' നമ്മുടെ പ്ലാവ് എവിടെ പോയമ്മേ; തീ വിഴുങ്ങിയ പ്ലാവിനു മുന്നിൽ നിറകണ്ണുകളോടെ അമ്മ നിന്നു..'

HIGHLIGHTS
  • ഒരു പ്ലാവിന്റെ ഓർമയ്ക്കായ് (കഥ)
malayalam-story-oru-plavinte-ormakkayi
Representative image. Photo Credit: alan64/istockphoto.com
SHARE

വീട്ടിൽ നിന്നും താഴേക്ക് നാലു തട്ടായി പോകുന്ന കുത്തുകല്ലുകൾ. മുറ്റത്ത് നിന്നുള്ള ആദ്യത്തെ തട്ടിലെ നടകൾ മാത്രം സിമന്റ് തേച്ച് നിരപ്പാക്കിയിരിക്കുന്നു. പൊട്ടിപ്പോയ വശങ്ങളിൽ നിന്നും മഷിതണ്ടുകൾ വളർന്നു നിന്നിരുന്നു. കയ്യാല പൊത്തുകളിൽ നിന്നും എത്തി നോക്കുന്ന കൊഴുത്തു തടിച്ച അരണകൾ. ആദ്യത്തെ തട്ടിൽ ആറോ ഏഴോ പടികൾ ഉണ്ടായിരുന്നു എന്നാണ് ഓർമ്മ. മൂന്ന് പടികൾ ഇറങ്ങുമ്പോൾ ഇടതു വശത്തുണ്ടായിരുന്ന പടർന്നു പന്തലിച്ച കാപ്പിചെടിയുടെ ചുവടു ഭാഗം എപ്പോഴും തെളിഞ്ഞു കിടന്നിരുന്നു. അതിന്റെ വേരുകൾ മണ്ണിൽ നിന്നുയർന്ന് വളഞ്ഞു പുളഞ്ഞു കിടന്നു. മൂന്നാമത്തെ പടിയിൽ ഇരിക്കുമ്പോൾ മുന്നിൽ ഒരുപാടു കാഴ്ചകൾ.. തോട് കടന്ന്.. വളഞ്ഞു പോകുന്ന മൺവഴി. ഇടതു വശത്ത് കശുമാവും പേരയും വലതു വശത്ത് പൂത്തു നിൽക്കുന്ന ചെമ്പകവും താഴെയായി ഒരു പുളിമരവും. ചെമ്പകത്തിന് മുകളിൽ തെന്നി വീഴുമോ എന്ന് ഭയന്ന് ഒരുപാടു തവണ അള്ളിപിടിച്ചു കയറിയിട്ടുണ്ട്. പക്ഷെ ഒരിക്കലും താഴേക്ക് വീണിട്ടില്ല. ചെമ്പക പൂവിന്റെ നിറവും മണവും ആകൃതിയുമൊക്കെ നോക്കിയിരുന്നിട്ടുണ്ട്. ഒരുപാട് യാത്രകളിൽ കണ്ട കാഴ്ചകളിലൊന്നും അതിന്റെ ഭംഗിയും സുഗന്ധവും ഇതുവരെ അനുഭവിച്ചിട്ടില്ല. ആദ്യത്തെ തൊട്ടിയുടെ വലതു വശത്തായി തണൽ വിരിച്ചു നിന്നിരുന്ന കൂറ്റൻ പ്ലാവ്. അതിന്റെ തായ്തടി ഇരുവശങ്ങളിലേക്കും വളർന്നുപൊങ്ങി അനേകം ശിഖരങ്ങളായി കാറ്റിലാടി നിന്നിരുന്നു. പച്ച പ്ലാവിലകൾക്കിടയിൽ കൂട്ടം കൂട്ടമായി കിടന്നിരുന്ന ചക്കകൾ. ഇരുപതും മുപ്പതും വരെ അത് എണ്ണിയാലും ഒരു കാറ്റടിക്കുമ്പോൾ അത്രയും തന്നെ ഇലകൾക്കിടയിൽ നിന്നും മറ നീക്കി പുറത്തേക്ക് വന്ന് എണ്ണം തെറ്റിക്കും. ആനയുടെ മസ്തകം പോലെ വീതിയുള്ള തടിയിലൂടെ ചക്കയിടാൻ പോകുന്ന പണിക്കാരൻ... തുള്ളിചാടി പായുന്ന അണ്ണാറക്കണ്ണന്മാർ. കണ്ണിനു കുളിർമയായി പണ്ട് കണ്ടിരുന്ന കാഴ്ചകൾ..

സ്കൂൾ അവധികാലത്ത്.. ബന്ധുവീട്ടിൽ നിന്നിരുന്ന എന്നെ തിരികെ കൊണ്ടുവരികയാണ്. ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. സന്ധ്യ മയങ്ങിയ സമയം.. മൺവഴിയുടെ കുറുകെ ഒഴുകുന്ന കൈത്തോടിൽ കാല് നനച്ച് മുന്നോട്ടു നടന്നപ്പോഴേ വഴിയുടെ മുകളിൽ കാണുന്ന എന്റെ വീടിരിക്കുന്നിടത്തെ കാഴ്ചകളിൽ ഒരു മാറ്റം ശ്രദ്ധിച്ചു. ഒരിക്കലും കാണാൻ കഴിയാതിരുന്ന അടുക്കളയുടെ ജനാലയും മുറ്റത്തെ കുടച്ചെത്തിയും ചുവരിൽ തൂക്കിയിരുന്ന കലണ്ടറും വ്യക്തമായി കണ്ടു. വീടിന്റെ പുറകിലെ മൂവാണ്ടൻ മാവിന്റെ തലപ്പുകൾ ആദ്യമായി കണ്ണിലുടക്കി. എന്താണ് സംഭവിച്ചതെന്നറിയാതെ ഞാൻ വേഗം നടന്നു. കുത്തുകല്ലുകൾ കയറി മുകളിലേക്ക് നടക്കുമ്പോൾ ജീവൻ നഷ്ടപ്പെട്ട ഒരു വൃക്ഷത്തിന്റെ അടയാളങ്ങൾ കാണാൻ തുടങ്ങി. തീ പിടിച്ചതുപോലെ കരിഞ്ഞു പോയ മരകഷണങ്ങൾ... വെന്തു വെണ്ണീറായ പ്ലാവിലകൾ. എങ്ങും ചിതറി കിടക്കുന്ന ചക്കകൾ. മൂത്തതും പഴുത്തതും പിഞ്ചു കായ്ക്കളും പൊട്ടിത്തകർന്നതും എല്ലാമുണ്ട് ആ കൂട്ടത്തിൽ. നടക്കാൻ സാധിക്കാത്തവിധം വഴിയടഞ്ഞ് അരക്കിൽ പുരണ്ട പ്ലാവിലകളും മരിച്ചില്ലകളും.. വലിയ തായ്ത്തടിയും ശിഖരങ്ങളും എങ്ങോട്ടേക്കൊ കൊണ്ടുപോയതിന്റെ അടയാളമായി ചെമ്പകത്തിന്റെ ചുവട്ടിലെ കയ്യാല പൊളിഞ്ഞു കിടന്നിരുന്നു. പ്ലാവിന്റെ തടിയെ പുണർന്നു നിന്നിരുന്ന കുരുമുളക് ചെടി ചേർത്തുപിടിക്കാൻ ആളില്ലാതെ നിലത്ത് ചുരുണ്ടു കൂടി കിടന്നു. അണ്ണാറക്കണ്ണന്മാർ അടുത്തുള്ള മരച്ചില്ലകളിലിരുന്ന് വെട്ടി വീഴ്ത്തിയ മരത്തിന്റെ അവശിഷ്ടങ്ങളെ നോക്കി തല കുമ്പിട്ടിരുന്നു.

നമ്മുടെ പ്ലാവ് എവിടെ പോയമ്മേ? എന്റെ ശബ്ദം ഇടറിപോയിരുന്നു. മോനേ.. കഴിഞ്ഞ ദിവസത്തെ മഴയിൽ ഇവിടെ ശക്തമായി ഇടിവെട്ടി. നമ്മുടെ പ്ലാവ് കരിഞ്ഞു പോയി. അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടു. ഭരണിയിലെ അരിമണികൾ തീരുമ്പോഴേല്ലാം കൂട്ടായി നിന്നിരുന്ന പ്രിയപ്പെട്ട പ്ലാവ് ചുവടെ വെട്ടി മാറ്റിയിരിക്കുന്നു. അയൽപക്കത്തുകാർ കുറച്ച് ചക്കകളൊക്കെ കൊണ്ടുപോയപ്പോൾ അതിലൊരെണ്ണം പോലും അമ്മ എടുക്കാതിരുന്നത് ശ്രദ്ധിച്ചു. പ്രിയപ്പെട്ട വൃക്ഷത്തിന്റെ അനാഥമായി കിടന്ന അവസാനത്തെ ഫലങ്ങൾ എടുത്ത് വിശപ്പ് മാറ്റണ്ട എന്ന് വിചാരിച്ചു കാണും. പിന്നെ ആ നടയിൽ ഇരിക്കാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല. തണൽ വിരിച്ചു നിന്നിരുന്ന നന്മമരം പെട്ടന്നൊരു ദിവസം അപ്രത്യക്ഷമായി... അതിന്റെ ചുവട് പതിയെ പതിയെ ദ്രവിച്ച് മണ്ണിനോട് ചേർന്നു. ഇന്ന് അതെ സ്ഥലത്ത് മറ്റൊരു പ്ലാവ് വളർന്നു വരുന്നുണ്ട്.. തണൽ വിരിച്ച് പടർന്നു പന്തലിക്കുന്നത് കാണാൻ കുഞ്ഞുമക്കളടക്കം എല്ലാവരും കാത്തിരിക്കുകയാണ് 

2018ൽ നമ്മുടെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചപ്പോൾ ഞാൻ ഒരു പാട് സന്തോഷിച്ചു. തെങ്ങിനും ആനക്കും കാണിക്കൊന്നക്കുമൊപ്പം ചക്ക അതിവിശിഷ്ടഫലമായി ഉയർത്തപ്പെട്ടു. പാഴ്‌വസ്തു ആയി പറമ്പുകളിലും റോഡരികിലും വീണു കിടന്ന ചക്ക ഇന്ന് പഴവർഗങ്ങൾക്കിടയിലെ രാജാവാണ്. ദുബായിലെ സൂപ്പർമാർക്കറ്റുകളിൽ വലിയ വിലകൾ പതിപ്പിച്ച് മുറിച്ചു വെച്ചിരിക്കുന്ന ചക്ക തുണ്ടുകൾക്ക് മുന്നിൽ രൂപയിലേക്ക് മൂല്യ നിർണയം നടത്തി കണ്ണ് തള്ളി നിൽക്കുമ്പോൾ നിറയെ കായ് ഫലവുമായി പണ്ട് മിന്നൽ പിണരിൽ പൊലിഞ്ഞുപോയ എന്റെ പ്ലാവിനെ ഓർമ്മവരുന്നു. മുന്തിയ ഹോട്ടലുകളിലെ മെനു കാർഡിൽ ചക്കവേവിച്ചതും കാന്താരി ചമ്മന്തിയുമൊക്ക ഇന്ന് ആളുകളെ ആകർഷിക്കാനുള്ള പ്രധാന വിഭവങ്ങളാണ്. ഒരുപാട് ജീവജാലങ്ങൾക്ക് താങ്ങായും തണലായും നിന്ന.. തീ വിഴുങ്ങിയ പ്ലാവ് ഇപ്പോഴും എന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അതിന് ചുവട്ടിൽ ഒരു കൊച്ചു കുട്ടിയായി ഞാനും.

Content Summary: Malayalam Short Story ' Oru Plavinte Ormakkay ' written by Joly Nalupilakkal

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS