ആരോടൊക്കെയാണ് നാം നന്ദി പറയേണ്ടത്, എങ്ങനെയെല്ലാം നന്ദി അറിയിക്കാം?

HIGHLIGHTS
  • 'നന്ദി' എന്ന വാക്ക് (ലേഖനം)
malayalam-poem-maveli-vannal
Representative image. Photo Credit: Porstocker/Shutterstock.com
SHARE

"നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു" വളരെ പ്രശസ്തവും അതിലേറെ പവർഫുള്ളും ആയ കവിതയിലെ ഒരു വരിയാണല്ലോ ഇത്. ഏഴു പതിറ്റാണ്ടിലേറെ വെറും ഒരു സാധാരണക്കാരന്റെ തുലോം സാധാരണമായ ജീവിതാനുഭവങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് നോക്കുമ്പോൾ തന്നെ എനിക്ക് തോന്നിയത് എനിക്കു ചുറ്റുമുള്ള ആരോട് അല്ലെങ്കിൽ എന്തിനോട് ആണ് ഞാൻ നന്ദി പറയേണ്ടതായിട്ടില്ലാത്തതു എന്ന് തന്നെയാണ്. ഉത്ഭവത്തിന്നു കാരണഭൂതാക്കളായ "പാതിമെയ്യായ" മാതാവിനോടും പിതാവിനോടും പിന്നെ "പത്തുമാസം ചുമന്ന ഗർഭപാത്രത്തിനോടും" തന്നെയാണ് ആദ്യമായി നന്ദി പറയേണ്ടത്. കുട്ടിക്കാലത്തെ കളിക്കൂട്ടുകാരോടും, വലുതാവുന്നതോടൊപ്പം വളർന്നു വന്ന സുഹൃത്‌വലയത്തിനോടും, ഒപ്പം ജോലിചെയ്ത നൂറുകണക്കിന് സഹപ്രവർത്തകരോടും, പിന്നീട് ജീവിതയാത്രയ്ക്കിടെ കണ്ടുമുട്ടുകയും, പരിചയപ്പെടുകയും, ഇടപഴകുകയും ചെയ്ത എല്ലാ വ്യക്തിത്വങ്ങളോടും ആൽമാർഥമായ  നന്ദി അല്ലാതെ മറ്റെന്താണ് ഉരിയാടാനായിട്ടുള്ളത്? പ്രായമാകുമ്പോൾ ഇരു കാലുകളിലും നിവർന്നു നിന്ന് പതിയെ നടക്കാനെങ്കിലും പ്രാപ്തനാക്കിയ പ്രപഞ്ചശക്തിയായ പരമേശ്വരനോടും, വർഷങ്ങളോളം ജീവിതപങ്കാളിയായി, വെയിലിലും, മഴയിലും ഒരേപോലെ ഒരുമിച്ചുനിന്ന വ്യക്തിയോടും, എവിടെയായാലും ഏതുസമയത്തും, ഒരുവിളിപ്പാടകലെ എന്ന പോലെ ഓടിയെത്തി സംരക്ഷണവലയം തീർക്കാൻ തയാറാവുന്ന മക്കളോടും ഉള്ള കടപ്പാട് നന്ദി എന്ന ഒരു വാക്കിൽ ഒതുക്കാവുന്നതാണോ എന്നെനിക്കറിയില്ല സത്യമായും!

ഇനി, ഈ പ്രകൃതിയോടും, പ്രപഞ്ചത്തോടും നന്ദി പറയാതെ ഒരു ദിവസം പോലും നമുക്ക് മുന്നോട്ട് പോകാനാവുമോ? കുടിക്കുന്ന ജലത്തിനും, ശ്വസിക്കുന്ന വായുവിനും, വൃക്ഷങ്ങൾക്കും, നദികൾക്കും പുലി മുതൽ പുഴുവരെ ഉള്ള എല്ലാ ജീവജാലങ്ങളോടും എന്നും കടപ്പെട്ടിരിക്കുന്നവരല്ലേ നമ്മൾ? നന്ദി എന്ന വാക്കിനെ വെറും ഒരു "പ്രകടനം" മാത്രമായി, ഒരു ഔപചാരികത മാത്രമായി ചുരുക്കി കാണുന്നത് നമ്മുടെ ഒക്കെ കലാ, സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക ഔദ്യോഗിക ജീവിതത്തിലെ നിത്യ സംഭവമാണല്ലോ. പറയുന്നത് തമാശക്കാണെങ്കിലും, എല്ലാ പരിപാടികളുടെയും അവസാനം കൊണ്ടുപോയി വെക്കുന്ന സംഭവമാണല്ലോ ഈ വോട്ട് ഓഫ് താങ്ക്സ് അല്ലെങ്കിൽ നന്ദി പ്രകടനം. അഡ്മിനിസ്‌ട്രേറ്റീവ് ആപ്പീസുകളിൽ ജോലി നോക്കുമ്പോൾ അടിക്കടി ധാരാളം മീറ്റിംഗുകളും, സെമിനാറുകളും മറ്റും ഞങ്ങൾ ഓർഗനൈസ് ചെയ്യാറുണ്ട്. പലപ്പോഴും ഈ നന്ദി പ്രകടനം എന്ന പ്രക്രിയ എന്റെ തലയിൽ വെച്ച് കെട്ടാറുണ്ട്. ഞങ്ങൾ അന്നൊക്കെ അതിനെ മോസ്റ്റ് താങ്ക്‌ലെസ് ജോബ് എന്നാണ് പറയാറുള്ളത്. കാരണം മറ്റൊന്നുമല്ല, നന്ദി പ്രകടിപ്പിച്ചു തുടങ്ങുമ്പോഴേക്കും സദസ്സ് ഒട്ടുമുക്കാലും കാലിയായിട്ടുണ്ടാവും. അവസാനം കുറെ കാലി കസേരകളും, ഞാനും, പോഡിയവും, മൈക്കും മെക്കാനിക്കും അവശേഷിക്കും. തലേന്ന് രാത്രി മുതൽ കാണാപാഠം പഠിച്ചത് മാത്രം ബാക്കി.

നന്ദി എന്ന വാക്ക് പലപ്പോഴും നമ്മളെല്ലാവരും പറയാതെ തന്നെ പറയാറില്ലേ? ഈയിടെ എനിക്കുണ്ടായ ഒരനുഭവം, അൽപം ബോറടിപ്പിക്കലാവും എന്നറിഞ്ഞുകൊണ്ടുതന്നെ പറഞ്ഞോട്ടെ. വെസ്റ്റ് എൻഡിൽ നിന്ന് പച്ചക്കറി വാങ്ങി വരുമ്പോൾ കല്ലിൽ കാലുതട്ടി റോഡിൽ കമഴ്ന്നടിച്ചു വീണു. കണ്ണടയും, മൊബൈലും, ഉരുളക്കിഴങ്ങും, ഉള്ളിയും, തക്കാളിയും എല്ലാം ചിതറി തെറിച്ചു. ഒറ്റയ്ക്ക് എണീക്കാൻ സാധിക്കുന്നില്ല. നട്ടുച്ച ആയതിനാൽ റോഡിൽ ആരുമില്ല. അപ്പോൾ അതുവഴി അതിവേഗം വന്ന ഒരു കാർ അൽപം മുന്നോട്ടു പോയി തിരിച്ചുവന്നു. ഒരു ചെറുപ്പക്കാരൻ ഇറങ്ങിവന്നു കൈ പിടിച്ചു എന്നെ എഴുന്നേൽപ്പിച്ചു നിർത്തി. ചുറ്റുപാടും ചിതറിക്കിടന്നിരുന്ന ഓരോന്നും ക്ഷമയോടെ പെറുക്കി എടുത്തു സഞ്ചിയിൽ ഇട്ടുതന്നു. അങ്കിളിന്റെ വീട് എവടെയാണ് എന്ന് ചോദിച്ചപ്പോൾ വളരെ അടുത്താണ്, ഞാൻ മെല്ലെ പൊയ്ക്കോളാം എന്ന് പറഞ്ഞപ്പോൾ, കൂട്ടാക്കാതെ കാറിൽ കയറ്റി വീടിനു മുൻപിൽ ഇറക്കി, ഇറങ്ങിവന്നു, ആർ യു ഓക്കെ അങ്കിൾ? എന്ന് വീണ്ടും വീണ്ടും ചോദിച്ച, ഊരും പേരും അറിയാത്ത ആ പയ്യനോട്, അയാളുടെ പുറത്തു മെല്ലെ തട്ടി, അൽപം നനഞ്ഞ കണ്ണുകളോടെ ഒരു ചെറു പുഞ്ചിരിയോടെയാണ് ഞാൻ എന്റെ നന്ദി അറിയിച്ചത്.

ഇപ്രകാരം വാക്കുകളുടെ സഹായം ഇല്ലാതെ തന്നെ പലരോടും നന്ദി അറിയിക്കുന്ന സന്ദർഭങ്ങൾ നമ്മുടെ ഒക്കെ ജീവിതത്തിലെ നിത്യ സംഭവങ്ങളല്ലേ. ആശുപത്രിയിൽ അവശനായി കിടക്കുമ്പോൾ സന്ദർശിച്ചു സാന്ത്വന വാക്കുകൾ പറയുമ്പോൾ രണ്ടു കൈകളും കൂപ്പി ഇടറുന്ന ചുണ്ടുകളോടെ നമ്മൾ നന്ദി പറയാറില്ലേ? പരാജയത്തിന്റെ മുൻപിൽ പേടിച്ചിരിക്കുന്ന നമ്മളേവന്നു കണ്ടു ആത്മവിശ്വാസം പകരുന്ന സുഹൃത്തിനോട് തിളങ്ങുന്ന കണ്ണുകളോടെ നന്ദി അറിയിക്കാറില്ലേ? ദുഃഖങ്ങളിലും, ദുരവസ്ഥകളിലും സമാശ്വസിപ്പിക്കാൻ വരുന്ന വ്യക്തികൾ പുറത്തുതട്ടി ആശ്വസിപ്പിക്കുമ്പോൾ, നമ്മൾ അവരെ കെട്ടിപ്പിടിച്ചു ഒന്നും ഉരിയാടാതെ നന്ദി അറിയിക്കാറില്ലേ? വിജയങ്ങളിൽ അനുമോദിക്കാൻ എത്തുന്നവരെ വിടർന്ന പുഞ്ചിരിയോടുകൂടി നമ്മൾ നന്ദി പറയാതെ പറയാറില്ലേ? അതുകൊണ്ടാവാം ഞാൻ കരുതുന്നത്, പലപ്പോഴും ഔപചാരികമായ വാക്കുകൾ കൊണ്ടുള്ള നന്ദി പ്രകടനങ്ങളെക്കാൾ ഏറെ നമ്മെ സ്പർശിക്കുന്നത് ഇത്തരം "മൗന രാഗങ്ങളിൽ" കൂടിയുള്ള നന്ദി അറിയിക്കലാണ് എന്ന്! സുഗതകുമാരി ടീച്ചറുടെ നാലുവരി കവിത കൂടി ചൊല്ലി ഇന്നത്തേക്ക് നിർത്താം എന്ന് തോന്നുന്നു.

"എന്റെ വഴിയിലെ വെയിലിനും നന്ദി, 

എന്റെ ചുമലിലെ ചുമടിനും നന്ദി.  

എന്റെ വഴിയിലെ തണലിനും, മര- 

ക്കൊമ്പിലെ കൊച്ചുകുയിലിനും നന്ദി." 

Content Summary: Malayalam Article ' Nandi Enna Vaakku ' written by Mukundan E.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS