കുറേ പാവങ്ങളെ അവർ നിരത്തി നിർത്തി, ശേഷം വെടിയൊച്ചകൾ; ഈ രംഗം ക്യാമറയിൽ പതിഞ്ഞത് അവരറിഞ്ഞില്ല

HIGHLIGHTS
  • ബലാഹ് (ഈന്തപ്പഴം) - കഥ
1085735902
Representative image. Photo Credit: guruXOOX/istockphoto.com
SHARE

2013 ഏപ്രിൽ 7 സിറിയയിലെ ദമാസ്കസ്. ചെറിയ രീതിയിൽ നിയന്ത്രണങ്ങളോടെ മാധ്യമ പ്രവർത്തകർക്ക് പ്രവേശനമുണ്ട് ആ പട്ടണത്തിൽ. എങ്കിലും ഉള്ളിൽ പേടിയുണ്ട്. ആരാണെന്നോ എന്താണെന്നോ നോക്കാതെ വെടിവെയ്പ് നടക്കുകയാണ്. ആഭ്യന്തര കലാപം മുറുകിക്കൊണ്ടിരിക്കുന്ന സമയം. സിറിയൻ സർക്കാരും വിമത സേനയും തമ്മിൽ വലിയ രീതിയിലാണ് യുദ്ധം നടക്കുന്നത്. പോരാത്തതിന് വിമതർക്ക് അമേരിക്കൻ പിന്തുണയും ഉണ്ട്. കേരളത്തിലെ പ്രമുഖ പത്രമായ 'കേരളരവ' ത്തിനു വേണ്ടി ചിത്രങ്ങളെടുക്കാൻ വന്നതാണ് സമീർ കൂടെ റിപ്പോർട്ടർ കിരണും ഉണ്ട്. ഏകദേശം നാല്പത് വയസ്സ് ഉണ്ടാവും സമീറിന്.

"സമീർ ഭായ് " പിന്നിലെ അടക്കിപ്പിടിച്ച വിളിയൊച്ച.

ആവി പറക്കുന്ന സുലൈമാനിയുമായി സുഹ്‌റ. ഒപ്പം അവരുടെ ചുവന്ന ദുപ്പട്ടയിൽ തൂങ്ങി ഏഴ് വയസ്സുകാരി ആലിയയും ഉണ്ട്. ആരു കണ്ടാലും മുഖത്തു നിന്നും കണ്ണെടുക്കില്ല. അത്രയ്ക്കുണ്ട് ഓമനത്തം. വെള്ളാരം കണ്ണുള്ള സുന്ദരി സുഹറയുടെ പൊന്നു മകൾ. പക്ഷെ ആ മിടുക്കിയ്ക്കു മിണ്ടാൻ കഴിയില്ല, സംസാര ശേഷിയില്ലാത്ത കുട്ടിയാണവൾ. സുഹറയുടെ ഭർത്താവ് അബ്ദുല്ല ടാഡാമണിൽ ചെറിയൊരു കോഫീ ഷോപ്പ് നടത്തുകയായിരുന്നു. കലാപം മുറുകിയതോടെ  അയാൾ അത് അടച്ചുപൂട്ടി. ഇപ്പോൾ വീട്ടിലിരുപ്പാണ്. പുറത്തേക്കിറങ്ങിയാൽ സിറിയൻ പട്ടാളം വെറുതെ വിടില്ല. കാരണം അവർ അവിടുത്തെ ന്യൂനപക്ഷ സമുദായമാണ്. ആകെ ബുദ്ധിമുട്ടിലായി ആ കുഞ്ഞുകുടുംബം. അവർ മാത്രമല്ല അനേകം കുടുംബങ്ങൾ പട്ടിണിയും പരിവട്ടവുമായി മല്ലടിച്ചു കഴിയുന്നു. ഇന്ത്യയിൽ നിന്നുമെത്തിയ സമീറിനും കിരണിനും അവിടെ ആ കോളനിയിൽ അബ്‌ദുല്ലയുടെ വീടിനോട് ചേർന്ന് ഒരു മുറി കിട്ടി താമസിക്കാൻ. ഒരാഴ്ചയോളമായി അവർ അവിടെ എത്തിയിട്ട്. അതിനിടയിൽ തന്നെ ആ വീടുമായി അവർ അടുത്ത സ്നേഹബന്ധം പുലർത്തി.

സമീർ പുലർച്ചെ ഉണർന്നു കിടക്കുകയായിരുന്നു. ദൂരെ എപ്പോഴോ ഒരു വെടിയൊച്ച കേട്ടു ഞെട്ടിയുണർന്നതാണ്. ഇവിടെയുള്ളവർക്ക് വളരെ പരിചിതമായിക്കഴിഞ്ഞിരിക്കുന്നു ഈ വെടിയൊച്ചയും കൂട്ടക്കൊലകളും ഒക്കെ. അയാൾ ചായക്കോപ്പ വാങ്ങി ചുണ്ടോടു ചേർത്തു, എന്നിട്ട് ആലിയയെ നോക്കി. അവൾ മധുരമായി പുഞ്ചിരിച്ചു. സമീറിനു തന്റെ മകൾ ഹന്നയെ ഓർമ്മ വന്നു. സമീറിന് അറബിഭാഷ നന്നായി അറിയാം. അതുകൊണ്ട് തന്നെ അവരുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ കഴിഞ്ഞിരുന്നു. ആലിയയുടെ ബാപ്പ എവിടെപ്പോയി എന്ന് അയാൾ ആംഗ്യ ഭാഷയിൽ ആലിയയോട് ചോദിച്ചു. അതിനു മറുപടി പറഞ്ഞത് സുഹറയാണ്. അവൾക്കിഷ്ടമുള്ള മധുരപലഹാരം വാങ്ങാൻ പോയതാണത്രേ. കടയുണ്ടായിരുന്ന സമയത്ത് വലിയൊരു കുടുക്ക വാങ്ങി ആലിയയ്ക്ക് കൊടുത്തിരുന്നു. ദിവസവും പോയി വരുമ്പോൾ മിച്ചം പിടിച്ച ധനത്തിൽ നിന്നും ഒരു ചെറിയ വിഹിതം അയാൾ കുടുക്കയിലിടാൻ മകൾക്ക് നൽകി പോന്നു. ഇതുവരെ ആ കുടുക്കയിലെ ധനം ഉപയോഗിച്ചാണ് അവർ നിത്യ ചിലവിനു വക കണ്ടെത്തിയിരുന്നത്. ഇന്നലെ രാത്രിയിൽ ആലിയയ്ക്ക് 'ബലാഹ് '(ഈത്തപ്പഴം)വേണമെന്ന് വാശി പിടിച്ചു. രാവിലെ പോയി വാങ്ങാമെന്നു പറഞ്ഞു സമാധാനിപ്പിച്ചു കിടത്തിയുറക്കിയതാണത്രെ അബ്ദുല്ല. കുട്ടിയ്ക്കറിയില്ലല്ലോ യുദ്ധത്തിന്റെ ഗൗരവം. മകളെ ഏറെ സ്നേഹിക്കുന്ന ആ പിതാവ് പുലർച്ചെ അലെപ്പോ ബസാറിലേക്ക് പോയി. പോയിട്ടിപ്പോൾ ഒരു മണിക്കൂറോളമായി. കണ്ടില്ലല്ലോ എന്ന ആശങ്കയിലാണ് സുഹറ.

' അദ്ദേഹം പെട്ടെന്ന് വരും. സഹോദരി വിഷമിക്കേണ്ട "സുലൈമാനി കുടിച്ചിട്ട് അയാൾ പുറത്തേക്ക്  പോകാൻ റെഡി ആയി. അപ്പോഴേക്കും സുഹ്‌റ മനാകിഷ് എന്നറിയപ്പെടുന്ന റൊട്ടിയും നമ്മുടെ നാട്ടിലെ തക്കാളിക്കറിയുമായി സാമ്യമുള്ള ഒരു കറിയും റെഡി ആക്കിയിരുന്നു. മനാകിഷിന് വേണ്ടി മാവ് ചുട്ടെടുക്കണം. ചീസ്, മാംസം, സാത്താർ അല്ലെങ്കിൽ തക്കാളി സോസ് എന്നിവ ഉപയോഗിച്ച് ചുട്ടുപഴുപ്പിച്ച റൊട്ടിയാണ്. അതിഥികൾ ഉള്ളത് കൊണ്ടാണ് ഇത്രയെങ്കിലും പോഷക പ്രദമായ ആഹാരം അവർക്കുണ്ടാക്കാൻ കഴിയുന്നത്. കിരൺ വന്നപ്പോൾ തന്നെ കുറച്ചു സിറിയൻ പൗണ്ട് അവരെ ഏൽപ്പിച്ചിരുന്നു. അവർക്കും അതൊരു ആശ്വാസമായി. അവർ ആഹാരം കഴിച്ചു പുറത്തേക്കിറങ്ങി. തെരുവിലൊന്നും ആരെയും കാണാനില്ല. എങ്ങും പുകപടലങ്ങൾ. ഏതോ വാഹനം പോകുന്നതിന്റെ ശബ്ദം അവർ കേട്ടു. ഒപ്പം ആരുടെയൊക്കെയോ നിലവിളികളും. അവർ അമ്പരന്നു ചുറ്റും നോക്കി. അപ്പോഴതാ ബസാറിന്റെ ഭാഗത്തു നിന്നും ആരൊക്കെയോ ഓടി വരുന്നു. അതിലൊരാളെ അവർ തടഞ്ഞു നിർത്തി. മാർക്കറ്റിൽ നിന്നിരുന്ന കുറേപ്പേരെ സിറിയൻ വിമത സേന ബലമായി പിടിച്ചു അവരുടെ വണ്ടിയിലിട്ട് കൊണ്ടുപോയി. രക്ഷപെട്ടോടി വന്നവരാണ് അവർ.

സമീറിന്റെ ഉള്ളിൽ ഒരാന്തലുണ്ടായി. വിരലിൽ എണ്ണാവുന്ന ദിനങ്ങളെ ആയിട്ടുള്ളുവെങ്കിലും ആലിയയുടെ നിഷ്കളങ്കത ഹൃദയത്തിൽ ചലനങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അബ്‌ദുല്ലയ്ക്ക് എന്തെങ്കിലും സംഭവിച്ചോ ആവോ? അവർ തിരികെ മാർക്കറ്റിലേക്ക് നടന്നു. അവിടവിടെയായി ഒന്നു രണ്ടു മാധ്യമപ്രവർത്തകരെ കണ്ടു. സമീർ മാർക്കറ്റിന്റെ കുറെ ചിത്രങ്ങളെടുത്തു. ഉച്ചയ്ക്ക് ബസാറിലുള്ള ഒരു ഭക്ഷണ ശാലയിൽ നിന്നും അവർ ഭക്ഷണം കഴിച്ചു. കാര്യമിതൊക്കെയാണേലും വളരെ രുചികരമായ ഭക്ഷണം.

അപ്പോഴാണ് നാട്ടിൽ നിന്നും ഫോൺ വന്നത്. സഹ പ്രവർത്തകനായ ചന്ദ്രേട്ടനാണ്. വിവരങ്ങൾ അറിയാൻ വിളിച്ചതാണ്. ഇടയ്ക്ക് നെറ്റ്‌വർക്ക് പ്രശ്നം മൂലം കാൾ കട്ട് ആയി. അന്ന് വൈകുന്നേരം വർക്ക് ഒക്കെ കഴിഞ്ഞു വന്നപ്പോൾ സുഹറ നെഞ്ചത്തടിച്ചു നിലവിളിക്കുന്നു. ആലിയയും കരയുന്നുണ്ട്. അടുത്തുള്ള താമസക്കാരിൽ ചിലർ ആ വീട്ടിൽ ഉണ്ടായിരുന്നു. അബ്‌ദുല്ല ഇത് വരെ മടങ്ങി വന്നില്ല. സമീറിനും കിരണിനും കാര്യം മനസ്സിലായി. വിമതസേനക്കാർ പിടിച്ചു കൊണ്ടുപോയവരിൽ അബ്‌ദുല്ലയും ഉണ്ട്..

പിന്നീടുള്ള ദിവസങ്ങൾ കരളലിയിക്കുന്ന രംഗങ്ങളാണ് അവർക്ക് കാണേണ്ടി വന്നത്. ആ തെരുവിലെ കുടുംബങ്ങളെല്ലാം ജീവൻ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ദൈവത്തോട് മനമുരുകി പ്രാർത്ഥിച്ചു. ആലിയയുടെ മൗനത്തിൽ പൊതിഞ്ഞ ചോദ്യങ്ങൾക്കു മുൻപിൽ സമീർ പകച്ചു. സുഹ്‌റ തളർന്നു കിടന്നു. അവളെ ആശ്വസിപ്പിക്കാനാകാതെ അവിടെയുള്ളവർ കുഴഞ്ഞു.

2013 മെയ്മാസം , നീണ്ട മുപ്പത് ദിനങ്ങൾ കഴിഞ്ഞു. അടുത്ത ആഴ്ച തിരികെ ഇന്ത്യയിലേക്ക് മടങ്ങുകയാണ് അവർ. യുദ്ധമുഖത്തു നിന്നും ചിത്രങ്ങളെടുക്കാൻ പോയ ഒരു ദിനം. സമീർ അന്ന് ഒറ്റയ്ക്കാണ് പോയത്. വിമതർ തമ്പടിച്ചിരിക്കുന്ന സ്ഥലം കണ്ടുപിടിച്ചിരുന്നു നേരത്തെ തന്നെ. എക്സ്ക്ലൂസീവ് ആയ എന്തെങ്കിലും ന്യൂസ്‌ കണ്ടെത്താൻ നിർദേശം കിട്ടിക്കഴിഞ്ഞു. രാവിലെ ഏകദേശം പത്തുമണി ആയിട്ടുണ്ടാകും. അവരുടെ കൂടാരത്തിന്റെ പുറകുവശത്തു കൂടി പതിയെ ഇഴഞ്ഞു സമീർ ഒരു സൈഡിലെത്തി. ജീവന്മരണ പോരാട്ടം ആണ്. പിടിക്കപ്പെട്ടാൽ എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിക്കും. കുറച്ചകലെ മാറി വലിയൊരു മരത്തിന്റെ മറവിൽ അവൻ ഒളിച്ചു നിന്നു. കൂടാരത്തിന്റെ അടുത്ത് നിന്നും മാറി വലിയ രണ്ടുമൂന്നു കുഴികൾ എടുത്തിട്ടിരിക്കുന്നു. ക്യാമറ സൂം ചെയ്തു നോക്കിയപ്പോൾ ആ കുഴിയിൽ നിറയെ ടയറുകളും എളുപ്പത്തിൽ തീ പിടിക്കുന്ന വസ്തുക്കളും ഒക്കെ കിടക്കുന്നത് കണ്ടു.

പെട്ടെന്നാണത് സംഭവിച്ചത്. എവിടെനിന്നോ ഒരു വണ്ടിയിൽ കുറേപ്പേരെ അവിടെ കൊണ്ടുവന്നു. എല്ലാവരെയും കൈകൾ പിന്നിലേക്കാക്കി കെട്ടി മുട്ടുകുത്തി ഇരുത്തി. കണ്ണുകളിൽ കെട്ടിയിരുന്ന കറുത്ത തുണികൾ നീക്കം ചെയ്യപ്പെട്ടു. അവരിൽ ഒരാളുടെ മുഖം കണ്ടു സമീറിന്റെ മനസ്സിൽ വെള്ളിടി വെട്ടി.

" അബ്ദുല്ല. എന്റെ ദൈവമേ " സമീർ മനസ്സിൽ വിലപിച്ചു. തനിക്കൊന്നും ചെയ്യാൻ കഴിയില്ലല്ലോ. ആലിയയുടെ കണ്ണിലെ നിഷ്കളങ്കത മുന്നിൽ തെളിഞ്ഞു. ഒരു ദിവസം അവൾ ഒരു ചിത്രം കൊണ്ടു തനിക്കു തന്നതോർത്തു അയാൾ. സുൽത്താന്റെ വേഷത്തിൽ അബ്ദുല്ല. അടുത്ത് രാജകീയ വേഷങ്ങളിൽ അവളും സുഹറയും. അവൾ വരച്ചതാണ്. സന്തോഷത്തോടെ അവൾ ആംഗ്യം കാണിച്ചു... അവളുടെ ബാപ്പ സുൽത്താനാകുമെന്ന്.

ഇപ്പൊഴിതാ ജീവനു വേണ്ടി പിടയുന്നു. അയാൾ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. അയാളുടെ ക്യാമറയിൽ അതെല്ലാം പതിയുന്നുണ്ടായിരുന്നു. വിമത പട്ടാളക്കാരുടെ ക്രൂരമായ പ്രവൃത്തികൾ തുടർന്ന് കൊണ്ടേയിരുന്നു. അവർ നിരന്നു നിന്നു ആ പാവങ്ങളുടെ മുഖത്തേക്ക് മൂത്രമൊഴിച്ചു. അവരുടെ പൊട്ടിച്ചിരികൾ അവിടെയെങ്ങും മുഴങ്ങി. അത് കാണാൻ ശേഷിയില്ലാതെ  സമീർ കണ്ണുകൾ ഇറുക്കിയടച്ചു. പെട്ടെന്നുണ്ടായ വെടിയൊച്ചകൾ കേട്ടാണ് അയാൾ കണ്ണുകൾ തുറന്നത്. മുട്ടുകുത്തിയിരുന്ന ആ പാവങ്ങളുടെ ജീവൻ വെടിയുണ്ടകളാൽ എടുക്കപ്പെട്ടു. ആ ശരീരങ്ങളെല്ലാം ആ കുഴികളിലേക്ക്  ഏറിയപ്പെട്ടു. ഒരാൾ എന്തോ ഒരു ദ്രാവകം കുഴികളിൽ പമ്പ് ചെയ്തു. അനന്തരം തീയിട്ടു. എരിയുന്ന തീജ്വാലകൾ ആർത്തിയോടെ കിട്ടിയ ഭക്ഷണം വിഴുങ്ങി.

സമീർ തളർന്നു നിലത്തേക്കിരുന്നു. അയാളുടെ മനസ്സിൽ ആലിയയുടെ കുരുന്നു മുഖം തെളിഞ്ഞു. മിഴികളിലൂടെ ചുടുനിണം ഒഴുകുംപോലെ തോന്നി അയാൾക്ക്.

" എന്താണ് സമീറിക്കാ ഇങ്ങള് ആലോചിക്കണേ ", ആരുടെയോ ചോദ്യം കേട്ടാണ് സമീർ ഓർമ്മകളിൽ നിന്നും തിരികെയിറങ്ങിയത്. അടുത്ത വീട്ടിലെ ഹംസയാണ്.

" ഹേയ് ഒന്നുമില്ല ഹംസാ..ഞാൻ മനസ്സ് കൊണ്ടു ഒന്നു സിറിയ വരെ പോയി. പഴയ കാര്യങ്ങളൊക്കെ ഓർത്തുപോയി. ഓർമ്മകളിൽ കൊരുത്തുകിടക്കുന്ന മറക്കാനാവാത്ത ചില ദിവസങ്ങൾ....

ആ വെള്ളാരം കണ്ണുള്ള കുഞ്ഞുമുഖം ഇപ്പോഴും ഏറെ മിഴിവോടെ നിൽക്കുന്നു. ഇപ്പോൾ എവിടെയാകും അവൾ. ജീവനോടെ ഉണ്ടാകുമോ...? ഒന്നുമറിയില്ല.... സമീർ തിരികെ വരുന്ന ദിവസം ആലിയ ഏറെ കരഞ്ഞു. ഇനിയും വരാമെന്ന ഉറപ്പിന്മേൽ അവിടെനിന്നും ഇറങ്ങുമ്പോൾ സമീറിന്റെ നെഞ്ചു വിങ്ങുന്നുണ്ടായിരുന്നു...

അതേ വിങ്ങൽ ഇപ്പോഴും സമീറിന് അനുഭവപ്പെട്ടു. ഒന്നുകൂടി കണ്ടിരുന്നെങ്കിൽ...നിറയെ 'ബലാഹ്' വാങ്ങിക്കൊടുക്കാമായിരുന്നു, അവളുടെ നാവിൽ മധുരം നിറയ്ക്കാമായിരുന്നു, വർഷങ്ങൾക്കിപ്പുറം സമീർ ഒരുപാട് അന്വേഷിച്ചു...അവരെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. കുറെ ആൾക്കാർ പലായനം ചെയ്ത കൂട്ടത്തിൽ അവരും പെട്ടുപോയിട്ടുണ്ടാകും....

എവിടെയായിരുന്നാലും... ആ മോൾ നന്നായിരിക്കട്ടെ. സമീറിന്റെ മനസ്സിൽ പ്രാർത്ഥന സൂക്തങ്ങൾ നിറഞ്ഞു....

Content Summary: Malayalam Story ' Balah ' written by Priyabiju Shivakripa

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS