മൗനം,
നമ്മെ ദുരന്തത്തിലേക്കു
വലിച്ചെറിയാൻ,
നരക കവാടത്തിലേക്കു
വലിച്ചിഴയ്ക്കാൻ
ആക്രോശിക്കുന്നവർക്കുള്ള
നിതാന്ത മറുപടി!
അകാരണ ശത്രുത്വത്തിനെതിരെ,
ആഞ്ഞടിക്കുന്ന
നമ്മുടെ ആത്മാവിന്റെ
നമുക്കായുള്ള
തരളമായ തലോടൽ!
മൗനം ഒരു മഹായാനം!
ആദി മധ്യാന്തങ്ങൾക്കപ്പുറത്തേക്ക്
തുഴയാൻ ഒരുമ്പെട്ടവന്റെ പ്രതിരോധം!!
കൽപിത ഉപരോധം....!
ഏകനും ശക്തനുമായവനെതിരെ
പടയണി കൂട്ടി
ശത്രുക്കൾ യുദ്ധകാഹളം
മുഴക്കവേ അവൻ
മൗനത്തിന്റ തമോഗർത്തങ്ങളിലേക്ക്
തനിയെ പായുന്നു....
വിധിയുടെ വിചാരണയേറ്റ്
വിധാതാവിനോട് വിയോജിച്ചു
തന്റെ വഴികളിൽ
സഹനത്തിന്റെ പരവതാനി
തലങ്ങും വിലങ്ങും വിരിച്ച്
അവൻ തന്റെ നെഞ്ചറയിൽ
കാത്തുവെച്ച പടക്കോപ്പുകൾ
ഒന്നൊഴിയാതെ കാണാ
ഗർത്തങ്ങളിലേക്ക് ആഞ്ഞെറിഞ്ഞു
മൗനത്തിന്റെ ഈറ്റില്ലത്തിലേക്കു
പായുന്നു.....!
അപ്പോഴും
പ്രകോപനത്തിന്റെ വിത്തുകൾ
പാറമേൽ വിതറി
അവർ കൂട്ടത്തോടെ
നമുക്കായ് കാത്തിരിക്കുന്നു..
ഉപവിയുടെ ഉറവയിൽ
ഉടയവൻ ഉരുക്കഴിച്ചു
നീതിമാനു നൽകിയ
രക്ഷാ ചാലകമാണ്
മൗനം..
അപരിചിതമായ വഴിയാത്രകളിൽ
നമുക്കായ് പതിയിരുന്നു
വാരിക്കുഴികൾ തീർത്തു
തീർപ്പു കൽപ്പിക്കുന്ന
ശത്രുവിന്റെ ആയുധപ്പുരയ്ക്ക്
തീ പൂട്ടാൻ പോന്ന മൗനം
സ്വന്തമാക്കാൻ
നമ്മെ നിയോഗിതമാക്കിയ
നിയന്താവിന്റെ നിതാന്ത
കരുതലിന്റെ
കാവൽപ്പുരയാണ് നമ്മിൽ
കുടിയിരിക്കുന്ന കനത്ത മൗനം....!
മൗനത്തിന്റെ കൽചീളുകൾ
തുരുതുരെ വാരിയെറിഞ്ഞു
നാം കിടങ്ങൊരുക്കി
നെഞ്ച് കടഞ്ഞു വീണ
ചോരച്ചാലിൽ നീന്തി
ജീവിതമെന്ന
സമവായത്തിലേക്ക്
നടന്നടുക്കുന്നു,
എന്തിനോ.....!
എന്തിനോ....!
Content Summary: Malayalam Poem ' Mounam ' written by Salomi John Valsan