ADVERTISEMENT

വൻവൃക്ഷങ്ങൾ ഇടതൂർന്ന് വളർന്ന വിശാലമായ ആ കൊടുങ്കാടിനോട് ചേർന്നാണ് കുഞ്ഞച്ചായന്റെ ചെറിയ വീട് നിൽക്കുന്നത്. കുമ്മായമടർന്ന് വീണ് പൊളിഞ്ഞ്, മൺകട്ടകൾ പുറത്തേക്ക് കാണുന്ന ചുമരുകളുള്ള ഓടിട്ട ഒരു കൊച്ചുവീടാണത്. ഓടുകൾ താങ്ങി നിർത്തിയിരിക്കുന്ന പട്ടികകൾ പല ഭാഗത്തും ചിതൽ തിന്ന് ദ്രവിച്ചിരിക്കുന്നു. വീടിന്റെ, തീരെ തേക്കാത്ത പിറകുവശം ആകെ വൃത്തിഹീനമാണ്. ഒരു കോഴിക്കൂടുള്ളത് തുറന്ന് കിടപ്പാണ്. കുറച്ച് കോഴികൾ കോഴിക്കൂടിന്റെ മുന്നിലുള്ള കറുത്ത ചെളിയിൽ കൊത്തിപ്പെറുക്കിയും കാലുകൊണ്ട് കുഴമ്പു പരുവത്തിലുള്ള ചെളി മാന്തിക്കുടഞ്ഞും സമീപത്തൊക്കെ തന്നെയുണ്ട്. അതിന് ചേർന്ന് ഒരു പട്ടിക്കൂടാണ്. അതിലൊരു പട്ടിയുണ്ട്. നാടനാണ്. പക്ഷേ കുരക്കുമ്പോൾ അങ്ങനെയൊരു വിചാരമൊന്നും അതിനില്ല. നല്ല ഉച്ചത്തിലുള്ള ഗംഭീരൻ കുര തന്നെ. കിടുങ്ങിപ്പോകും. വളരെ വൃത്തികെട്ട അസഹ്യമായ, അതിരൂക്ഷമായ ഗന്ധമാണവിടെ. വീടിനോട് പിറകുവശത്ത് ചേർത്ത് കെട്ടിയ പച്ചപ്പായല് പിടിച്ച ചെറിയ തിണ്ണയിലിരുന്ന് എണ്ണക്കറുപ്പുള്ള ആ ഇരട്ടക്കുഴൽ തോക്കിന്റെ ഇരുമ്പുകുഴലുകൾക്കുള്ളിലേക്ക് കുഞ്ഞച്ചായൻ നീണ്ട്, വണ്ണം തീരെക്കുറഞ്ഞ ഒരു കമ്പി കടത്തി മുകളിലേക്കും താഴേക്കും വളരെ വേഗത്തിൽ ചലിപ്പിച്ചു. ഇരുമ്പും ഇരുമ്പും തമ്മിൽ ഉരസുന്ന, അസുഖകരമായ ഒരു പ്രത്യേക ശബ്ദം ആ കുഴലിനുള്ളിൽ നിന്ന് മുഴങ്ങി. ജോണിയും ബാബുവും എബിയും കൗതുകത്തോടെ അത് കണ്ടു നിന്നു.

"ഹൗ.. പല്ല് വല്ലാണ്ട് പുളിക്കുന്നു. അല്യോടാ...?" ബാബു പറഞ്ഞത് കുറച്ച് ഉച്ചത്തിലായിപ്പോയി. കുഞ്ഞച്ചായൻ മൂവരെയും ചുവന്നു വീർത്ത കണ്ണുകൾ വലുതാക്കി ഒന്ന് നോക്കി. എന്നിട്ട് ചൂണ്ടുവിരൽ തന്റെ കറുത്ത ചുണ്ടുകളിൽ വെച്ച് മിണ്ടരുത് എന്ന ആംഗ്യം കാണിച്ചു. കുട്ടികളുടെ മൂവരുടെയും മുഖത്ത് അയാളോടുള്ള ഭയം തെളിഞ്ഞു വന്നു. കുഞ്ഞച്ചായൻ തൊട്ടടുത്തിരുന്ന ഒരു പഴയ ഞെളുങ്ങിയ പാത്രത്തിലേക്ക് കഴുത്ത് പൊട്ടിയ ചില്ല്കുപ്പിയിൽ നിന്ന് അൽപ്പം എണ്ണ പകർന്നു. പഴകി ബലംവെച്ച ഒരു തുണിക്കഷ്ണമെടുത്ത് ചുരുട്ടിപ്പിടിച്ച തുണിക്കഷ്ണത്തിന്റെ ഒരു ഭാഗം എണ്ണയിൽ ഒന്ന് കുത്തിയമർത്തി. കുത്തിയ ഭാഗത്ത് എണ്ണ പടർന്നു. അയാളത് കൊണ്ട് തോക്ക് നന്നായി ഒന്ന് തുടച്ചു. പച്ചിരുമ്പിൽ എണ്ണയായപ്പോൾ തോക്കിൻകുഴൽ കറുത്ത് തിളങ്ങി. വാർണിഷ് ഇട്ട് പോളിഷ് ചെയ്ത് ഭംഗിയാക്കിയ തോക്കിന്റെ പാത്തിയും അയാൾ നന്നായിത്തന്നെ തുടച്ചു മിനുക്കി. എന്നിട്ട് തിണ്ണയിൽ നിന്ന് മെല്ലെ എളിക്ക് കൈകുത്തി എഴുന്നേറ്റു. ഒരു കൈകൊണ്ട് തോക്കിന്റെ പാത്തിയിലും മറുകൈ കൊണ്ട് കുഴലിലും പിടിച്ച് മുട്ടുകാൽ മടക്കിപൊന്തിച്ച് പെട്ടെന്ന്, ഒരു ചുള്ളിക്കമ്പ് പൊട്ടിക്കുന്ന ലാഘവത്തോടെ തിര നിറക്കാനായി അയാളാ ഇരട്ടക്കുഴൽതോക്ക് തന്റെ മുട്ടു കാലിൽ വെച്ച് ഒടിച്ചൊന്ന് മടക്കി. "ക്ടക്..!!" കുഴലുകൾ ഒരു ഭാഗത്തേക്കും പാത്തി മറുഭാഗത്തേക്കുമായി അത് ഒടിഞ്ഞു മടങ്ങി. തൊട്ടടുത്ത് വെച്ചിരുന്ന തോൾസഞ്ചി പോലെ വള്ളിയുള്ള ഒരു ചെറിയ തുകൽ ബാഗ് അപ്പോഴാണ് കുട്ടികൾ ശ്രദ്ധിച്ചത്. ബാഗിന്റെ ഒട്ടിച്ചു വെച്ചിരുന്ന പ്രസ്സ് ബട്ടൺ  വേർപെടുത്തി അത് തുറന്ന് അതിൽ നിന്ന് രണ്ടിഞ്ചോളം നീളം വരുന്ന ഉരുണ്ട് നീണ്ട ചുവന്ന രണ്ട് തിരകൾ അയാൾ പുറത്തെടുത്തു. രണ്ട് തിരകളും, നീണ്ട് കറുത്ത ആ കുഴലുകളിൽ നിറച്ചു.

കുട്ടികൾ തെല്ലൊരു നെഞ്ചിടിപ്പോടെ ആ കാഴ്ച കണ്ടു നിന്നു. "നിങ്ങള്, ഇന്ന് വേട്ടയ്ക്ക് പോണ് ണ്ടോ കുഞ്ഞച്ചായാ..?" മടിച്ചു മടിച്ച് തെല്ല് ഭയത്തോടെ ജോണിയാണത് ചോദിച്ചത്. ചുവന്ന കണ്ണുകൾ വലുതാക്കി തീക്ഷ്ണമായ, ദഹിപ്പിക്കുന്ന ഒരു നോട്ടം തന്നെയായിരുന്നു ആ ചോദ്യത്തിനും കുഞ്ഞച്ചായന്റെ മറുപടി. ജോണി ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന അർഥത്തിൽ ചുണ്ടുകൊണ്ട് ഒരു ഗോഷ്ടികാണിച്ചു തോളുകളൊന്ന് വെട്ടിച്ചു. തിരകൾ നിറച്ച് ലോഡാക്കിയ തോക്ക് അയാൾ മെല്ലെ ചുമരിൽ ചാരിവെച്ചു. എന്നിട്ട് നെറ്റി ചുളിച്ച് ചൂണ്ടുവിരൽ ഉയർത്തി തടിച്ച കൊമ്പൻ മീശ വിറപ്പിച്ച് "ഇതിൽ തൊടരുത്. തൊട്ടാൽ ഞാൻ കൊന്നു കളയും" എന്ന തരത്തിലൊരു ആംഗ്യം കാണിച്ചു. കുട്ടികൾ നന്നായിത്തന്നെ ഭയന്ന് പിന്നോട്ട് മാറി. ലുങ്കി മടക്കിക്കുത്തി കുഞ്ഞച്ചായൻ കിണറ്റിൻകരയിലെത്തി. മുരിക്കിൻ മരത്തിൽ ഉറപ്പിച്ചിരുന്ന വെള്ളം കോരുന്ന ഏത്തം കൊളുത്തിൽ നിന്ന് വേർപെടുത്തി നീണ്ട മുളങ്കമ്പിനറ്റത്ത് കെട്ടിയ ഇരുമ്പ് ബക്കറ്റ് അയാൾ കിണറ്റിലേക്കിറക്കി. കുറേക്കാലമായി അടഞ്ഞുകിടന്നിരുന്ന പുരാതനമായ ഒരു വാതിൽ തുറക്കുന്ന വല്ലാത്തൊരു പഴക്കമുള്ള കറകറാ ശബ്ദത്തോടെ ഏത്തത്തിന്റെ തലക്കൽ കെട്ടുകമ്പി കൊണ്ട് കെട്ടി ഉറപ്പിച്ചിരുന്ന ഇരുമ്പുബക്കറ്റ് വെള്ളത്തിലേക്ക് താഴ്ന്നു. ഏത്തമുറപ്പിക്കാൻ തൂണായി കുഴിച്ചിട്ടിരുന്ന രണ്ട് മുരിക്ക് മരങ്ങളിൽ നിന്ന് കൊമ്പുകൾ പടർന്ന് അത് രണ്ടും വലിയ മരങ്ങളായിരിക്കുന്നു. ഏത്തത്തിന്റെ മറുതലക്കൽ ഭാരത്തിന് കെട്ടിവെച്ച കല്ലുകൾ ഒരുപാട് ഉയരത്തിലേക്ക് ഉയർന്നുപൊങ്ങി. കരിങ്കല്ല് കൊണ്ട് താഴെ നിന്ന് തന്നെ കെട്ടിപ്പടുത്ത നെല്ലിപ്പലകയിട്ട പഴയൊരു കിണറാണത്. മുമ്പെന്നോ വീണുപോയ ഒരു പത്ത് പൈസാതുട്ട് ഒരുപാട് താഴെ കണ്ണാടി പോലെ തെളിഞ്ഞ വെള്ളത്തിന്റെ അഗാധതയിൽ ഇരുമ്പ് ബക്കറ്റ് മുങ്ങിയപ്പോൾ കിണറ്റിൽ രൂപപ്പെട്ട ഓളങ്ങളോടൊപ്പം കിടന്നിളകുന്നത് പോലെ കുട്ടികൾ മൂവർക്കും തോന്നി. വളരെ അനായാസം കുഞ്ഞച്ചായൻ ആ ഏത്തമുയർത്തി. പൊങ്ങി വന്ന ഇരുമ്പു ബക്കറ്റ് പിടിച്ച് അതിൽ നിറഞ്ഞ വെള്ളം തൊട്ടടുത്തിരുന്ന സിമന്റ് തൊട്ടിയിലേക്ക് അയാൾ പകർന്നു. അതിൽ നിന്ന് കൈയ്യും മുഖവും നന്നായൊന്ന് കഴുകി അയാൾ അകത്തേക്ക് നടന്നു.

കുട്ടികൾ മൂവരും പരസ്പരം നോക്കി. കുഞ്ഞച്ചായൻ തോക്കിൽ തിര നിറയ്ക്കുന്നത് കണ്ട സന്തോഷത്തോടെ മൂവരും വീട്ടിലേക്ക് നടന്നു. "ഇന്നിപ്പൊ കുഞ്ഞച്ചായൻ വേട്ടയ്ക്ക് പോകുമോ..?" മടങ്ങുമ്പോൾ ബാബുവിന് സംശയം. "പിന്നെ ചമ്മന്തി അരക്കാനാണോടാ അച്ചായൻ തോക്കില് തിര നെറച്ച് വെച്ചേക്കുന്നത് ?" എബിയുടെ മറുപടി. "ഇയാൾക്ക്.. ഒട്ടും പേടിയില്ലാട്ടോ. നട്ടപ്പാതിരാക്കൊക്കെയാണ് കൊടുങ്കാട്ടിലേക്ക് വേട്ടയ്ക്ക് പോകുന്നേ.. യെന്താ ഈ അച്ചായന്റെ ഒര് ധൈര്യം... അല്ലേ..?" ജോണിയാണ്. "വല്ലാത്തൊരു ധൈര്യം തന്നെ.!" ബാബുവും എബിയും ഒരുമിച്ച് പറഞ്ഞു. "പിന്നെയ്. ഞാൻ നിങ്ങളോടൊര് കാര്യം ചോദിച്ചോട്ടെ..?" ജോണി രണ്ടുപേരോടുമായി ശബ്ദം താഴ്ത്തി ചോദിച്ചു. "എന്താടാ..?" രണ്ടുപേരും ഒരുമിച്ച് തന്നെ തിരിച്ച് ചോദിച്ചു. "ഞാനത് പറഞ്ഞാല് നിങ്ങൾക്കതിന് ധൈര്യമുണ്ടാകുമോ..?" ജോണി മടിച്ചാണത് ചോദിച്ചത്. "എന്താ സംഗതി.? നീ കാര്യം പറയ് ജോണീ.." ബാബുവിന് ക്ഷമകെട്ടു. "അല്ലെങ്കിൽ വേണ്ട. നിങ്ങൾക്കതിന് ധൈര്യമൊണ്ടാവുകേല." ജോണി വീണ്ടും മടിച്ചു. "നീ പറ ജോണീ.. എന്താ കാര്യം.?" ഇത്തവണ ദേഷ്യം വന്നത് എബിക്കാണ്. "ഒന്നൂല്ല.. ഒന്നൂല്ലടാ. നിങ്ങൾക്ക് അതിന് ധൈര്യണ്ടാവൂല്ല." ജോണിയത് ഉറപ്പിച്ചു. "നിനക്ക് ധൈര്യണ്ടാവുമെങ്കി ഞങ്ങൾക്കൂണ്ടാവും. നിനക്ക് ഈ കാര്യം ഞങ്ങളോട് പറയാനുള്ള ധൈര്യമുണ്ടോ.? അതുണ്ടങ്കി നീയത് ഞങ്ങളോട് പറ.." എബി കുറച്ചുറക്കെത്തന്നെ പറഞ്ഞ് ചൂടായി. "കുഞ്ഞച്ചായൻ വേട്ടയ്ക്ക് കാട്ടിലേക്ക് പോകുമ്പോ ഒപ്പം നമ്മളും ഒന്ന് പോയി നോക്കിയാലോ..? അതൊന്ന് കാണാൻ.?" ജോണി രണ്ടും കൽപ്പിച്ച് ചോദിച്ചു.

"ഈശോയേ.. കാട്ടിലേക്കോ..? അതും കുഞ്ഞച്ചായന്റെ ഒപ്പം..? അയാള് നമ്മളേം കൊല്ലുമെടാ. നെനക്ക്ന്താടാ പ്രാന്ത്ണ്ടോ ചെങ്ങാതീ..?" ആദ്യം ചൂടായ എബി തന്നെ പേടിയോടെ ചോദിച്ചു. ബാബുവും ഭീതി നിറഞ്ഞ കണ്ണുകളോടെ ജോണിയെ നോക്കി. ''ഇതാണ് ഞാനാദ്യം പറഞ്ഞേ നിങ്ങൾക്കൊട്ടും ധൈര്യമുണ്ടാവൂലാന്ന്. നിങ്ങള്, എന്നെപ്പോലെയല്ലല്ലോ..! പേടിത്തൂറികളല്ലേ..?" ജോണി രണ്ടുപേരെയും കളിയാക്കി. "നിനക്ക്.. ധൈര്യമുണ്ടോടാ..?" എബി ചോദിച്ചു. "എനിക്ക് നല്ല ധൈര്യമുണ്ട്. നല്ല രസവായിരിക്കും." ജോണി നെഞ്ച് വിരിച്ചു കൊണ്ട് പറഞ്ഞു. "എന്നാൽ എനിക്കൂണ്ട് ധൈര്യം!" എബിയും പ്രഖ്യാപിച്ചു. "പിന്നെയിപ്പൊ എനിക്കാണോടാ പേടി.? എനിക്കുമുണ്ട് നല്ല ധൈര്യം." ബാബുവും ധൈര്യസമേതം പറഞ്ഞു. "എന്നാൽ പിന്നെ.. പോകുന്ന കാര്യം ഒറപ്പിക്കുകയല്ലേ..?" ജോണി ഒന്നുകൂടി സംശയനിവൃത്തി വരുത്തി. "ധൈര്യായിട്ട് ഒറപ്പിച്ചോടാ.. ഞങ്ങള് റെഡി." അവർ രണ്ട് പേരും ഒരുമിച്ച് പറഞ്ഞു. "എന്നാൽ പിന്നെ പറ. എങ്ങനെയാ കാര്യങ്ങള്..?" ബാബു. "അതേ, അത് പറ.." എബിക്കും കാര്യങ്ങൾ വിശദമായി തന്നെ അറിയണം. "കുഞ്ഞച്ചായൻ ഏകദേശം രാത്രി ഒരൊന്നൊന്നര മണിക്കാണ് കാട്ടിലേക്ക് വേട്ടയ്ക്ക് പോകാറ് പതിവ്.. ചെലപ്പൊ ഞാൻ കാണാറ്ണ്ട് അത്. നിങ്ങള് രണ്ടാളും വീട്ടുകാരറിയാതെ ആ സമയാകുമ്പോഴേക്കും എണീച്ച്, എന്റെ വീടിന്റെ അവടേക്ക് വാ. എന്റെ വീടിന്റെ പൊറകില് ഒച്ചയുണ്ടാക്കാതെ നിന്നാൽ മതി. അച്ചായൻ പോവുമ്പോ അയാളറിയാതെ നമുക്കും അയാൾടെ പുറകില് മെല്ലെ പോയി നോക്കാം.." എങ്ങനെയുണ്ട് തന്റെ പദ്ധതി എന്ന രീതിയിൽ അവൻ കൂട്ടുകാരെ നോക്കി. അവർ സംഗതി കൊള്ളാമെന്ന അർഥത്തിൽ തലയാട്ടി.

"എവടെയായിരുന്നെടാ നീ ഇത്രേം നേരം?" നേരം ഏറെ വൈകി വീട്ടിൽ വന്ന് കയറിയ ഉടനെ ബാബുവിനോട് അമ്മച്ചി ചോദിച്ചു. "ഞങ്ങള്.. ഞങ്ങള് കുഞ്ഞച്ചായൻ തോക്കില് തിര നെറക്കുന്നത് കാണാൻ പോയതായിരുന്നമ്മച്ചീ." അവൻ മറുപടി പറഞ്ഞു. "ഞങ്ങളോ.? അതാരൊക്കെ..?" "ഞാനും ജോണിയും എബിയും" ബാബു മറുപടി പറഞ്ഞു. "ഈ നേരത്തോടാ...?" പുരക്കകത്ത് നിന്നും അവന്റെ വല്ല്യമ്മച്ചിയാണത് ചോദിച്ചത്. "അല്ലെങ്കിലും ബാബുവിനൊരു നേരോം കാലോം ഇല്ലാ. മുഴുക്കുടിയനാ ആ കുഞ്ഞച്ചൻ. അവന്റെ വീട്ടിലേക്കാണിപ്പൊ ഇവൻ ചെങ്ങാതിമാരൊപ്പം കാഴ്ച്ച കാണാൻ പൊയേക്കുന്നദ്. അതും ഈ ഇരുട്ടിയ നേരത്ത്." സമാനമായിരുന്നു മറ്റ് രണ്ടു പേരുടെയും വീട്ടിലെ ചോദ്യങ്ങളും ഉത്തരങ്ങളും. മൂവരും വീട്ടിലെത്തി മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ രാത്രിയിൽ വീടിന്റെ അരത്തിണ്ണയിലിരുന്ന് സ്കൂളിൽ പഠിപ്പിച്ചത് വീണ്ടും പഠിക്കാനിരിക്കുമ്പോൾ അവർ ചിന്തിച്ചത് ഒരേ കാര്യം തന്നെയായിരുന്നു. കുഞ്ഞച്ചായൻ ഇന്ന് രാത്രി കാട്ടിലേക്ക് വേട്ടയ്ക്ക് പോകുന്നുണ്ടാവുമോ..? എങ്കിൽ ഇന്ന് കുഞ്ഞച്ചായന്റെ കൂടെ പോയി അതൊന്ന് കണ്ടിട്ട് തന്നെ കാര്യം.

ചൂടിക്കയറ് കൊണ്ട് മെടഞ്ഞ കട്ടിലിനടിയിൽ നിന്ന് കറുത്ത റമ്മിന്റെ പ്ലാസ്റ്റിക് ബോട്ടിൽ കട്ടിലിലിരുന്ന് കൊണ്ട് തന്നെ കുഞ്ഞച്ചായൻ ഏന്തി വലിച്ചെടുത്തു. എന്നിട്ട് ജനാലക്കൽ കമഴ്ത്തിയ ചെളി പിടിച്ച വലിയൊരു ചില്ലു ഗ്ലാസെടുത്ത് കുപ്പിയിൽ നിന്ന് ആ ദ്രാവകം അരഭാഗത്തോളം ഗ്ലാസിലേക്ക് നിറച്ചു. കഴുകാത്ത നിറം മങ്ങിയ അഴുക്ക് പിടിച്ച ഒരു പ്ലാസ്റ്റിക് ജഗ്ഗിൽ നിന്ന് അൽപം വെള്ളം കൂടി ഗ്ലാസ്സിലേക്ക് പകർന്നു. എന്നിട്ട് ഗ്ലാസ്സെടുത്ത് ഒറ്റയടിക്ക് അത് മുഴുവൻ വെപ്രാളത്തോടെ വലിച്ചു കുടിച്ചു. പുറം കൈകൊണ്ടൊന്ന് ചിറി തുടച്ച് വലിയ ശബ്ദത്തിലൊന്ന് എരിവലിച്ചു. ഷർട്ടിന്റെ മടക്കി വെച്ച കൈതെറുപ്പിൽ നിന്ന് ഒരു ബീഡിയെടുത്ത് കത്തിച്ച് ആസ്വദിച്ച് വലിച്ച് പുകവിട്ടു. തലയിൽ കെട്ടിയ ചുവന്ന മുണ്ട് ഒന്നഴിച്ച് കുടഞ്ഞ് വീണ്ടും കെട്ടി. അയയിലിട്ട വലിയ കാക്കി ട്രൗസർ വലിച്ച് കയറ്റി. ഉടുത്തിരുന്ന ലുങ്കി വലിച്ചു പറിച്ച് നിലത്തേക്കെറിഞ്ഞു. കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന റമ്മ് കൂടി ഗ്ലാസിലേക്കൊഴിച്ച് വലിച്ച് കുടിച്ച് അയാൾ പിറക് വശത്തെ മുറ്റത്തേക്കിറങ്ങി. അരത്തിണ്ണയിൽ വെച്ചിരുന്ന മുട്ടോളമെത്തുന്ന റബ്ബർഷൂവെടുത്ത് ധരിച്ചു. ഇലാസ്റ്റിക്ക് വള്ളിയുള്ള ഹെഡ് ലൈറ്റ് തലയിൽ വെച്ചു. ചെറിയൊരു ചാറ്റൽ മഴയുണ്ട്. രാത്രി ജീവികളുടെ ശബ്ദം നിലയ്ക്കാതെ മുഴങ്ങുന്നുണ്ട്. ചുമരിൽ ചാരി വെച്ച തോക്ക് കൈയ്യിലെടുത്ത് ഒരു രാവെളിച്ചം പോലുമില്ലാത്ത, കണ്ണിൽ കുത്തിയാലറിയാത്ത കട്ടപിടിച്ച ആ ഇരുട്ടിലേക്ക് ഹെഡ്‌ലൈറ്റിടാതെ അയാൾ മെല്ലെ ഇറങ്ങി നടന്നു. നിർത്താതെ കുരച്ചു കൊണ്ടിരുന്ന പട്ടി അയാളുടെ കാൽ പെരുമാറ്റം കേട്ടതും  കുരനിർത്തി കൂടിന്റെ തറയിലേക്ക് തന്റെ താടി ചേർത്ത് വെച്ച് മെല്ലെ പതിഞ്ഞു കിടന്നു.വീടിന് പിറക് വശത്ത് കടല് പോലെ പരന്നു കിടക്കുന്ന ആ കറുത്ത കാടിനുള്ളിലേക്ക് ആശങ്കയേതുമില്ലാതെ ഭയത്തിന്റെ ലാഞ്ചനയൊട്ടുമില്ലാതെ കുഞ്ഞച്ചായൻ ചുവടുകൾ വെച്ചു. കുറ്റാക്കുറ്റിരുട്ടത്ത് ഒന്നും തന്നെ കാണാത്ത, വഴിയുടെ ഒരു നിഴൽ പോലുമറിയാത്ത ആ കാടിന്റെ വന്യതയിലേക്ക് തൂർന്ന് കിടക്കുന്ന അടിക്കാടുകൾ വകഞ്ഞു മാറ്റി കുഞ്ഞച്ചായൻ ഊളിയിട്ടിറങ്ങി. പ്ലാൻ ചെയ്തതനുസരിച്ച് കുറച്ച് പിറകിലായി മൂന്ന് കുട്ടികൾ തന്നെ പിന്തുടരുന്നത് അയാൾ അറിഞ്ഞതേയില്ല. കാടിനടുത്ത് താമസിക്കുന്നവരെന്ന നിലയിൽ നാലുപേർക്കും കാട് സുപരിചിതമാണ്. അത് കൊണ്ട് തന്നെ മുന്നോട്ട് പോവുന്ന കുഞ്ഞച്ചായന്റെ പിറകിൽ അവരും ഒരു ഉൾപ്പേടിയോടെ തപ്പിത്തടഞ്ഞ് നടന്നു. 

കുറച്ച് മുന്നോട്ട് നീങ്ങിയപ്പോൾ കുഞ്ഞച്ചായൻ തലയിലെ ഹെഡ് ലൈറ്റ് പ്രവർത്തിപ്പിച്ചു. ഇരുട്ടിനെ തുളച്ച് നീണ്ട ഒരു വടി പോലെ അതിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം പച്ചിലകളിൽ തട്ടി തിളങ്ങി. പാറക്കൂട്ടങ്ങൾ ചാടിക്കടന്നും മുൾച്ചെടികൾ വകഞ്ഞു മാറ്റിയും നിലാവു പോലുമില്ലാത്ത ആ രാത്രിയിൽ കുഞ്ഞച്ചായൻ മുന്നോട്ട് നീങ്ങുക തന്നെയാണ്. അയാൾക്ക് കുറച്ച് പിറകിലായി കുട്ടികളും. പെട്ടെന്ന് കുഞ്ഞച്ചായൻ കണ്ടു തന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ വജ്രം പോലെ തിളങ്ങുന്ന രണ്ട് വലിയ കണ്ണുകൾ. പരിചയസമ്പന്നത കൊണ്ടയാൾക്ക് മനസ്സിലായി. അതൊരു പുള്ളിമാനാണ്. അയാൾ മെല്ലെ കരിയിലകൾ പോലും അനക്കാതെ അവിടെയിരുന്നു. എന്നിട്ട് തോക്കിന്റെ പാത്തി ഇടത് കൈയ്യിന്റെ മസിലിൽ ഉറപ്പിച്ച് വലതു കൈ കൊണ്ട് തോക്കിന്റെ താഴെ ഒന്ന് താങ്ങി ഇടതു കൈയ്യിന്റെ ചുണ്ടുവിരൽ കാഞ്ചിയുടെ വളയത്തിനുള്ളിലൂടെ ഇട്ടു. തോക്കിൻ കുഴലിന്റെ ഏറ്റവും മുൻപിലായി ഉന്നം നോക്കുന്നതിനായി ഘടിപ്പിച്ച ഒരു ഇരുമ്പുമൊട്ടിലേക്ക് നോക്കി ഒറ്റക്കണ്ണടച്ചു പിടിച്ചയാൾ കൃത്യത വരുത്തി. അയാൾ കാഞ്ചിയിൽ തൊട്ടതും അയാളുടെ ശ്രദ്ധയെത്താത്ത ദൂരത്തിൽ കുറച്ചു മാറി അൽപം പിറകിലായി നിന്നിരുന്ന ജോണി ഒരു കല്ലിൽ ചവിട്ടി വഴുതിയതും ഒരുമിച്ചായിരുന്നു. അപ്രതീക്ഷിതമായി അനക്കം കേട്ട ആ മൃഗം താൻ നിൽക്കുന്നിടത്ത് നിന്ന് കുതിച്ച് ചാടി അതിവേഗതയിൽ ഓടിക്കളഞ്ഞു. ഉന്നം പിഴച്ച നിരാശയോടെ പിറകിൽ നിന്ന് അനക്കം കേട്ട കുഞ്ഞച്ചായൻ പെട്ടെന്ന് തിരിഞ്ഞു നോക്കി. "അവിടെ ഇരിക്കെടാ.. " പതിഞ്ഞ ശബ്ദത്തിൽ പേടിയോടെ ജോണി പറഞ്ഞു. കുട്ടികൾ മൂവരും ഭയന്ന് പെട്ടെന്ന് അവിടെത്തന്നെ മെല്ലെ ഇരുന്നു കളഞ്ഞു. കുഞ്ഞച്ചായൻ കുറച്ച് ദൂരെ തന്റെ പിറകിലുള്ള കാട്ടുപൊന്തകളുടെ അനക്കം മാത്രമേ കണ്ടുള്ളൂ. അപൂർവകാഴ്ച കാണാൻ ചാടിപ്പുറപ്പെട്ട മൂന്ന് കുട്ടികളാണവിടെയെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കുഞ്ഞച്ചായൻ ആ അനക്കം കേട്ടിടത്തേക്ക് തന്റെ ഇരട്ടക്കുഴൽ തോക്ക് ഉന്നം പിടിച്ചു. കൃത്യതയിൽ ഇക്കാലത്തിനിടക്ക് ഇതുവരെയും പിഴച്ചിട്ടില്ലാത്ത അയാളുടെ കൈ കാഞ്ചിയിലമർന്നു.

"ഠോ......!! " കാടിനോട് ചേർന്ന് താൽക്കാലികമായി നിർമിച്ച ഒറ്റമുറിയും ചെറിയൊരു ഹാളും ഇടുങ്ങിയ ഒരു അടുക്കളയുമുള്ള ക്വാർട്ടേഴ്സിൽ ഉറക്കത്തിന്റെ   അഗാധതയിലായിരുന്ന ഫോറസ്റ്റ് ഗാർഡ് പി. ആർ. ഗോപാലകൃഷ്ണൻ എന്ന പി. ആർ. ആ വെടിയൊച്ച കേട്ട് ഞെട്ടിയുണർന്നു. അയാൾ തൊട്ടപ്പുറത്ത് ചെറിയ ബെഞ്ചിൽ ശരീരമൊതുക്കി കൂർക്കം വലിച്ചുറങ്ങുന്ന തങ്കപ്പൻ ഫോറസ്റ്ററെ വിളിച്ചു. "സാറേ.. സാറേ.." നല്ല ഉറക്കത്തിലായിരുന്ന ഫോറസ്റ്റർ ആലസ്യം വിടാതെ ചോദിച്ചു. "ങും... ങും... ങും ...? യെന്താടോ...?" "സാറൊന്ന് എണീറ്റേ.." "യെന്താ.. എന്താ പ്രശ്നം.?" "സാറൊര് വെടിയൊച്ച കേട്ടില്ലേ.? നമുക്കൊന്ന് പോയി നോക്കിയാലോ..?" "ഞാൻ കേട്ടില്ല. എന്ത് വെടിയൊച്ച? ഏത് വെടിയൊച്ച? വെടിയൊച്ചെയ്...! അത് തനിക്ക് തോന്നിയതായിരിക്കും. താൻ കെടന്ന് ഒറങ്ങാൻ നോക്ക്." ആഴത്തിലുള്ള തന്റെ ഉറക്കം തടസ്സപ്പെട്ട ദേഷ്യത്തിൽ തങ്കപ്പൻ ഫോറസ്റ്റർ ഇതും പറഞ്ഞ് തിരിഞ്ഞു കിടന്നു കളഞ്ഞു. കുറച്ചു നേരം ചെവിയോർത്ത് വെടിയുടെ അനുബന്ധ ശബ്ദങ്ങൾ എന്തെങ്കിലും കേൾക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് പി. ആർ. കിടന്നു. രാത്രിജീവികളുടെ ശബ്ദമല്ലാതെ അസ്വാഭാവികമായി അയാൾക്കൊന്നും തോന്നിയില്ല. മെല്ലെ അയാളും ഉറക്കത്തിലേക്ക് വഴുതി വീണു. പിറ്റേന്ന് പുലർച്ചെ. നേരം വെളുക്കുന്നതെയുള്ളൂ. പി. ആർ. കട്ടനുള്ള വെള്ളം അടുപ്പത്ത് വെച്ച് മുറ്റത്ത് നിന്ന് പല്ല് തേച്ചു കൊണ്ടിരിക്കയാണ്. മഴവെള്ളം കുത്തിയൊലിച്ച് കിടങ്ങുകൾ രൂപപ്പെട്ട കാടിനരികിലൂടെ പോവുന്ന ഇടുങ്ങിയ മൺറോഡിലൂടെ ഫോറസ്റ്റ് ജീപ്പ് ഇരമ്പിക്കുലുങ്ങി ക്വാർട്ടേഴ്സിന് മുമ്പിൽ വന്ന് സഡൻ ബ്രേക്കിട്ട് നിന്നു. റെയ്ഞ്ചർ ഷാനവാസ് ജീപ്പിൽ നിന്ന് ചാടിയിറങ്ങി. കൂടെ മൂന്ന് ഗാർഡുമാരും. പി. ആർ. റെയ്ഞ്ചറുടെ അടുത്തേക്ക് ബഹുമാനത്തോടെ ഓടിച്ചെന്നു. "യെന്താ..? യെന്താ സാർ ഒരു മുന്നറിയിപ്പുമില്ലാതെ.?" "പറയാം. എവിടെ തങ്കപ്പൻ ഫോറസ്റ്റർ?" അകത്തേക്ക് കയറുന്നതിനിടയിൽ റെയ്ഞ്ചർ ചോദിച്ചു. "ഉണ്ട് സർ. അകത്തുണ്ട്. വിളിക്കാം." പി. ആർ. ബഹുമാനത്തോടെ പറഞ്ഞു. 

അടുക്കളയിൽ ചായയ്ക്ക് പലഹാരമായി അവൽ നനക്കുകയായിരുന്ന തങ്കപ്പൻ ഫോറസ്റ്റർ കൈ കഴുകി ഉടുത്തിരുന്ന ലുങ്കിയിൽ തുടച്ച് ഉടനെ പുറത്തേക്ക് വന്നു. ഗാർഡുമാരെ നോക്കി പി. ആർ. എന്താണെന്ന ചോദ്യഭാവത്തിൽ ആംഗ്യം കാണിച്ചു. അവർ റെയ്ഞ്ചറെ നോക്കി. "ങാ.. എന്താ തങ്കപ്പൻ ഫോറസ്റ്ററേ..? താങ്കളുടെ മൂക്കിൻ തുമ്പത്ത് ഒരൊഫൻസ് നടന്നിട്ട് താങ്കളതറിഞ്ഞില്ലേ?" റെയ്ഞ്ചർ ഗൗരവം വിടാതെ ചോദിച്ചു. "അയ്യോ.. ഇല്ല സാർ. എന്താണ്.?" ഫോറസ്റ്റർ ആശങ്കയോടെ ചോദിച്ചു. "നിങ്ങൾക്കൊക്കെ പിന്നെ എന്താണിവിടെ ജോലി.? പത്തിരുപത് കിലോമീറ്ററ് അകലെയുള്ള ഞാൻ ഇവിടെ നടക്കുന്നതെല്ലാം ആളെയും കൊണ്ട് വന്നറിയിക്കണോ തന്നെയൊക്കെ.?" റെയ്ഞ്ചർ നല്ല ചൂടിലാണ്. "സർ, സത്യമായിട്ടും ഞാനറിഞ്ഞ കാര്യമല്ല. എന്താണ് പ്രശ്നമെന്ന് പറയൂ," അയാൾ വളരെ താഴ്മയോടെ പറഞ്ഞു. "എടോ.. ഇന്നലെ രാത്രി കുറ്റിമുണ്ട ഭാഗത്ത് മൃഗവേട്ട നടന്നിട്ടുണ്ട്. അളക്കലിൽ നിന്ന് റേഞ്ചോഫീസിലേക്ക് ഒരാൾ ഫോൺ ചെയ്ത് പറഞ്ഞതാ.." റെയ്ഞ്ചർ വിശദീകരിച്ചു. എന്നിട്ട് തുടർന്നു. "പെട്ടെന്ന് റെഡിയായിക്കോ.. ആളെയൊക്കെയറിയാം. നമ്മുടെ പഴേ കഞ്ചാവ് പ്രതി കുഞ്ഞച്ചായനാ ആള്. അവൻ രക്ഷപ്പെടും മുമ്പ് അവിടെയെത്തണം." അത് കേട്ടതും പി. ആർ. ഇന്നലെ ഞാൻ പറഞ്ഞത് ശരിയായിരുന്നില്ലേ എന്ന അർഥത്തിൽ തങ്കപ്പൻ ഫോറസ്റ്ററെ നോക്കി. ഫോറസ്റ്റർ തിരിച്ചും. റെയ്ഞ്ചറത് ശ്രദ്ധിച്ചില്ല. "ങും.. പെട്ടെന്ന് വേണം. കളയാൻ നമുക്ക് ഒട്ടും സമയമില്ല. വേഗം." റെയ്ഞ്ചർ വല്ലാതെ ധൃതി കാണിച്ചു. പി ആറും തങ്കപ്പൻ ഫോറസ്റ്ററും വിനീതവിധേയരായി. രാവിലെ ചായ പോലും കഴിക്കാതെ പ്രഭാതകൃത്യങ്ങൾ പോലും നിർവ്വഹിക്കാതെ പെട്ടെന്ന് തന്നെ രണ്ട് പേരും യൂനിഫോം എടുത്തണിഞ്ഞു. എല്ലാവരും ജീപ്പിലേക്ക് ഓടിക്കയറി. 

ജീപ്പ് കാട്ടുപാതയിലൂടെ അളക്കൽ ലക്ഷ്യമാക്കി കുലുങ്ങിച്ചീറി കുതിച്ചു പാഞ്ഞു. "സാർ അതാണ് കുഞ്ഞച്ചായന്റെ വീട്." ഗാർഡ് ശിവൻ ദൂരെയുള്ള ഒരു കൊച്ചു വീടിനെ ചൂണ്ടിപ്പറഞ്ഞു. "ഇവിടെ നിർത്ത്." ഡ്രൈവർ ഒരരികിലായി ജീപ്പ് നിർത്തി. "രണ്ട് പേര് വലതു വശത്തൂടെ പൊയ്ക്കൊ.. രണ്ടാള് ഇടതു വശംവഴി. ഒരാള് പിറകിലൂടെ. ഞാൻ മുന്നിലൂടെ വരാം.ഒരു കാരണവശാലും അവൻ രക്ഷപ്പെടരുത്. പഠിച്ച കള്ളനാ അവൻ." റെയ്ഞ്ചർ നിർദ്ദേശം കൊടുത്തു. അവരെല്ലാം റെയ്ഞ്ചർ പറഞ്ഞ പോലെ അതീവ ജാഗ്രതയോടെ മുന്നോട്ട് നീങ്ങി. പല ഭാഗങ്ങളിലൂടെ എല്ലാവരും ഒരുമിച്ച് ആ വീടിനടുത്തെത്തി. പെട്ടെന്ന് എല്ലാവരും  ഒരുമിച്ച് ആ വീടിനുള്ളിലേക്ക് ഇരച്ചുകയറി. അവിടെ കണ്ട കാഴ്ച്ച അവരെയെല്ലാം ഞെട്ടിത്തരിപ്പിക്കുന്നതായിരുന്നു. ചോരയിൽ കുളിച്ച് മരിച്ച് കിടക്കുന്ന ഒരു കുട്ടിയുടെ മൃതദേഹം കയറ് കൊണ്ട് മെടഞ്ഞ ഒരു കട്ടിലിൽ കിടത്തിയിരിക്കുന്നു. കട്ടിലിന്റെ ചുവട്ടിൽ ചോര തളം കെട്ടിക്കിടക്കുന്നു. ചോരയുടെ ഗന്ധം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു. രണ്ട് കുട്ടികൾ പേടിച്ചരണ്ട് വിളറി വെളുത്ത മുഖഭാവവുമായി വിറച്ച് കൊണ്ട് ആ വീടിന്റെ മൂലയിലായി ഇരുട്ടത്തിരിക്കുന്നു. ശരീരമാസകലം ചോരയിൽ കുളിച്ച് നിർവികാരനായി കുഞ്ഞച്ചായൻ ആ കട്ടിലിനരികെ തന്നെ സർവ്വാംഗം തളർന്നിരിക്കുന്നു. ഇപ്പോൾ അയാളുടെ മുഖത്ത് യാതൊരു കാർക്കശ്യ ഭാവങ്ങളുമില്ല. ഇരച്ചു കയറിയ ഫോറസ്റ്റ്കാരെ കണ്ടപ്പോൾ കുഞ്ഞച്ചായൻ ഞെട്ടി പിടഞ്ഞെണീറ്റു. തന്റെ അടുത്തേക്ക് നടന്നടുക്കുന്ന ഫോറസ്റ്റുകാരെ അയാൾ ദയനീയമായി, നിസ്സഹായനായി നോക്കി. എന്നിട്ട് പ്രയാസപ്പെട്ട് കുടിനീരിറക്കി.

''സാറേ... ഇങ്ങോട്ട് വരല്ലേ..! എനിക്ക് അറിയാതെ പറ്റിപ്പോയതാ സാറേ.." അയാൾ ദയനീയമായി നിലവിളിച്ചു. റെയ്ഞ്ചറും ഗാർഡുമാരും അയാളുടെ നിലവിളി കാര്യമാക്കാതെ മുന്നോട്ട് തന്നെ ചെന്നു. "വേണ്ട സാറേ.. ഇങ്ങോട്ട് വരണ്ട.. വേണ്ടാ...!!! സാറേ.. വേണ്ടാ..!!" അയാൾ അപേക്ഷാ സ്വരത്തിൽ പിന്നെയും വാവിട്ട് കരഞ്ഞപേക്ഷിച്ചു. "സാറേ.. വരല്ലേ സാറേ.. ഇങ്ങോട്ട്." അത് ഗൗനിക്കാതെ വീണ്ടും ഫോറസ്റ്റുകാർ മുന്നോട്ടു നീങ്ങി. പെട്ടെന്ന്, തോക്കിന്റെ പാത്തി നിലത്ത് കുത്തിപ്പിടിച്ച് തോക്കിൻ കുഴൽ തന്റെ താടിയിൽ അയാൾ മുട്ടിച്ചു വെച്ചു. കാഞ്ചിയുടെ വളയത്തിനുള്ളിലേക്ക് കാലിന്റെ തള്ളവിരൽ കടത്തി. തന്റെ ജീവിതത്തിലിന്നു വരെ ദൈവഭയമില്ലാതെ ജീവിച്ച കുഞ്ഞച്ചായൻ അന്നാദ്യമായി ഒരാശ്രയത്തിനായി കരളുരുകി ഹൃദയത്തിൽ തട്ടിത്തന്നെ വിളിച്ചു. "ഹെന്റെ... കർത്താവേ..!!" അയാൾ കാഞ്ചിയിൽ ഒന്നമർത്തി. അവർക്ക് തടയാൻ കഴിയും മുമ്പ് ദിഗന്തം നടുങ്ങുമാറുച്ചത്തിൽ ഒരു വെടി മുഴങ്ങി..!! പട്ടികകൾ ദ്രവിച്ച ആ കൊച്ചു വീടിന്റെ മേൽക്കൂരയിലേക്ക് ഒരു കുടം ചോര ചിതറിത്തെറിച്ചു.

Content Summary: Malayalam Short Story ' Vettayude Avasanam ' written by Zakir Zaki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com