ADVERTISEMENT

ഒരു ചെറിയ സദസിന്റെ കാണികളിൽ ഒരാൾ ആണ് ഞാനും. അന്ന് ആ സ്കൂളിൽ നടക്കുന്നത് ഒരു വനിതാദിന ഉദ്ഘാടനച്ചടങ്ങാണ്. അവിടെ കുറെ കുട്ടികളും അവരുടെ രക്ഷിതാക്കളും ടീച്ചർമാരും ചെറിയ ചെറിയ സംഘടന പ്രവര്‍ത്തകരെയും കൊണ്ട് നിറഞ്ഞിരുന്നു. അന്ന് ആ വേദിയിൽ വനിതാദിനത്തെ കുറിച്ചും പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അവർ എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും മാറി മാറി ഓരോരുത്തർ പ്രസംഗിച്ചു .അടുത്ത  ഊഴം വന്നത് ആ സ്കൂളിലെ ഒരു ടീച്ചർക്കാണ്. അവർ വനിതാദിനം ആശംസകൾ പറഞ്ഞതിന് ശേഷം എല്ലാവരോടും കൂടി ഒരു ചോദ്യം ചോദിച്ചു," പെൺകുട്ടികൾ എങ്ങനെ ആകണം ?? " 

ഇത് കേട്ട ഉടനെ ആ സ്കൂളിലെ ഒരു കൊച്ചു പെൺകുട്ടി എഴുന്നേറ്റു നിന്ന് ഉറക്കെപറഞ്ഞു " പെൺകുട്ടികൾ കൈതച്ചക്ക പോലെ ആകണം. " ഇത് കേട്ട് നിറഞ്ഞ സദസിൽ ഇരുന്ന എല്ലാവരും ആർത്തു ചിരിച്ചു. ഒരു പത്തു വയസ്സ് പ്രായം തോന്നിക്കുന്ന ആ കുട്ടിക്ക് വിഷമം ആകേണ്ട എന്ന് ഓർത്തിട്ടാകും ടീച്ചർ മാത്രം ചിരിച്ചില്ല . അവർ അത് കാര്യമായി എടുക്കാതെ അടുത്ത വിഷയത്തിലേക്കു കടന്നു. പക്ഷെ പരിപാടികൾ കഴിഞ്ഞു ആളുകൾ ഇറങ്ങുമ്പോഴും എന്റെ മനസ്സ് മുഴുവനും എന്തുകൊണ്ട് ആ കുട്ടി അങ്ങനെ പറഞ്ഞു എന്ന ചോദ്യം ആയിരുന്നു .. 

എല്ലാവരും പിരിഞ്ഞുപോകുന്ന സമയത്തും എന്റെ കണ്ണുകൾ ആ പെൺകുട്ടിയുടെ പുറകെ ആയിരുന്നു. സംസാരിക്കാൻ ഒരു അവസരം കിട്ടിയപ്പോൾ അടുത്ത് ചെന്ന് ഞാൻ ചോദിച്ചു " മോളെന്തുകൊണ്ടാണ് പെൺകുട്ടികൾ കൈതച്ചക്ക പോലെ ആണെന്ന് പറഞ്ഞത്?? "അവൾ പറഞ്ഞു " ഇന്നലെ എന്റെ മുത്തശ്ശി പറഞ്ഞല്ലോ പെൺകുട്ടികൾ കൈതച്ചക്ക പോലെ ആകണം എന്ന്. അതാ ഞാൻ അങ്ങനെ പറഞ്ഞെ " അവളുടെ ആ സംസാരം കേൾക്കാൻ കൗതുകവും ആഗ്രഹവും തോന്നി. ഞാൻ വീണ്ടും ചോദിച്ചു " മുത്തശ്ശി എന്താ അങ്ങനെ പറഞ്ഞെ " ​കുട്ടിത്തം നിറഞ്ഞ വാക്കുകളാൽ അവൾ വീണ്ടും പറഞ്ഞു " ഇന്നലെ വൈകുന്നേരം പറമ്പിൽ നിന്ന് പറിച്ച കൈതച്ചക്ക അമ്മ മുറിച്ചു തന്നപ്പോൾ മുത്തശ്ശി പത്രം വായിക്കുവായിരുന്നു. പത്രം വായിച്ചു മുത്തശ്ശി പറഞ്ഞതാ. ഒരു ചേച്ചിയെ കൊന്നു കളഞ്ഞു എന്ന്. എന്തിനെന്നോ ?? ചേച്ചിയെ ഉപദ്രവിച്ച ആളെ കൊന്നതിനു. ചേച്ചിടെ പേര് ഞാൻ മറന്നു പോയി.

" മുത്തശ്ശി പറഞ്ഞു പെൺകുട്ടികൾ കൈതച്ചക്ക പോലെ ആകണം. കാണുമ്പോൾ പേടിക്കണം, തൊടാൻ തോന്നരുത്. എന്നാൽ ഉള്ളിൽ മധുരം പോലെ നല്ല മനസ്സാകണം.. " അത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്. അവൾ ഇത് പറയുമ്പോൾ ആ പെൺകുട്ടി ആരാണെന്നും കത്ത് എന്തായിരിക്കും എന്നായിരുന്നു മനസ്സിൽ. ആലോചിച്ചു നിൽക്കുമ്പോൾ ഭയക്കുന്ന കണ്ണുകളോടെ അവൾ ചോദിച്ചു " ഞങ്ങളെയും ഉപദ്രവിച്ചാൽ തിരിച്ചു ഒന്നും ചെയ്യാൻ പറ്റൂല്ലേ ?? വിഷമിച്ചുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ ആദ്യം ഒന്ന് പതറി എങ്കിലും പറഞ്ഞു " ഇല്ല മോളെ ഇപ്പോൾ അങ്ങനെ ഒന്നും അല്ല. നമ്മളെ ആരും ഒന്നും ചെയ്യില്ല. എന്തേലും ചെയ്യാൻ വന്നാൽ സ്വയരക്ഷക്ക്‌ തിരിച്ചു ചെയ്താലും ഒന്നുമില്ല . ഇത് പറഞ്ഞു നടന്നു നീങ്ങുമ്പോളും ആ പെൺകുട്ടിയും കത്തും ആയിരുന്നു മനസ്സിൽ.

വീട്ടിൽ വന്നു പത്രങ്ങൾ എല്ലാം തിരഞ്ഞു നോക്കി, അവൾ പറഞ്ഞത് സത്യം ആണ്. നീതിപീഠം നടപ്പിലാക്കിയ വിധിയെ നേരിട്ട പെൺകുട്ടിയുടെ പേര് റെയ്ഹാന.

ഇറാൻകാരിയായ അവൾ ഇന്ന് ജീവനോടെ ഇല്ല. കൊല്ലപ്പെട്ടതല്ല തൂക്കി കൊന്നതാണ്. രഹസ്യാന്വേഷണ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന മുർത്താസ അബ്‌ദുൽഅലി ഓഫീസിൽ അലങ്കരിക്കാൻ ഇന്റീരിയർ ഡിസൈനർ ആയ റെയ്ഹാനെ വിളിച്ചു വരുത്തി മാനഭംഗപ്പെടുത്താൻ നോക്കി. സ്വയംരക്ഷക്ക് വേണ്ടി പേനാക്കത്തി കൊണ്ട് അയാളെ കുത്തി. പക്ഷെ രക്തം വാർന്നു അയാൾ മരിച്ചു. ആ കേസിൽ ആണ് റെയ്‌ഹാനെ തൂക്കി കൊന്നത് മരിക്കും മുന്നേ റെയ്ഹാൻ എഴുതിയ കത്ത് ആണ് എല്ലാവരെയും കണ്ണ് നനയിപ്പിക്കുന്നത്..

" പ്രിയപ്പെട്ട ഉമ്മാ... ഞാൻ മരിക്കേണ്ട സമയം ആയിരിക്കുന്നു. എന്റെ അവസാന നാളുകൾ അടുത്തെന്ന വിവരം നിങ്ങൾ എന്ത് കൊണ്ടാണ് എന്നെ അറിയിക്കാഞ്ഞത്...? ഉമ്മയുടെയും ഉപ്പയുടെയും കൈകളിൽ അവസാനം ആയി ഒന്ന് ഉമ്മ വെക്കാൻ പോലും എനിക്ക് ഈ രാജ്യം അവസരം തരാത്തതെന്താണ്..? ഉമ്മയുടെ പ്രിയപ്പെട്ട രാജ്യം ..!

ഉമ്മാ, ആ രാത്രി ഞാൻ മരിച്ചു പോകേണ്ടതായിരുന്നു. എന്റെ ശവം നഗരത്തിന്റെ ഏതെങ്കിലും ഒരു കോണിൽ വലിച്ചെറിയപ്പെടുമായിരുന്നു. അത് തിരിച്ചറിയാൻ വിളിക്കുമ്പോളായിരുന്നു ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു ഞാൻ മരിച്ച വിവരം ഉമ്മ അറിയുക. നമുക്ക് പണമോ അധികാരമോ ഒന്നും ഇല്ലല്ലോ.. കൊലപതാകിയെ ഒരിക്കലും കണ്ടെത്താനാവാതെ നാണക്കേടിലും ദുഃഖത്തിലും ജീവിച്ചു കുറച്ചു നാൾക്കകം നിങ്ങളും മരിക്കുമായിരുന്നു. ഞാൻ അന്ന് അങ്ങനെ ഒക്കെ ചെയ്തത് കൊണ്ട് കഥ മാറി. എന്റെ ഈ ശരീരം നഗരത്തിൽ വലിച്ചെറിയപ്പെട്ടില്ല. പകരം ഈ ജീവിതം നിവിൻ ജയിലിലെ ഏകാന്ത മുറിയിലേക്ക് എറിയപ്പെട്ടു. ഞാനേ മരിക്കേണ്ടി വന്നുള്ളൂ...

ഓരോ ജന്മവും ഓരോ ഉത്തരവാദിത്തം നിറവേറ്റാൻ ആയി സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണെന്നു ഉമ്മയല്ലേ എന്നെ പഠിപ്പിച്ചത്. പൊതുസ്ഥലങ്ങളിൽ പെരുമാറേണ്ടതിനെ കുറിച്ച് ഉമ്മ എനിക്ക് എത്രമാത്രം പറഞ്ഞു തന്നിരിക്കുന്നു പക്ഷെ ഉമ്മയുടെ അനുഭവങ്ങൾ തെറ്റായിരുന്നു. ഉമ്മ എന്നെ പഠിപ്പിച്ച കാര്യങ്ങൾ ഒന്നും ഇവിടെ എന്നെ സഹായിച്ചില്ല. കൊലപാതകിയായും ക്രൂരയായ ക്രിമിനൽ ആയും ഞാൻ കോടതിയിൽ ചിത്രീകരിക്കപ്പെട്ടു. പക്ഷെ ഒരു തുള്ളി കണ്ണീർ പോലും ഞാൻ ഉതുർത്തിട്ടില്ല. യാചിക്കുകയോ കരയുകയോ തലകുനിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് നിയമത്തിൽ വിശ്വാസം ഉണ്ടായിരുന്നു . പക്ഷെ ആ നിയമം വിധി പറഞ്ഞിരിക്കുന്നു. ഞാൻ ആണ് തെറ്റുകാരി. ഞാനാണ് തൂക്കിലേറ്റപ്പെടേണ്ടത്. ഉമ്മക്കറിയില്ലേ ഞാൻ ഇന്നുവരെ ഒരു കൊതുകിനെ പോലും കൊന്നിട്ടില്ല, അടുത്ത് വരുന്ന പാറ്റയെ പോലും അവരുടെ കൊമ്പിൽ പിടിച്ചു കളയാറല്ലേ  പതിവ്. ആ ഞാൻ ഇപ്പോൾ മുൻകൂട്ടി കൊല ആസൂത്രണം ചെയ്ത കൊടും കുറ്റവാളി ആണ് . എന്റെ നഖങ്ങൾ നോക്ക്. ഇത് ഒരു കൊലപാതകിയുടെ അല്ലെന്നും എന്റെ കൈകൾ മൃദുവാണെന്ന് എന്താ ജഡ്ജിക്ക് മനസ്സിലാകാഞ്ഞത് ..? എന്റെ ശരീരത്തിലെ സൗന്ദര്യത്തിന്റെ അവശേഷിപ്പായ മുടി വടിച്ചാണ് പതിനൊന്നാം ദിവസം ഏകാന്ത തടവിൽ ഇട്ടത്. പോലീസ് ഓഫീസിലെ ആദ്യ ദിവസം എന്റെ സുന്ദരമായ നഖങ്ങൾ കണ്ടു എന്നെ വേദനിപ്പിച്ചു. അന്നെനിക്ക് മനസ്സിലായി സൗന്ദര്യത്തിനു ഒരു സ്ഥാനവും ഇല്ലെന്ന്. നോട്ടത്തിലോ ചിന്തയുടെ സൗന്ദര്യത്തിലോ സുന്ദരമായ കൈയ്യെഴുത്തിലോ കണ്ണിലോ കാഴ്ചയിലോ ഒന്നും കാര്യമില്ല .എന്റെ കാഴ്ചപ്പാടുകൾ ഇപ്പോൾ എല്ലാം മാറിയിരിക്കുന്നു ഉമ്മാ, പക്ഷെ ഇതിനു നിങ്ങൾ ഉത്തരവാദി അല്ല . ഇതൊന്നും കേട്ട് ഉമ്മ കരയരുത്. ഇനി എനിക്ക് വേണ്ടി ഉമ്മ ചെയ്യേണ്ടത് ഇത് കൂടി ആണ്.

മണ്ണിനടിയിൽ ചീഞ്ഞളിയാൻ എനിക്ക് വയ്യ. എന്റെ കണ്ണും ഹൃദയവും ഒന്നും മണ്ണായി തീരരുത്. അതിനാൽ എന്റെ ഹൃദയവും കണ്ണും വൃക്കയും എല്ലുകളും തുടങ്ങി എന്തെല്ലാം എന്നിൽ നിന്ന് എടുക്കാമോ അതെല്ലാം എന്റെ സമ്മാനമായി ആവശ്യം ഉള്ളവർക്ക് നൽകണം. പക്ഷെ അത് സ്വീകരിക്കുന്നവർ എന്റെ പേര് അറിയുകയോ എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയോ ചെയ്യരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. എനിക്ക് വേണ്ടി വന്നിരിക്കാനോ, കരയാനോ ഒരു  കല്ലറ പോലും പണിയരുത്. ഞാൻ മരിച്ചതിൽ ദുഃഖം ആചരിച്ചു ഉമ്മ കറുത്ത വസ്ത്രം ധരിക്കരുത്. എന്റെ കഠിനപ്പെട്ട ദിവസങ്ങൾ മറക്കാനായി ഉമ്മ ആവുന്നതെല്ലാം ചെയ്യണം . കാറ്റിൽ പറക്കാനായി എന്നെ വിടണം. ഈ ലോകം എന്നെ സ്നേഹിക്കുന്നില്ല. ആ ലോകം ഞാൻ വിടുകയാണ്, മരണം വരെ ഞാൻ ഉമ്മയെ പുണർന്നിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്.

ഉമ്മാ... ഉമ്മയെ ഞാൻ വല്ലാതെ സ്നേഹിക്കുന്നു :- സ്വന്തം റെയ്ഹാന 

ഇതാണ് മോണ എൽതാഹാ പത്രത്തിൽ എഴുതിയത്. നിറഞ്ഞ കണ്ണുകളോടെ മാത്രേ ഇത് വായിച്ചു തീർക്കാൻ കഴിഞ്ഞുള്ളു. ഒരു ജീവിതത്തിൽ നേരിടാൻ പറ്റുന്നതിൽ അപ്പുറം ആ പെൺകുട്ടിക്കു നേരിടേണ്ടി വന്നു. നമ്മൾ ഒരു അപകടത്തെ വായിച്ചു തീർക്കുന്ന സമയത്തിൽ അടുത്തയാൾക്കു മറ്റൊരു അപകടം സംഭവിക്കുന്നില്ല എന്ന് എന്താ ഉറപ്പ്. തൊട്ടാൽ ഭയക്കുന്ന നിയമം തന്നെയാണ് വരേണ്ടത്. ഇന്ന് സ്വയം രക്ഷക്ക് വേണ്ടി അക്രമിയെ ഉപദ്രവച്ചാൽ കുറ്റമില്ലെന്ന രീതിയിൽ നമ്മുടെ നിയമം മാറി എന്നോർത്ത് ആശ്വസിക്കാം.. 

Content Summary: Malayalam Story 'Bhayakkunna Kannukal ' by Neenu Dileep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com