നാട്ടിൽ സെറ്റിലാവുമോ, അതോ? – മാത്യു ഡാനിയേല്‍ എഴുതിയ ലേഖനം

HIGHLIGHTS
  • നാട്ടിൽ സെറ്റിലാവുമോ, അതോ? (ലേഖനം)
malayalam-article-nattil-settle-akumo
Representative image. Photo Credit: YakobchukOlena/istockphoto.com
SHARE

ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ അവസാന പാദത്തിൽ ഉന്നത ബിരുദത്തിന് കേരളത്തിനു പുറത്തു പഠിക്കാൻ പോകുമ്പോൾ, വളരെ കുറച്ച് മലയാളികൾ മാത്രമായിരുന്നു അന്ന് അവിടത്തെ യൂണിവേഴ്സിറ്റികളിൽ ഉണ്ടായിരുന്നത്. ആഗ്ര സെൻറ് ജോൺസ്, മദ്ധ്യപ്രദേശിലെ ഭോപ്പാലിലുള്ള സേഫിയ കോളജ്, എസ്. എസ്. എൽ. ജയിൻ കോളജ് തുടങ്ങിയ കോളജുകളാണ് അന്ന് മലയാളികൾ പഠിച്ചിരുന്ന ചില കോളജുകൾ. സി.എം.സി. ലുധിയാന പോലുള്ള കോളജുകളിൽ പഠിച്ചിരുന്ന നഴ്സിങ് വിദ്യാർഥിനികൾ ട്രെയിൻ യാത്രയിൽ പതിവായി കാണാമായിരുന്നു. പഠന ശേഷം കൂടുതൽ പേരും തിരികെ നാട്ടിൽ വന്ന് അധ്യാപകരായും മറ്റും ജോലി നേടി. പി.എച്ച്.ഡി, നെറ്റ്, സെറ്റ് ഒന്നും ഇല്ലാതെ കോളജ് അധ്യാപകരായി ജോലി നേടിയവർ ഏറെ. ഒരു വർഷത്തെ ബി.എഡ്. കോഴ്സ് കഴിഞ്ഞ് സ്കൂളുകളിൽ അധ്യാപകരായും പിന്നീട് ഹയർ സെക്കണ്ടറി സ്കൂളുകളിൽ അധ്യാപകരായവർ വേറെയും. കേരള പി.എസ്.സി. വഴി ജോലി കിട്ടിയ പല സുഹൃത്തുക്കളും ഇന്ന് റിട്ടയർമെന്റിന്റെ വക്കില്‍ നിൽക്കുന്നു. ഒരു പോസ്റ്റ് ഗ്രാജ്വേഷനോ അല്ലെങ്കിൽ ബി.എഡോ ഉണ്ടെങ്കിൽ അധ്യാപന ജോലി കിട്ടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്ന കാലമായിരുന്നു അന്ന്. പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടാൽ ജോലി ഏകദേശം ഉറപ്പുമായിരുന്നു. 

അന്ന് കേരളത്തിനു പുറത്തു പോയി പഠിക്കുന്നത് തന്നെ വിരളമായിരുന്നെങ്കിൽ ഇന്ന് കേരളത്തിനു പുറത്തെന്നല്ല ഇന്ത്യയ്ക്കു പുറത്തുപോയി പഠിക്കുന്നത് ഒരു ട്രെൻഡായി മാറിക്കഴിഞ്ഞിരിക്കുന്നു. ഉന്നത സാമ്പത്തിക നിലയിലുള്ളവരുടെ കുട്ടികൾ ചില വിദേശ യൂണിവേഴ്സിറ്റികളിൽ ഡിപ്ലോമ കോഴ്സുകളോ, മെഡിസിനോ ഒക്കെ പഠിച്ചിരുന്നെന്നത് മറക്കുന്നില്ല. റഷ്യയിലെ പല യൂണിവേഴ്സിറ്റികളിലും മെഡിസിൻ പഠിച്ചവർ ഇന്നും നാട്ടിലെ പല ആശുപത്രികളിലും ഡോക്ടർമാരായി സേവനം ചെയ്യുന്നുമുണ്ട്. പക്ഷേ, അതൊക്കെ ഒരു ചെറു വിഭാഗം മാത്രമായിരുന്നു. ഇന്ന് വിദേശത്തു പഠിക്കാൻ പോകുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുന്നു. കോവിഡാനന്തര കാലയളവിൽ പ്രത്യേകിച്ചും. ഏകദേശം ഒരു ഇരുപത് - ഇരുപത്തഞ്ച് ലക്ഷം രൂപ കൈയ്യിലുള്ള പല മാതാപിതാക്കളും തങ്ങളുടെ മക്കളെ ഒരു വിദേശ യൂണിവേഴ്സിറ്റിയിൽ പഠനത്തിനായി അയയ്ക്കുന്നു. വസ്തു വിറ്റും, ലോൺ എടുത്തും ഒക്കെ വിദേശ പഠനത്തിന് അയയ്ക്കുന്നവരും കുറവല്ല. കൂടുതലും യു.കെ, കാനഡ, ന്യൂ സീലാൻഡ് എന്നീ രാജ്യങ്ങളിലേക്കാണ് എന്നതാണ് വസ്തുത. പഠനത്തോടൊപ്പം ജോലിചെയ്ത് ചെലവിനുള്ള പൌണ്ടോ, ഡോളറോ കിട്ടുമെന്നത് ആശ്വാസകരമാണ്. പക്ഷേ എന്തു ജോലിയും ചെയ്യാൻ തയാറാകണമെന്നു മാത്രം.

രണ്ട് വർഷത്തെ സ്റ്റഡി വിസയാണ് സാധാരണയായി യു.കെ, കാനഡ എന്നീ രാജ്യങ്ങളിൽ ലഭിക്കുന്നത്. സ്റ്റഡി വിസ സ്റ്റാറ്റസ് മാറ്റി വർക്ക് വിസയാക്കി സ്ഥിരതാമസത്തിനുള്ള പെർമിറ്റ് ലഭിക്കുക എന്നതാണ് ഈ വിദേശ പഠനത്തിന്റെ പ്രധാന ലക്ഷ്യം. കൂടുതൽ കുട്ടികളും അതിൽ വിജയിക്കുന്നുമുണ്ട്. അങ്ങനെ സ്ഥിരതാമസത്തിനുള്ള പെർമിറ്റ് ലഭിക്കുന്ന ആരും തന്നെ തിരികെ നാട്ടിലേക്ക് വന്ന് സെറ്റിലാവൻ ആഗ്രഹിക്കുന്നെയില്ല എന്നതാണ് വസ്തുത. ഉന്നത ജീവിത നിലവാരവും, ജോലി സ്ഥലങ്ങളിൽ നിശ്ചിത സമയക്രമവും അങ്ങനെ തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഉള്ള ഈ രാജ്യങ്ങളിൽ നിന്നും ആർക്കാണ് തിരികെ നാട്ടിൽ വന്ന് സെറ്റില്‍ ചെയ്യാൻ തോന്നുക? ഇതു തന്നെയാണ് ഗൾഫ് നാടുകൾ ഒഴിച്ചുള്ള വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മിക്കവരുടെയും അവസ്ഥ. ഈ ലഭിക്കുന്ന സൗകര്യങ്ങൾ ഒക്കെ കളഞ്ഞിട്ട് എന്തിന്നു നാട്ടിൽ വരണം എന്നാണ് ഭൂരിപക്ഷവും ചിന്തിക്കുന്നത്. മറിച്ച് ചിന്തിക്കുന്നവർ ന്യൂനപക്ഷമാണെന്നു മാത്രം. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ വളരെ കുറച്ചു ദിവസത്തേക്കു വന്നു പോകുന്നതിനാണ് അവർക്ക് താൽപര്യം. ന്യൂജെൻ കുട്ടികൾക്ക് ഒട്ടുമേ താൽപര്യമില്ലതാനും.

ഇന്ന് കാലം മാറി, ജീവിത ശൈലിയിൽ മാറ്റങ്ങള്‍ വന്നു, മലയാളി അമ്പേ മാറിപ്പോയിരിക്കുന്നു! പല വീടുകളിലും ഇന്ന് വല്യപ്പച്ചനും വല്യമ്മച്ചിയും അല്ലെങ്കിൽ അച്ഛനും അമ്മയും മാത്രമാണുള്ളത്. കുറെ വർഷങ്ങൾക്ക് ശേഷം കേരളം വൃദ്ധരുടെ നാടായി മാറിയാൽ അതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. എത്രയോ വീടുകൾ ആൾ താമസമില്ലാതെ അനാഥപ്രേതം പോലെ കിടക്കുന്നു! വല്ലപ്പോഴും നാട്ടിൽ വന്ന് ചക്കപ്പുഴുക്കും കപ്പയും തിന്നാൻ കൊതിച്ചിരുന്നവർ ആയിരുന്നു മലയാളികൾ. എന്നാൽ ഇപ്പോൾ അവരവരുടെ രാജ്യങ്ങളിൽ പൗണ്ടോ, ഡോളറോ കൊടുത്താൽ ഇതെല്ലാം അവിടത്തെ ഇന്ത്യൻ ഷോപ്പുകളിൽ വാങ്ങിക്കാൻ കിട്ടുകയും ചെയ്യും. പിന്നെന്തിന് നാട്ടിൽ വന്ന് സെറ്റിലാകണം? മാരകവിഷമടിച്ച പച്ചക്കറികളും ഫലവർഗങ്ങളും കഴിക്കാനോ? വിദേശ രാജ്യങ്ങളിൽ പച്ചക്കറികളിലും ഫലവർഗങ്ങളിലും വിഷമടിക്കുന്നില്ല എന്നല്ല അതിനർഥം. അതിന് അതിന്റേതായ സമയങ്ങളും അളവുകളും ഉണ്ട്. കർശന നിയമങ്ങൾ ആണ് അതിനുള്ളതും അത് പാലിക്കുന്ന കർഷകരുമാണുള്ളത്.

നാട്ടിലാകുമ്പോൾ 56 അല്ലെങ്കിൽ 58 ആകുമ്പോഴെ റിട്ടയർമെന്റ് എടുക്കണം, എന്നാൽ യു.കെ. ഉൾപ്പെടുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നമ്മുടെ ആരോഗ്യസ്ഥിതി അനുവദിക്കുന്നത് വരെ ഏതു സ്ഥാപനത്തിലും ജോലി ചെയ്യാം. അത് 65 ആകാം അല്ലെങ്കിൽ എഴുപതാകാം. റിട്ടയർമെന്റിന് ഒരു നിശ്ചിത പ്രായം ഇല്ല എന്നു തന്നെ പറയാം. ഹെൽത്ത് ഇൻഷുറൻസുകൾ നിർബന്ധമായതിനാൽ, ആശുപത്രി ചികിത്സകൾക്കായി നാട്ടിലെപോലെ ഭീമമായ തുക ചെലവാക്കുകയും വേണ്ട. അഴിമതി രഹിതവും, നിയമങ്ങൾ പാലിക്കുന്നതുമായ ഒരു ജനസമൂഹവും, എല്ലാറ്റിനും ഉപരിയായി മറ്റുള്ളവരുടെ സ്വകാര്യതയെ ബഹുമാനിക്കുന്ന ഒരു രാജ്യത്തിൽ സ്ഥിര താമസമാക്കാൻ എന്തിന്നു രണ്ടാമതൊന്ന് ആലോചിക്കണം? ഇന്നത്തെ യുവജനങ്ങളും ഇതൊക്കെയാണ് ആഗ്രഹിക്കുന്നതും. കുറച്ച് വർഷങ്ങൾക്ക് മുൻപൊക്കെ നാട്ടിൽ വരുമ്പോൾ ആൾക്കാർ ചോദിക്കുന്നതും, നമ്മൾ പ്രതീക്ഷിക്കുന്നതുമായ ചോദ്യമായിരുന്നു, എന്നാണ് വന്നത് എന്നതും തിരികെ പോകുന്നത് എന്നാണ് എന്നതും. ഇന്നിപ്പോൾ എല്ലാവരും കാണുമ്പോൾ ചോദിക്കുന്നത് നാട്ടിൽ തിരികെ വന്നു സെറ്റിൽ ആകുമോ എന്നാണ്. അതെ, ഗൗരവമായി അതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു...  

(മാത്യു ഡാനിയേല്‍ - ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലുള്ള സ്വകാര്യ സ്കൂളിൽ അധ്യാപകനാണ് ലേഖകൻ.)

Content Summary: Malayalam Article written by Mathew Daniel

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS