ADVERTISEMENT

അങ്ങ് ദൂരെ ചെന്നിട്ട് ഉള്ള അവളുടെ ആ തിരിഞ്ഞു നോട്ടം ആ നോട്ടം ഒന്ന് മാത്രം ആണ് എന്നെ വീണ്ടും കാമുകൻ ആക്കിയത്.. ഇത് ഒരു കോളജ് വരാന്തയിലെ പ്രണയം അല്ല.. പകരം ഒരു കോടതി വരാന്തയിലെ ദൃശ്യം ആയിരുന്നു. പിരിഞ്ഞ ഞങ്ങൾ എന്നന്നേക്കുമായി പോവാൻ തീരുമാനിച്ചപ്പോൾ.. പിരിഞ്ഞു കൈ കൊടുത്തു പോയപ്പോൾ ദൂരെ ചെന്നിട്ട് അവൾ എന്നെ ഒന്ന് നോക്കി. നിറഞ്ഞു നിന്ന ആ കണ്ണിലൂടെ ഞാൻ വീണ്ടും കണ്ടു.. ഞാൻ ഒരിക്കൽ പ്രണയിച്ച അവളെ.. പണ്ടത്തെക്കാൾ തീവ്രതയിൽ.. ഞാൻ പ്രണയിക്കാൻ ആഗ്രഹിച്ചു അവളെ... എനിക്ക് വേണ്ടി ജീവിച്ച അവളെ. തിരിഞ്ഞു നടക്കാൻ വരാന്തയിലെ കുറച്ച് അടി മാത്രമേ ഉണ്ടായിരുന്നെങ്കിലും... ഞങ്ങൾ തമ്മിൽ ഉള്ള ദൂരം അതിനേക്കാൾ വലുതായിരുന്നു. സോറി പറഞ്ഞാൽ തീരാവുന്ന ഇടങ്ങളിൽ പോലും ഈഗോ കൊണ്ട് ഞങ്ങൾ തമ്മിൽ അതിനകം മതിലുകൾ തീർത്തിരുന്നു. ഞാൻ സ്നേഹിച്ചതെല്ലാം അവളും സ്നേഹിച്ചു.. ഞാൻ വെറുത്തതെല്ലാം അവളും വെറുത്തു.. അങ്ങനെ അവളെ പോലും..

ജീവനോളം സ്നേഹിച്ചവർ ആണത്രേ ചിലരെ കൂടുതൽ വേദനിപ്പിച്ചത്.. എത്ര അർഥവത്തായ വരികൾ. പലരും പറയാറുള്ള ഒരു ഡയലോഗ് ഉണ്ട് "അങ്ങനെ ഉള്ള അവളുമാരെ കാണുമ്പോൾ ആണ് വീട്ടിൽ ഇരിക്കുന്ന അവളേ കൊണ്ട് കിണറ്റിൽ ഇടാൻ തോന്നുന്നത്..." ഈ ഡയലോഗ് പല ഇടത്തും... പല സിനിമകളിലും ഗ്ലോറിഫൈ ചെയ്തു കണ്ടു. ഈ ഡയലോഗ് പറഞ്ഞതിന് ശേഷം ഒരു ചിരി ഉയരുന്നതും കണ്ടിട്ടുണ്ട്. എന്താണീ വീട്ടിൽ ഉള്ള അവളുമാരും പുറത്തു ഉള്ള അവളുമാരും തമ്മിൽ വ്യത്യാസം. സ്ത്രീ എന്നാൽ സൂപ്പർ വുമൺ... മൾട്ടിടാസ്‌ക്കർ അങ്ങനെ പല പേരുകൾ ചാർത്തും. ചെയ്യുന്ന ജോലിക്ക് ശമ്പളം കൊടുക്കാതിരിക്കാൻ കണ്ടുപിടിക്കുന്ന എളുപ്പപ്പണി. തലക്കെട്ടുകൾ അർഥവത്താക്കാൻ പെടാപാട് പെടുമ്പോൾ അവളും മറക്കും അവൾ എന്ന അവളെ..

രാവിലെ എണീറ്റ് അച്ഛനെന്താണ് കഴിക്കാൻ വേണ്ടതെന്ന് ദിവസവും ചോദിക്കുന്ന അമ്മമാരെ നാം വീടുകളിൽ കാണാം.. എന്നാൽ അമ്മയ്ക്ക് എന്താണ് കഴിക്കാൻ ഇഷ്ടം എന്ന് ചോദിച്ചാൽ പല വീടുകളിലും ആർക്കും അറിയാത്ത ഒരു ചോദ്യ ചിഹ്നം ആണ് അത്. അവൾ എല്ലാം കഴിക്കും അങ്ങനെ ഇഷ്ടങ്ങൾ ഒന്നും ഇല്ല. തിന്നു ചീർത്തു വരുന്നത് കണ്ടില്ലേ.. പുറത്തു ഉള്ള അവളുമാരും പല വീടുകളിലും കിണറ്റിൽ ഇടാൻ പ്ലാൻ ചെയ്തു വെച്ചിരിക്കുന്നത് ആണെന്ന് അവർക്ക് മാത്രമേ അറിയുള്ളു.. എത്ര വെറുപ്പിച്ചാലും ഓൾ ഇട്ടേച്ചു പോവില്ല എന്ന ഉറപ്പ് അല്ല ദാമ്പത്യം.

എനിക്ക് അവളോട് സ്നേഹം ഒക്കെ ഉണ്ട് ഡോക്ടറേ എന്നു വെച്ച് തലയിൽ എടുത്ത് വെച്ച് നടക്കാൻ പറ്റുമോ.. ഇടയ്ക്ക് രണ്ടെണ്ണം പറയണം അല്ലെങ്കിൽ അഹങ്കാരം ആവും.. പലരും പറഞ്ഞു കേട്ടിട്ടുണ്ട്. സ്വയം ശ്രദ്ധിക്കാൻ പലരും മറന്നു പോവും. സ്വന്തം ഇഷ്ടങ്ങൾ മറന്നു തുടങ്ങും. എല്ലാ ദിവസവും ഒരു ഓട്ട പ്രദർശനം ആവും.. അച്ഛനും അമ്മയും പണ്ട് താലോലിച്ച രാജകുമാരി രാജകിരീടം ഊരി.. തലയിൽ പുതിയതായി ചാർത്തി തന്നിട്ടുള്ള സൂപ്പർ വുമൺ എന്ന മുൾകിരീടം അണിയും.. മുൾ കിരീടം താഴെ വീഴാതെ നോക്കി കൊണ്ടുള്ള പാച്ചിൽ ആവും പിന്നീട്. വിയർത്തു ഓട്ടപ്രദർശനം നടത്തുന്ന ഭാര്യയെക്കാളും... രാജകിരീടം ധരിച്ചിട്ടുള്ള വേറെ രാജകുമാരിമാർ കണ്ണിനു കുളിർമ തരും.. മുൾകിരീടവും ആയി അവളെ കിണറ്റിലോട്ടും വിടാൻ തോന്നും.

അന്ന് കോടതി വരാന്തയിൽ നിന്ന് ഞാൻ നേരെ പോയത് അവളുടെ വീട്ടിലേക്ക് ആണ്. മാപ്പു പറഞ്ഞപ്പോൾ... പുതിയ എന്റെ കൂടെ വീണ്ടും കൂടുമോ എന്ന് ചോദിച്ചപ്പോൾ.. എന്റെ ഉള്ളിലെ ഈഗോയുടെ മതിൽക്കെട്ടുകൾ താനെ തകർന്നു വീണു.

Content Summary: Malayalam Short Story ' Avalude Nottam Enne Veendum Pranayathilakki ' written by Dr. Aleesha Sulaiman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com