ADVERTISEMENT

പുതുവർഷപ്പിറവി പ്രമാണിച്ച് ചില വാക്കുകൾ കുറിക്കാമെന്നു കരുതി ചിന്തകൾക്ക് തീ പിടിപ്പിക്കുകയായിരുന്നു ഞാൻ. നല്ല ക്ഷീണമുണ്ട്. ഒരാഴ്ച്ചയായി ഓട്ടം തന്നെയായിരുന്നു. യുക്തിവാദികളുടെ നേതൃസ്ഥാനത്തു നിൽക്കുന്നതിനാൽ എല്ലാ ജില്ലാ സമ്മേളനങ്ങളിലും എന്റെ സാന്നിധ്യം ആവശ്യമാണെന്നു സംഘാടകർ നിർബന്ധിച്ചിരുന്നു. എന്തുമാവട്ടെ, പുതുവൽസരക്കുറിപ്പ് എഴുതിയിട്ടു തന്നെ മറ്റു കാര്യം. കസേരയിൽ ചാരിയിരുന്നു കാലുകൾ നീട്ടി മുന്നിൽ ഇരുന്ന ടീപ്പോയിൽ വച്ചു. റൈറ്റിങ്ങ് പാഡ് എടുത്തു കുറിക്കാനാരംഭിച്ചു. ചെറുപ്പകാലം മുതലുള്ള സഹചാരിയായ മഷിപ്പേനയിൽ നിന്ന് ജീവൻ വച്ചു പുറത്തിറങ്ങിയ വാക്കുകൾ അണുജീവികൾ മാതിരി കടലാസിൽ ചേക്കാറാൻ തുടങ്ങി. "ജനുവരി എന്നത് പുരാതന റോമൻ മതത്തിലും മിഥ്യയിലുമുള്ള ജാനസ് എന്ന ദേവനെ അനുസ്മരിപ്പിക്കുന്ന വാക്കാണ്. എല്ലാ തുടക്കങ്ങളുടെയും കവാടങ്ങളുടെയും പരിവർത്തനങ്ങളുടെയും സമയത്തിന്റെയും ദ്വൈതത്തിന്റെയും വാതിലുകളുടെയും വഴികളുടെയും അവസാനത്തിന്റെയും മൂർത്തരൂപമാണ് ജാനസ് ദേവൻ. ജാനസിന് രണ്ടു മുഖങ്ങളുണ്ട്. മുന്നോട്ടും പിന്നോട്ടും ദുഷ്ടികൾ പായിച്ചു കൊണ്ടുള്ള ജാനസ് ദേവന്റെ രൂപത്തിൽ മുന്നിലെ മുഖം ധ്വനിപ്പിക്കുന്നത് ജനുവരി മുതൽ നാം പുത്തൻ ചിന്താഗതികളും നല്ല തീരുമാനവും കൈക്കൊണ്ടാവണം മുന്നോട്ടു നീങ്ങേണ്ടതെന്നാണ്. പോയ വർഷത്തിലെ നല്ലതും മോശമായതുമായ പ്രവൃത്തികളെ നീരിക്ഷിച്ചു കൊണ്ടുമാവണം പുതിയ വർഷത്തിലെ പ്രയാണം എന്ന തത്വമാണ് പിന്നിലെ മുഖം പഠിപ്പിക്കുന്നത്."

ജാനസിന്റെ ദ്വന്ദ്വ മുഖങ്ങളെക്കുറിച്ച് കാര്യമായി ചിന്തിച്ചങ്ങിരിക്കുമ്പോഴാണ് കഴുത്തിന് പിന്നിൽ അപ്രതീക്ഷിതമായി ഒരടി കിട്ടുന്നത്. ഞെട്ടിപ്പോയി. ഭാര്യയാണ് അടിച്ചത്. പത്രക്കടലാസ് ചുരുട്ടിപ്പിടിച്ചു കൊണ്ടുള്ള അടിയായതിനാൽ വേദനിച്ചില്ലെന്നു മാത്രം. ഇത്തിരി സങ്കടമേ വന്നുള്ളു. കഴിഞ്ഞ മാസം ഇറങ്ങിയ ഒരു സിനിമ കണ്ടതീപ്പിന്നെ അടി മുറകൾ പഠിക്കണമെന്ന അവളുടെ ആഗ്രഹം സാധിതമാകാത്തതിനാലുള്ള നിരാശയാകുമോ ഈ പത്രക്കടലാസു കൊണ്ടുള്ള ആക്രമണം! അടി പഠിക്കാൻ പൊക്കോളൂ. പക്ഷേ അതേ ക്ലാസ്സിൽ തട പഠിക്കാൻ ഞാനുമുണ്ടാകുമെന്ന് അന്ന് സൂചിപ്പിച്ചിരുന്നു. എങ്കിലും ഈ അനവസരത്തിലുള്ള കൈയ്യേറ്റത്തിന്റെ ഔചിത്യമെന്തെന്നു ചിന്തിച്ച് ഞാൻ തരിച്ചങ്ങിരിക്കുമ്പോൾ വരുന്നൂ ചോദ്യം! "നിങ്ങൾക്ക് രണ്ടു മുഖങ്ങളുണ്ടല്ലേ?" "ഹയ്, ഇതെന്തു ചോദ്യം? അതു കൊള്ളാലോ... ഇപ്പോ ഞാനെഴുതുന്ന ജനുവരി മാസത്തെക്കുറിച്ചുള്ള കുറിപ്പിന് നല്ല 'സിങ്കു'ള്ളതാണല്ലോ അവളുടെ ചോദ്യം! ജാനസിന്റെ ദ്വന്ദ്വ മുഖം!" പെട്ടെന്ന്  പിന്നിൽ പിടിച്ചിരുന്ന ചെറു കടലാസുകഷണം എന്റെ നേരേ ചൂണ്ടി അവൾ ചോദിക്കുകയാണ്. "ദെന്താണിത്? അലക്കാനായ് ഷർട്ടെടുത്തപ്പ കീശയിൽ നിന്ന് കിട്ടിയതാണ്. നിങ്ങൾ വല്യ യുക്തിവാദിയൊക്കെയായിട്ട് അമ്പലത്തില് ആയിരം രൂപേടെ വഴിപാടിനെഴുതിയ രസീത്? യുക്തിവാദം പറയലും അമ്പലത്തില് വഴിപാടും! സമ്മതിക്കണം, ഏറെ നാള് കൂടെക്കഴിഞ്ഞിട്ടും ഞാനിത്രേം കരുതീല്ല!" അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.

വാദം കേട്ട് ഒരു നിമിഷം പകച്ചു പോയ് ഞാൻ. സമനില വീണ്ടെടുത്ത് പ്രതിവാദം തുടങ്ങാൻ തയാറായി. "അതേയ്, ഈ യുക്തിവാദമെന്നത് നിരീശ്വരവാദമൊന്നുമല്ല, എന്തു പ്രതിഭാസവും യുക്തിഭദ്രമായി വിശദീകരിക്കപ്പെടണംന്ന് മാത്രേള്ളു. ഇതേ വരെ ദൈവം എന്നത് യുക്തിക്ക് നെരക്കും വിധം ബോധ്യപ്പെടാത്തത് കൊണ്ട് എനിക്ക് ദൈവത്തിൽ വിശ്വാസമില്ല എന്നതാണ് സത്യം. ഇപ്പോഴും ആ സ്റ്റാന്റ് തന്നെ!" ഞാൻ തുടരാൻ അവൾ സമ്മതിച്ചില്ല! "അപ്പോ ഇത്!" രസീത് ചൂണ്ടിയാണ് വീണ്ടും ചോദ്യം. "അത് പിന്നെ, നമ്മടെ ഒരാൾക്കു അവശത കണ്ടാല് അയാളെ സഹായിക്കാൻ നമ്മള് പല വഴീം നോക്കൂല്ലേ! എന്റെ വളരെ പ്രിയപ്പെട്ട ബാല്യകാല സഹപാഠി ദേവനാരായണനെ കഴിഞ്ഞ ദിവസം ഒരു സമ്മേളന സ്ഥലത്തിനടുത്തുവച്ച് കണ്ടുമുട്ടിയിരുന്നു. അടുത്തുള്ള ഒരമ്പലത്തിൽ ഇപ്പോ ശാന്തിപ്പണിയാണത്രേ. ഏറെ നേരം സംസാരിച്ചു." ഞാൻ ഒന്നു നിർത്തി. അവൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായപ്പോൾ വിശദീകരണം തുടർന്നു. "അയാളുടെ ദാരിദ്ര്യവും കുടുംബാംഗങ്ങളുടെ രോഗാവസ്ഥയും സംസാരത്തിനിടെ ബോധ്യപ്പെട്ടു. അമ്പലത്തീന്നുള്ള ചെറിയ തുകയും വഴിപാടെഴുതിയാൽ കിട്ടുന്ന പകുതി വിഹിതവുമാണ് അയാളുടെ വരുമാനം. നേരിട്ടു പണം കൊടുത്താൽ അയാള് സ്വീകരിക്കില്ല എന്നറിയാവുന്നത് കൊണ്ട് ഒരു രസീതെഴുതി സഹായിച്ചതാണ്. അയാള് ഏറെ സന്തോഷത്തോടെയാണ് അതെഴുതിയതും." എന്റെ ഏറ്റുപറച്ചിലിൽ അവളുടെ മുഖം അൽപ്പം ആർദ്രമാവുന്നതു പോലെ തോന്നി. "പിന്നെ ഒരു കാര്യം കൂടി." ഞാൻ തുടർന്നു. "ആ പഴയ ക്ഷേത്രത്തിൽ നാശോന്മുഖമായി കെടക്കണ ഒരുപാടു കൊത്തുപണികൾ ഞാൻ കണ്ടാരുന്നു. എന്റെ സുഹൃത്തായ നമ്മടെ എം എൽ എയുടെ ശ്രദ്ധയിൽ പെടുത്തി അവ സംരക്ഷിച്ചു നിർത്താൻ എന്നാൽ കഴിയുന്ന വിധം ശ്രമിക്കാമെന്നു കൂടി പറഞ്ഞപ്പോൾ അയാളുടെ - ദേവനാരായണന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു."

ഭാര്യ എന്റെയരികിലേയ്ക്കു കൂടുതൽ അടുത്തു. അടുത്ത ചോദ്യം വരുകയായി. "അപ്പോ, എന്റെ പേരിലെഴുതിയ ഈ രസീതിൽ എന്റെ നാള് എഴുതാൻ നിങ്ങക്കെങ്ങനെ ഓർമ്മവന്നു." "ഹാ, അത് എനിക്കറിയാമ്പാടില്ലേ! കരിംപൂരാടക്കാരെ കെട്ടിയാൽ ഭർത്താവ് പഴി കേൾക്കേണ്ടിവരുമെന്ന്!" തമാശയ്ക്കു പറഞ്ഞതാണെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞു. അവളുടെ നാവിൽ നിന്ന് മറ്റൊരു ആക്രമണം ഞാൻ പ്രതീക്ഷിച്ചു കൊണ്ടങ്ങിരിക്കുമ്പോൾ, അപ്രതീക്ഷിതമായി അവളെന്നെ കെട്ടിപ്പിടിച്ചു. ചെവിയിൽ ചുണ്ടുകൾ ചേർത്തു കൊണ്ടു മെല്ലെ പറഞ്ഞു. "ഞാൻ നിങ്ങളെ തെറ്റിദ്ധരിച്ചു. എങ്കിലും എന്റെ പേരിൽ രസീത് എഴുതിയ നിങ്ങൾക്കിരിക്കട്ടെ ഒരു സമ്മാനം." എന്റെ കവിളിൽ ഒട്ടും നോവിക്കാതെ ഒരു കടിയും തന്ന് എണീറ്റു പോകും വഴി ഒരു കാര്യം അവൾ പറഞ്ഞു. "പിന്നേ, അടുത്താഴ്ച്ച കാവില് ഉത്സവം തൊടങ്ങ്യേണ്, കളഭച്ചാർത്തുണ്ട്. രണ്ടായിരം രൂപയാണ് ചെലവ്, അവർ പിരിവിനു വന്നിരുന്നു. നിങ്ങളോടെങ്ങനെ പറയണ്ന്ന് കരുതിയിരിക്യേർന്ന്."ആ വാക്കുകൾ കേട്ട് ഞാൻ ഒരു ഞെട്ടലോടെ കസേരയിലേയ്ക്ക് ചരിഞ്ഞു. കാവും കാടും ചുറ്റുമുള്ള ഹരിതപരിസ്ഥിതിയും സംരക്ഷിക്കപ്പെടേണ്ടതാണെന്ന ശക്തമായ വാദവുമായി അവൾ ഇനി രംഗത്തേക്ക് വന്നേക്കാമെന്നും കരുതുന്നു. 

Content Summary: Malayalam Short Story written by Elles Ashok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com