ADVERTISEMENT

അതിപുരാതന 

കോട്ടയിലായിരുന്നു

നമ്മളന്ന്,

നടന്ന് നടന്ന് 

പീരങ്കികൾക്കരികിൽ

ഇരിപ്പുറപ്പിക്കുമ്പോൾ

കല്ലിലും ചാന്തിലും അടുക്കി

വെച്ചതിനെക്കുറിച്ച് 

കോട്ടയെക്കുറിച്ച് വാചാലമായി,
 

അരികിലെ വിൽപ്പനക്കാരിലൊരാൾ 

വെറ്റിലയിൽ ചുണ്ണാമ്പുതേച്ച് 

മടക്കി വെച്ചത് 

പച്ചിലക്കോട്ടയെന്നപോലെ

തോന്നിക്കുന്നുണ്ടായി,

ചുറ്റിലും വെള്ളം തളിച്ച്

വെറ്റില മടക്കുകൾ 

പച്ചപ്പ് കെടാതെ 

നിർത്തുന്നുണ്ടയാൾ
 

അധിനിവേശത്തിന്റെ 

തിരമാലകളപ്പോഴും

കോട്ടയെ സംരക്ഷണത്തിന്

വിട്ട് കൊടുത്ത് പിൻവാങ്ങലിന്റെ

ലക്ഷണങ്ങൾ ഓരോന്നും 

പങ്കുവെച്ചുകൊണ്ടിരുന്നു,
 

വെറ്റില മടക്കുകൾ,

കൽക്കെട്ടുകൾ, 

ചുണ്ണാമ്പുകൾ,

അടുപ്പത്തിന്റെ

നനവുതട്ടി 

വിൽപ്പനക്കാരനെ

ചെവിയോർത്തു

അയാളുടെ ഹൃദയത്തിൽ 

കടൽ പിറവിയെടുത്തിരിക്കുന്നു
 

കൽക്കെട്ടിൽ കവിൾ ചേർത്തു 

പറ്റിപ്പിടിച്ച വള്ളികൾക്കിടയിൽ 

വെറ്റിലക്കാടുകൾ, ഇലകൾ 

മേൽക്കൂര പോലെ തോന്നിച്ചു,

അകത്തെ മുറിയിൽ 

ചാട്ടവാറിന്റെ ശബ്ദങ്ങൾ

ചുറ്റിലും നിറഞ്ഞു

പേരറിയാത്ത മനുഷ്യരപ്പോഴും

വേദനയുടെ ഞെരുക്കങ്ങളിൽ

ജനലഴികളിൽ വിരൽ കോർത്ത്

നിൽക്കുന്നത് പോലെ,
 

പണ്ടെങ്ങോ സന്ദർശകരിലെ

വികൃതിപ്പിള്ളേരെഴുതിയിട്ട

പേരുകൾ മാഞ്ഞു

അതിൽ അകപ്പെട്ട മനുഷ്യരുടെ

പേരുകൾ തെളിഞ്ഞു

ചിണ്ടൻ, കോരൻ,

രൈരു, കേളു,

ഓരോ അടിയിലും 

സ്വാതന്ത്ര്യമെന്ന 

ഒച്ച പുറത്ത് കേട്ടു,

പിൻതിരിഞ്ഞു,
 

പുറത്തിറങ്ങുന്ന

വാതിൽപ്പടിയിൽ

കൂർത്ത മുനകളുടെ

ചുമലെഴുത്തുകൾ,

വെറ്റിലക്കാരനും ഞാനും 

പരസ്പരം പൊലീസും

സമരക്കാരനുമായി മാറി

തൊടരുത് പിടിക്കരുത്

മുന്നോട്ട് നടക്കു എന്ന

വാക്കിൽ തട്ടി എപ്പോഴോ

പുറത്തെ തണൽമരത്തിൽ

കീഴെ ആരൊക്കെയോ

ഇനിയും പുറത്ത് 

വരാനുണ്ടെന്നമട്ടിൽ കാത്തുനിന്നു
 

Content Summary: Malayalam Poem ' Kotta Kadalilum Namukkum Nadukku ' written by Sujesh P. P.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com