ADVERTISEMENT

സന്ദീപ്, അതായിരുന്നു അവന്റെ പേര്. നീല യൂണിഫോം നിക്കറും വെള്ള ഷർട്ടുമിട്ട് അലൂമിനിയത്തിന്റെ പെട്ടിയും കൈയിൽ പിടിച്ചു നെറ്റിയിൽ ചന്ദനക്കുറിയും തൊട്ട്, ശക്തിമാൻ സീരിയലിലിലെ ഗംഗാധറിനെ ഓർമ്മിപ്പിക്കും വിധം കുപ്പി കണ്ണാടിയും വച്ചു അവൻ മൂന്നാം ക്ലാസ്സിലേക്ക് സ്റ്റെപ് കയറി നടന്നു വരുന്നത് കാണാൻ വേണ്ടി അവനറിയാതെ നേരത്തെ ക്ലാസ്സിൽ എത്തിയിരുന്ന ആ മൂന്നാം ക്ലാസുകാരിക്ക് അവനെ അത്രയേറെ ഇഷ്ടമായിരുന്നു

നാല് ക്ലാസ്സ്‌ വരെ മാത്രം ആൺകുട്ടികൾ പഠിക്കുന്ന കോൺവെന്റ് സ്കൂളിലെ ഒരേ ക്ലാസ്സിലെ സഹപാഠികൾ ആണ് രണ്ടു പേരും. അവനോട് അന്ന് തോന്നിയിരുന്ന ഒരു പ്രത്യേക ഇഷ്ട്ടം പ്രണയമായിരുന്നോ എന്നൊന്നും തിരിച്ചറിവില്ലാത്ത പ്രായം. എങ്കിലും വേറെ ആരോടും തോന്നാത്ത എന്തോ ഒരു ഇഷ്ടം അവനോട് ഉണ്ട് എന്ന് അവൾക്കറിയാമായിരുന്നു അതായിരുന്നു അവൾ പോലും അറിഞ്ഞിട്ടില്ലാത്ത അവളുടെ ആദ്യ പ്രണയം.

പൊക്കം കുറവായതിനാൽ സന്ദീപ് എന്നും ക്ലാസ്സിലെ ഫസ്റ്റ് ബെഞ്ചിൽ ഫസ്റ്റ് സീറ്റിൽ തന്നെ ഇടം പിടിക്കും. പുസ്തകങ്ങൾ ഓരോന്നായി തന്റെ അലുമിനിയം പെട്ടിയിൽ നിന്ന് മേശമേൽ അടുക്കി വച്ചു ഒരു ബുദ്ധിജീവി സ്റ്റൈലിൽ അവൻ ഇരിക്കുന്നത് ഏറു കണ്ണിട്ട് ഇടയ്ക്കിടെ അവൾ നോക്കുമായിരുന്നു. ചിലപ്പോഴൊക്കെ ടീച്ചർ കൊടുക്കുന്ന ചൂരൽ പഴം അവൻ കൈ നീട്ടി വാങ്ങുമ്പോൾ അവളുടെ ഉള്ളു പിടഞ്ഞിരുന്നു.

പി.ടി പീരിയഡ് ആകുമ്പോൾ ഗ്രൗണ്ടിലേക്ക് ഓടുന്ന അവന്റെ കയ്യിൽ തിരിച്ചു വരുമ്പോൾ കുറച്ചു മഞ്ചാടിക്കുരുവോ, പച്ച ബദാം കായോ അല്ലെങ്കിൽ കോൺവെന്റിന്റെ മുറ്റത്ത്‌ വിതറിയിരിക്കുന്ന വെള്ള വെള്ളാരം കല്ലുകളിൽ കുറച്ചോ കാണും. അതൊന്നും ആർക്കും കൊടുക്കാതെ തന്റെ പെട്ടിക്കുള്ളിൽ സൂക്ഷിച്ചു വച്ചു വീട്ടിൽ കൊണ്ടുപോകുക അവന്റെ ശീലം ആണ്...ഇത് മനസ്സിലാക്കിയ അവൾ 

ഒരിക്കൽ ഒരു പ്ലാവില കുമ്പിളിൽ കുറേ മഞ്ചാടിക്കുരു അവനു പെറുക്കി കൊടുത്തു. അന്ന് മുതൽ അവൻ പതിയെ അവളോട് സംസാരിക്കാൻ തുടങ്ങി. ക്ലാസ്സിലെ മറ്റു പെൺകുട്ടികളോടൊന്നും അധികം സംസാരിക്കാതെ അവളോട് മാത്രം സംസാരിക്കുമ്പോൾ എന്തൊക്കെയോ നേടിയ ഭാവമായിരുന്നു ആ പാവം പ്രണയിനിക്ക്. പെൺകുട്ടികളോട് അധികം സംസാരിക്കാതെ അവൻ അവളോട് മാത്രം വാചാലനാകുന്നതിൽ അസൂയ മൂത്ത കുറച്ചു തരുണീമണികൾ അവളോട്‌ സൗഹൃദം ഉപേക്ഷിച്ചു പോയി. ഇതൊന്നും അവളുടെ മനസ്സിലെ അവനോടുള്ള ഇഷ്ടത്തിന് തെല്ലും കുറവ് വരുത്തിയില്ല, അങ്ങനെ അവൻ പോലും അറിയാതെ അവൾ അവനെ പ്രണയിക്കുകയായിരുന്നു. ദിവസങ്ങൾ, മാസങ്ങൾ എല്ലാം ഒരു ശരത് കാലത്തിന്റെ ഓർമ്മകൾ ബാക്കി വച്ചു കടന്നു പോയി. അവനും അവളും ഹൈസ്കൂളിലേക്ക് കയറിയപ്പോൾ ആൺകുട്ടികൾക്ക് വേറെ സ്കൂളിലേക്ക് പോകേണ്ടി വന്നു. അതോടെ പിന്നെ അവനെ അവൾ കണ്ടിട്ടില്ല. അവന്റെ വീടിനു മുന്നിലൂടെ ബസ് കടന്നു പോകുമ്പോൾ അവൾ അവനെ അവിടെ തിരയാറുണ്ടെങ്കിലും ഒരിക്കൽ പോലും അവനെ കണ്ടിട്ടില്ല.

അവളുടെ ആദ്യ പ്രണയം ഒരിക്കൽ പോലും അവൻ അറിഞ്ഞില്ല...എന്നാൽ ഇന്നും അവളിലെ പ്രണയത്തിന്റെ ഓർമ്മകളിൽ സന്ദീപ് എന്നും നിറഞ്ഞു നിൽക്കുന്നു. കാലങ്ങൾക്കിപ്പുറം അവനെക്കുറിച്ചു ഓർമ്മിക്കുമ്പോൾ എവിടെയോ അവളുടെ ഉള്ളിൽ ഒരു ചെറിയ നേർത്ത നൊമ്പരം ബാക്കി ആണ്. ഒരിക്കലും അറിയാതെ പോയ തന്റെ ആദ്യ പ്രണയത്തിന്റെ അവശേഷിപ്പുകൾ തേടി വീണ്ടും ഒന്ന് തിരിഞ്ഞു പോകണം എന്ന ആഗ്രഹം ഉണ്ട് ഒരു പക്ഷെ അവിടെ അങ്ങനെ ഒന്നും ബാക്കി കാണില്ല. അതുകൊണ്ട് തന്നെ മാനം കാണാതെ സൂക്ഷിക്കുന്ന മയിൽ‌പീലി പോലെ ഇന്നും അവൾ അവളുടെ ആദ്യ പ്രണയം കാത്ത്‌ വയ്ക്കുന്നു.

Content Summary: Malayalam Short Story ' Aadhya Pranayathinte Ormathalukal ' by Jincy Biju Thomas 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com