മനസ്സിൽ കരിങ്കല്ല് കൊണ്ടൊരു കല്ലറ കെട്ടി
നിന്റെ മൗനക്കയത്തിൽ മുങ്ങിച്ചത്ത
എന്നെ അതിൽ കബറടക്കി.
വെളിച്ചമില്ല ശബ്ദമില്ല നിസംഗമായ മരവിപ്പ് മാത്രം.
വിസ്തൃതമാം മായാലോകത്തിൽ വിഹരിച്ച എനിക്ക്
പുതിയ വീടിന്റെ പരിമിതിയിൽ ഞെങ്ങിഞെരുങ്ങി
കിടക്കേണ്ടി വന്നു.
ഐസ് കഷ്ണംപോൽ തണുത്തുറഞ്ഞൊരു മേനിയിൽ
അണയാൻ മടിച്ചോരു ഹൃദയം എരിഞ്ഞു
കത്തിക്കൊണ്ടിരുന്നു.
കാലപ്പഴക്കത്തിൽ വെറുപ്പിൻ കോട്ടകൊത്തളങ്ങൾ
ഇടിഞ്ഞു വീഴുമ്പോൾ
ആയിരം പ്രകാശവർഷങ്ങൾപ്പുറമുള്ള മൗനസമുദ്രത്തിൻ
തിരകൾ താണ്ടി നിൻ സ്നേഹമന്ത്രണം
പാൽനിലാരാത്രിയിൽ പൂമണം വീശിയൊഴുകും
മന്ദമാരുതനേപ്പോൽ
ദ്രവിച്ചിളകിത്തുടങ്ങിയ കോൺക്രീറ്റ് പാളി കടന്നെൻ
പള്ളിയറ പൂകുമ്പോൾ
ഉയിർത്തഴുന്നേൽക്കും ഞാനന്ന്.
അന്നെൻ കരത്തിലൊരു പനിനീർ പൂവുമുണ്ടാകും.
Content Summary: Malayalam Poem ' Uyirppu ' written by Justin Joseph