' സ്കൂളിനു മുന്നിൽനിന്ന അവളെ പാഞ്ഞുവന്നൊരു ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; പിറ്റേന്നു മാധ്യമങ്ങൾ എഴുതി, പ്രണയപ്പക..'

HIGHLIGHTS
  • പ്രണയപ്പുൽമേട്ടിലെ ചാരുബെഞ്ച് (കഥ)
malayalam-story-pranayappulmettile-charubench
Representative image. Photo Credit: Motortion/istockphoto.com
SHARE

പ്രണയ ചിഹ്നത്തിലുള്ള ഒരു പുൽമേട്. കാറ്റടിക്കുമ്പോൾ പുൽത്തുമ്പുകൾ പച്ചത്തിരകൾ പോലെ ഇളകി മറിയും. ഒരുകാലത്ത് ഇതു പ്രണയിതാക്കൾക്ക്‌ ഏറ്റവും പ്രിയപ്പെട്ട ഒരു ഇടമായിരുന്നു. "ഇതിനെ പൂന്തോട്ടമെന്നു വിളിക്കാൻ പറ്റുമോ?" ഓർമ്മയുടെ വനാന്തരങ്ങളിൽനിന്നും ഒരു പെൺശബ്ദം ചോദിക്കുന്നു. അന്നു ഞാൻ മറുപടി പറഞ്ഞില്ല. അല്ലെങ്കിലും ഞാൻ അങ്ങനെ മറുപടികൾ പറയാറില്ലല്ലോ. ആകാശത്തു മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്നുമൊരു മാലാഖ തന്റെ നക്ഷത്രക്കണ്ണുകൾകൊണ്ട് ഇവിടം എങ്ങനെ കാണുന്നുവെന്നു അപ്പോൾ ഞാൻ വെറുതേ ചിന്തിച്ചു. പച്ച പൊട്ടു പോലൊരു ലൗ.. ആ പൊട്ടിൽ ഉറുമ്പുകൾ പോലിരിക്കുന്ന ഞങ്ങളെ അവർ കാണാനിടയില്ല. ഒരു കാറ്റു വീശി. പുൽത്തലപ്പുകൾ കാറ്റിലിളകി.. പ്രണയ ചിഹ്നത്തിന്റെ ഒരു മൂലയിൽ നിന്നിരുന്ന കണിക്കൊന്നയുടെ പൂവുകൾ കാറ്റിൽ നിലത്തു വീണു. പച്ചക്കടലിനു മുകളിൽ മഞ്ഞ തിരകളായി കണിക്കൊന്നപ്പൂക്കൾ വെയിലിനെ തഴുകി. പുൽമേടിന് ഇടതുവശത്തായൊരു വെളുത്ത ചാരുബെഞ്ചു കിടക്കുന്നു. പച്ചപ്പുൽമേടിന്റെ ഹൃദയം പോലെയാണാ ബെഞ്ച്. അതിനോടു ചേർന്നൊരു ചെറിയ ചാമ്പമരം കുണുങ്ങി നിൽക്കുന്നു. ആ പെൺകുട്ടിയെ പോലെ. രണ്ടാൾപൊക്കം ഉയരംവരും അതിന്. അവളുടെ കൈകൾ പോലെ മെലിഞ്ഞ ശിഖരങ്ങൾക്കിടയിലൂടെ പഴുത്തുതുടുത്ത ചാമ്പയ്ക്കകൾ ബെഞ്ചിനുമുകളിൽ വീണുകിടക്കുന്നതു കണ്ടു. പച്ചപ്പുൽമേടിന്റെ ഹൃദയത്തിനു മുകളിൽ കിടക്കുന്ന അവ ആരും പെറുക്കാനില്ലാത്ത ഏതോ അവധിദിനത്തിന്റെ ഓർമ്മകൾ പോലെയാണ്. ആ ചുവന്ന ചാമ്പയ്ക്കകൾ കാണുമ്പോൾ എനിക്കു വീണ്ടും ആ പെൺകുട്ടിയെ ഓർമ്മ വരുന്നു. അവനെയും. അവളുടെ അധരങ്ങൾ ഈ ചാമ്പയ്ക്കകൾപോലെ ചുവന്നതായിരുന്നു.

വീണ്ടും കാറ്റു വീശി. ആ കാറ്റിൽ രണ്ടു കുസൃതിപ്പൂക്കൾ എന്റെ കണ്ണിനെ തൊട്ടു തടവി. പിന്നെയവ നിലം പതിച്ചു. ഞാൻ അവയെ നോക്കി ചുമ്മാ ചിരിച്ചു. എന്റെ ഇടത്തേക്കണ്ണിനു ചെറിയ പൊട്ടലുണ്ട്. വലതു കൈക്ക് ഒടിവും. ചെറിയൊരാക്സിഡന്റിൽ പറ്റിയതാണ്. അതിന്റെ ചെറിയ അസ്വാസ്ഥ്യങ്ങളുണ്ടെങ്കിലും ഈ പുൽമേട് എന്നെ ഇപ്പോൾ ആശ്വസിപ്പിക്കുന്നു. എന്റെ ചിന്തകളുടെ പുൽമേട്ടിൽ കണിക്കൊന്നപ്പൂക്കളായി ഇവിടം എന്നെ തഴുകുന്നു. അതിനാൽ തന്നെ ആളാരവങ്ങൾ ഒഴിഞ്ഞെങ്കിലും ഇവിടെ ഇരിക്കുവാൻ എപ്പോഴും ഞാൻ ഇഷ്ടപ്പെടുന്നു. സദാചാരക്കാരെ പേടിക്കുന്ന പേടിത്തൂറികളായ കോളജു കമിതാക്കളെ പോലെയല്ലല്ലോ ഞാൻ. എനിക്കു ധൈര്യം ഒരിത്തിരി കൂടുതലാണ് കേട്ടോ. എനിക്കു യാത്രകൾ ഒരുപാട് ഇഷ്ടമാണ്. ചില സ്ഥലങ്ങൾ സ്കൂൾകുട്ടികൾ കമ്പിളിനൂലിൽ തുന്നിതീർത്ത തൂവാലയിലെ ഒരു ശലഭത്തെപ്പോലെ എന്റെ ഹൃദയത്തെ കൊളുത്തി വലിക്കാറുണ്ട്. അങ്ങനെയുള്ള ഇടങ്ങളിൽ വീണ്ടുംവീണ്ടും പോകാൻ എന്റെ ഹൃദയം എപ്പോഴും ഇരമ്പി. വിലക്കുകളെ ലംഘിച്ചുകൊണ്ട് അത്തരമിടങ്ങളിൽ കണ്ണു ചിമ്മിയിരുന്നു പ്രണയസല്ലാപങ്ങൾ കേൾക്കാൻ ഞാൻ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. ഇവിടെ ഇപ്പോൾ സ്വസ്ഥമായി ഇരിക്കുമ്പോൾ ആ ചാമ്പയിൽനിന്നും പൊഴിയുന്ന പഴുത്ത മഞ്ഞ ഇലകൾ പോലെ ചില പ്രണയസല്ലാപങ്ങൾ എന്റെ ഓർമ്മയിലും പൊലിയുന്നു. അങ്ങനെയാണ് ആ പെൺകുട്ടിയെയും, കടുംനിറത്തിലുള്ള ബനിയനുകൾ മാറിമാറി അണിഞ്ഞിരുന്ന തലയിൽ കറുത്ത ക്യാപ്പ് വയ്ക്കാൻ ഇഷ്ടപ്പെട്ടിരുന്ന അവനെയുംകുറിച്ച് ഇപ്പോൾ ഞാൻ ചുമ്മാ ഓർത്തു പോകുന്നത്. അവരെക്കുറിച്ചു നിങ്ങളോടു കുറച്ചു വർത്തമാനം പറയാമെന്നും വച്ചത്. അവർ ഇടയ്ക്കിടയ്ക്ക് ഇവിടെ വന്നിരുന്നു. അപ്പോഴൊക്കെയും ഞാനും.

ഈ പുൽമേട് പ്രധാന നഗരത്തിന്റെ ഹൃദയഭാഗത്താണ്. ഇരിട്ടി എന്നാണ് ഈ സുന്ദര പട്ടണത്തിന്റെ പേര്. മുൻപേ പറഞ്ഞ പുല്ലുകൾക്കു നടുവിലെ ചാരുബെഞ്ചുപോലെ കമിതാക്കളുടെ പ്രിയപ്പെട്ട ഹൃദയമായി ഇവിടമൊരിക്കൽ തുടിച്ചിരുന്നു. ഇവിടെനിന്നു നോക്കിയാൽ നഗരത്തിലെ പ്രധാനപ്പെട്ട പള്ളി കാണാം. പള്ളിമണികൾക്കൊപ്പം സായന്തനത്തിൽ വെളുത്ത ദേവാലയത്തിനു മുകളിൽ വലിയ ചാമ്പയ്ക്കകളായി ചുവക്കുന്ന മേഘങ്ങളെ കാണാനായിമാത്രം കമിതാക്കൾ ഇടതടവില്ലാതെ എത്തിയിരുന്നു. പള്ളിയിൽനിന്നും കുറച്ചു മാറിയാണ് വിമൻസ് കോളജ്. മിക്സഡ് ഗവൺമെന്റ് കോളജും അടുത്തു തന്നെ. പിന്നെ ഹയർസെക്കൻഡറിയും. ഇവിടെനിന്നുനോക്കിയാൽ ഇതെല്ലാം കാണാം. എല്ലാമെന്നു വച്ചാൽ.. ഹയർസെക്കൻഡറി സ്കൂളിന്റെ തുറന്ന ജാലകങ്ങൾക്കുമപ്പുറം മഞ്ഞ അഴികൾ നിറഞ്ഞ ക്ലാസ്സ്മുറികളും, ക്ലാസ്സ്റൂമിൽ ഒരൽപം ഉയർന്ന സ്റ്റേജിൽനിന്നു കറുത്ത ബ്ലാക്ക്ബോർഡിൽ കണക്കിലെ കടിച്ചാൽ പൊട്ടാത്ത അവലോസുണ്ട പോലുള്ള ഏതോ ഇക്ക്വേഷൻ പകർത്തിയെഴുതുന്ന വെളുത്തു മെലിഞ്ഞ ടീച്ചറെയും ടീച്ചറുടെ സാരിയുടെ മുഞ്ചാണിയിൽ വിരിഞ്ഞ കുഞ്ഞു കുഞ്ഞു പൂക്കളെയും വരെ.. അതിനപ്പുറം കാഴ്ചകൾ മങ്ങിപ്പോകും. (ഹോ എന്തൊരു സൂക്ഷ്മദൃഷ്ടി എന്നു നിങ്ങൾ അസൂയ വയ്ക്കുന്നുണ്ടാകുമല്ലേ. സാരമില്ല എനിക്ക്  അസൂയയില്ല. പകയും. പൂക്കൾ.. പൂക്കൾ മാത്രം എനിക്ക് ഒരുപാട് ഇഷ്ടമാണ്. പൊട്ടിയ ഇടതുകണ്ണിനുമുകളിൽ പൂ വന്നു വീണിട്ടും എനിക്കു നീറാതിരുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ!)

ഇവിടെ വരുന്നതിനുമുൻപ് ഞാനാ സ്കൂളിന്റെ മുന്നിൽ, കൈകൾ തുറന്നുപിടിച്ചുനിൽക്കുന്ന നീലഅങ്കിയണിഞ്ഞ മാതാവിന്റെ രൂപത്തിനുകീഴിൽ ആരെയോ കാത്തുനിന്നിട്ടുണ്ട്. മണിക്കൂറുകളോളം. ഉറക്കം ബാക്കിനിന്ന എന്റെ കണ്ണുകളിൽ പടർന്ന മെഴുകുതിരികളുടെ മഞ്ഞവെളിച്ചം ഓർമ്മ വരുന്നു. മാതാവിനു പുറകിലെ ദേവാലയത്തിൽ ആദ്യവെള്ളിയാഴ്ചകൾക്കു മുൻപുള്ള വൈകുന്നേരങ്ങളിൽ മുഴങ്ങുന്ന കുട്ടികളുടെ കുമ്പസാരരഹസ്യംപോലെ നേർത്തുമിടിക്കുന്ന ഹൃദയവുമായി ഞാൻ പലപ്പോഴും ആർക്കോവേണ്ടി അവിടെ മടുപ്പില്ലാതെ കാത്തു കിടന്നു. അവിടെ വച്ചാണ് അവളെയും അവനെയും ഞാൻ ആദ്യമായി കാണുന്നതെന്നു തോന്നുന്നു. മഴയിൽ നനഞ്ഞ വലിയ ചരൽമുറ്റം അവനൊപ്പം ഒരു കുടക്കീഴിൽ മുറിച്ചു കടന്നു വരുന്ന ആ പെൺകുട്ടിയെ ഞാൻ കണ്ടു. സ്കൂൾബാഗിനു പുറകിൽ തൂങ്ങിനിന്നിരുന്ന കടുംകാപ്പിനിറമുള്ള യൂണിഫോമിന്റെ ഷോൾ അവൾ മഴ നനയാതിരിക്കാൻ രണ്ടു കൈകളുംകൊണ്ട് മുന്നിലേക്കാക്കി പിടിച്ചിരുന്നു. അവന്റെ കണ്ണുകളിൽ കൗമാരക്കാരന്റെ നക്ഷത്രത്തിളക്കവും അവളുടെ മിഴികളിൽ ഒരൽപം ലജ്ജയും മഴ പോലെ വളരുന്നതു ഞാൻ കണ്ടു. ആ ലജ്ജ ആരെങ്കിലും കാണുമോ എന്നുള്ള ഭയത്തിൽ നിന്നുമാണെന്ന് എനിക്കു നന്നായി അറിയാമായിരുന്നു. ഇപ്പോഴും മഴയിൽ നനഞ്ഞ ഒരു പെയിന്റിംഗ്പോലെ ആ ദൃശ്യം ഞാൻ ഓർക്കുന്നു. അവർ അടുത്തേക്കെത്തുമ്പോൾ വിറ കൊണ്ടിരുന്ന എന്റെ ശരീരം.. വർധിക്കുന്ന നെഞ്ചിരപ്പ് എല്ലാം വീണ്ടും ഞാൻ അനുഭവിക്കുന്നു. വീണ്ടും പലപ്പോഴായി അവരെ ഞാൻ കണ്ടു.  ഈ വലിയ പ്രണയചിഹ്നത്തിൽ വെളുത്തയാ ചാരുബെഞ്ചിൽ. അവൾക്കും എന്നെപ്പോലെ കവിതകൾ ഒരുപാട് ഇഷ്ടമായിരുന്നു. എപ്പോഴോ അവർ മറന്നുവച്ചു പോയ വെളുത്ത കടലാസിലെ ജിബ്രാന്റെ വരികൾ.

For even as love crowns you so shall he

crucify you. Even as he is for your growth

so is he for your pruning.

Even as he ascends to your height and

caresses your tenderest branches that quiver

in the sun,

So shall he descend to your roots and

shake them in their clinging to the earth.

പുൽമേട്ടിലെ വെളുത്ത ചാരുബെഞ്ചിൽ അവർ മറന്നു വച്ച വൈകുന്നേരങ്ങൾ. പറയാതെ പോയ വാക്കുകൾ.. അവർക്കായി വേണ്ടി മാത്രം പൊഴിഞ്ഞ കണിക്കൊന്നപ്പൂക്കൾ. എങ്കിലും എല്ലാ പ്രണയങ്ങളും വിജയങ്ങളല്ല എന്ന് എന്നെപ്പോലെ നിങ്ങൾക്കുമറിയാം. ചിലതിന്റെ പരിസമാപ്തിയിൽ ഈ ചുവന്ന ചാമ്പയ്ക്കകൾപോൽ രക്തം കലരുമെന്നറിയാത്ത കമിതാക്കൾ ആരാണുള്ളത്? ഒരു പതിവു വൈകുന്നേരം സ്കൂളിനു മുന്നിൽ ബസ്സു കാത്തുനിന്ന അവളെ പാഞ്ഞു വന്നയൊരു ബൈക്ക് ഇടിച്ചുതെറുപ്പിച്ചു. ഹോ അതിന്റെ ഇരമ്പൽ. എനിക്കിപ്പോൾ അതോർക്കാൻപോലും ഒട്ടും ഇഷ്ടമല്ല. ഗ്രോട്ടോയ്ക്കു കീഴിൽ ആരെയോ കാത്തുനിൽക്കുമ്പോൾ മിടിക്കാറുള്ള എന്റെ ഹൃദയത്തിന്റെ പത്തിരട്ടി പ്രകമ്പനം പോലെ തോന്നി ആ ഇരമ്പൽ. ഓടിക്കൂടിയ ആളുകൾക്കു നടുവിൽ ചുവന്ന ചാമ്പയ്ക്കാപോലെ അവളുടെ രക്തം മഴയിൽ കുതിർന്നു. ആ ബൈക്കിനു വന്നവൻ അവളെ പ്രണയിച്ചിരുന്നു. അവൾ പ്രണയം നിഷേധിച്ചതാണ് കൊലയ്ക്കു കാരണമെന്ന് പത്രങ്ങളിൽ വാർത്ത വന്നു. എത്ര പെട്ടെന്നാണല്ലേ കണിക്കൊന്ന പൊഴിയുന്നതുപോൽ ചില മനുഷ്യരുടെ സ്വപ്നങ്ങളും പൊഴിഞ്ഞു പോകുന്നത്? ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. പിന്നീട് കാർമേഘങ്ങൾ കറുത്തിരുണ്ട വൈകുന്നേരങ്ങളിൽ ഹൃദയ ചിഹ്നത്തിലെ ചാരുബെഞ്ചിൽ ഏകനായി അവനെ ഞാൻ കണ്ടു. അധികകാലം കണ്ടില്ല. അതിനുമുൻപേ അവളെ ബൈക്കിടിച്ചു വീഴ്ത്തിയവൻ അറസ്റ്റിലാവുകയും പ്രണയപ്പകയുടെ വേരുകൾ അന്വേഷിച്ച പൊലീസ് കപ്പിൾസിന്റെ താവളമായ ഈ ചെറു പുൽമേടിന് വിലക്കു കൽപ്പിച്ചുകൊണ്ട് താഴിട്ടു പൂട്ടുകയും ചെയ്തു. പിന്നീട് അനാവശ്യമായി ഇവിടെ വരുന്നവരെ അവർ അടിച്ചോടിച്ചു. ഒപ്പം അവനെയും. അവൾ എപ്പോഴോ ആ വെളുത്തബെഞ്ചിൽ മറന്നു വച്ച കടലാസിലെ വരികൾ പോലെ 'അങ്ങനെ ഈ ഇടം അനാഥമായി'.

മേഘങ്ങൾ ചുവക്കുന്ന വൈകുന്നേരങ്ങൾ ശോകം പൂണ്ടു ചക്രവാളത്തിൽ നിലകൊണ്ടു. പ്രണയഗീതങ്ങൾ കേട്ടു ചിരിച്ചു നാണിച്ച ചാമ്പയ്ക്കാപ്പെണ്ണിന്റെ ഇലകൾ സങ്കടത്താൽ  വാടിക്കരിഞ്ഞു. ഉപേക്ഷിക്കപ്പെട്ട ഈ പ്രണയ ഇടം പിന്നീട് പൊലീസുകാർ ആക്സിഡന്റുകളിൽ പിടിച്ചെടുക്കുന്ന ടു-വീലർ വാഹനങ്ങൾ സൂക്ഷിക്കുവാനായി ഉപയോഗിച്ചു. പുൽമേട്ടിൽ അവിടവിടായി പണിത സിമന്റുസ്തൂപങ്ങളിൽ ആർക്കോ ഉള്ള മുന്നറിയിപ്പുകൾ പോലെ ആ വാഹനങ്ങളെ അവർ സ്ഥാപിച്ചു. അവയ്ക്കു താഴെ കവിത പോലെ ചില വരികൾ അവർ എഴുതിച്ചേർത്തു.. 'ഞാനൊരു ദുഷ്ടനായിരുന്നു. ഒരു പാവം പിടിച്ച പെൺകുട്ടിയെ ഞാൻ ഇടിച്ചു വീഴ്ത്തിക്കൊന്നു. അതിന്റെ അടയാളങ്ങളുമായി ഞാനിന്നു നരകിക്കുന്നു.' കുറച്ചുനാളുകൾക്കുമുൻപ് എന്റെ അടിയിലെ സിമന്റുസ്തൂപത്തിൽ ഭാവനാസമ്പന്നനായ പൊലീസുദ്യോഗസ്ഥൻ ഇങ്ങനെ എഴുതിച്ചേർക്കുമ്പോൾ എന്റെ പൊട്ടിയ കണ്ണുകൾ അറിയാതെ നിറഞ്ഞിരുന്നു. ഇനിയും കഥയിലെ എല്ലാം അറിയുന്ന എന്നെ നിങ്ങൾക്കു മനസ്സിലായില്ല? ഞാൻ രാജകുടുംബത്തിൽ ജനിച്ച എൻഫീൽഡു ഹിമാലയൻ. (royal enfield himalayan) കരുത്തുറ്റ ശരീരം. എനിക്ക് യാത്രകൾ ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്.  മരത്തലപ്പുകൾക്കു മുകളിൽ പക്ഷിക്കൂടുകൾ പോലെ മഞ്ഞു വന്നു നിറയുന്ന പാൽച്ചുരത്തിലെ വൈകുന്നേരങ്ങൾ ഇപ്പോൾ എന്റെ സ്വപ്നങ്ങൾ മാത്രമാണ്. കാരണം എന്റെ മുകളിലിരുന്നാണവൻ മഴത്തുള്ളി പോലുള്ള ആ പെൺകുട്ടിയെ ഇടിച്ചു വീഴ്ത്തിയത്. അതിനാൽ ഞാനുമിവിടെ തടങ്കലിലാണ്. ഇപ്പോൾ ഒരു കൈയ്യിൽ (handle ) പൊട്ടലുണ്ട്. കുറച്ചുകാലമായി അനങ്ങാതെ കിടക്കുന്നതിനാൽ ബാറ്ററിസിഗ്നലിൽ ചെറിയ വേരിയേഷനുകളും. സിഗ്നലിന്റെ പ്രശ്നംമൂലം കഥയിൽ വന്ന ചില ദീർഘങ്ങളായ വാചകങ്ങൾ നിങ്ങളെ വിഷമിപ്പിച്ചതിൽ ഞാൻ ഖേദിക്കുന്നു. നേരത്തെ കണിക്കൊന്നപ്പൂവ് വന്നു വീണതു കൊണ്ടായിരിക്കാം എന്റെ കണ്ണുകൾ ഇപ്പോൾ ചെറുതായി നീറിത്തുടങ്ങിയിട്ടുണ്ട്!

Content Summary: Malayalam Short Story ' Pranayappulmettile Charubench ' written by Grince George

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS