എത്ര നിലാമഴകൾ ഒന്നിച്ചു നീരാടീ
എത്രയോ സുന്ദരമാം നിമിഷങ്ങൾ തീർത്തവർ
കാതരേ ഒന്നൂടി വരുകില്ലയോ
ഇടറുമെൻ മൃദു ചുംബനം ഏറ്റു വാങ്ങുവാൻ..
ഇലകൾ ഓരോന്നും പാതി മയക്കത്തിലായി
ഇളം കാറ്റും ദൂരെ പോയ് മറഞ്ഞു
മിന്നിത്തിളങ്ങും വെളിച്ചങ്ങൾ പതിയെ
മിന്നാമിനുങ്ങിൻ നുറുങ്ങു വെട്ടം മാത്രമായ്.
കണ്ണടച്ചാലും എൻ അന്തരംഗ മന്ത്രണം
കേൾക്കാതിരിക്കാൻ നിനക്കാവുമോ
അരികിലൊരു പ്രണയാർദ്രഗാനം
നിന്നെ പൊതിയുന്നില്ലേ
അതിൽ അറിയുന്നില്ലേ നിന്നെ
മൂടും എന്നനുരാഗം
നീയൊരു സുഖ നിദ്ര പുൽകാനൊരുങ്ങീടവേ
നിദ്രാ ഭംഗമാം ചീവീടായി ഞാനും മാറുന്നുവോ
എന്റെ മോഹങ്ങൾ മാറ്റിവെച്ചീടാം
നിന്റെ സ്വപ്‌നങ്ങൾ പൂവണിയട്ടെ
എങ്കിലും ഇനിയെന്തു വേണമെന്നറിയാതെ
പകച്ചു നിൽപ്പൂ ഞാനും എന്നനുരാഗവും...
Content Summary: Malayalam Poem ' Thapaswini ' written by Sindhu Thilakan