കറുത്ത നായ തെരുവിൽ ചത്തു കിടക്കുന്നു. അതിന്റെ ചുറ്റും കുത്തിയിരുന്ന് നാലു നായ്ക്കുട്ടികൾ തുടർച്ചയായി മൂളിക്കൊണ്ടിരിക്കുന്നു. ചത്ത നായയെ തെരുവ് കണ്ടതായിപ്പോലും ഗൗനിക്കുന്നില്ല. ഒരു ചുവന്ന നായ കുറച്ചകലെ എല്ലാം വീക്ഷിച്ച് ദുഃഖത്തോടെ ഇരിക്കുന്നുണ്ടായിരുന്നു. ഉറുമ്പിൻകൂട്ടം ചത്ത നായയെ തേടി വന്നുതുടങ്ങി. പുഴുക്കൾ മാംസം തിന്നാൻ തയാറെടുത്തു. നായ്ക്കൾ രണ്ടും ആ തെരുവിൽ ജനിച്ചു വളർന്നവയായതിനാൽ അവിടെത്തന്നെയായിരുന്നു ഉറക്കവും. പട്ടിണി ആകുമ്പോൾ മുമ്പ് ആഹാരം കൊടുത്തവരുടെ അടുത്തു പോയി നിന്ന് അവ വാലാട്ടുക പതിവായിരുന്നു. തെരുവ് അതൊന്നും ഗൗനിക്കാറില്ലായിരുന്നു. മാളികവീടുകളിലെ കൊച്ചമ്മമാരുടെ തലോടലുകളോ പതുപതുപ്പുള്ള കിടക്കയിലെ സുഖനിദ്രയോ ആ നായ്ക്കൾക്ക് ഒരിക്കൽപോലും കിട്ടിയിട്ടില്ല. നായ്ക്കുട്ടികളിൽ ഒന്ന് എഴുന്നേറ്റ് ചത്ത നായയുടെ ഒരു മുലയിൽ കടിച്ചുവലിക്കുന്നതു കണ്ടപ്പോൾ മറ്റു നായ്ക്കുട്ടികളും അതാവർത്തിച്ചു. എങ്കിലും തണുത്തുപോയ മുലകൾ പാൽ ചുരത്തിയില്ല. ആദ്യത്തെ നായ്ക്കുട്ടി മുലയിലെ പിടിവിട്ടു ഓടുന്നതു കണ്ട് മറ്റു നായ്ക്കുട്ടികളും അതിന്റെ പിന്നാലെ കൂടി. നായ്ക്കുട്ടികളുടെ വിശപ്പകറ്റാൻ തനിക്ക് ഒന്നും ചെയ്യാനില്ലെന്നറിയാവുന്ന ചുവന്ന നായ അവ ഓടുന്നതും നോക്കി അനങ്ങാതെയിരുന്നു.
അൽപം കഴിഞ്ഞ് ചുവന്ന നായ എഴുന്നേറ്റു. കറുത്ത നായയുടെ ശവത്തിനു ചുറ്റും രണ്ടു പ്രാവശ്യം നടന്നിട്ട് അവിടെ ഇരുന്നു. കന്നിമാസത്തിൽ പെയ്തിറങ്ങിയ ഒരു രാവായിരുന്നു അതിന്റെ ഓർമ്മയിൽ അപ്പോൾ ഉണ്ടായിരുന്നത്. അന്നത്തെ തണുപ്പിൽ കറുത്തനായയുടെ ഉള്ളിൽ നിന്നും പകർന്നു കിട്ടിയ ചൂടിൽ ഒന്നായുറപ്പിച്ച സ്നേഹബന്ധം വിട്ടുപിരിയാതെ അപ്പോഴും നിൽക്കുന്നു. ഘോരമായ രാത്രിമഴയിൽ തന്നിൽ അലിഞ്ഞുചേർന്ന പ്രേയസി.. അതാണ് അവിടെ ചത്തുകിടക്കുന്നത്. ചുവന്ന നായ എഴുന്നേറ്റ് കറുത്ത നായയോട് കുറച്ചുകൂടി ചേർന്നിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. അത് തെരുവിലേക്കു നോക്കി ഒന്നു മുരണ്ടു. തെരുവിന് ആ ഭാഷ മനസ്സിലായില്ല. അൽപനേരം കൂടി കടന്നുപോയി. ചുവന്ന നായ എഴുന്നേറ്റു. ചത്ത നായയുടെ കഴുത്തിൽ ചുംബിച്ചു. അവിടം ഒന്നു നക്കി. തുടർന്ന് തന്റെ മുഖം ചത്ത നായയുടെ മുഖത്തോടു ചേർത്തുവെച്ചു. മുൻ കാലുയർത്തി ചത്ത നായയുടെ തലയിൽ കെട്ടിപ്പിടിച്ചുകൊണ്ട് കുറേനേരം അനങ്ങാതെ നിന്നു. തെരുവ് അപ്പോഴും ചലിച്ചുകൊണ്ടിരുന്നു.
വെയിൽ കനത്തിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് ചുറ്റുപാടും നോക്കിക്കൊണ്ട് ചുട്ടുപൊള്ളുന്ന മണ്ണിൽ കിടക്കുന്ന ചത്ത നായയുടെ ദേഹമാകെ അത് നക്കിത്തുടച്ചു. തുടർന്ന് ഒരു കാലിൽ കടിച്ചുപിടിച്ചു വലിച്ചുകൊണ്ടുപോയി. കുറച്ചകലെയുള്ള തണൽ മരത്തിന്റെ ചുവട്ടിൽ എത്തിയപ്പോൾ അത് നിന്നു. ചത്ത നായയുടെ കാലിലെ കടി വിട്ട് മുകളിലേക്കു നോക്കി കുറെനേരം കുരച്ചു. ആകാശം അതു കേട്ടു. തെരുവ് അതു കേട്ടില്ല. ഇരുട്ടാകുന്നതുവരെയും ജലപാനം പോലുമില്ലാതെ ചുവന്ന നായ ചത്ത നായയ്ക്ക് കാവലിരുന്നു. രാത്രിയായപ്പോൾ ആകാശം പൊട്ടിച്ചിതറി. മഴ തകർത്താടി. നീർച്ചുഴികൾ ഭൂമി പിളർത്തിയൊഴുകി. മണ്ണ് കുത്തിയൊലിച്ചു. പിന്നെ നേരം വെളുക്കുമ്പോൾ ചത്ത നായ അവിടെ ഉണ്ടായിരുന്നില്ല. ചുവന്ന നായ അപ്പോഴും തെരുവിലൂടെ നടക്കുന്നുണ്ടായിരുന്നു. അതിന്റെ മുഖം മനുഷ്യമുഖമായി രൂപാന്തരം പ്രാപിച്ചിരുന്നു.
Content Summary: Malayalam Short Story ' Theruvil Valarnna Naykkal ' written by Geevarghese Idicheriya Kizhakkekara