ADVERTISEMENT

ഒരു അവധിക്കാല യാത്ര

"മൂന്നാർ, കോവളം, കന്യാകുമാരി.." നാട്ടിൽ ചെന്നാൽ കാണേണ്ട സ്ഥലങ്ങളുടെ പേരുകൾ എല്ലാം മകൾ ഓർത്തു വച്ചിരുന്നു. വേനൽക്കാല അവധി. പള്ളിക്കൂടം അടയ്ക്കുമ്പോൾ നാട്ടിലേക്കുള്ള പതിവ് യാത്ര. നഗരജീവിതത്തിന്റെ ഒറ്റപ്പെടലും, മടുപ്പും. ഒരു യാത്രയ്ക്കായി മനസ്സ് എപ്പോഴും കാത്തിരിക്കും. അതും സ്വന്തം നാട്ടിലേക്ക്. ആഴ്ചകൾക്ക് മുമ്പേ, യാത്രയിൽ കൊണ്ടുപോകാനുള്ള പെട്ടിയും ബാഗുമെല്ലാം തയാറാക്കി വയ്ക്കും. മകൾക്കാണ് നിർബന്ധം. യാത്രയ്ക്ക് മുമ്പേയുള്ള ഈ തയാറെടുപ്പ്. അതിന് അമ്മയെ കൂട്ടു പിടിക്കും. യാത്രയിൽ കരുതേണ്ടതെല്ലാം എടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. പോകാനുള്ള ദിവസങ്ങൾ അടുത്തു വരുന്നു. "എല്ലാം എടുത്തിട്ടുണ്ടോ" അമ്മയോട് ആണ് മകളുടെ ചോദ്യം കൂടുതലും. "നാട്ടിലേക്ക് പോകുന്നതല്ലെ, എന്തെങ്കിലും നിങ്ങൾക്ക് കൂടി വാങ്ങാം." ഭാര്യയുടെ സ്നേഹപൂർവമായ ഓർമ്മപ്പെടുത്തൽ." ഒന്നും വേണ്ട എന്ന മുഖ ഭാവത്തോടെ ഞാൻ ചിരിച്ചു. "അല്ലേലും അങ്ങനെയൊരു ശീലമില്ലല്ലോ." അവൾ പരിഭവിച്ചു. അച്ഛൻ, അമ്മ, സഹോദരങ്ങൾ, അവരുടെ കുട്ടികൾ.. ഓരോ മുഖവും മനസ്സിലൂടെ മിന്നി മറഞ്ഞു. എല്ലാവർക്കും എന്തെങ്കിലുമൊക്കെ വാങ്ങണം. ഞാൻ പറയണ്ട. അവൾ വാങ്ങിച്ചിട്ടുണ്ടാകും. ഷോപ്പിങ്ങിനോടു എനിക്ക് വലിയ താൽപര്യം ഇല്ലെന്ന് അവൾക്ക് അറിയാം. യാത്ര തിരിക്കും മുമ്പെ മകൾ നാട്ടിൽ ചെന്നതു പോലെയായി. അവളുടെ ഓരോ ചലനവും, വർത്തമാനങ്ങളും ഇതുവരെയുള്ളതല്ല. സന്തോഷം കൊണ്ടാകാം.

നാട്! മനസ്സ് തേടുന്നതെല്ലാം തിരിച്ചു കിട്ടുകയാണ്. കാണാതിരുന്നു കാണുമ്പോഴുള്ള കാഴ്ചകൾ! അതൊരു വരവേൽപ്പ്. ഭൂമിയിൽ ഏറ്റവും സുന്ദരമായത് ജന്മ നാട് തന്നെ. ജനിച്ചു വളർന്ന ഗ്രാമം. മുറ്റത്ത് മാവിൻ കൊമ്പിലിരിക്കുന്ന പക്ഷികൾ പോലും നമ്മുടെ ആരോ. പുഴയിലെ ഓരോ കുഞ്ഞോളങ്ങൾക്കും എന്തൊക്കെയോ പറയാനുണ്ട്. പ്രഭാതത്തിലെ ഇളംവെയിലും തണുത്ത കാറ്റും.. ഇതെല്ലാം ചേരുന്നതാണ് എന്റെ നാട്. എത്ര കണ്ടാലും മതി വരാത്ത കാഴ്ചകൾ.! നാട്ടിൽ വന്ന് ദിവസങ്ങൾ എങ്ങനെ കടന്നു പോയി, അറിയില്ല. എത്ര വേഗത്തിൽ.. ഇനിയുള്ളത് ഒരാഴ്ച മാത്രം. അതു കഴിഞ്ഞാൽ തിരിച്ചു പോകണം. ഇനിയും കണ്ടുതീരാത്ത എന്റെ ഗ്രാമം. ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന പള്ളിക്കൂടം, വായനശാല, പള്ളിയിലെ പെരുന്നാൾ, ക്ഷേത്രത്തിലെ ഉത്സവം. ഇവിടേക്കെല്ലാം നടന്നു തീർത്ത വഴികൾ.. ഈ ഓർമ്മകളിലെ ഞാനുള്ളൂ. ഗ്രാമത്തിലെ പുതിയതും പഴയതുമായ താമസക്കാർ. അവർ പറയും "കയറിയിരിക്ക്." എല്ലാവരും സ്വന്തമാണ്. ഇവരിൽ എല്ലാം ഞാനുണ്ട്. മനുഷ്യന് മുഖമില്ലാത്ത നഗരം. ഗ്രാമം അത് തിരിച്ചു തരുന്നു.

"അച്ഛാ, സമയം തീരുന്നു. എപ്പോഴാണ് നമ്മുടെ യാത്ര.." മകളുടെ ഉത്സാഹം കുറഞ്ഞു കൊണ്ടിരുന്നു. വന്ന ദിവസം മുതൽ ഭാര്യ വീട്ടിൽ തന്നെയാണ്. പ്രായം ചെന്ന അച്ഛനും അമ്മയും.. "വരുമ്പോൾ അല്ലേ ഇവരെയൊക്കെ നോക്കാൻ പറ്റൂ." അവൾ എന്നെ നോക്കി, ഞാൻ എന്തു പറയും എന്നറിയാൻ. "എനിക്കതിൽ സന്തോഷമേ ഉള്ളൂ." അവൾക്ക് അറിയാം. ഞാൻ അങ്ങനെയേ പറയൂ. "അച്ഛാ, ഒരു സ്ഥലത്തേക്ക് എങ്കിലും നമുക്ക് പോകണം. വന്നിട്ട് ഞാൻ ഇതുവരെ എങ്ങും പോയില്ല. പ്ലീസ്.." "ശരി പോകാം. അമ്മയെ വിളിക്ക്. രാവിലെ തന്നെ യാത്ര." "തിരിച്ചുപോകാൻ ഇനിയും രണ്ടോ മൂന്നോ ദിവസം മാത്രം. അതിനിടയിൽ.." നടക്കില്ല എന്ന മുൻവിധിയോടെ ഭാര്യ പറഞ്ഞു "ശരി പോകാം." മകൾ തുള്ളിച്ചാടി. സന്തോഷത്തോടെ നൃത്തം ചെയ്തു. ഇടയിൽ ഒരു നിമിഷം അവൾ നിന്നു. അവളുടെ കണ്ണ് നിറഞ്ഞു. "അച്ഛാ, പോകുമല്ലോ." മകൾ ചോദ്യം ആവർത്തിച്ചു.!

വയറ്റാട്ടി

പിറവി ഭൂമിയിലേക്ക് ആനയിച്ച കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ അമ്മ കാതോർത്തു. അമ്മയുടെ കരച്ചിൽ കേട്ടാണ് കുഞ്ഞ് പിറന്നത്. കുഞ്ഞ് ഭൂമിയിൽ ആദ്യം കേട്ട ശബ്ദം.. അമ്മയുടെ കരച്ചിൽ! കുഞ്ഞിന്റെ ആദ്യശബ്ദവും കരച്ചിൽ തന്നെ. അത് കേട്ട് അമ്മയുടെ മനസ്സിൽ പുഞ്ചിരി നിറഞ്ഞു. "കുഞ്ഞ് നന്നായി കരയട്ടെ. ആരോഗ്യമുള്ള കുട്ടികൾ അങ്ങനെയാണ്." വയറ്റാട്ടി ഉപദേശിച്ചു. "നോക്കൂ, കരച്ചിൽ മാറുമ്പോൾ കുഞ്ഞിന്റെ ചുണ്ടിൽ ചിരി മിന്നും. കണ്ണ് തുറക്കാതെ കുഞ്ഞ് അമ്മയെ കണ്ടിരിക്കുന്നു.!" വയറ്റാട്ടി പറഞ്ഞത് സത്യമായിരുന്നു. കരച്ചിലും ചിരിയും. അമ്മയും കുഞ്ഞും. മനുഷ്യൻ തുടങ്ങുന്നൂ.! പിറവിയുടെ സമയം അറിയുന്ന വയറ്റാട്ടി അടുത്ത വീട്ടിലേക്ക് നടന്നു.

വാർദ്ധക്യമില്ലാത്തത്

"ഇന്നലെ കണ്ടവരല്ലല്ലോ ഇത്! പരസ്പരം കൊത്തു കൂടിയത് എത്ര നേരമായിരുന്നു. രണ്ടും കൂടിയുള്ള വഴക്ക് എന്തിനായിരുന്നു എന്നറിയില്ല. അവർക്ക് അവരുടേതായ കാരണങ്ങൾ ഉണ്ടാകാം. എന്തായാലും ഇപ്പോൾ വീണ്ടും സ്നേഹമായി." വീട്ടിൽ വളർത്തുന്ന കോഴികളിൽ, പൂവൻമാർ ഒരുമിച്ച് തീറ്റ കൊത്തി നടക്കുന്നത് കണ്ടപ്പോൾ ഇന്നലത്തെ വഴക്ക് ഓർത്തു പോയി. രണ്ടിനെയും ഞാൻ ഓടിച്ചു വിടും വരെ എന്തൊരു തകർപ്പ് ആയിരുന്നു. ആരും തോൽക്കാൻ തയാറല്ല. തുടങ്ങിപ്പോയി. എവിടെ നിർത്തണം എന്നറിയാതെ അവരും വിഷമിച്ചിട്ടുണ്ടാകും. പാവങ്ങളാ. മുൻവൈരാഗ്യം ഒന്നും ഇല്ലല്ലോ. അതാണ് മനുഷ്യൻ ഒഴിച്ച് മറ്റു ജീവികളുടെ ഗുണം. പെട്ടെന്ന് തോന്നിയ ഒരു ദേഷ്യം ആകാം. ഒരാൾ പോരു തുടങ്ങിയാൽ, ജീവന്റെ സ്വഭാവം ആണത്. പ്രതികരിക്കും. തോൽവിയും ജയവും ഒന്നും അവർ അപ്പോൾ ചിന്തിച്ചിട്ടുണ്ടാകില്ല. മനസ്സിലെ ദേഷ്യം തീരും വരെ അത് തുടരും. ആഹാരത്തിനൊന്നും ഇവിടെ ഒരു കുറവുമില്ല. കൊത്തിപ്പെറുക്കാൻ ഇഷ്ടം പോലെ സ്ഥലം. പോരാത്തത് വീട്ടിൽ ഉണ്ട്. എന്നാലും ജീവിക്കണമെങ്കിൽ ഈ വഴക്കും പോരുമൊക്കെ വേണമായിരിക്കും.! അത് കഴിഞ്ഞാൽ എല്ലാം മറക്കാനും സ്നേഹിക്കാനും അവർക്കറിയാം. അതാണ് ഒരു സന്തോഷം. പ്രകൃതിയുടെ നിയമവും അതു തന്നെയാണ്. കൂട്ടത്തിൽ നിന്നും ഒരു കോഴിക്കുഞ്ഞിനെ പരുന്ത് റാഞ്ചിയാൽ, അപ്പോൾ അറിയാം പൂവന്റെ ശൗര്യം. അതാണ് സ്നേഹം. സഹജീവികളോടുള്ള കരുതൽ.

"അച്ഛൻ രാവിലെ മുതലേ ഇതിന്റെയൊക്കെ പിന്നാലെ നടക്കുകയാണല്ലോ. മതി. വല്ലതും കഴിക്കണ്ടെ." മകൾ ആണ്. കുടുംബവീട് അവൾക്ക് കൊടുത്തതു കൊണ്ട് എന്നെ നോക്കാൻ ഇപ്പോൾ അവൾ മാത്രം. വീതം കിട്ടിയ മറ്റു മക്കളെല്ലാം അത് ആർക്കൊക്കെയോ കൈമാറി, നാട് വിട്ടു. മക്കളുടെ വിവാഹം കഴിഞ്ഞാൽ ഒരു കുടുംബത്തിനെ ഒരു വീട്ടിൽ ജീവിക്കാൻ പറ്റൂ. ഇക്കാലത്ത് രണ്ടു കുടുംബം ഒരിടത്ത് വാഴില്ല. ഒരുമിച്ച് ഉണ്ടായിരുന്ന സമയത്തെല്ലാം വഴക്ക് മാത്രം ആയിരുന്നു. അങ്ങനെയാണ് മാറിയത്. ആരും ആരെയും സഹിക്കാൻ തയാറല്ല. അവനവനിൽ തന്നെ അപരനും വളരുകയാണ്! എന്റെ ചെറുപ്പത്തിൽ എത്ര പേരായിരുന്നു ഒരു വീട്ടിൽ. ആ കാലമൊക്കെ പോയി. മനുഷ്യൻ ചുരുങ്ങി ചുരുങ്ങി അണുകുടുംബമായി മാറി. ഒടുവിൽ ആർക്കും തന്നെത്തന്നെ സഹിക്കാൻ പറ്റാത്ത ഒരവസ്ഥ. അതാണിപ്പോൾ കാണുന്നത്. "അച്ഛാ, എത്ര നേരമായി ഞാൻ വിളിക്കുന്നു. പ്രായം ആകുമ്പോൾ ഒരിടത്ത് ഇരിക്കണം. സമയത്ത് വല്ലതും കഴിക്കണം. വീണു പോയാൽ.." മകൾക്ക് ദേഷ്യം വരുന്നുണ്ട്. എല്ലാവരും ആഗ്രഹിക്കുന്നത് പോലെ എല്ലാം സംഭവിക്കണം. അല്ലെങ്കിൽ അരും ഒന്നും സഹിക്കില്ല. അവൾ എന്റെ കൈയ്യിൽ പിടിച്ച് പറമ്പിൽ നിന്നും വീട്ടിലേക്ക് നടന്നു.

"മോളെ, ഇവരൊക്കെ നമ്മുടെ അയൽക്കാരല്ലെ. കണ്ടാൽ പോലും ആരും ഒന്നും മിണ്ടാറില്ല. മുഖം തിരിച്ച് നടന്നു കളയും!" അച്ഛൻ പരിതപിക്കുന്നത് കണ്ട് മകൾക്ക് ചിരി വന്നു. "അയൽക്കാരുടെ കാര്യം പോട്ടെ. അച്ഛന്റെ മക്കളിൽ ആരൊക്കെ വരാറുണ്ട്. സ്നേഹത്തോട് ഒരു വാക്ക്.. ഞാനാണ് എല്ലാവർക്കും ശത്രു. എല്ലാം എനിക്കാണ് കിട്ടിയത് എന്നാണ് അവരുടെ തോന്നൽ. ഞാനും കുടുംബം വേണ്ടന്നു പറഞ്ഞു പോയിരുന്നെങ്കിൽ ഇത്രയും ശത്രുത ഉണ്ടാകുമായിരുന്നില്ല." അച്ഛന്റെ കൈയ്യിൽ അവളുടെ കണ്ണുനീർ വീണു നനഞ്ഞു. "അങ്ങനെയല്ല മോളെ. ശത്രുക്കളാകാൻ മനുഷ്യന് പ്രത്യേകിച്ചും ഒരു കാരണവും വേണ്ട. അവനവനെ കടന്നു പോകുവാൻ, മനുഷ്യനു ശത്രുക്കൾ വേണമെന്നായി. അതുകൊണ്ടല്ലേ യുദ്ധത്തിന് വാർദ്ധക്യമില്ലാത്തത്. അത് എന്നും ഇവിടെയുണ്ടാകും. നമ്മുടെ കാലം കഴിഞ്ഞാലും, അടുത്ത മനുഷ്യനെ കാത്ത്.!" മകൾ എത്ര ശ്രമിച്ചിട്ടും അച്ഛന്റെ കൈകൾ അയഞ്ഞു തുടങ്ങി.

Content Summary: Malayalam Short Story written by Hari Karumadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com