ഭാവിയിൽനിന്നു വന്നയാൾ; ' എന്റെ ഭാര്യയെ കാണാനാണ് ഞാൻ വന്നത്, അത് നീയാണ്, നമുക്കൊരു മകളുണ്ട്..'

HIGHLIGHTS
  • ടൈം ട്രാവൽ (കഥ)
899640860
SHARE

കോളജ് കാലഘട്ടം അവസാനിക്കുന്ന ദിവസമാണ് ഇന്ന്. വേർപിരിയലിന്റെ നൊമ്പരങ്ങൾ അവിടെയാകെ പടർന്നു കൊണ്ടിരുന്നു. നടക്കാതെ പോയ ഇഷ്ടങ്ങളുടെയും സ്വപ്നങ്ങളുടെയും വേദനകൾ പങ്കിടുന്നവർ. എനിക്കുവേണ്ടി കാത്തിരിക്കില്ലേ എന്ന് ചിലർ. തുടർ പഠനങ്ങളുടെ ചർച്ചകൾ നടക്കുന്നു. ശത്രുക്കൾ മിത്രങ്ങളാകുന്നു.   പരസ്പരം കെട്ടിപിടിക്കലിന്റെയും ക്ഷമ പറച്ചിലിന്റെയും, കുമ്പസാരങ്ങളുടെയും വേദിയായി മാറുന്ന കാഴ്ച. ജീവിതത്തിലെ മനോഹരമായ ഒരു കാലം അവസാനിക്കുന്നു എന്ന് എല്ലാവർക്കും ബോധ്യമാകുന്ന ദിവസം. ക്രിസ്റ്റൽ പതുക്കെ മരത്തിന്റെ ചുവട്ടിലേക്ക് നടന്നു. എല്ലാവരോടും യാത്ര പറഞ്ഞു. ഈവ എവിടെ? യാത്ര പറയുന്നതിന്റെ തിരക്കിലാവും. എന്തായാലും വെയിറ്റ് ചെയ്യാം. അവൾ ആ മരച്ചുവട്ടിൽ ഇരുന്നു. താനും, ഈവയും പതിവായി ഇരുന്നു സൊള്ളുന്ന സ്ഥലം. എല്ലാം മിസ്സ് ആകും. എന്തെല്ലാം വർത്തമാനങ്ങൾ, തമാശകൾ അവൾ ഓർത്തു. ക്രിസ്റ്റൽ ഞാൻ നിന്നെ തിരയുകയായിരുന്നു. ക്രിസ്റ്റൽ തിരിഞ്ഞു നോക്കി. ഈവയായിരുന്നു. ഈവ അടുത്ത് വന്നിരുന്നു. അവർ പരസ്പരം നോക്കി. "നമ്മൾക്കെല്ലാം മിസ്സാകും അല്ലെ? ഈ മരവും, ഇലകളും, കാറ്റും എല്ലാം.." ഈവ പറഞ്ഞു നിർത്തി. "ഉം.." ക്രിസ്റ്റൽ മൂളി. "നീ എന്നാണ് ബാംഗ്ലൂർക്കു പോകുന്നത് ഈവ?" ക്രിസ്റ്റൽ ചോദിച്ചു. "അടുത്ത ആഴ്ച." ഈവ പറഞ്ഞു. "റിസൾട്ട് വരുമ്പോഴേക്കും ഹയർ സ്റ്റഡീസിന്റെ കാര്യങ്ങൾ നോക്കി വെയ്ക്കണമെന്നുണ്ട്." ഈവ പറഞ്ഞു നിർത്തി. "നീയോ ക്രിസ്റ്റൽ?" "വീട്ടുകാർ എപ്പോഴേ കല്യാണാലോചനകൾ തുടങ്ങിയിട്ടുണ്ട്. എനിക്കും ഹയർ സ്റ്റഡീസിന് വലിയ താൽപര്യമില്ലെന്ന് നിനക്കറിയാമല്ലോ?" അവരുടെ വർത്തമാനങ്ങൾ തുടർന്നു കൊണ്ടിരുന്നു. കോളജ് ക്യാമ്പസ് പതുക്കെ ശൂന്യമായികൊണ്ടിരുന്നു. 

ക്രിസ്റ്റലും ഈവയും പരസ്പരം കെട്ടിപിടിച്ചു. ഒരു വിതുമ്പലോടെ അവർ കോളജ് ക്യാമ്പസിനോട് യാത്ര പറഞ്ഞു. ക്രിസ്റ്റൽ വീട്ടിലെത്തി. കോളജിലെ വിശേഷങ്ങൾ ഡാഡിയോടും മമ്മിയോടും ഒപ്പം പങ്കു വെച്ചു. രാത്രി ഡിന്നറിനു ശേഷം ക്രിസ്റ്റൽ മുകളിൽ തന്റെ റൂമിലേക്ക് പോയി. ഉറക്കം വരുന്നില്ല. ഈവയെ വിളിക്കണോ? വേണ്ട അവൾ ഉറങ്ങി കാണും. എന്തോ ഒരു മൂഡില്ലായ്മ. ക്രിസ്റ്റൽ ടെറസ്സിലേക്കുള്ള വാതിൽ തുറന്നു. രാത്രിയിൽ ഇവിടെ വന്നു നിൽക്കാറുണ്ട്. അവൾ ടെറസ്സിൽ ഉലാത്തുവാൻ തുടങ്ങി. രാത്രി അങ്ങനെ ഒരു നടത്തം പതിവുള്ളതാണ്. നടന്നുകൊണ്ടിരിക്കുമ്പോൾ അനന്തമായി പരന്നു കിടക്കുന്ന ആകാശത്തിലേക്കു അവൾ കണ്ണുകൾ പായിക്കും. ക്രിസ്റ്റലിനു അതൊരു ഹരമാണ്. ഇന്ന് എന്തോ ഒരു പ്രത്യേകത ഉണ്ട് ആകാശത്തിനു എന്ന് അവൾക്കു തോന്നി. പ്രകൃതി എന്തിനോ വേണ്ടി തയാറെടുക്കുന്നതു പോലെ. ചുറ്റുപാടുള്ള വീടുകളിലെ ലൈറ്റുകളെല്ലാം അണഞ്ഞിരുന്നു. നക്ഷത്രങ്ങളില്ലാത്ത ആകാശം ഒരു ചിത്രകാരന്റെ ഒഴിഞ്ഞ ക്യാൻവാസിനെ ഓർമിപ്പിച്ചു. മനസ്സ് ശാന്തമായി ശൂന്യതയിലേക്ക് തിരിഞ്ഞു. അവിടെ അങ്ങ് ദൂരെ ആകാശത്തിൽ അവളുടെ കണ്ണുകൾ എന്തിലോ തങ്ങി നിന്നു. അങ്ങ് ആകാശത്തിൽ പൊട്ടു പോലെ എന്തോ തിളങ്ങുന്നത് അവൾ കണ്ടു. നടത്തം അവസാനിപ്പിച്ചു ക്രിസ്റ്റൽ ആ പ്രകാശത്തിലേക്ക് തന്നെ നോക്കികൊണ്ട് നിന്നു. അത് ചലിച്ചു കൊണ്ടിരുന്നു. അത് മുമ്പിലേക്ക് വരുന്നതായി അവൾക്കു തോന്നി. അല്‍പം ഭയം ഉള്ളിൽ പൊടിഞ്ഞു. അത് തന്റെ അടുത്തേക്കാണ് വരുന്നതെന്ന് അവൾക്കു മനസിലായി. അടുക്കുംതോറും ആ പ്രകാശത്തിന്റെ വലിപ്പം വർധിച്ചു കൊണ്ടിരുന്നു. പ്രകൃതി നിശബ്ദമായി. നേരിയ കാറ്റ് അവളുടെ മുഖത്തേക്കു അടിച്ചു കൊണ്ടിരുന്നു. അവളുടെ മുടിയിഴകൾ പാറി പറന്നു കൊണ്ടിരുന്നു. 

ആ പ്രകാശം പതിയെ അവളുടെ അടുത്തേക്ക് വന്നു കൊണ്ടിരുന്നു. അവളെ തൊട്ടുരുമ്മി  അവളുടെ മുമ്പിൽ നിന്നു പ്രകാശിച്ചു കൊണ്ടിരുന്നു. ക്രിസ്റ്റൽ ഏതോ ലോകത്തിലെന്നപോലെ ചലനമറ്റു ആ പ്രകാശത്തെ നോക്കി കൊണ്ടിരുന്നു. ആ പ്രകാശം പതിയെ രൂപം മാറി കൊണ്ടിരുന്നു. അതൊരു മനുഷ്യ രൂപമായി അവളുടെ മുമ്പിൽ നില കൊണ്ടു. ഇളം നീല നിറത്തിലുള്ള ടീ ഷർട്ടും, നീല കളർ ജീൻസും ധരിച്ച ഒരാൾ. അലസമായി ഇട്ടിരിക്കുന്ന മുടിയിൽ അല്‍പം നര  കയറി തുടങ്ങിയിരുന്നു. ഏകദേശം ഒരു അമ്പതു വയസിനു മുകളിൽ പ്രായം ഉണ്ടെന്നവൾക്കു തോന്നി. അവൾ ഭയന്നു. നിലവിളിക്കാൻ ശബ്ദം പുറത്തു വന്നില്ല. ക്രിസ്റ്റൽ രണ്ടടി പുറകോട്ടു വെച്ചു. പേടിക്കേണ്ട. അയാൾ ചിരിച്ചു. അവളുടെ ആകാംക്ഷക്ക് വിരാമമിട്ടു അയാൾ തുടർന്നു "ഹായ്.. ഞാൻ റിച്ചാർഡ്. റിച്ചാർഡ്  സ്റ്റീവൻസെൻ." അയാൾ കൈ നീട്ടി. "ഹായ്.." ഏതോ ഒരു പ്രേരണയിലെന്നപോലെ ക്രിസ്റ്റൽ അയാൾക്കു കൈ കൊടുത്തു. "ഞാൻ വരുന്നത് ഇരുപത്തിയേഴു  വർഷങ്ങൾക്കു ശേഷമുള്ള കാലത്തിൽ നിന്നുമാണ്. അതായതു ഇയർ 2050 ൽ നിന്നു." അയാൾ തുടർന്നു. ക്രിസ്റ്റൽ ഇമ വെട്ടാതെ അയാളെ നോക്കി നിന്നു. "ക്രിസ്റ്റൽ നീ എന്റെ ഭാര്യയാണ്. അതായതു ക്രിസ്റ്റലിന്റെ ഭൂതകാലത്തിലേക്ക് വന്നതാണ് ഞാൻ. ഒന്ന് കണ്ടിട്ട് പോകാൻ. അത്ര മാത്രം." ക്രിസ്റ്റൽ ചലനമറ്റു നിന്നു. ചുണ്ടുകൾ വരണ്ടു. പിന്നെ പതുക്കെ യാഥാർഥ്യത്തിലേക്ക് മനസ്സിനെ കൊണ്ട് വന്നു. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ക്രിസ്റ്റൽ വിറച്ചുകൊണ്ട് ഒരു വിധം പറഞ്ഞൊപ്പിച്ചു. "നമുക്ക് അൽപം ഇരുന്നാലോ?" റിച്ചാർഡ് പറഞ്ഞു. അവിടെയിട്ടിരുന്ന രണ്ടു ചെയറുകളിലൊന്നിൽ റിച്ചാർഡ് ഇരുന്നു.

"ക്രിസ്റ്റൽ ഇരിക്ക്." റിച്ചാർഡ് ചെയർ ചൂണ്ടി കാണിച്ചു. ക്രിസ്റ്റൽ റിച്ചാർഡിനെ നോക്കി കൊണ്ട് തന്നെ ചെയറിൽ ഇരുന്നു. റിച്ചാർഡ് തുടർന്നു. "അതെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ക്രിസ്റ്റൽ ഇപ്പോൾ 2023 ൽ ആണ്. എന്നെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റൽ കഴിഞ്ഞു പോയതാണ്. ഞാൻ നിനക്ക് ഇനി സംഭവിക്കാനിരിക്കുന്നതും. 2023 മെയ് 25 നു ആണ് ഞാൻ ക്രിസ്റ്റലിനെ വിവാഹം കഴിച്ചത്." റിച്ചാർഡ് തുടർന്നു. ക്രിസ്റ്റൽ ഒരു ഫിക്ഷൻ സിനിമയിലെന്നപോലെ അയാൾ പറഞ്ഞത് കേട്ട് കൊണ്ടിരുന്നു. "ഇനി പറയാം. ഞാൻ വരുന്നത് ഓസ്ട്രേലിയയിൽ നിന്നുമാണ്. ഒന്ന് കണ്ടിട്ട് പോകാൻ മാത്രം വന്നതാണ്. എന്റെ ഒരു സുഹൃത്തിന്റെ പരീക്ഷണം കൂടിയാണിത്. വേഗം തിരിച്ചു പോകണം. എന്റെ ഭാര്യക്കും മകൾക്കും ഒന്നും ഇതറിയില്ല." അയാൾ തുടർന്നു. "അതായതു എന്റെ ഭാര്യ ക്രിസ്റ്റൽ, മകൾ ആനി." അമ്പരപ്പോടുകൂടി അവൾ അയാളെ നോക്കി. അയാൾ ചിരിച്ചു. "അതായതു നീയും നിന്റെ മകളും." ക്രിസ്റ്റലിന്റെ മുഖത്തു വിയർപ്പുകണങ്ങൾ പൊടിഞ്ഞു. റിച്ചാർഡ് ജീൻസിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ പുറത്തെടുത്തു. അവൾക്കു നേരെ നീട്ടി. "നോക്കൂ എന്റെ ഭാര്യ ക്രിസ്റ്റലും മകൾ ആനി റിച്ചാർഡും. അതായതു.." അയാൾ തുടർന്നു. നീയും നമ്മുടെ മകളും. ക്രിസ്റ്റലിന്റെ കണ്ണുകൾ തിളങ്ങി. ഞാനും എന്റെ മകളും. അവൾ മനസ്സിൽ പറഞ്ഞു. അവൾ കണക്കു കൂട്ടി. നാൽപ്പത്തിയേഴു വയസ്സിലെ ഞാൻ. ഇത്തിരി തടി കൂടിയിരിക്കുന്നു. തലമുടി ചെറുതാക്കിയിരിക്കുന്നു. ഇളം നീല കളറിലുള്ള ടോപ്പും, വെള്ള പൈജാമയുമാണ് തന്റെ വേഷം. കൂടെ മകൾ. ചാര നിറത്തിലുള്ള സ്ലീവ്‌ലെസ് ടോപ്പും, ബ്ലാക്ക് ഷോർട്സും ധരിച്ചിരിക്കുന്നു. തിളങ്ങുന്ന കണ്ണുകളും, അൽപം നീണ്ട മൂക്കും ഉള്ള പുഞ്ചിരിക്കുന്ന ഒരു സുന്ദരി. തന്റെ മമ്മിയുടെ നല്ല ഛായ ഉണ്ട് അവൾക്കു എന്ന് തോന്നി. 

ഒരിക്കലും കണ്ടിട്ടില്ലാത്ത വീടും പരിസരവും. ആനിയുടെ ഫോട്ടോയിൽ തൊട്ടുകൊണ്ടു അവൾ ഒരു വിക്കലോടെ ചോദിച്ചു "ഇപ്പോൾ പ്രായമെത്രയായി?" "ഇരുപത്തി മൂന്ന്. കല്യാണത്തിന് ശേഷം നാലു വർഷം കഴിഞ്ഞേ ഒരു കുട്ടി വേണ്ടതുള്ളൂ എന്ന് ക്രിസ്റ്റലും, ഞാനും തീരുമാനിച്ചതാണ്. ഈ ഫോട്ടോ നോക്കു." അയാൾ മൊബൈലിൽ അടുത്ത ഫോട്ടോ കാണിച്ചു കൊടുത്തു. "ഞാൻ, ക്രിസ്റ്റൽ പിന്നെ നമ്മുടെ മകൾ ആനി റിച്ചാർഡ്." വിറയ്ക്കുന്ന കൈകളിൽ നിന്ന് ആ മൊബൈൽ വീഴാതിരിക്കുവാൻ അവൾ മുറുകെ പിടിച്ചു. അയാൾ മൊബൈൽ തിരിച്ചു വാങ്ങി. "ഒരു കാര്യം അറിയണമെന്നുണ്ടായിരുന്നു." ക്രിസ്റ്റൽ ഒരു വിധം പറഞ്ഞൊപ്പിച്ചു. "2050 ൽ നിന്ന് 2023 ലേക്ക് എത്തി എന്ന് പറയുമ്പോൾ.. അതെങ്ങിനെ? എനിക്ക് ആകെ ഒരു കൺഫ്യൂഷൻ." "ടൈം ട്രാവൽ. ഞാൻ നേരത്തെ പറഞ്ഞില്ലേ. എന്റെ ഒരു ഓസ്ട്രേലിയൻ സുഹൃത്തിന്റെ പരീക്ഷണം കൂടിയാണിത്. എന്നെയാണ് അവൻ ഇതിനു വേണ്ടി ഉപയോഗിച്ചത്. എന്റെ സമ്മതത്തോടുകൂടി തന്നെ. അപ്പോൾ എനിക്ക് തോന്നി. ഇരുപത്തിയേഴു വർഷം പിന്നിലേക്ക് വന്നു എന്റെ ഭാര്യയെ കാണണമെന്ന്. അവൻ ഒരു സയന്റിസ്റ്റ് ആണ്. പേര് ആൽഫ്രഡ് ഫെലിക്സ്." റിച്ചാർഡ് പറഞ്ഞു. "ടൈം ട്രാവൽ. വായിച്ചറിഞ്ഞിട്ടുണ്ട്. പക്ഷെ..." ക്രിസ്റ്റൽ പതിയെ പറഞ്ഞു. "അതെ. ആൽഫ്രഡ് ബുദ്ധിമാനാണ്. അവന്റെ ഈ പരീക്ഷണവും വിജയമാണ്. അതാണ് ഞാൻ ഇവിടെ ഇപ്പോൾ നിൽക്കുന്നത്. ശാസ്ത്രം ഒരുപാടു മുമ്പിലേക്ക് പോയിരിക്കുന്നു ക്രിസ്റ്റൽ." റിച്ചാർഡ് പറഞ്ഞു. "ഇരുപത്തിയേഴു വർഷം പിറകിലുള്ള നിന്നെ കാണാൻ കഴിഞ്ഞതുകൊണ്ടു തന്നെ ഞാനും അത്ഭുതത്തിന്റെ നെറുകയിലാണ്‌. ഒരു മണിക്കൂറിനാണ് അവൻ എന്നെ അയച്ചത്." 

റിച്ചാർഡിന്റെ വലതു കൈയ്യിന്റെ റിസ്റ്റിൽ നിന്നും ഒരു ബീപ്പ് ശബ്ദം ഉയർന്നു. "പോകാൻ സമയമായെന്ന് തോന്നുന്നു. ഇതാ ഇവിടെ അവൻ ഒരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്." റിച്ചാർഡ് വലതു കൈയ്യിന്റെ റിസ്റ്റ് ഉയർത്തി കാണിച്ചു. അവന്റെ മെസ്സേജ് എനിക്ക് കിട്ടിത്തുടങ്ങിയിരിക്കുന്നു. റിച്ചാർഡ് ചെയറിൽ നിന്ന് എഴുന്നേറ്റു. അവളുടെ അടുത്ത് വന്നു പിന്നെ അവളുടെ തോളിൽ മൃദുവായി ഒന്ന് തട്ടി. "എനിക്ക് പോകണം. നിന്റെ ഭാവിയിലേക്കുള്ള യാത്ര തുടങ്ങുകയായി. അപ്പോൾ എല്ലാം കൂടുതൽ മനസ്സിലാകും. ബൈ." റിച്ചാർഡ് കൈ ഉയർത്തി. പൊടുന്നനെ ഒരു പ്രകാശം അയാളെ ആലിംഗനം ചെയ്തു റിച്ചാർഡിന്റെ രൂപം അതിൽ മറഞ്ഞു. അത് പതുക്കെ ഒരു പ്രകാശ ഗോളമായി മാറി. പൊടുന്നനെ പ്രകാശ വേഗത്തിൽ അത് ആകാശത്തിലേക്കു ഉയർന്നു. മുകളിലേക്ക് പോകുംതോറും അത് ചെറുതായി ചെറുതായി പിന്നെ പൊട്ടു പോലെ അപ്രത്യക്ഷമായി. ക്രിസ്റ്റൽ ഒരു മായിക ലോകത്തിലെന്നപോലെ ആകാശത്തിലേക്കു നോക്കികൊണ്ട് നിന്നു. ചുറ്റുപാടും നിശബ്ദതയുടെ കനം കൂടി വന്നു. അവൾക്കു അധികനേരം അവിടെ നിൽക്കാൻ തോന്നിയില്ല. ക്രിസ്റ്റൽ തിരിച്ചു റൂമിലേക്ക് നടന്നു. കട്ടിലിൽ ഇരുന്നു. നടന്നതെല്ലാം സ്വപ്നമോ, യാഥാർഥ്യമോ? അവൾ എഴുന്നേറ്റു. ബാത്ത് റൂമിൽ കയറി. വാഷ് ബേസിനിൽ മുഖം കഴുകി. കണ്ണാടിയിൽ നോക്കി കുറച്ചു നേരം നിന്നു. തിരികെ കട്ടിലിൽ വന്നിരുന്നു. ഏതു വർഷമാണ് യാഥാർഥ്യം? 2023 ആണോ അതോ 2050 ആണോ? എന്തൊക്കെയാണ് ഇപ്പോൾ നടന്നത്? പറഞ്ഞാൽ ആരു വിശ്വസിക്കും? അവൾ ലൈറ്റ് ഓഫ് ചെയ്തു. ഓരോന്ന് ചിന്തിച്ചു കൂട്ടവെ, ഏതോ ഒരു നിമിഷത്തിൽ ക്രിസ്റ്റൽ ഉറക്കത്തിലേക്കു വഴുതി വീണു. അവൾ കണ്ണുകൾ തുറന്നു. ക്ലോക്കിൽ നോക്കി. സമയം എട്ടുമണിയായിരിക്കുന്നു. പതുക്കെ എഴുന്നേറ്റു. ടെറസ്സിലേക്കു നടന്നു. ആകാശത്തിലേക്കു കണ്ണുകൾ പായിച്ചു. ഇന്നലെ എന്തെല്ലാം ഇവിടെ നടന്നു. എല്ലാം പഴയതുപോലെ.. പല്ലു ബ്രഷ് ചെയ്തു. മുഖം കഴുകി. അവൾ താഴേക്ക് ഇറങ്ങി. കോളജിലെ വിശേഷങ്ങൾ വീണ്ടും ഡാഡിയും മമ്മിയുമായി പങ്കുവെച്ചു.

ദിനങ്ങൾ കൊഴിഞ്ഞു പോകവേ.. രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ഇരിക്കുമ്പോൾ ഡാഡി വിഷയം എടുത്തിട്ടു. മമ്മി അടുത്ത് വന്നിരുന്നു. "മോളെ നിനക്കറിയാമല്ലോ, നിനക്ക് ഹയർ സ്റ്റഡീസിനൊന്നും താൽപര്യമില്ലാത്ത നിലയ്ക്ക് നിന്റെ വിവാഹം നടത്തിയാൽ കൊള്ളാമെന്നുണ്ട്. പിന്നെ ഇപ്പോൾ പറ്റിയ ഒരു ആലോചന വന്നിട്ടുണ്ട്. പയ്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്. ഇപ്പോൾ ഓസ്‌ട്രേലിയയിൽ സെറ്റിൽഡ് ആണ്. വയസ്സ് ഇരുപത്തിയേഴ്. അവർ മൊബൈലിൽ ഫോട്ടോ അയച്ചിട്ടുണ്ട്." ഡാഡി ഫോൺ നീട്ടി. അവൾ ഫോട്ടോ നോക്കി. റിച്ചാർഡ്. മുടി അലസമായി ഇട്ടു, ജീൻസും, ഹാഫ് സ്ലീവ് ഷർട്ടും ധരിച്ചു കൂടെയുള്ള ഒരു  ഓസ്ട്രേലിയൻ സുഹൃത്തിന്റെ തോളിൽ കൈ ഇട്ടു നിൽക്കുന്ന ഫോട്ടോ. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. ആ ഫോട്ടോയുടെ അടിയിൽ എന്തോ എഴുതിയിരിക്കുന്നു. അവൾ സൂക്ഷിച്ചു നോക്കി. വിത്ത് മൈ ഫ്രണ്ട് ആൽഫ്രഡ് ഫെലിക്സ്. ക്രിസ്റ്റലിന്റെ മുഖത്തു പിന്നെയും പുഞ്ചിരി വിടർന്നു. "എന്താ നിന്റെ അഭിപ്രായം? ആലോചിച്ചു പറഞ്ഞാൽ  മതി. നിന്റെ അഭിപ്രായമാണ് വേണ്ടത്. സമ്മതമാണേൽ ഈ വർഷം തന്നെ മെയ് 25 നു കല്യാണം നടത്തണമെന്നാണ് അവർ പറയുന്നത്." മെയ് 25. ഇന്നലെ റിച്ചാർഡ് പറഞ്ഞ തീയതി. ക്രിസ്റ്റൽ മനസ്സിലോർത്തു. "ആ, പിന്നെ പയ്യന്റെ പേര് റിച്ചാർഡ്. റിച്ചാർഡ് സ്റ്റീവൻസെൻ" ക്രിസ്റ്റൽ ആ ഫോട്ടോയിൽ നോക്കി മനസ്സിൽ പറഞ്ഞു. റിച്ചാർഡ് സ്റ്റീവൻസെൻ, ഭാര്യ ക്രിസ്റ്റൽ, മകൾ ആനി റിച്ചാർഡ്. ഇന്നലെ റിച്ചാർഡ് പറഞ്ഞതുപോലെ, തന്റെ ഭാവിയിലേക്കുള്ള യാത്ര തുടങ്ങുകയായി.

Content Summary: Malayalam Short Story ' Time Travel ' written by Satyan Menon

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS