന്ന് മനസ്സിലാക്കാൻ സമയമെടുത്തു. ഇഷ്ടപ്പെട്ട പെൺകുട്ടിയെ പരിചയപ്പെടുത്തി, കൂടെ താമസിപ്പിക്കുന്നുവെന്ന് പറഞ്ഞപ്പോൾ നാട്ടുകാരുടെ മുന്നിലേക്ക് ഒരു മറുപടി എന്നപോലെ നിർബന്ധപൂർവം വിവാഹിതരാക്കി. ഇപ്പോൾ തോന്നുന്നു തെറ്റായിരുന്നു. അവിടെയും ഇളംതലമുറ വിരൽ ചൂണ്ടുന്നത് അമ്മയിലേക്ക് തന്നെ. 'സ്ത്രീയെ ബഹുമാനിക്കാൻ നിങ്ങൾ എന്തുകൊണ്ട് പഠിപ്പിച്ചില്ല? പെൺകുട്ടിയെ ചെറുപ്പത്തിലെ എല്ലാം പറഞ്ഞു കൊടുത്തു ശീലിപ്പിച്ചെടുക്കുന്നു. ആൺകുട്ടിയെ കാളയെ പോലെ...? ഉപദ്രവിക്കപ്പെടുന്നതും, ഭാരം പേറുന്നതും പെണ്ണ്. അവിടെ തന്റേടികൾ സ്വയം വിശകലനത്തിലേക്ക് ഒരുങ്ങുന്നു. എന്തിന് തനിക്ക് മാത്രം കുടുംബം എന്ന ആശയം..? പലരും ദുരിതങ്ങളും ചിട്ടവട്ടങ്ങളും നിറഞ്ഞ വീടിന്റെ പടികളിറങ്ങി. കുട്ടികളെയും എടുത്തും, അല്ലാതെയും. മറ്റൊരു കൂട്ടം വിവാഹമേ വേണ്ട എന്ന ആശയക്കാർ. ചുറ്റിലും കാണുന്ന സത്യത്തിലേക്ക്‌ അറിഞ്ഞുകൊണ്ട് ചാടാൻ മടിക്കുന്നവർ. ആൺ ഭേദമില്ലാതെ, സിറ്റികളിൽ അംഗസംഖ്യ കൂടുതലാണെന്ന് മാത്രം. മഹാമാരിയുടെ വരവ് അതിനാക്കം കൂട്ടുന്നു.

ചിത്ര തന്റെ കാടുകയറിയ വിശകലനത്തിൽ നിന്ന് കരകയറിയപ്പോഴേക്കും സന്ധ്യയായി. പാർക്കിലെ സ്റ്റോൺ ബെഞ്ചുകളും നടപ്പാതകളും ഒഴിഞ്ഞു കിടക്കുന്നു. തന്നെ തേടി വരാനോ വിളിച്ചു ചോദിക്കുവാനോ ആരുമില്ല.. വല്ലാത്തൊരു നിസ്സഹായത. ഇന്ന് ആരോഗ്യമുണ്ട്. ഏതെങ്കിലും വൃദ്ധസദനം നാളെക്ക്‌ വേണ്ടി കണ്ടെത്തേണ്ടിയിരിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ മക്കളുടെ അവഗണന സമൂഹത്തിനൊരു ചർച്ചയെങ്കിലുമാണ്. സിറ്റികളിലെ വൃദ്ധന്മാർ സഹാനുഭൂതി പോലും അർഹിക്കാത്തവരാണ്. ഏകാന്തതയുടെ തടവുകാരാണ്. വീട്ടിലെത്തിയപ്പോൾ തോന്നി ആദ്യം നയനയെ ഒന്ന് വിളിച്ചു നോക്കാം. അവൾ വീട്ടിലേക്ക് പോയി കാണും. ഇനി ഒരിക്കലും മടക്കമില്ലയെന്നാണ് അന്ന് പറഞ്ഞത്. മടിച്ചാണെങ്കിലും രണ്ടുപേരും രണ്ടിടത്താവുന്നത് കുഞ്ഞിനെയാണ് ബാധിക്കുകയെന്ന വാസ്തവം, പറയാൻ ഒരു ശ്രമം നടത്തി 'ഞാൻ വരുമ്പോൾ കൊണ്ടുവന്നതൊന്നുമല്ല കുഞ്ഞ്.' 'നീ ആ കുഞ്ഞിനെ ഇവിടെ കൊണ്ടുവാ.' 'എന്തിന്? അമ്മ ഈ പ്രായത്തിൽ അതും കൂടി ചുമക്കണമോ? അവനറിയണം മക്കൾ ചുമ്മാ അങ്ങനെ വളർന്നുവരികയല്ലെന്ന്.." ഫോൺ കട്ട് ചെയ്യുമ്പോൾ അവളുടെ സ്ഥിരം പല്ലവി. 'എന്തുകൊണ്ട് അമ്മ അവനെ ഒന്നും പഠിപ്പിച്ചില്ല?' ദിവസങ്ങൾ കഴിയുംതോറും ആ വാക്കുകളുടെ മൂർച്ച അലട്ടിക്കൊണ്ടിരുന്നു. ആ വാക്കുകൾക്ക് പരിഹാരം കാണാതെ അവളെ വിളിച്ചിട്ട് എന്ത് കാര്യം? കതിരിൽ വളം വച്ചിട്ട് കാര്യമില്ല എന്നറിയാം, എങ്കിലും അവനെ വിളിക്കുക തന്നെ. ഒരു കാര്യത്തിനും വ്യക്തമായ മറുപടിയില്ല. ഏതോ വിദേശ കമ്പനിക്ക് വേണ്ടി ശരീരവും തലയും മറന്ന് കമ്പ്യൂട്ടറിന്റെ മുന്നിൽ കൂടിയിരിക്കുന്നു. അവൻ ഏത് ഭാര്യ, ഏത് കുട്ടി? എന്തെങ്കിലും കാര്യം അവന് ബാധിക്കുന്നുണ്ടോയെന്നത് തന്നെ സംശയമാണ്.

Content Summary: Malayalam Short Story ' Myna ' written by Geetha Cherukara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com