എന്നും വലിയ തൂക്കുപാത്രവുമായി പോകുന്ന തൊമ്മിച്ചൻ; സംശയം തോന്നി പിന്തുടർന്നു, ചെന്നുനിന്നത് ഒരു പറമ്പിൽ

HIGHLIGHTS
  • തൊമ്മിച്ചനും തൂക്കുപാത്രവും (കഥ)
1331816761
Representative image. Photo Credit:SimonSkafar/istockphoto.com
SHARE

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനോട് ചേർന്നുള്ള ഒരു കൊച്ചു ഗ്രാമത്തിലാണ് വൃദ്ധനായ തൊമ്മിച്ചന്റെ വീട്. എന്നത്തെയും പോലെ രാവിലെ തന്നെ തൊമ്മിച്ചൻ കഴുത്തിലൊരു തോർത്തും ചുറ്റി, കൈയ്യിൽ തന്റെ തൂക്കുപാത്രവുമായി പുലർകാല സൂര്യകിരണങ്ങൾ ദൃശ്യമാകുന്ന നാട്ടുവഴിയിലൂടെ നടക്കുന്നു. ഈ സമയം, ആ നാട്ടിൽ ഇന്നലെ താമസം ആരംഭിച്ച, എയർപോർട്ടിൽ ജോലിയുള്ള ചെറുപ്പക്കാരായ ബെന്നിയും സുകുവും അവരുടെ സ്ഥിരം ജീവിതശൈലിയായ പ്രഭാതസവാരിക്ക് ഇറങ്ങുന്നു. നടത്തത്തിടയിൽ ദിവസേന ചായ ഉണ്ടാക്കുന്നതിനായി പാൽ എവിടെ നിന്ന് സംഘടിപ്പിക്കും എന്ന ചർച്ചയിലായിരുന്നു അവർ. കടയിൽ നിന്നും പാക്കറ്റ് പാൽ മേടിക്കാമെന്ന് സുകു അഭിപ്രായം പറഞ്ഞെങ്കിലും പാക്കറ്റ് പാലിനോട് താൽപര്യമില്ലാതിരുന്ന ബെന്നി, സുകുവിന്റെ അഭിപ്രായത്തെ എതിർത്തു. ഈ പരിസരത്തെ പശുവിനെ വളർത്തുന്ന ഏതെങ്കിലും വീട്ടിൽ നിന്നും ശുദ്ധമായ പശുവിൻ പാൽ മേടിക്കാം എന്ന് ബെന്നി പറയുന്നു. ഏതെങ്കിലും വീട്ടിൽ പശുവിനെ കാണുന്നുണ്ടോ, പശുവിന്റെ ശബ്ദം കേൾക്കുന്നുണ്ടോ, ചാണകത്തിന്റെ ഗന്ധം കിട്ടുന്നുണ്ടോ എന്ന് നോക്കി അവർ നടന്നു. കുറേ ദൂരം നടന്ന ശേഷം തൂക്കുപാത്രവുമായി അവർക്ക് എതിരെ നടന്നു വരുന്ന തൊമ്മിച്ചനെ അവർ കാണുന്നു. “അയാൾ സൊസൈറ്റിയിലേക്ക് പാൽ കൊടുക്കാനായി കൊണ്ടുപോകുന്നതാവും” എന്ന് സുകു ബെന്നിയോട് പറയുന്നു. ബെന്നിയെയും സുകുവിനെയും ശ്രദ്ധിക്കാതെ തൊമ്മിച്ചൻ നേരെ നടന്ന് പോകുന്നു. അവർ തൊമ്മിച്ചന്റെ പിന്നാലെ ചെന്ന് തൊമ്മിച്ചനോട് സംസാരിക്കുന്നു. 

“ചേട്ടാ, ഞങ്ങൾ ഇവിടെ എയർപോർട്ടിൽ പുതിയതായി ജോലിക്ക് വന്നവരാണ്. ഇവിടെ അടുത്ത് ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നു. എന്നും രാവിലെ ഒരു ലിറ്റർ പാൽ കിട്ടിയിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു.” ബെന്നി തൊമ്മിച്ചനോട് പറയുന്നു. ബെന്നിയെയും സുകുവിനെയും മാറിമാറി ഒന്ന് നോക്കിയ ശേഷം അവരോട് ഒന്നും മിണ്ടാതെ തൊമ്മിച്ചൻ നേരെ നടക്കുന്നു. എന്താ അയാൾ ഒന്നും പറയാതെ പോയത് എന്ന ഭാവത്തിൽ അവർ നിൽക്കുന്നു. ഒടുവിൽ “ആൾക്ക് ചെവി കേൾക്കില്ലായിരിക്കും” എന്ന് അവർ ഊഹിക്കുന്നു. അവർ നടത്തം തുടരുന്നു. ഈ സമയം സൈക്കിളിൽ ഒരു പയ്യൻ അവർക്ക് എതിരെ വരുന്നുണ്ടായിരുന്നു. ബെന്നി ആ പയ്യനോട് “ആ തൂക്കുപാത്രവുമായി പോകുന്ന ആളെ അറിയുമോ?” എന്ന് ചോദിക്കുന്നു. “അറിയാം, അത് തൊമ്മിച്ചൻ ചേട്ടൻ ആണ്” എന്ന് പയ്യൻ മറുപടി പറയുന്നു. “അങ്ങേരുടെ വീട്ടിൽ പശു ഉണ്ടോ?” എന്ന സുകുവിന്റെ ചോദ്യത്തിന് “എനിക്കറിയില്ല” എന്നായിരുന്നു ആ പയ്യന്റെ ഉത്തരം. “ആൾക്ക് ചെവി കേൾക്കില്ലേ?” എന്ന ബെന്നിയുടെ സംശയത്തിനും “എനിക്ക് അറിയില്ല” എന്നായിരുന്നു പയ്യന്റെ മറുപടി. ആ പ്രഭാത സവാരിയിൽ തൊമ്മിച്ചന്റെ വീട്ടിൽ പശു ഇല്ല എന്ന് ഒരു നാട്ടുകാരനുമായുള്ള സൗഹൃദ സംഭാഷണത്തിലൂടെ  ബെന്നിയും സുകുവും മനസ്സിലാക്കുന്നു.

പിറ്റേ ദിവസവും പ്രഭാതസവാരിക്കിടെ തൊമ്മിച്ചൻ തൂക്കുപാത്രവുമായി നടന്ന് വരുന്നത് അവർ കണ്ടു. തലേ ദിവസത്തെപോലെ തൊമ്മിച്ചൻ അവരെ ശ്രദ്ധിക്കാതെ നേരെ നടന്നു. “ഇയാൾ ഈ തൂക്കുപാത്രവുമായി എങ്ങോട്ടാണ് പോകുന്നത്” എന്ന് അറിയാനുള്ള കൗതുകത്തിന്റെ പുറത്ത് ബെന്നിയും സുകുവും തൊമ്മിച്ചൻ പോകുന്ന വഴിയേ പിന്നാലെ നടക്കുന്നു. നാട്ടുവഴിയിലൂടെ കുറച്ച് ദൂരം തൊമ്മിച്ചനെ പിന്തുടർന്ന് അവർ നടക്കുന്നു. ഒടുവിൽ ലക്ഷ്യസ്ഥലത്ത് തൊമ്മിച്ചൻ എത്തുന്നു. മതിലൊന്നും ഇല്ലാത്ത, ചുറ്റിനും മരങ്ങളൊന്നും ഇല്ലാത്ത, തുറസ്സായ ഒരു പറമ്പ്. തൊമ്മിച്ചൻ തൂക്കുപാത്രവുമായി പറമ്പിലേക്ക് കയറുന്നു. ബെന്നിയും സുകുവും പറമ്പിന് വെളിയിൽ നിന്ന് തൊമ്മിച്ചനെ വീക്ഷിക്കുന്നു. തൊമ്മിച്ചൻ പറമ്പിന്റെ കിഴക്ക് പടിഞ്ഞാറ് ഭാഗത്തായി നട്ടിരിക്കുന്ന ഒരു മാവിൻ തൈയുടെ അടുത്തേക്ക് ചെല്ലുന്നു. തൊമ്മിച്ചൻ തൂക്കുപാത്രം തുറക്കുന്നു, അതിൽ നിറയെ വെള്ളം ആയിരുന്നു. തൂക്കുപാത്രത്തിലെ വെള്ളം ആ മാവിൻ തൈയ്ക്ക് ചുറ്റും തൊമ്മിച്ചൻ ഒഴിക്കുന്നു. ഈ കാഴ്ച്ച കൗതുകത്തോടെ നോക്കി നിന്ന ബെന്നിയും സുകുവും പരസ്പരം നോക്കി പുഞ്ചിരിക്കുന്നു. വെള്ളം മുഴുവൻ ഒഴിച്ച ശേഷം തൊമ്മിച്ചൻ തൂക്കുപാത്രം അടച്ചുവെച്ച് തിരിച്ച് നടക്കുന്നു.

പറമ്പിന് പുറത്ത് നിൽക്കുന്ന ബെന്നിയെയും സുകുവിനെയും തൊമ്മിച്ചൻ കാണുന്നു. അവരുടെ അടുത്തേക്ക് തൊമ്മിച്ചൻ വരുന്നു. തൊമ്മിച്ചൻ അവരോട്; “എന്റെ ഭാര്യ ഏലിക്കുട്ടിയുടെ വലിയൊരു ആഗ്രഹമായിരുന്നു, കൈവിട്ട് പോയ ഞങ്ങടെ തറവാട് ഇരുന്ന ഈ പറമ്പ് തിരിച്ച് പിടിക്കണമെന്നുള്ളത്, ഒടുക്കം ഞാൻ അവളുടെ ആഗ്രഹം സാധിച്ചു കൊടുത്തു. മരിക്കുന്നതിന് മുൻപ് അവൾ എന്നോടൊരു കാര്യം ആവശ്യപ്പെട്ടു. വേറെ എന്തൊക്കെ മറന്നാലും, അവൾ അവസാനം എന്നോട് പറഞ്ഞത് ഞാൻ ഒരിക്കലും മറക്കില്ല”. തൊമ്മിച്ചന്റെ മനസ്സിലെ ദുഃഖം മുഖത്ത് പ്രകടമായിരുന്നു. തൊമ്മിച്ചൻ നടന്ന് പോകുന്നു. തൊമ്മിച്ചൻ നടന്ന് മറയുന്നത് ബെന്നിയും സുകുവും ആശ്ചര്യത്തോടെ നോക്കി നിൽക്കുന്നു. ഏലിക്കുട്ടിയുടെ അവസാന വാക്കുകൾ: “ഇച്ചായാ, നമ്മുടെ പറമ്പിൽ ഞാൻ നട്ട ആ മൂവാണ്ടൻ മാവിൽ, ഇച്ചായൻ എന്നും വെള്ളമൊഴിക്കണം. ഏലിക്കുട്ടിക്ക് സ്വർഗ്ഗത്തിലിരുന്ന് സന്തോഷിക്കാൻ അതുമതി ഇച്ചായാ..”

Content Summary: Malayalam Short Story ' Thommichanum Thookkupathravum ' written by Rahul Shaji

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS