' എന്റെ കുഞ്ഞിനെ ഉദരത്തിൽ പേറുന്നവൾ കാട്ടിൽ കാത്തിരിക്കുന്നുവെന്ന് ഞാൻ മറന്നു; അങ്ങനെ ഞാനൊരു പാപിയായി..'

HIGHLIGHTS
  • പിതൃവിലാപം (കഥ)
944915072
Representative image. Photo Credit: kieferpix/istockphoto.com
SHARE

കൂരിരുൾ ആ ഒറ്റയടിപാതയെ വിഴുങ്ങിയിരുന്നു. ചീവീടുകളുടെയും കൂമന്റെയും ശബ്ദം മാത്രം കേൾക്കുന്നു. പാതയിലേക്ക് നീണ്ടുവന്ന് എഴുന്നു നിന്നിരുന്ന വടവൃക്ഷങ്ങളുടെ വേരുകളിൽ തടഞ്ഞു വീഴാൻ തുടങ്ങിയ ആ രൂപം, വീണുപോകാതിരിക്കാനായി പാതയിലേക്ക് ചാഞ്ഞു നിന്നിരുന്ന ഒരു വൃക്ഷക്കൊമ്പിൽ പിടിച്ചു നിന്ന് കിതച്ചു. മുഖം ഉത്തരീയത്താൽ മൂടിയിരുന്നു. കുറച്ചുനേരം അങ്ങനെ നിന്നപ്പോൾ എന്തോ ഓർത്തിട്ടെന്നപോലെ വിങ്ങി കരഞ്ഞു. കഴുത്തിൽ വിലകൂടിയ മുത്തുകളും പവിഴങ്ങളും പതിച്ച വലിയൊരു മാല.. ഉടുത്തിരുന്നത് പട്ടുവസ്ത്രങ്ങൾ. തിളങ്ങുന്ന തോൾ വളകൾ. സ്വർണവർണമാർന്ന ആരോഗ്യമുള്ള ശരീരം!! "ഭൂമി അടക്കിവാണിരുന്ന ദക്ഷപ്രജാപതിയുടെ ഈ അവസ്ഥ.. ആനന്ദിക്കിൻ നിങ്ങൾ.. കൺനിറയെ കണ്ട് ആനന്ദിപ്പിൻ" ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് ദക്ഷൻ തളർന്ന് നിലത്തേക്കിരുന്നു!!

ഒരു വൃക്ഷത്തിന്റെ വലിയ വേരിൽ ചാഞ്ഞിരുന്നു കൊണ്ട് ദീർഘനിശ്വാസം ഉതിർത്തു. ഒന്ന് ഉറക്കെ ഉറക്കെ കരയാൻ കഴിഞ്ഞിരുന്നെങ്കിൽ.. അതിബലവാനായ ദക്ഷൻ കരയുകയോ എന്ന് ആശ്ചര്യപ്പെടാത്ത ആരോടെങ്കിലും ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. കോട്ടകൊത്തളങ്ങളൊ അകമ്പടിക്കാരോ രാജ്യഭരണത്തിന്റെ ഭാരിച്ച ഉത്തരവാദിത്വമോ എന്നും പലതിൽ നിന്നും എന്നെ തടുത്തുനിർത്തിയ കാൽച്ചങ്ങലകളായ ബന്ധങ്ങളോ ഇല്ലാത്ത, ഭാരങ്ങളില്ലാത്ത ഒരു മനുഷ്യനായി ആരോടെങ്കിലും സംസാരിക്കാൻ കഴിഞ്ഞെങ്കിൽ.. ആരുണ്ടിവിടെ ദക്ഷനെ കേൾക്കാൻ?ഈ കൊടുംകാട്ടിൽ, ഈ കൂരിരുട്ടിൽ.? ഇലകൾക്കിടയിൽ ഒരു ചെറു ചലനം. സൂക്ഷിച്ചു നോക്കി ഒരു പക്ഷിക്കുഞ്ഞ്. വലിയ വൃക്ഷത്തിന്റെ ശിഖരങ്ങളിൽ ഉള്ള ഏതോ ഒരു കൂട്ടിൽ നിന്നും താഴെ വീണതാവാം. ദക്ഷൻ അലിവോടെ അതിനെ കൈയ്യിലെടുത്തു. അപരിചിത സ്പർശം ഏറ്റതിൽ ഭയന്നുവിറച്ച പക്ഷിക്കുഞ്ഞ് പിടഞ്ഞു പറക്കാൻ ശ്രമിച്ചു. ദക്ഷൻ അതിന്റെ പുറം മെല്ലെ തലോടി. പക്ഷി മെല്ലെ ദക്ഷന്റെ വലിയ കരങ്ങളിൽ ഒതുങ്ങിയിരുന്നു. ദക്ഷൻ പറഞ്ഞു "അല്ലയോ കോകിലമേ. ഇന്ന് നീയും ഞാനും ഒരുപോലെ. നീ നിലംപതിച്ചത് വലിയ വൃക്ഷ ശാഖയിൽ നിന്നും. ഞാൻ നിലം പതിച്ചത് ഞാനീക്കാലം അത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കിയ എന്റെ സമസ്ത സമ്പദ്സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഉത്തുംഗശൃഘത്തിൽ നിന്നും."

പക്ഷി എന്തോ ശബ്ദമുണ്ടാക്കി ദക്ഷന്റെ കൈകളിൽ തന്റെ കൊക്കുരുമ്മി. ദക്ഷൻ പറഞ്ഞു "ഇന്ന് നീ എന്നെ കേൾക്കുക. ദക്ഷൻ പാപിയായതെങ്ങിനെ എന്ന് നീ അറിയുക. ഞാൻ നിന്നോട് എന്റെ കഥ പറയട്ടെ?" പക്ഷി കൊക്കുകൾ വീണ്ടും ദക്ഷന്റെ കൈകളിൽ ഉരുമ്മി. സമ്മതമറിയിക്കും പോലെ തോന്നി ദക്ഷന്. ആശ്വാസപൂർവം ഒരു ദീർഘനിശ്വാസം ഉതിർത്തുകൊണ്ട് ദക്ഷൻ പറഞ്ഞു തുടങ്ങി. "കേട്ടുകൊൾക കോകിലമേ, സൃഷ്ടികർമത്തിൽ അഗ്രഗണ്യനായ എന്റെ പിതാവായ ബ്രഹ്‌മാവിന് ഒരിക്കൽ സർവവും തികഞ്ഞൊരു പുത്രൻ വേണമെന്ന ആഗ്രഹത്തിൽ നിന്നും പിറന്നവനാണ് ഞാൻ. പിറവികൊണ്ടു ബ്രാഹ്മണൻ ആണെങ്കിലും ബുദ്ധിയിലും ചേതനയിലും ക്ഷത്രിയ ഗുണം നിറഞ്ഞവനായാണ് ജനിച്ചത്. ആയുധത്താലും ശക്തിയാലും അസാധ്യമായത് ഒന്നുമില്ലെന്ന ധാരണ ഞാൻ വളരുന്നതിനോടൊപ്പം എന്റെയുള്ളിൽ വളർന്നു വന്നു. ജ്യേഷ്ഠ സഹോദരനായ നാരദനോട് എന്തുകൊണ്ടോ മനസുകൊണ്ട് യോജിക്കാൻ എനിക്കൊരിക്കലും സാധിച്ചിരുന്നില്ല. കലഹങ്ങൾ സൃഷ്ടിച്ച് മറ്റുള്ളവരുടെ മനസ്സമാധാനം നശിപ്പിച്ച് ഒടുക്കം ഒന്നും താൻ കാരണമല്ലെന്നും എല്ലാം മറ്റുള്ളവരുടെ കുറ്റമാണെന്നും വരുത്തി തീർക്കാൻ അയാൾക്കുള്ളത്രയും കഴിവ് വേറെ ആരിലും കണ്ടിട്ടില്ല. കലഹങ്ങൾ സൃഷ്ടിച്ച് ആനന്ദിക്കുന്നവൻ. തന്റെ ജീവിതം ഇങ്ങനെയൊക്കെ ആയിത്തീരാൻ മൂലകാരണം അയാൾ തന്നെ." 

ദക്ഷൻ ഒരു നിമിഷം ഒന്ന് നിർത്തി.. രണ്ടു തുള്ളി കണ്ണുനീർ ഉതിർന്നു വീണു. ആ പക്ഷി കണ്ണിമയ്ക്കാതെ ദക്ഷനെ തന്നെ നോക്കിയിരുന്നു. അയാൾ തുടർന്നു "ജ്യേഷ്ഠന് എന്നോടുള്ള അനാവശ്യ സ്പർദ്ധക്ക് കാരണമെന്തെന് എനിക്കിന്നും അറിവില്ലാത്ത രഹസ്യം. ആ സ്പർദ്ധ കാരണമാണ് എല്ലാം നഷ്ടപ്പെട്ടവനായി ഒരു നികൃഷ്ട ജന്മമായി ഈ കൊടുംകാട്ടിൽ ഞാൻ അലഞ്ഞു തിരിയുന്നത്. ബ്രഹ്മലോകത്തു നിന്നും പിതാവ് തന്നെ നിഷ്കരുണം പുറംതള്ളിയപ്പോൾ ഗൂഢമായ ഒരു ചിരിയൊളിപ്പിച്ചു വെച്ച് ശോകം അഭിനയിച്ച ആ മുഖം ഇപ്പോഴും ഉണ്ട് മനസ്സിൽ. പിന്നീട് സ്വന്തം ബുദ്ധികൊണ്ടും കായികബലം കൊണ്ടും പൊരുതി നേടിയതാണ് ഇന്ന് വെറും ദക്ഷനെ ദക്ഷപ്രജാപതി ആക്കി മാറ്റിയത്." ദക്ഷൻ നിലത്ത് നീണ്ടുനിവർന്ന് കിടന്നു കണ്ണുകൾ അടച്ചു. പക്ഷിക്കുഞ്ഞിനെ തന്റെ വിരിഞ്ഞ മാറിൽ ചേർത്ത് പിടിച്ചു. "ആഹാരവും ജലപാനവും ഇല്ലാതെ അന്നൊരിക്കൽ കാട്ടിൽ കൂടി അലഞ്ഞു തിരിയുമ്പോൾ സർപ്പദംശമേറ്റ് തളർന്ന് വീണ എന്നെ മലവേടന്മാർ കണ്ടെത്തിയില്ലായിരുന്നെങ്കിൽ അന്നേ തീർന്നേനെ ഈ ദുരിത ജീവിതം. പിന്നീട് മാസങ്ങളോളം ആ വേടന്മാരുടെ പരിചരണത്തിൽ ആരോഗ്യം വീണ്ടെടുത്ത് അവരിൽ നിന്ന് കുറച്ച് പുതിയ ആയോധനകലകളും അഭ്യസിച്ചു. വേടന്മാരുടെ മുഖ്യന്റെ പുത്രി ദേവാംഗയോട് സിരകളിൽ ആവേശം നിറഞ്ഞ ആ പ്രായത്തിൽ തോന്നിയ അഭിനിവേശം തെറ്റായി പോയെന്ന് ഇന്നും തോന്നുന്നില്ല.!! പാവം പെണ്ണ്. കാട്ടുതേനിന്റെ നിറവും തേൻ പോലെ മധുരമാർന്ന മനസ്സും ഉള്ളവൾ. സ്നേഹിക്കാൻ മാത്രം അറിയാവുന്നവൾ. എന്നെപ്പോലൊരുവന് താൻ ചേരില്ലെന്ന് ആയിരം തവണ അവൾ ആവർത്തിച്ചപ്പോഴൊക്കെ 'ദക്ഷന്റെ മനസും ശരീരവും നിനക്ക് മാത്രം സ്വന്തം ' എന്ന് അത്രതന്നെ തവണ ഞാനും ആവർത്തിച്ചു. ആ വാക്കിന്റെ ഉറപ്പിന്മേൽ ആവാം ശരീരം കൊണ്ട് ഒന്നാവാൻ കഴുത്തിൽ ഒരു മംഗല്യസൂത്രത്തിന്റെ ആവിശ്യം ഇല്ലെന്ന് അവളും ചിന്തിച്ചത്. 

പണവും പ്രശസ്തിയും അധികാരവും നേടിയെടുക്കാൻ പുറപ്പെടുമ്പോൾ എന്റെ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞവളെ 'നിനക്കായി ഞാൻ തിരികെ വരും' എന്ന് പറഞ്ഞ് അന്ന് ഞാൻ ആശ്വസിപ്പിച്ചു. പക്ഷെ ഞാൻ ചെയ്തതോ? വെട്ടിപ്പിടിക്കാനുള്ള ത്വരയിൽ ദേവാംഗയെ മറന്ന് മനു പുത്രിയായ പ്രസൂതിയെ ഞാൻ വേൾക്കുമ്പോൾ തന്റെ കുഞ്ഞിനെ ഉദരത്തിൽ പേറുന്നൊരുവൾ കാട്ടിൽ എനിക്കായി കാത്തിരിപ്പുണ്ടെന്ന കാര്യം മനഃപൂർവം മറന്നുകളഞ്ഞതാണ് ഈ ദക്ഷൻ ജീവിതത്തിൽ ആദ്യവും അവസാനവും ആയി ചെയ്ത അപരാധം." ദക്ഷൻ ഏങ്ങി കരഞ്ഞു. "മനസ്സുകൊണ്ട് പ്രസൂതിയെ ഞാൻ സ്നേഹിച്ചിരുന്നോ? എനിക്ക് അറിയില്ല. ദേവാംഗയെ സ്നേഹിച്ച പ്രണയിച്ച അതെ ആവേശത്തിൽ പ്രസൂതിയെ സ്നേഹിക്കാൻ എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല. പക്ഷെ അവർ എന്നെ സ്നേഹിച്ചിരുന്നു. ദിതിയും അദിതിയും ജനിച്ചപ്പോൾ അതിരറ്റു സന്തോഷിച്ച ഞാൻ കാട്ടിൽ പെറ്റുവീണപ്പോഴേ മാതാവിനെ നഷ്ടപ്പെട്ട മറ്റൊരു സന്താനത്തെപ്പറ്റി അന്ന് ഓർത്തതേയില്ല. മനുവിന്റെ ജാമാതാവായി രാജ്യങ്ങൾ വെട്ടിപ്പിടിച്ച് ചുരുങ്ങിയ സമയം കൊണ്ട് വലിയൊരു സാമ്രാജ്യം തന്നെ സൃഷ്ടിക്കാൻ എനിക്ക് കഴിഞ്ഞു. അന്നൊരിക്കൽ നായാട്ടിനായി കാട്ടിൽ പോയ എന്റെ മുൻപിലേക്ക് എവിടെനിന്നോ ഓടിവന്ന ആ അഞ്ചു വയസുകാരി ഒരു ഞെട്ടൽ ഉളവാക്കി. അവൾ, ആ.. കുഞ്ഞ്, ദേവാംഗയെ മുറിച്ചു വെച്ചപോൽ! അവൾ ചൂണ്ടിക്കാട്ടിയ വഴിയേ അവളുടെ കുടിലിലേക്ക് എത്തിയപ്പോൾ അഞ്ചുവർഷം മുൻപ് ഞാൻ നൽകിയ വാക്കും വിശ്വസിച്ച് എന്റെ മകളെ പ്രസവിച്ച് കുഞ്ഞിന്റെ മുഖമൊന്ന് കാണുവാൻ പോലും നിൽക്കാതെ പ്രാണൻ ഉപേക്ഷിച്ചു പോയ ആ പാവം കാട്ടുപെണ്ണിന്റെ കഥയറിഞ്ഞ് കുറ്റബോധം കൊണ്ട് തകർന്നു പോയി ഞാൻ. എന്നെ കണ്ട് പൊട്ടിക്കരഞ്ഞ ദേവാംഗയുടെ മാതാപിതാക്കളുടെ കാല് പിടിച്ച് മാപ്പിരന്നപ്പോൾ 'കഴിഞ്ഞതൊക്കെ കഴിഞ്ഞു. സാരമില്ല' എന്ന്  പറഞ്ഞ് ആശ്വസിപ്പിച്ച അവരുടെ മുൻപിൽ ഞാൻ ഉറുമ്പിനോളം ചെറുതായിപ്പോയി. കാട്ടുവാസിയുടെ നന്മ നാട്ടിലുള്ളവർക്കില്ല അല്ലെ?"

ദക്ഷൻ പക്ഷിക്കുഞ്ഞിനോടായി ചോദിച്ചു. അത് എന്തോ ശബ്ദമുണ്ടാക്കി.. സമ്മതം അറിയിച്ചതാവും! ദക്ഷൻ തുടർന്നു. "എന്റെ മകളെ എനിക്കൊപ്പം വിടണമെന്ന് ആവശ്യപ്പെടുമ്പോൾ മനസ്സില്ലാമനസ്സോടെ അവർ സമ്മതിച്ചു. ഒന്നുമാത്രമേ അവർ ആവിശ്യപ്പെട്ടുള്ളു. ഒരിക്കലും അവളെ ദുഃഖിപ്പിക്കരുത്! കൊട്ടാരത്തിൽ എത്തി പ്രസൂതിയോട് "ഇവൾ എന്റെ മകൾ" എന്ന് പറയാനുള്ള ധൈര്യം എന്തുകൊണ്ടോ എനിക്ക് വന്നില്ല. നായാട്ടിന് പോയപ്പോൾ കാട്ടിൽ നിന്നും കിട്ടിയ കുട്ടി എന്ന് അന്ന് പ്രസൂതിയുടെ മുഖത്തു നോക്കാതെ കള്ളം പറഞ്ഞു. നമ്മുടെ മക്കളോടൊപ്പം ഇനി ഇവൾ കൂടി വളരട്ടെ എന്ന് പറഞ്ഞപ്പോൾ ഒരെതിർപ്പും കൂടാതെയാണ് പ്രസൂതി അത് സമ്മതിച്ച് കുഞ്ഞിനെ വാരിയെടുത്ത് ഉമ്മവെച്ചത്. അവൾ തന്നെയാണ് കുട്ടിക്ക് 'സതി' എന്ന് പേര് വിളിച്ചത്. പിന്നീട് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് അദിതിയെയും ദിതിയെയും സ്നേഹിക്കുന്നതിനേക്കാൾ പ്രസൂതി സതിയെ സ്‌നേഹിക്കുന്നുണ്ടെന്ന്. സന്തോഷത്തോടെ കഴിഞ്ഞിരുന്ന എന്റെ ജീവിതത്തിലേക്ക് അശനിപാതം പോലെ വന്ന് ഭവിച്ചതാണ് നാരദന്റെ അനുജനെ സന്ദർശിക്കാനുള്ള വരവ്. കൂടപ്പിറപ്പിനെ ആട്ടിയകറ്റാൻ എന്തുകൊണ്ടോ തോന്നിയില്ല. സ്വീകരിച്ചിരുത്തി. കുശലങ്ങൾ ചോദിച്ചു. ചുറ്റും പായിച്ചുകൊണ്ടിരുന്ന അയാളുടെ കണ്ണുകളിൽ അസൂയ തിളച്ചു മറിയുന്നത് അൽപം അഹങ്കാരത്തോടെ തന്നെ ആസ്വദിച്ചു. കുറച്ചുദിവസം കൊട്ടാരത്തിൽ താമസിച്ചു പോകാൻ ഞാൻ തന്നെയാണ് അയാളെ നിർബന്ധിച്ചത്." ദക്ഷൻ ആ ചെയ്ത അബദ്ധത്തെ ഓർത്തിട്ടാവാം ഭൂമിയിൽ ആഞ്ഞിടിച്ചു. പക്ഷി ഭയന്ന് ചിലച്ചു. ദക്ഷൻ അതിനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. തന്റെ കഥ തുടർന്നു  

"അയാൾ പോയപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ് സതിയിൽ വന്ന മാറ്റങ്ങൾ. എന്നോട് വല്ലാത്തൊരു അകൽച്ച. ഒന്ന് സംസാരിക്കാൻ പോലും മടി. കാരണം ചോദിച്ചാൽ ഒഴിഞ്ഞുമാറൽ. രാജ്യകാര്യങ്ങൾ ശ്രദ്ധിക്കുന്ന തിരക്കിൽ ഞാനത് വലുതായി ശ്രദ്ധിച്ചില്ല. പ്രസൂതി ഇത് സൂചിപ്പിച്ചപ്പോഴും നിസാരമായി തള്ളികളഞ്ഞു. കുമാരിമാരുടെ സ്വയംവരത്തെ കുറിച്ച് രാജഗുരു ചോദിച്ചപ്പോഴാണ് മക്കൾ ഇത്ര വളർന്നുവോ എന്ന് അതിശയത്തോടെ ഓർത്തു ഞാൻ. മക്കളുടെ വളർച്ച ഏറ്റവും ഒടുവിൽ അറിയുന്നത് മാതാപിതാക്കളാവും. പ്രസൂതിയോട് ഈ കാര്യം സൂചിപ്പിക്കുമ്പോൾ മൂന്ന് കുമാരിമാരും അവിടെ തന്നെ ഉണ്ടായിരുന്നു. ദിതിയും അദിതിയും നാണത്താൽ ചൂളിയപ്പോൾ സതിയുടെ കണ്ണിൽ എന്തോ മറച്ചുവെക്കാനുള്ള ശ്രമമാണ് കണ്ടത്. അതെന്തെന്ന് അറിയാതെ ഞാൻ കുഴങ്ങി. താമസിയാതെ കാരണം പ്രസൂതിയുടെ അടുത്തുനിന്നും അറിഞ്ഞു. പെണ്മക്കൾ വളർന്നാൽ മനസ്സുതുറക്കുക മാതാവിനോട് മാത്രമാവും. സതിക്ക് കൈലാസനാഥൻ ശിവനോട് പ്രേമമാണത്രെ. വിവാഹം എന്നൊന്ന് ഉണ്ടെങ്കിൽ അയാളെ മാത്രമേ വിവാഹം കഴിക്കൂ പോലും. ദക്ഷപ്രജാപതിയുടെ മകൾക്ക് ചുടലഭസ്മധാരി വരൻ. എങ്ങനെ സഹിക്കും ഞാൻ? നീ പറയൂ" ദക്ഷൻ പക്ഷിയോടായി ചോദിച്ചു. "സതിയെ പിന്തിരിപ്പിക്കാൻ പലതും പറഞ്ഞു നോക്കി. ഒരു അച്ഛൻ എന്ന നിലയിൽ എനിക്ക് സഹിക്കാൻ പറ്റുന്ന ഒന്നായിരുന്നില്ല അവളുടെ ആ തീരുമാനം. പക്ഷെ സതി വാശിയിലായിരുന്നു. അത്രമാത്രം ആഴത്തിൽ ശിവനെ സതിയുടെ മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നു നാരദൻ. വേറെ വഴിയില്ലാതെ സമ്മതം മൂളേണ്ടി വന്നു. സതിയുടെ കൈപിടിച്ച് ശിവനെ ഏൽപ്പിക്കുമ്പോൾ നാരദന്റെ കണ്ണിൽ പണ്ടത്തെ അതെ ഗൂഢമായ ചിരി ഞാൻ കണ്ടു.

എന്നോടൊന്ന് സംസാരിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്യാതെ സതിയുമായി കൈലാസത്തിലേക്ക് പോയ ശിവനോട് ഈ നിമിഷം വരെ ക്ഷമിക്കാൻ എനിക്കാവുന്നില്ല. ഞാൻ പൊന്നുപോലെ പോറ്റി വളർത്തിയ എന്റെ മകളെ എന്നിൽ നിന്നും അടർത്തിമാറ്റി കൊണ്ടുപോകുമ്പോൾ ശിവന്റെ കണ്ണിൽ കണ്ടത് സതിയോടുള്ള സ്നേഹത്തേക്കാൾ എന്നോടുള്ള ദേഷ്യവും വാശിയും ആയിരുന്നു. ഞാൻ ശിവനെപ്പറ്റി എന്തൊക്കെയോ മോശമായി സംസാരിച്ചുവെന്ന് നാരദൻ ശിവനെ ധരിപ്പിച്ചതായി പിന്നീട് ഞാൻ മനസ്സിലാക്കി. എല്ലാം പറഞ്ഞു തിരുത്തി എന്റെ മകളെയും ജാമാതാവിനെയും കൂട്ടിക്കൊണ്ട് വരാൻ പ്രസൂതിയുടെ അഭ്യർഥന മാനിച്ച് കൈലാസത്തിൽ ചെന്ന എന്നെ പുഴുത്ത നായയെ ആട്ടിയിറക്കും പോലെയാണ് അന്ന് നന്ദികേശൻ അട്ടിയിറക്കിയത്. അപമാനഭാരം കൊണ്ട് കുനിഞ്ഞ ശിരസ്സുമായി അവിടെ നിന്നും മടങ്ങുമ്പോഴും സതിയെ അവിടെല്ലാം തിരഞ്ഞിരുന്നു എന്റെ കണ്ണുകൾ. ഒന്ന് കാണുകയെങ്കിലും ചെയ്യാമല്ലോ. കണ്ടിരുന്നെങ്കിൽ പറയാമായിരുന്നു അവൾ എനിക്ക് ആരെന്നതിനെ കുറിച്ച്. അവളില്ലാതെ ഉറങ്ങിപ്പോയ അന്തപ്പുരക്കെട്ടിനെ കുറിച്ച്. അവളെ കാണാതെ വിഷമിക്കുന്ന അമ്മയെയും സഹോദരിമാരെയും കുറിച്ച്‌. അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട്. എല്ലാവിഷമങ്ങളും മാറ്റാൻ ഒരു യാഗം നടത്താൻ നിർദ്ദേശിച്ചത് രാജഗുരുവാണ്. മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. രാജ്യകാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാൻ സാധിക്കുന്നില്ല. മനസ്സമാധാനത്തിന് വേണ്ടി ഒന്നല്ല ഒരു നൂറു യാഗങ്ങൾ നടത്താൻ ഞാൻ ഒരുക്കമായിരുന്നു. 

പക്ഷെ സതിയെ കൈലാസത്തിൽ പോയി ക്ഷണിച്ചില്ല എന്നത് ഇത്ര വലിയ പരാതിയായി ഉയർന്നു വരുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല. മകൾക്ക് സ്വന്തം ഗൃഹത്തിലോട്ട് വരാൻ പിതാവിന്റെ ക്ഷണം ആവശ്യമുണ്ടെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല. നാരദന്റെ ഏഷണി കേട്ട് ഞാൻ മനഃപ്പൂർവം സതിയെ ക്ഷണിക്കാത്തതാണെന്ന് വിശ്വസിച്ച് സതി യാഗശാലയിൽ എത്തുമ്പോൾ സങ്കടവും ദേഷ്യവും കൊണ്ട് അവളുടെ മുഖം ചുവന്ന് തുടുത്തിരുന്നു. ദേഷ്യത്തിൽ എല്ലാവരുടെയും മുൻപിൽ വെച്ച് തന്നെയും ഭർത്താവിനെയും ഞാൻ ഒഴിവാക്കിയതാണെന്ന് പറയുമ്പോഴും ഞാൻ തലകുനിച്ച് അനങ്ങാതെ നിന്നതേയുള്ളൂ. പക്ഷെ "നിങ്ങൾ എനിക്ക് ജന്മം തന്ന പിതാവല്ലല്ലോ, എടുത്തു വളർത്തിയതായത് കൊണ്ട് ആരുടെയെങ്കിലും തലയിൽ കെട്ടിവെച്ച് എന്നെ ഒഴിവാക്കാം എന്നായിരിക്കും നിങ്ങളുടെ മനോഭാവം." എന്നവൾ പറഞ്ഞപ്പോൾ എന്റെ നിയന്ത്രണം വിട്ടുപോയി. പെട്ടെന്ന് വന്ന ദേഷ്യത്തിന് അവളെ യാഗശാലയിൽ നിന്നും കഴുത്തിന് പിടിച്ചു വെളിയിൽ തള്ളി." ദക്ഷൻ ഉറക്കെ കരഞ്ഞു. പക്ഷിക്കുഞ്ഞ് പതിയെ തത്തി തത്തി അയാളുടെ തോളിൽ വന്നിരുന്നു. തന്റെ കുഞ്ഞി ചിറകുകളും കൊക്കും കൊണ്ട് അയാളെ ആശ്വസിപ്പിക്കാൻ എന്ന വണ്ണം കണ്ണുനീർ പടർന്ന അയാളുടെ കവിളിൽ മെല്ലെ തലോടി. ദീർഘനേരത്തെ കരച്ചിലിനൊടുവിൽ അൽപം ആശ്വാസം കിട്ടിയതുപോലെ ദക്ഷൻ വീണ്ടും പറഞ്ഞു തുടങ്ങി.

"പിന്നീട് അവിടെ നടന്നത് ഇപ്പോൾ  ശരിക്കും ഓർത്തെടുക്കാനാവുന്നില്ല. വീരഭദ്രനും ഭദ്രകാളിയും പാഞ്ഞു വരുന്നതും യാഗശാല തല്ലിത്തകർത്തതും ഞാൻ അതിനെ തടയാൻ ചെല്ലുന്നതും വീരഭദ്രന്റെ വാൾ എന്റെ കഴുത്തിന് നേരെ പാഞ്ഞു വന്നതും മാത്രം ചെറിയൊരു ഓർമയുണ്ട്. പിന്നീട് ഓർമവരുമ്പോൾ എന്റെ ചുറ്റും എന്റെ പിതാവ് ബ്രഹ്‌മാവും ദേവേന്ദ്രനും വിഷ്ണുവും ശിവനും ഉണ്ട്. സതിയെ എന്റെ കണ്ണുകൾ അവിടൊക്കെ തിരഞ്ഞു. കണ്ടില്ല. ഞാൻ എഴുന്നേറ്റിരിക്കാൻ ശ്രമിച്ചു. എന്റെ മുഖം. എന്റെ മുഖത്തിനിത് എന്തു പറ്റി? യാഗശാലയിൽ പൊട്ടിച്ചിതറി കിടക്കുന്ന ഒരു സ്ഫടിക പാത്ര ചീളിൽ ഞാൻ എന്റെ മുഖം വ്യക്തമായി കണ്ടു. വീരഭദ്രൻ വെട്ടിയെടുത്ത് തീയിലെറിഞ്ഞ എന്റെ ശിരസ്സിന് പകരം എനിക്കൊരു ആടിന്റെ ശിരസ്സ് വെച്ച് ചേർത്ത് ജീവൻ തന്നിരിക്കുന്നു!! ഹോ.! നീ കാണുന്നില്ലേ എന്റെ ദുർവിധി! സത്യത്തിൽ മരണം എനിക്കൊരു അനുഗ്രഹമായിരുന്നു. പക്ഷെ ഇവർ മരിക്കാൻപോലും എന്നെ അനുവദിച്ചില്ലല്ലോ. ഞാൻ ചുറ്റും നോക്കി. പരിഹാസവും നിന്ദയും കലർന്ന മുഖങ്ങൾ. ഈ മുഖവുമായി ഞാൻ എങ്ങനെ എന്റെ മക്കളുടെയും ഭാര്യയുടെയും മുൻപിൽ ചെല്ലും? വയ്യ, എനിക്കതിനാവില്ല. ഞാൻ വീണ്ടും സതിയെ തിരഞ്ഞു. സതിയെവിടെ? അവളെ വേദനിപ്പിച്ചതിന് അവളോട് മാപ്പ് പറഞ്ഞ് അവിടെ നിന്നും പോരണമായിരുന്നു എനിക്ക്. തകർന്ന യാഗശാലയുടെ ഒരരുകിൽ വെറും നിലത്ത് കരഞ്ഞു തളർന്നിരിക്കുന്ന സതിയുടെ കാലിൽ വീണ് അവളുടെ അമ്മയോട് ഞാൻ ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് മാപ്പിരന്നു. തിരിഞ്ഞു നടന്ന എന്നെ പിറകിൽ വന്ന് കെട്ടിപ്പിടിച്ച് ആർത്തലച്ചു കരഞ്ഞ് അറിയാതെ പറഞ്ഞു പോയതിന് ക്ഷമയാചിച്ചപ്പോൾ എന്റെ മനസ്സ് നിറഞ്ഞു. അവൾ എന്നെ മനസിലാക്കിയല്ലോ. എന്നോട് ക്ഷമിച്ചല്ലോ. അവൾക്കങ്ങിനെയെ ചെയ്യാനാകൂ. അവൾ ദേവാംഗയുടെ മകളാണ്.

പിന്നെ അവിടെ നിന്നും ഇറങ്ങി നടന്നു. വഴിയിൽ ആളുകൾ വികൃത ജീവിയെ നോക്കും പോലെ നോക്കി ആർത്തു വിളിച്ചു. ചിലർ കല്ലെറിഞ്ഞു. ഉത്തരീയം കൊണ്ട് മുഖം മറച്ച് ആഞ്ഞ് നടന്നു. ഒടുവിൽ വന്ന് ചേർന്നത് ഈ കാട്ടിലാണ്. ഇതെന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഒരേ ഒരു തെറ്റിനുള്ള ശിക്ഷ. അത് ലോകം വിശ്വസിക്കാൻ തുടങ്ങുമ്പോലെ അല്ലെങ്കിൽ ലോകത്തെ വിശ്വസിപ്പിക്കാൻ ചിലർ ശ്രമിക്കും പോലെ ദക്ഷന്റെ അഹങ്കാരമോ കൈലാസനാഥനോടുള്ള നിന്ദയോ അല്ല. സ്നേഹം കാണിച്ച് ചതിച്ചതിന്. ഒരു പെണ്ണിന്റെ കണ്ണുനീർ ഭൂമിയിൽ വീഴാൻ ഞാൻ കാരണമായതിന് എനിക്ക് കിട്ടിയ ശിക്ഷ. ദേവാംഗയോട് ഞാൻ കാട്ടിയ ക്രൂരതക്ക് കാലം എനിക്കായി കാത്തു വെച്ചത്. മരണം വരുവോളം ഇനി ദക്ഷൻ ഈ കാട്ടിൽ അലഞ്ഞു നടക്കും. മൃഗങ്ങൾക്കിടയിൽ മറ്റൊരു മൃഗമായി. ദക്ഷൻ ഉറക്കെ ഉറക്കെ കരഞ്ഞു. മനസിലെ ഭാരം കണ്ണുനീരിനാൽ കഴുകി കളയാൻ എന്നപോലെ. ശേഷം എല്ലാം പറഞ്ഞു തീർന്ന ആശ്വാസത്തിൽ ദക്ഷൻ വെറും നിലത്ത് നിവർന്നു കിടന്ന് ഗാഢനിദ്രയിലാണ്ടു. ഈ നെഞ്ചിൽ താൻ സുരക്ഷിതയാണെന്ന് മനസ്സിലാക്കിയ പക്ഷിയും ദക്ഷന്റെ പതിഞ്ഞ ഹൃദയതാളം കേട്ടുകൊണ്ട് ഉറങ്ങി.

Content Summary: Malayalam Short Story ' Pithruvilaapam ' written by Vandana

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS