ADVERTISEMENT

എല്ലാ ആഴ്ചയിലേയും പോലെ ഇന്നലെയും സന്ധ്യയ്ക്ക് ഞാൻ പുറപ്പെട്ടു.. പിടിപ്പത് ജോലിയുണ്ടായിരുന്നു, ഒരു നിമിഷം പാഴാക്കാതെ ഇരുന്നു ഒരു വിധം തീർത്തു.. അങ്ങനെ സന്ധ്യയ്ക്ക്, ആറുമണിക്ക് കമ്പ്യൂട്ടറിൽ നിന്ന് മുഖമുയർത്തി  എഴുന്നേറ്റു.. വാഷ്റൂമിൽ പോയി മുഖമൊന്നു കഴുകി അമർത്തി തുടച്ചു ഒരൽപ്പം പൗഡറിട്ടു പിന്നെ ഇത്തിരി ചായം ചുണ്ടിലും തേച്ചു കണ്ണാടിയിൽ നോക്കി, ക്ഷീണം ഒരു പരിധിവരെ മറയ്ക്കാൻ പറ്റിയിട്ടുണ്ട്.. ബാഗുമെടുത്ത് നടന്നു നേരെ റെയിൽവേ സ്റ്റേഷനിലേക്ക്.. ഓട്ടോറിക്ഷക്ക് വേണ്ടി നോക്കിയില്ല. ഇത്രനേരം ഒറ്റയിരുപ്പ് ഇരുന്നതല്ലെ ഒരു നടത്തം ആവാമെന്ന് കരുതി.. സ്റ്റേഷനിൽ എത്തി പതിവുപോലെ ക്യാന്റീനിൽ നിന്ന് നെയ്റോസ്റ്റും കാപ്പിയും കഴിച്ചു കൂടെ തന്ന വടയെടുത്ത് ഒരു ടിഷ്യുവിൽ പൊതിഞ്ഞു ബാഗിലും വെച്ചു, കുറച്ച് കഴിഞ്ഞാൽ ആവശ്യം വരും.. ട്രെയിൻ വരാനുള്ള അനൗൺസ്മെന്റ് കേൾക്കുന്നുണ്ട്.. ഞാൻ വേഗം നടന്നു. എനിക്ക് വെയ്റ്റിംഗ് ലിസ്റ്റ് ആയിരുന്നു എന്നാലും ഞാൻ എ സി കോച്ച് നിർത്താറുള്ള സ്ഥാനത്ത് ചെന്ന് നിന്നു.

എത്താൻ ഒരിത്തിരി വൈകിയ പോലെ ട്രെയിൻ ഓടിക്കിതച്ച് കടന്നു വന്നു.. കയറിയപ്പോൾ പ്ലാറ്റ്ഫോമിലെപ്പോലെത്തന്നെ ട്രെയിനിലും നല്ല തിരക്ക്. ഇരിക്കാനുള്ള സീറ്റ് കിട്ടുമോ എന്ന് ഞാനും സംശയിച്ചു. അവിടെ ഇരിക്കുന്ന ടി ടി യോട് കാര്യം പറഞ്ഞപ്പോ, എന്നോട് പറഞ്ഞു "വെയ്റ്റിംഗ് ലിസ്റ്റ് ആയത് കൊണ്ട് ടിക്കറ്റ്  ക്യാൻസൽ ആയി, അപ്പുറത്ത് പോയിട്ട് അവിടെയുള്ള ടി ടി യോടു പറയൂ" എന്ന്. ഞാൻ വേഗം അങ്ങോട്ട് പോയി അവിടെയും തിരക്ക് തന്നെ.. എന്നാലും അവിടത്തെ  സാർ എനിക്കൊരു ടിക്കറ്റ് എഴുത്തിതന്നു എന്നിട്ട് പറഞ്ഞു എവിടെയെങ്കിലും കാലി സീറ്റ് കണ്ടാൽ ഇരുന്നോളു എന്നും.. ഞാനെന്റെ ബാഗും പിടിച്ച് തിക്കിത്തിരക്കി ഓരോ ബോഗിയും കടന്നു നടന്നു മുന്നോട്ട്.. അപ്പോഴാണ് കണ്ടത് ഒരുകൂട്ടം കുട്ടികൾ, ഏതാണ്ട് ആ ബോഗി നിറയെ... ഒരു സീറ്റിൽ അവർ അവരുടെ ബാഗ് വെച്ചിട്ട് എല്ലാവരും കൂടി പല ഭാഷയിൽ സംസാരിക്കുന്നു, കളിക്കുന്നു, സന്തോഷിക്കുന്നു.. ഞാൻ ചെന്നു അടുത്തുനിന്നു കുട്ടിയോട് ചോദിച്ചു "ഈ സീറ്റ് കാലിയാണോ" എന്ന്.. അവൻ പറഞ്ഞു "യെസ് സെച്ചി" എന്നിട്ട് അവൻ ബാഗുകൾ മാറ്റി ആ സീറ്റ് എനിക്ക് ഒഴിവാക്കി തന്നു. ഞാനിരുന്നു ആശ്വാസത്തോടെ, അത്രക്കും തിരക്കാണ് അതിൽ..

അപ്പോൾ കുട്ടികൾ എല്ലാവരും കൂടി പാട്ട് പാടാൻ ഒരുങ്ങി.. ഏത് പാട്ടിൽ തുടങ്ങും എന്നായി, ഞാൻ പറഞ്ഞു "മന്ദാരചെപ്പുണ്ടോ" തുടങ്ങിക്കോളൂ എന്ന് അവരും സമ്മതിച്ചു. ഒരാള് ഗിറ്റാർ എടുത്ത് വായിക്കാനും മറ്റുള്ള കുട്ടികൾ പാടാനും തുടങ്ങി കൂടെ ഞാനും.. പാടിപ്പാടി സമയം പോയതറിഞ്ഞില്ല. ട്രെയിൻ എവിടെയോ എത്തിനിൽക്കുന്നു. ഒരുമണിക്കൂർ ആയി അവിടെത്തന്നെ കിടക്കുകയാണ്. കൊണ്ട് വന്നിരുന്ന വെള്ളംകുപ്പി കാലിയായി. സമയം രാത്രി 12 മണിയും കഴിഞ്ഞു. എനിക്കാണെങ്കിൽ നല്ല വിശപ്പും ദാഹവും.. ഒന്നും കിട്ടാനില്ല എന്ന വിഷമത്തിൽ ഞാനിരുന്നു, കണ്ണുകൾ അടച്ച്.. പെട്ടന്നാണ് കണ്ടത്, ഒരു വെളുത്ത താടിക്കാരൻ എന്റെ അടുത്ത സീറ്റിൽ ഇരിക്കുന്നു. ശാന്തമായ കണ്ണുകൾ.. ഈ കണ്ണുകൾ ഞാൻ എപ്പോഴോ എവിടെയോ കണ്ടതാണല്ലോ. എന്റെ മനസ്സ് മന്ത്രിച്ചു. അദ്ദേഹം എന്നെ നോക്കിപ്പറഞ്ഞു "നിങ്ങളുടെ എഴുത്തുകൾ എല്ലാം ഞാൻ വായിക്കാറുണ്ട് കേട്ടോ" അതിശയത്തോടെ ഞാനയാളെ, ഇദ്ദേഹമെന്നെ ഇതിന് മുന്നേ എപ്പോഴാണ് കണ്ടത്, എന്ന് നോക്കി.. പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, നിങ്ങളുടെ എഴുത്തിലെല്ലാം പ്രണയം തുളുമ്പുകയാണല്ലോയെന്ന്. ഞാൻ പറഞ്ഞു, അതെന്നിൽ മാത്രമല്ലല്ലോ, എല്ലാ ജീവജാലങ്ങളിലും, അങ്ങയിലും കുടികൊള്ളുന്ന ഒരു ശ്രേഷ്ഠഭാവമല്ലെയെന്ന്.. വെളുത്ത താടിയിൽ തഴുകി അദ്ദേഹത്തിന്റെ തീഷ്ണമായ കണ്ണുകൾ എന്നോട് പറഞ്ഞു "നിന്റെയീ നയനങ്ങളിൽ ഇപ്പോഴും വറ്റാതെ നിൽക്കുന്നൊരു തടാകം ഞാൻ കാണുന്നു" എന്ന്..

ഞാനാക്കണ്ണുകളിലെ ശാന്തതയിൽ നിന്ന് ഒരായിരം കവിതകൾ വായിച്ചെടുത്തു. അതെല്ലാം, ഞാൻ എവിടെയോ വായിച്ചു മറന്ന കാവ്യങ്ങൾ. കവിയും കാവ്യവും എനിക്ക് ഒരുപോലെ പരിചിതർ. ഞാൻ വീണ്ടും വീണ്ടും വായിച്ചു കൊണ്ടേയിരുന്നു, കവിതയുടെ അവസാനമായി എഴുതിക്കണ്ടു "റൂമി" ഞാൻ ഞെട്ടിപ്പിടഞ്ഞ് കൈകൾ കൂപ്പി.. അപ്പോഴേക്കും അദ്ദേഹം എഴുന്നേറ്റു പോകാനൊരുങ്ങുന്നു. പിടിച്ച് നിർത്താനായി കൈകൾ നീട്ടിയതും കുട്ടികൾ എന്റെ കൈപിടിച്ച് പറഞ്ഞു, "ഉറങ്ങിക്കോളു ചേച്ചി.. ട്രെയിൻ വിട്ടിട്ടില്ല ഇപ്പോഴും ഇവിടെത്തന്നെയാണ്" എന്ന്. പാതിമുറിഞ്ഞ സ്വപ്നം വീണ്ടെടുക്കാൻ ഞാൻ ഒന്നുകൂടെ സീറ്റിൽ ചാരി കിടന്നു, കണ്ണുകൾ അടച്ച്...

Content Summary: Malayalam Short Story ' Paathimurinja Swapnam ' written by Sreepadam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com