ഒരു 'ശിശിര'ത്തിലാണ്
ആദ്യമായ് കണ്ടത്
അന്നു മുഖം തിരിച്ച്
മിണ്ടാതെപോയ നീ
എന്തിനാണ്
'വസന്ത'ത്തില്‍ എന്നില്‍
കുടമുല്ലപ്പൂക്കള്‍ കുടഞ്ഞിട്ടത് ?
'ഗ്രീഷ്മ'ത്തില്‍
അന്തിവെയിലണഞ്ഞതും
കരിമിഴിയുടെ
മുനകൊണ്ടെറിഞ്ഞു വീഴ്ത്തി
നീയെന്നെ
നിലാവു നിഴല്‍ വീഴ്ത്തും
വഴിയില്‍ വച്ചാണ്
'വര്‍ഷ'ത്തില്‍
നീയെന്‍റെ
ഹൃദയം സ്വന്തമാക്കിയത്
'ശരത്തി'ല്‍
നിന്‍റെ വിടര്‍ന്ന കണ്ണിണകളില്‍
ശോകഭാവം നിഴലിക്കെ
നീയെന്നോടു മന്ത്രിക്കുന്നു
'ഇനിയില്ല അത്ര ദൂരം'
ആര്‍ദ്രമാം 'ഹേമന്ത'ത്തില്‍
അടര്‍ന്നു വീഴും
കണ്ണീര്‍ക്കണം തുടയ്ക്കാതെ
നീ മൊഴിയുന്നു
പിരിയുവാന്‍ നേരമായല്ലോ
Content Summary: Malayalam Poem ' Rithubhedangalil ' written by Krishnakumar Mapranam