ADVERTISEMENT

പോകാൻതുനിഞ്ഞൂ

ഞാൻ

സൗഭാഗ്യ തീരംതേടി

കനവിന്നുൾവിളിയായ്

കാണാത്തകാഴ്ചകൾ തേടി

ഉൾത്തടംവിങ്ങുന്നുണ്ടാം അണമുറിയാ-

ക്കണ്ണീർ തൂവി,

യാത്ര ഞാൻ മൊഴിഞ്ഞൂ

സുമനസ്സുകളോ-

ടൊന്നൊന്നായ് ചിരം...
 

എൻകരംഗ്രഹിച്ചൂനീ

നിൻകണ്ണീർനിറഞ്ഞൊരാ കൺപോളയി-

ലമർത്തിക്കൊ-

ണ്ടെന്നോടുവിലപിച്ചല്ലോ.. പോയ് വരൂ

ഹൃദയേശ്വരാ...

പിരിയുകയാണെന്നാലും, 

താവകസവിധത്തിൽ

അർപ്പിപ്പൂ ഹൃദന്തവും

മാമകാന്ദോളന-

ചിത്തവുമെന്റെ

ഹൃത്തടം നിന്റേതല്ലേ!
 

ഞാനുമെൻകൊച്ചു

സ്വപ്നങ്ങളും

നമ്മൾതൻ

ഹൃദയബാഷ്പവും

നിത്യമീകരളിൽവിങ്ങും

നിന്നോർമ്മതൻ

കദനഭാരങ്ങളും...

അങ്ങവിടെ... എവിടെ?

എന്തുചെയ്യാനെന്നറിയില്ല...

കർമ്മനിരതനായ്

ദിനരാത്രങ്ങൾ...

ഏറെ നീ തനിച്ചാവും!

 

എങ്കിലും ചൊല്ലട്ടെ ഞാൻ, നിന്നുടെ

വേർപാടെന്നും തീരാത്ത നോവല്ലോ

കേഴുമെന്നാത്മാവിൻ

രോദനം കേൾക്കാവൂ നീ

ഇരുവർനാമൊന്നായ്

ചേർന്നു നെയ്തൊരാ

സ്വപ്നവല്ലരികൾ

പൂത്തുകനിയായ് വിളയും നാളുകൾ

ഒന്നൊന്നായെണ്ണി

കാത്തിരുന്നൂ കഴിഞ്ഞല്ലോ; നമ്മിലെ

സ്വപ്നവും കരിഞ്ഞല്ലോ

മൊട്ടിലേ കീടങ്ങൾ

കാർന്നൊരാതാരുണ്യ-

ക്കിനാവും പൊയ്പോയി കാലാന്തരേ...
 

മൊഴിയുമായിരുന്നൂ നീ

പേലവചിത്തയായ്പ്രിയേ,

ശുഭചിന്തകളെന്നിലെ വിശ്വാസങ്ങൾ,

അനാഘ്രാതമഭംഗുര

സുന്ദര കാമനകളത്രയുമേകി,

ആയുഷ്ക്കാല മഹോരാത്രം

നിഷ്കാമകർമ്മനിരതനായ്,

ശിഷ്ടകാലമത്രയും നിന്നോടൊപ്പം

സാമോദം നാൾപോക്കാനായ്

മടങ്ങുന്നൂ ഞാൻ നിൻ

പരിപാവനസവിധത്തിൽ അണയട്ടെ

പ്രിയതോഴീ നിന്റെ

ഊഷ്മളനിശ്വാസത്തിൽ 

ഹൃത്തടം തുടിക്കട്ടെ

നിത്യസുരഭിലമാകട്ടെ

നമ്മൾതൻ അന്തരംഗം
 

പ്രണയമാണുതോഴീ

സർവസമ്പത്തിലും

ശ്രേഷ്ഠമാ ദിവ്യ

സൗഭഗമസ്തമിച്ചെന്നാൽ, 

ജീവിതമൂഷരം

കേവലം മരുഭൂവല്ലോ...
 

സകല ലൗകിക സൗഭാഗ്യ 

സുഭിക്ഷതയ്ക്കും

മീതെയാം പ്രിയതോഴീ

നീയേകും സാന്ത്വന

വചനങ്ങളേറെ

പ്രണയാർദ്രമാം

മനസ്സിലെന്റെ

വിഹ്വലതകൾ

നിഷ്ക്രമിപ്പൂ;

സ്വച്ഛമാം വിഹായസ്സു

പോൽ ശാന്തമീ

അന്തർഗതം....
 

ത്യജിപ്പൂ ഞാനെൻപ്രിയേ!

ഉപരിപ്ലവ

ഭാഗ്യാതിരേകങ്ങൾ

സർവതും;

നിന്നുടെ പ്രശാന്തമാം

മാനസസരസ്സിലീ

പാന്ഥനിതാ

ശരണം തരൂ...

അന്തരംഗത്തിനൽപ

ശാന്തിയേകും

പ്രേമോദാര

മന്ത്രഗീതികൾപാടൂനീ,

അഴലകറ്റൂ നിത്യ

പരിവ്രാജകനാമീ

സഹചാരിക്കഭയമേകൂ...!
 

Content Summary: Malayalam Poem ' Adiyaravu ' written by Kishor Kandangath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com