ADVERTISEMENT

വെളുത്ത ചുവരുകളുള്ള മുറി. ഭിത്തിയിൽ രണ്ടിടങ്ങളിൽ ജനാലകളുണ്ട്. മൂന്നു ജനലുകളാണ് ഒരു ഭിത്തിയിൽ. മറ്റേതിൽ രണ്ടും. ജനാലകൾക്കു കുറുകെയുള്ള പതിമൂന്നു മഞ്ഞ ജനലഴികളെ മറഞ്ഞു ചുവന്നനിറമുള്ള കർട്ടൻ കിടക്കുന്നു. കർട്ടൻ മാറ്റിയാൽ ചില്ലുജാലകത്തിനുമപ്പുറം റബർമരങ്ങളുടെ ശിഖരങ്ങൾ കാണാം. പക്ഷേ, അടച്ചിട്ട മുറിയിൽ തനിച്ചിരിക്കുന്ന എനിക്കിപ്പോൾ ആ ജനാല തുറക്കാൻ ഒട്ടും താൽപര്യം തോന്നുന്നില്ല. എങ്കിലും ജനലഴികളിലേക്ക് എന്റെ ശ്രദ്ധ ഞാൻ പോലുമറിയാതെ ഇടയ്ക്കിടയ്ക്കു പതിക്കുന്നു. അതിന്റെ എണ്ണമാണ് എന്നെ അസ്വസ്ഥനാക്കുന്നത്. പതിമൂന്ന്! ജനാലകൾ തുറന്നിട്ടാൽ ഒട്ടുപാലിന്റെ മണമുള്ള കാറ്റ് അകത്തേക്കടിച്ചു കയറും. അത് റബർതോട്ടത്തിൽ നിന്നാണോ ഓർമ്മകളിൽ നിന്നുമാണോ എന്നെനിക്കു നിശ്ചയംപോരാ. ഒട്ടുപാലിന്റെ മണം, അതെന്റെ അപ്പന്റെ മണമാണ്. എങ്കിലും ആ ജനാലകൾ ഞാൻ തുറക്കുകയില്ല. അതിന്റെ കാരണവും പതിമൂന്നാണ്. ജനാല തുറന്നാൽ എന്റെ കാഴ്ചയിൽപെടുക പതിമൂന്നു റബർമരങ്ങളാണ്! പതിമൂന്നിനെ ഞാൻ വെറുക്കുന്നു.

വെള്ളച്ചുവരിൽ കള്ളികള്ളിയായ് തിരിച്ച കബോർഡിനുള്ളിൽ പച്ചനിറമുള്ള ഒരു വാട്ടർബോട്ടിൽ, മാതാവിന്റെ ചെറിയൊരു രൂപം. ഒരു ലോങ്സ്കെയിൽ, സ്കെച്ചു പേനകൾ, സ്റ്റാപ്ലെയറുകൾ, സെല്ലോടേപ്പ്, മിക്കിമൗസിന്റെ പടമുള്ള റൈറ്റിംഗ് പാഡ്, തുടങ്ങിയവ ക്രമമില്ലാതെ അട്ടിയടുങ്ങിയിരിക്കുന്നു. പിന്നെ ഏതാനും വാച്ചുകളും കൊന്തകളും പ്രാർഥനാ പുസ്തകങ്ങളും മറ്റും. അലങ്കോലമായി കിടക്കുന്ന വസ്തുവകകളെ അടുക്കിപ്പെറുക്കണമെന്ന് ഇടയ്ക്കൊക്കെ തോന്നാതില്ല. "ചുളിവുകളില്ലാതെ വിരിക്കുന്ന ബെഡ്ഷീറ്റ്, അടുങ്ങിയിരിക്കുന്ന വസ്തുവകകൾ, എല്ലാം മനസ്സിന് അകാരണമായ ശാന്തത നൽകുമെന്ന്" കോളജു പഠനകാലത്തൊരിക്കൽ ഒരു മോട്ടിവേഷണൽ സ്പീക്കർ പറഞ്ഞതോർക്കുന്നു. എങ്കിലും ഇപ്പോൾ ഒരടുക്കിപ്പെറുക്കലിനു ഞാൻ ഭയപ്പെടുന്നു. കാരണം. അവയുടെ എണ്ണം പതിമൂന്നാണ്.

ഈ മുറിയിൽ ഞാൻ തനിച്ചിരിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ പതിമൂന്നു ദിവസങ്ങളായി. ഇടയ്ക്കു ഭക്ഷണം വാങ്ങാൻ മാത്രം പുറത്തുപോകും. ആൾക്കാരെ കാണാനും സംസാരിക്കാനും എനിക്കു വല്ലാത്ത വിരക്തി തോന്നാറുണ്ട്. അതിനേക്കാളുമൊക്കെ ഭയാനകമായ ഒരു കാര്യം എന്നെ ഇപ്പോൾ അലട്ടുന്നു. പതിമൂന്ന്. അതൊരു വല്ലാത്ത സംഖ്യയാണ്. ക്രിസ്തുരാജാ മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം ഡോക്ടർ വിനോദിനിയുടെ റൂം നമ്പർ. ഡോക്ടറെയൊന്നു കണ്ടാൽ ഈ ഡിപ്രഷനെ ഒന്നോവർകം ചെയ്യാൻ കഴിയുമായിരിക്കും. പക്ഷേ വയ്യ. ബസ്സ്ടിക്കറ്റിനു കൊടുക്കേണ്ട പതിമൂന്നു രൂപ, ബസ്സിലെ പതിമൂന്നു യാത്രക്കാർ.. എനിക്കെന്താ പറ്റിയതെന്നു നിങ്ങൾ ചിന്തിക്കുന്നു. ഞാനൊരു കാര്യം മാത്രം നിങ്ങളോടു സത്യസന്ധമായി പറയാം. പതിമൂന്ന് - അതൊരു വൃത്തികെട്ട നമ്പറാണ്!

ഡിപ്രഷനും അനിയന്ത്രിതമായ ചിന്തകൾക്കും ദീർഘകാലമായി മരുന്നുകൾ കഴിക്കുന്ന ഞാനിപ്പോൾ ടൗൺഷിപ്പിൽനിന്നും വിട്ടുമാറി ദൂരെ, വളരെദൂരെയൊരു നാട്ടിൻപുറത്തെ ചെറിയവീട്ടിൽ ഏകനായിരിക്കുന്നു. എന്റെ ടേബിളിൽ അടുത്തിടയ്ക്ക് ആമസോണിൽനിന്നും ഞാൻ വാങ്ങിയ ഇനി പറയുമോ ജീവിതത്തിൽ ഒരൽപം ജീവിതം ബാക്കിയില്ല എന്ന പുസ്തകമിരിക്കുന്നുണ്ട്. ഏറെ മോഹിച്ചു വാങ്ങിയ പുസ്തകമാണ്. ചുവന്ന നാരങ്ങാമിഠായികളെ ഉറുമ്പുകളരിക്കുന്ന വെളുത്ത പുറംചട്ടയുള്ള പുസ്തകം. ആ പുസ്തകം ജീവിക്കാൻ ഒട്ടനവധി പ്രതീക്ഷകൾ നൽകുമെന്ന് ആരോ എന്നോടു പറഞ്ഞു നിർബന്ധിച്ചു വാങ്ങിപ്പിച്ചതാണ്. എങ്കിലും ഞാനാ പുസ്തകം മൊത്തമായി വായിച്ചില്ല. അതിനു മുൻപേ വെളുത്ത കവറിലെ കൂനനുറുമ്പുകൾ എന്നെ അസ്വസ്ഥനാക്കി. അവയുടെ എണ്ണം, അവയുടെ എണ്ണവും പതിമൂന്നാണ്...

ഞാൻ ഡിഗ്രി ബിബിഎ കംപ്ലീറ്റാക്കിയത് ഇഗ്നുവാ യൂണിവേഴ്സിറ്റിയിൽ നിന്നാണ് (എന്റെ എക്സാം രജിസ്റ്റർ നമ്പർ പതിമൂന്നായിരുന്നു) അതിനു മുൻപു ഞാൻ നിറയെ ചില്ലുജനാലകളുള്ള, ഒരു സ്കൂളിൽ - തീവണ്ടികളുടെ നീലനിറമുള്ള കമ്പാർട്ടുമെന്റുകളെ ഓർമ്മിപ്പിക്കുന്ന ഒരു ക്ലാസ്സ്മുറിയിൽ എന്റെ പ്ലസ്ടു പഠനം പൂർത്തിയാക്കി. സൈലൻസ് - അതായിരുന്നു എന്റെ പ്രത്യേകത. ഒരാൾക്ക് ഏറിയാൽ എത്ര സമയം നിശ്ശബ്ദനായിരിക്കാൻ സാധിക്കുമെന്നു നിങ്ങൾ കരുതുന്നു? നീലനിറമുള്ള ക്ലാസ്സ്മുറിയിൽ ബാസ്ക്കറ്റ് ബോൾ വീണുപൊട്ടിയ ചില്ലുജാലകത്തിനുമപ്പുറം മാതാവിന്റെ ഗ്രോട്ടോയും, ഇളംറോസ്നിറമുള്ള പള്ളിയും കാണുമ്പോൾ, പള്ളിയുടെ പുറകിലെ റബർമരങ്ങൾക്കിടയിലെ വെളുത്ത മതിൽക്കെട്ടുള്ള സെമിത്തേരിയുടെ ഓർമ്മമാത്രം നെഞ്ചിനെ പിടിച്ചുകുലുക്കാൻ തുടങ്ങിയാൽ നിങ്ങളെന്തു ചെയ്യും?

ആ മാതാവിന്റെ ഗ്രോട്ടോയും പള്ളിയും നയനമനോഹരങ്ങളാണ്. മാതാവ് - വെള്ള വസ്ത്രത്തിനുമുകളിൽ ആകാശനീലനിറമുള്ള അങ്കിയണിഞ്ഞ് തലകുനിച്ച് തന്റെ കാൽച്ചുവട്ടിൽ വിരിഞ്ഞ കുഞ്ഞുകുഞ്ഞു മന്ദാരങ്ങളെയും കമ്മൽച്ചെടികളെയും ആശ്ലേഷിക്കുവാനെന്നവണ്ണം കൈകൾ താഴ്ത്തി തുറന്നുപിടിച്ചു നിൽക്കുന്നു. ക്ലാസ്സ്മുറിയിൽനിന്നും നോക്കിയാൽ മാതാവിന്റെ ഉദ്യാനത്തിലെ കൃത്രിമനിർമ്മിത കുളത്തിൽ വെള്ളം കുടിക്കാനെത്തുന്ന പക്ഷികളെയും, ഗ്രോട്ടോ അലങ്കരിക്കുവാൻ സ്ഥാപിച്ചിരിക്കുന്ന ഡയമെൻഡാകൃതിയിൽ നീലയും പച്ചയും ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള ബൾബുകളിൽ ആർത്തു പെയ്തമഴയ്ക്കുശേഷം വിരിയാൻ തുടങ്ങുന്ന മഴവില്ലുകളെയും നിങ്ങൾക്കു കാണാം.

ഇനി പള്ളിയിലേക്കു നോക്കുകയാണെങ്കിൽ  ചരൽ വിരിച്ച വലിയ മുറ്റവും, പറക്കുന്ന മാലാഖമാരുടെ പടങ്ങളുള്ള പള്ളിയുടെ മുൻഭാഗവും - കണ്ണാടിഫലകങ്ങളിൽ പതിപ്പിച്ച മാലാഖമാരുടെ പടങ്ങളിൽ പ്രതിഫലിക്കുന്ന സ്കൂളിന്റെ നീലനിറവും നിങ്ങൾക്കു വിദൂരതയിൽ കാണാം. ഇത്രയും സൗന്ദര്യമാർന്ന കാഴ്ചകൾ കൺവെട്ടത്തുണ്ടാകുമ്പോൾ നിങ്ങൾക്കൊരിക്കലും പള്ളിയുടെ പുറകിലെ കല്ലറയെ ഓർമ്മയിൽ സൂക്ഷിക്കേണ്ട കാര്യമില്ല. എങ്കിലും എന്റെ ഓർമ്മയിൽ എപ്പോഴും ആ സെമിത്തേരി മാത്രമാണ്. പ്ലസ്ടു കഴിഞ്ഞു കോളജിൽ ചേർന്നപ്പോഴും എന്തിലും ഏതിലും ഞാനാ സെമിത്തേരിയെ കണ്ടെത്തി. സെമിത്തേരിയിലെ പതിമൂന്നു കല്ലറകൾ എന്റെ ഏതൊരു കാഴ്ചയിലും നിറഞ്ഞു. പതിമൂന്ന് ക്ലാസ്സ്മുറികൾ. ഞാൻ റോൾ നമ്പർ പതിമൂന്ന്. ഇന്നലെ ഭക്ഷണം മേടിക്കാൻ പുറത്തു പോയപ്പോൾ അലമാരയിൽ പതിമൂന്ന് പഴംപൊരികൾ, തിരിച്ചുവരുന്ന വഴി പതിമൂന്നു പോസ്റ്റുകൾ. പതിമൂന്നു വീടുകൾ. കോളജുപഠനം കഴിഞ്ഞ് ഈ മുറിയിൽ ചുമ്മാതിരിക്കുമ്പോള്‍ പോലും പതിമൂന്ന് എന്നെ എത്രമാത്രം അസ്വസ്ഥമാക്കുന്നു എന്നു നോക്കൂ. ജനലഴികൾപോലും പതിമൂന്ന്. പതിമൂന്ന്.. പതിമൂന്ന്. പതിമൂന്നിനെ ഞാൻ വെറുക്കുന്നു.

എന്റെ അപ്പനു റബർവെട്ടലായിരുന്നു ജോലി. എന്റെ പതിമൂന്നാമത്തെ വയസ്സിലാണ് അപ്പനെ ഞാൻ ആദ്യമായി കാണുന്നത്. നിർത്താതെ മഴ പെയ്തു കൊണ്ടിരുന്ന ഒരു രാത്രിയായിരുന്നത്. സന്ധ്യാപ്രാർഥന കഴിഞ്ഞ് ക്രൂശിതന്റെ മുന്നിലെ തിരിയൂതിക്കെടുത്തിയ അമ്മച്ചി പുറത്തു വാതിലിലെ മുട്ടൽശബ്ദം കേട്ടു തിരി വീണ്ടും കത്തിച്ചു. ചാറ്റൽമഴ നനച്ചിട്ട നീളൻവരാന്തയിൽ മെലിഞ്ഞയൊരു റബർമരം പോലെ നിക്കുന്നയൊരു മനുഷ്യൻ. ആറടി പൊക്കം. "ദൈവമേ നിങ്ങളോ"- വിളിക്കൊപ്പം അമ്മച്ചിയുടെ കൈയ്യിൽനിന്നും മണ്ണെണ്ണവിളക്കു താഴെ വീണു. അപ്പനെ ഞാൻ കൗതുകപൂർവ്വം നോക്കിക്കാണിക്കുകയായിരുന്നു. അപ്പൻ അമ്മച്ചിയെ ഇട്ടുതള്ളി പോയതാണെന്നാണ് ഓർമ്മവച്ച നാൾമുതൽ കേൾക്കുന്ന കഥ. അന്നും ഇതുപോലെ മഴയുള്ള ഒരു രാത്രിയായിരുന്നു പോലും. എന്തായാലും ഇനി സ്കൂൾ വരാന്തയിൽവച്ചു തന്തയില്ലാത്തവനേ എന്ന വിളി കേൾക്കേണ്ടി വരില്ല. അപ്പൻ, എന്റെ അപ്പൻ. ഞാനാ രൂപത്തെ ഏറെനേരം അന്ന് കൗതുകത്തോടെ നോക്കി നിന്നു.

എങ്കിലും എന്റെ അകാരണമായ നിശ്ശബ്ദത അപ്പനെ ഭ്രാന്തു പിടിപ്പിച്ചു. അല്ലെങ്കിലും എന്തായിരുന്നു എന്റെ നിശ്ശബ്ദതയ്ക്കു കാരണം? എന്താണെന്റെ പ്രശ്നം? ഒരോ മഴത്തുള്ളികളും പവിഴാകൃതിയിൽ ഈ പുൽത്തുമ്പിന്റെ മുനകളെ ചുംബിച്ചു മഴവില്ലുകളാകുന്നതിനോടൊപ്പം ആ മഴത്തുള്ളി മരിക്കുന്നുവെന്നറിയാത്ത ഷഡ്പദമാണോ ഞാൻ? ചുവന്ന തുമ്പികളെ നൂലിൽ കെട്ടിത്തന്ന വെളുത്തു മെലിഞ്ഞ കരങ്ങളുടെ ഉടമയെ മറന്ന ഒരു ക്രൂരനാണു ഞാനെന്നു നിങ്ങൾ കരുതുന്നുവോ? ആരെയോ കൊല്ലുവാനുറച്ച് നിവർത്തിയുപയോഗിക്കാവുന്ന സ്പ്രിംഗ് ആക്ഷൻ കഠാര ബർമുഡയുടെ അരയിൽ തിരുകി താനേ ചിരിച്ചും വർത്തമാനം പറഞ്ഞും വണ്ടിയോടിച്ചു പോകുന്ന ഞാൻ, പാവം ഞാൻ ഒരു മാനസ്സികരോഗിയാണെന്നും മരുന്നുകളെ മക്കളെ പോലെ വയറ്റിലോമനിക്കുന്നുവെന്നും നിങ്ങൾ വിശ്വസിക്കുന്നുവോ? ഇല്ലല്ലോ? അപ്പോൾ എന്റെ നിശ്ശബ്ദതയ്ക്കു പ്രശ്നമില്ല.

റബർമരങ്ങൾക്കിടയിലൂടെ ഒട്ടുപാലു പൊളിച്ചു നടക്കുമ്പോൾ ഒരു ഗുഹയ്ക്കുള്ളിൽനിന്നും കണ്ടെടുക്കുന്ന നിശ്ശബ്ദതയുടെ പതിമൂന്ന്.. അല്ല. കുപ്പായങ്ങളെ ഞാനണിയുന്നതിൽ എന്താണു തെറ്റ്. പക്ഷേ അതിന് അങ്ങേരെന്നെ കളിയാക്കേണ്ട ആവശ്യമില്ലായിരുന്നു. എവിടെനിന്നോ ഏതോ മഴ പെയ്യുന്ന രാത്രിയിൽ തൊട്ടാവാടികൾ കൂമ്പാൻ തുടങ്ങുന്ന മണമുള്ള ഒരു വരാന്തയിൽ dfgu ok k (സോറി) കൂൺ പോലെ പ്രത്യക്ഷപ്പെട്ട ഒരു മനുഷ്യൻ എന്റെ അപ്പൻ - അയാൾക്കെന്തധികാരം പതിമൂന്നുവർഷമെന്റെ മനസ്സിൽ വളർന്ന നിശ്ശബ്ദതയുടെ കന്നേരകളെ പറിച്ചു കളയാൻ. അന്നേ ഞാനയാൾക്കു വേണ്ടിയുറപ്പിച്ചതാണ് ഒരു പതിമൂന്നിനെ. വെള്ളപൂശിയ ഇടവകപ്പള്ളിയിലെ മനുഷ്യനെ ഉണക്കിയെടുക്കാൻ അടച്ചുവയ്ക്കുന്ന സെമിത്തേരിയിൽ ഇനിയും ഫില്ലു ചെയ്തിട്ടില്ലാത്ത ആ കല്ലറയെ. പതിമൂന്നാം നമ്പർ കല്ലറയെ! 

നിങ്ങൾക്കീ കഥയിൽ ഒരുപാടു ചോദ്യങ്ങളവശേഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. ഞാൻ അപ്പനെ കൊന്നോ, എന്താണു പതിമൂന്നിന്റെ രഹസ്യം എന്നിങ്ങനെ നീളുമവ. നിങ്ങളൊരു ഭാവനാസമ്പന്നനാണെങ്കിൽ എങ്ങനെ ഈ കഥയെ കൂടുതൽ നന്നായി അവതരിപ്പിക്കാമെന്ന് എന്നെ ഉപദേശിക്കാനും സാധ്യതയുണ്ട്. എങ്കിലും ഞാൻ കഥയുടെ ഇടയിൽ പറഞ്ഞയൊരു കാര്യം നിങ്ങൾ മറന്നിട്ടില്ലെന്നു ഞാൻ കരുതുന്നു. എന്റെ ചിന്തകൾ അനിയന്ത്രിതമാണ്. എന്റെ നിശ്ശബ്ദത അഗ്നിപർവ്വതം പൊട്ടുന്നതിനുമുൻപുള്ള ലാവാപ്രവാഹം പോലെയാണ്. ക്രിസ്തുരാജാ മെഡിക്കൽ കോളജിലെ സൈക്യാട്രിസ്റ്റ് വിനീതയുടെ (പേരു മാറിപ്പോയോ എന്നെനിക്കു ചെറിയ സംശയമുണ്ട് ) ട്രീറ്റ്മെന്റിനു പോകാൻ മടിച്ച്, വീടിനു പുറത്തിറങ്ങാൻ മടിച്ച്, പതിമൂന്നിന്റെ ജയിലഴികളെ ഓർമ്മിപ്പിക്കുന്ന ജനലഴികളുള്ള വിദൂരഗ്രാമത്തിൽ ഒരു ചെറിയ മുറിയിൽ ഒറ്റപ്പെട്ടു ഞാൻ ജീവിക്കുന്നു. 

എനിക്കു നിങ്ങളോടൊരു കാര്യമേ പറയാനുള്ളൂ. അതൊരു താക്കീതാണ്. നിശ്ശബ്ദതയെ മുഖാവരണമാക്കിയ ആരെങ്കിലും നിങ്ങളുടെ പരിചയത്തിലുണ്ടെങ്കിൽ അവരെ സൂക്ഷിച്ചു കൊള്ളുക (പ്രത്യേകിച്ചും അവർ ബർമുഡകൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ)അവർ ഒരു പതിമൂന്നായിരിക്കും. അല്ലെങ്കിൽ ഒരു പതിമൂന്നിനെ അവർ നിങ്ങൾ പോലുമറിയാതെ നിങ്ങൾക്കുവേണ്ടി ബുക്കു ചെയ്തിട്ടുണ്ടാകും. അതിന്റെ കാരണങ്ങൾ വളരെ നിസ്സാരവും, നിങ്ങളൊട്ടും പ്രതീക്ഷിക്കാത്തതുമായിരിക്കും. ഒരു വാഹനത്തിന്റെ ഇരമ്പൽ. ഞാൻ പല്ലുകടിച്ചുകൊണ്ടു ജാലകവിരി മാറ്റി നോക്കി. അതൊരു പൊലീസ്ജീപ്പാണ്. അതിന്റെ നമ്പർ പതിമൂന്നിൽ തുടങ്ങുന്നു. പതിമൂന്ന്. അതൊരു നാശംപിടിച്ച നമ്പറാണ്.

Content Summary: Malayalam Short Story ' Pathimoonnam Number Kallara ' written by Grince George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com