തലയ്ക്കുള്ളിലെ ജൈവഘടികാരത്തിന്റെ ഭ്രമണം തെറ്റിച്ച് രാത്രിയിൽ സിനിമ കാണാനിരിക്കും, പകൽ, പ്രാവുകളെ നോക്കിയിരിക്കും. സിനിമയെക്കുറിച്ച് എനിക്ക് മാത്രമായ് പറയാൻ ഒന്നും ഇല്ലാത്തത് കൊണ്ട്, ഞാൻ പ്രാവുകളെക്കുറിച്ച് പറയാം. നവംബറിന്റെ തുടക്കത്തിലാണ് അവരെ ആദ്യം കണ്ടത്. ബാൽക്കണിയിൽ നിന്ന് നോക്കിയാൽ ഒരു തട്ട് താഴെ, ജനൽപ്പടിയിൽ - രണ്ട് പ്രാവുകൾ - രണ്ട് ചെറിയ പ്രാവുകൾ- കൊക്കുകൾ കൊണ്ട് ചെറു നാരുകൾ നിരത്തിവയ്ക്കുന്നത് ഞാൻ നോക്കിക്കൊണ്ടിരുന്നു. എനിക്ക് അപരിചിതമായിരുന്നു പക്ഷികളുടെ രീതികൾ. എങ്കിലും എനിക്ക് തോന്നി, ഇതാ രണ്ട് പക്ഷികൾ ഒരു വീട് വരയ്ക്കുന്നു.അല്ല വരച്ചു കഴിഞ്ഞു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ, മുട്ടകൾക്ക് മീതെ പക്ഷി അടയിരുന്നു തുടങ്ങി. പെൺ പ്രാവും ആൺ പ്രാവും ഒരുപോലെ. സമയം പങ്കുവെച്ച്; സ്നേഹവും. മുട്ടകൾ. 1,2,3 മരമില്ലാതെ- ചില്ലകൾക്കിടയില്ലാതെ - തുറസ്സായ ഒരിടത്ത്- നിരപ്പായ- പരുക്കൻ പ്രതലത്തിൽ - ചിലനേരങ്ങളിൽ കാറ്റ് ശക്തമായടിക്കുന്ന ഒരിടത്ത്- പക്ഷി അടയിരിക്കുന്നത് - അടയിരിക്കുന്ന നേരങ്ങൾ തമ്മിൽ വീതം വയ്ക്കുന്നത് - ഒരാളുടെ ചിറകുകൾക്കടിയിൽ നിന്ന് മുട്ടകൾ മറ്റൊരാളുടെ നെഞ്ചിൻ ചൂടിലേക്ക് കൈമാറുന്നത്- കണ്ടു നിൽക്കുക ശീലമായിരിക്കുന്നു.
ഒരിക്കൽ മൂന്നിൽ ഒരു മുട്ട അവർ ഉപേക്ഷിച്ചത് ഞാൻ കണ്ടു. അതിജീവനത്തിന് അർഹതയില്ലാത്ത ഒന്നിനെ പ്രകൃതി തിരിച്ചു വിളിക്കുന്നത് പോലെ. ആ നേരം എനിക്ക് വന്ന സങ്കടം! പാതിയിൽ നിലച്ച സിനിമയേക്കാളേറെ!!! അച്ഛൻ കിളിയുടേയും അമ്മക്കിളിയുടേയും ശ്രദ്ധയർഹിക്കാതെ - ജനൽപ്പടിയിൽ- നേർത്ത നാരുകൾ ചുറ്റിലും നിരത്തിവെച്ച - കൂടെന്നോ വീടെന്നോ വിളിക്കാവുന്ന ഒരിടത്തിന് പുറത്ത് - കാറ്റിൽ ഉലഞ്ഞ് - ജനിക്കും മുന്നേ ജീവിതം കൊണ്ട് വട്ടം ചുറ്റി -എപ്പോഴോ- ആറാമത്തെ നിലയിലെ ജനൽപ്പടിയിൽ നിന്ന് താഴേക്ക്... അന്ന് നവംബർ 14 ശിശുദിനം. നവംബറിലെ അവസാനത്തെ ദിവസമായിരുന്നു ആദ്യ മുട്ട വിരിഞ്ഞത് - ഓറഞ്ചു നിറമുള്ള കുഞ്ഞു പക്ഷി. വിരിഞ്ഞു പുറത്തു വന്ന ജീവന്റെ പിടപ്പിനേയും വിരിയാൻ ബാക്കിയായ മുട്ടയേയും ഉടലിനടിയിൽ ഒതുക്കാനുള്ള വലുപ്പം പ്രാവുകൾക്കില്ലെന്ന് പലപ്പോഴും എനിക്ക് തോന്നി. സാധാരണയിലും വലുപ്പം കുറഞ്ഞ രണ്ട് പ്രാവുകളായിരുന്നല്ലോ അവർ. എങ്കിലും അവയുടെ ആ ശ്രമം. ഒരാൾക്ക് തീറ്റതേടി പോകേണ്ടി വരുമ്പോൾ മറ്റേയാളിന്റെ നെഞ്ചിനടിയിലേക്ക് മുട്ടയേയും കുഞ്ഞിനേയും ഒരുപോലെ കൈമാറാനുള്ള ആ ചലനങ്ങൾ. ആ ശ്രദ്ധ.
പ്രാവുകൾ കുഞ്ഞുങ്ങളെ 'പാലൂട്ടുന്നത്' നോക്കിയിരിക്കുമ്പോൾ ഏതോ ഓർമ്മയിൽ എനിക്ക് സങ്കടം കനക്കും. ഒരു പക്ഷി കുഞ്ഞിനെ മാത്രമേ കാണാൻ കിട്ടാറുണ്ടായിരുന്നുവെങ്കിലും വിരിയാൻ ബാക്കിയായ ആ മുട്ടയും വിരിഞ്ഞിട്ടുണ്ടാവുമെന്ന് ഞാൻ കരുതി. രണ്ട് കുഞ്ഞ് ജീവനുകളേയും ഒന്നിച്ചു കാണാൻ ദിവസങ്ങൾ കാത്തിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ, രണ്ട് നില താഴെ, മറ്റൊരു ജനൽപ്പടിയിൽ, ഒരു അമ്മക്കിളി മാത്രമായി വളർത്തിയ രണ്ട് പ്രാവിൻ കുഞ്ഞുങ്ങളെ ഞാൻ ഓർത്തു. അവർ ഒന്നിച്ച് വളർന്നത്. അമ്മയോളം വളർന്നിട്ടും പറക്കാതെ തീറ്റയ്ക്ക് അമ്മയെ കാത്തിരുന്ന രണ്ട്പേർ. പരസ്പരം തൂവലുകൾക്കിടയിൽ തലതാഴ്ത്തിയുള്ള അവരുടെ ഒന്നിച്ചുറക്കങ്ങൾ. അവർ ആദ്യം പറന്ന ദിവസങ്ങൾ. എന്റെ ബാൽക്കണിയിലേക്ക് അവർ ഉയർന്നു പറന്നത്. ബാൽക്കണിയിലേക്ക് തുറക്കുന്ന വാതിലിന് മുകളിൽ പേടിക്കാതെ വന്നിരുന്നത്. പ്രാവുകൾ അങ്ങനെ വന്നിരിക്കുന്നത് ഇഷ്ടപ്പെടാൻ മാത്രം ഹൃദയവിശാലത എനിക്കുണ്ടായിരുന്നില്ല. കാരണം അവിടെ നിറയെ ഞാൻ തുണികൾ അലക്കി ഉണക്കാനിട്ടിരിക്കും. അതിൽ പലപ്പോഴും പ്രാവുകളുടെ വന്നിരിപ്പിന്റെ വാട്ടർമാർക്കുകളും ഉണ്ടാകും. കൃത്യം ഇസ്തിരിയിടാൻ നേരത്ത് മുന്നിൽ തെളിയുന്ന ചിലത്. അരിശത്തിന്- അനിഷ്ടത്തിന് - അത് മതിയാകുമല്ലോ.
ആദ്യം പറന്നതിന്റെ ക്ഷീണം ഏറെ ആയതുകൊണ്ടാണോ, മനുഷ്യനിൽ ഒരു ശത്രു ഉണ്ടെന്ന് ഇനിയും പഠിച്ചിട്ടില്ലാത്തത് കൊണ്ടാണോ എന്നറിയില്ല, പറന്നു വന്ന് ഇരിപ്പുറപ്പിച്ചയാളെ ആട്ടിപ്പായിക്കാൻ ഒച്ചവെച്ചിട്ടും അത് അനങ്ങിയില്ല. അവസാനം പക്ഷിയെ അവിടെ ഇരിക്കാൻ വിട്ട് തുണികൾ എടുത്തുമാറ്റുക എന്ന കാര്യം ചെയ്യേണ്ടി വന്നു. എനിക്ക് ശ്രദ്ധിക്കാൻ തോന്നിയ ആദ്യത്തെ പ്രാവിൻ കുടുംബം അതായിരിക്കും. ഇപ്പോഴിതാ ഇവർ. എനിക്ക് കാണാൻ വളരെ അടുത്ത് - ഓടിയോടിപ്പോയി എനിക്ക് നോക്കാൻ തോന്നും വണ്ണം അടുത്ത്. 'ഞാനതിനെ വിട്ടുവന്ന നിമിഷത്തിലേത് പോലെത്തന്നെ അതിപ്പോഴുമില്ലേ' എന്നൊരു നെഞ്ചിടിപ്പോടെ വീണ്ടും വീണ്ടും അതിലേക്ക് -അതിലേക്കെന്ന് - ചെന്നെത്തി നോക്കുന്ന ഒരാളാകുന്നു, ഞാൻ. പ്രണയവും പക്ഷികളും പാട്ടും എന്നോടിത് ചെയ്യാറുണ്ട്. ചിന്തകളിൽ അത് മാത്രം ചുറ്റിക്കറങ്ങുന്ന ഒരാളാക്കുന്നു എന്നെയവ. എനിക്ക് അറിയില്ല, അടുത്ത നിമിഷം പ്രകൃതി അതിനോട് എന്ത് ജാലം കാട്ടുമെന്ന്. എന്നിലത് എന്ത് അവശേഷിപ്പിക്കുമെന്ന് - ഒരേ നെഞ്ചിടിപ്പ് - ഒരേ അനിശ്ചിതത്വം- ഒരേ ഇഷ്ടം. ഇത്രയുമായിരുന്നു അന്ന് എഴുതിയത്. ഇപ്പോൾ, ദിവസങ്ങൾ പലത് കഴിഞ്ഞപ്പോൾ എഴുതാൻ ചിലത് കൂടി ഉണ്ടെന്നായിരിക്കുന്നു.
ദിവസങ്ങളായി മഴയും തണുപ്പും. അതിനും എത്രയോ മുന്നേ - പ്രാവുകൾ - ആ അച്ഛനും അമ്മയും - മുകളിലത്തെ ജനാലയിലേക്ക് മുറി മാറ്റിയിരിക്കുന്നു. ഇരു തട്ടുകളുള്ള ഒരു വീടുണ്ടായിരിക്കുന്നു അവർക്ക്. വിരിയാൻ ബാക്കിയായ മുട്ട അവർക്ക് എങ്ങനെയോ നഷ്ടപ്പെട്ടു പോയിരിക്കുന്നു.. ഒറ്റക്കുട്ടിയായി ആ പ്രാവിൻ കുഞ്ഞ് വളർന്നു വരുന്നു. അത് ഒറ്റയ്ക്കുറങ്ങിയ ആദ്യ ദിവസം എനിക്ക് എന്ത് സങ്കടം ആയിരുന്നു എന്നറിയാമോ! അതിന് ഒറ്റയ്ക്കിരിക്കേണ്ടി വന്ന വെയിൽ തണുത്ത പകൽ നേരങ്ങൾ. ഒരു ശിശുവിന്റെ ഏകാന്തതയോടെ വീട്ടിലങ്ങനെ ഒറ്റയ്ക്കിരിക്കാറുള്ള ദിവസങ്ങൾ ഞാനോർത്തു. പല ദിവസങ്ങൾ അങ്ങനെ കടന്നു പോയിക്കഴിഞ്ഞ്- നാലഞ്ച് ദിവസങ്ങൾക്ക് മുൻപ് -മുകളിലത്തെ ജനൽപ്പടിയിൽ- അവരുടെ പുതിയ മുറിയിൽ - പ്രാവുകൾ ചെറുനാരുകൾ കൊണ്ട് മുട്ടയിടാൻ ഇടം ഒരുക്കിത്തുടങ്ങി. നാരുകൾ കണ്ടെത്തുന്ന, കുഞ്ഞിക്കിളിക്ക് തീറ്റകൊടുക്കുന്ന, ഇടയിൽ അമ്മപ്പക്ഷി തീറ്റ തേടി പോകുന്ന നേരം കൂടിന് കാവൽ നിൽക്കുന്ന, അച്ഛൻ പ്രാവിന്റെ തിരക്കുകൾ. ഇടയ്ക്ക് മുട്ടകൾ നശിപ്പിക്കാനായി ചില പ്രാവുകൾ പറന്നു വരും. അവർക്കിതിനോട് എന്തിനിത്ര ശത്രുത എന്ന് എനിക്ക് അത്ഭുതം തോന്നും. പിന്നീട് ശത്രുക്കളും മിത്രങ്ങളുമായി ഭൂമിയിലെ ജീവിതങ്ങൾ പലതാകുന്നതിനെക്കുറിച്ച് ഞാനോർക്കും.
ശബ്ദവും ഗന്ധവും കൊണ്ട് ജീവികൾ ആകാശത്തും ഭൂമിയിലും വരച്ചെടുക്കുന്ന അനേകം അതിരുകൾ ഞാനോർക്കും. ഭൂമിയിലെ വിശപ്പിനേയും വേട്ടയേയും കുറിച്ച്, ഒന്നിന് മറ്റൊന്ന് ആഹാരമാകുന്നതിനെക്കുറിച്ച്, ആഹാരം പങ്കിടേണ്ടിവരുന്നവരുടെ എണ്ണം കുറഞ്ഞുകിട്ടാനുള്ള വഴികൾ കൂട്ടത്തിലുള്ളവർ കണ്ടെത്തുന്നതിനെക്കുറിച്ച്, അങ്ങനെ പലതും. ചിലകാലങ്ങളിൽ ചില ജീവിതങ്ങളെക്കുറിച്ച് അറിയാൻ എന്നിൽ കൗതുകമുണ്ടാകും. ചെയ്യാനുള്ള പണികൾ ചെയ്യുക - അല്ലാതെ മറ്റൊന്നുമില്ല - എന്ന് നിരന്തരം എന്നോട് പറയുന്നവർ.. ഇത്തവണ ഒഴിവ് നേരങ്ങളിൽ ഞാൻ കാടുകളിലെ - സമുദ്രങ്ങളിലെ- ജീവിതങ്ങളെക്കുറിച്ചുള്ള അവതരണങ്ങൾ കണ്ടു. അതിൽ വിശന്ന് ഇപ്പോൾ അമ്മക്കിളി രണ്ട് മുട്ടകൾക്ക് മീതേ അടയിരുന്നു തുടങ്ങിയിരിക്കുന്നു. അച്ഛൻ പക്ഷിയാണ് കുഞ്ഞിപ്രാവിന് തീറ്റകൊടുക്കാറുള്ളത്. ഈ ദിവസങ്ങളിൽ അവർ ഒന്നിച്ചാണ് രാത്രിയിൽ. ഞാൻ എപ്പോഴും ആലോചിക്കും, അവർ തമ്മിൽ മിണ്ടുന്നത് എന്തിനെക്കുറിച്ചായിരിക്കും. മനുഷ്യന്റെ തിരക്കുകളെക്കുറിച്ചും അവരുണ്ടാക്കുന്ന ശബ്ദങ്ങളെക്കുറിച്ചും അതിന് പറഞ്ഞു കൊടുക്കുന്നുണ്ടാകുമോ? ഈ മഴയെക്കുറിച്ചും തണുപ്പിനെക്കുറിച്ചും അവർ പറയുന്നുണ്ടാകുമോ? മുകളിലത്തെ തട്ടിൽ അമ്മയും അച്ഛനും മാറിമാറി മുട്ടകൾക്ക് മീതേ അടയിരിക്കുന്നത് കുഞ്ഞിപ്രാവിന് അറിവുണ്ടാകുമോ?
ഇത്രയും എഴുതി ഉറങ്ങാൻ പോയതാണ് ഞാനിന്നലെ. ഇന്ന് രാവിലെ ഉണർന്നെഴുന്നേൽക്കുമ്പോൾ താഴത്തെ ജനാലപ്പടിയിൽ - അതിന്റെ മുറിയിൽ- കുഞ്ഞിപ്രാവിനെ കാണാനില്ല. അത് പറന്നു പോയിട്ടുണ്ടാകും. മുകളിലെവിടെയോ ഒരു ജനൽപ്പടിയിലേക്ക് - കൂടുതൽ ഉയരത്തിലേക്ക്. പ്രണയവും കൂട്ടിലടച്ചിടാത്ത പക്ഷികളും ഒരുപോലെയാണ്. ഇതുപോലെയാണ്. എനിക്കറിയില്ല, അവയുടെ രീതികൾ. അവ എപ്പോൾ കടന്ന് വരുമെന്ന്- കൂട് കൂട്ടുമെന്ന്- ചിറകടിച്ച് അതെന്ന് പറന്നകലുമെന്ന്.. കൂട്ടത്തിലേക്ക് അത് ചേർന്നു കഴിഞ്ഞാൽ - പലതിൽ ഒന്ന് എന്ന് മാത്രമായികഴിഞ്ഞാൽ - അതിനെ തിരിച്ചറിയാൻ എനിക്ക് അടയാളങ്ങൾ ഇല്ല. സ്നേഹത്തേക്കാൾ സ്വീകരിക്കാൻ എളുപ്പമായ വേർപിരിയലുകൾ, തനിച്ചാവുമെങ്കിലും നിലനിൽപ് സാധ്യമാക്കുന്ന യാത്ര പറച്ചിലുകൾ - അത് മാത്രം അവയെന്നിൽ ബാക്കിയാക്കുന്നു. നാം ഇനിയും സ്നേഹത്തിലായിരിക്കട്ടെ എന്ന പ്രാർഥനയോട് കൂടിയുള്ള തീർഥാടനമാവുന്നു ജീവിതം.
പറയട്ടെ, ജീവിച്ചിരിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് സുന്ദരമാകുന്ന ചില ജീവിതങ്ങൾ ഉണ്ട്. 'അനേകം ആളുകൾ അറിഞ്ഞില്ല എങ്കിൽ, അവരുടെ ആദരവോ അംഗീകാരമോ കിട്ടിയില്ല എങ്കിൽ അപ്രസക്തമാകുന്നു ഭൂമിയിലെ ജീവിതം' എന്ന് കരുതുന്നവരിൽ അവരില്ല. ആൾക്കൂട്ടത്തിൽ നിന്ന് വേർപെട്ട് ജീവിക്കാൻ അവർക്ക് വനാന്തരങ്ങളോ പർവതശിഖരങ്ങളോ വേണമെന്നുണ്ടാവില്ല, നഗരമധ്യത്തിലും അവർ അങ്ങനെത്തന്നെയായിരിക്കും - മനുഷ്യരുടെ അടുപ്പത്തിൽ നിന്നും അകലത്തിൽ നിന്നും വേർപെട്ട്.. അവർക്ക് പ്രാവുകളും കുരുവികളും മൈനകളും പറന്നു വന്നിരിക്കുന്ന ബാൽക്കണികളുണ്ടാകും. തത്തകൾ പാർക്കുന്ന മരങ്ങൾ നടത്തത്തിനിടെ അവർ കണ്ടെത്തിയിട്ടുണ്ടാകും. ഇലകളേക്കാൾ ചെറിയ കിളികൾ പാർക്കുന്ന -പുലർകാലങ്ങളിലും സായന്തനങ്ങളിലും നിറയെ പാടുന്ന - ചില്ലകൾ മരങ്ങളിൽ അവർ തേടും. അങ്ങനെ ഒരാളായിരിക്കുന്നു. 'എവിടെ നീ എന്ന്?' നിന്നെപ്പോലെ എന്നോട് ചോദിച്ച ഒരാളോട് ഈ ഉത്തരം ഈ നേരം ഞാൻ പറഞ്ഞു വയ്ക്കുന്നു. 'നീ എഴുതാതിരിക്കുമ്പോൾ അടുത്തൊരാൾ മിണ്ടാനില്ലാത്ത പോലെ' എന്ന് സന്ദേശമയച്ച സുഹൃത്തിനേയും ഓർക്കുന്നു.
ഈ വർഷമാദ്യം എനിക്കയച്ചു കിട്ടിയ സന്ദേശമൊന്ന് ഇങ്ങനെ ആയിരുന്നു: "നിന്നെ അറിയുമോ എന്ന് ഒരാൾ എന്നോട് ചോദിച്ചു, അറിയില്ല എന്ന് ഞാൻ പറഞ്ഞില്ല, അറിയില്ല എന്ന് പറയുമ്പോൾ നീ എഴുതുന്നത് ഒന്നും എനിക്ക് വേണ്ടിയല്ല എന്ന് ഞാൻ എന്നോട് പറയുന്നതിന് തുല്യമാവില്ലേ" എന്നെ ഓർക്കുന്നവരെ എല്ലാം ഓർക്കുന്നു. വീണ്ടും സ്നേഹം വരുന്നു. ചിലപ്പോൾ സ്നേഹത്തെക്കുറിച്ച് ചിലപ്പോൾ സങ്കടങ്ങളെക്കുറിച്ച് ചിലപ്പോൾ സങ്കടങ്ങളെ മായ്ച്ചു കളയാൻ പോന്ന സ്നേഹത്തെക്കുറിച്ച് ചിലപ്പോൾ സങ്കടങ്ങൾ എന്നാൽ സ്നേഹം തന്നെ എന്നതിനെക്കുറിച്ച് എഴുതാറുണ്ടായിരുന്ന ഒരാൾ എന്ന് എന്നെ ഞാൻ ഈ നേരം ഓർക്കുന്നു. സ്നേഹം നിറയ്ക്കുന്ന ഓർമ്മകൾ. പല തട്ടുകളുള്ള പാർപ്പിടം പോലെ ആരൊക്കെയോ അവിടെ ചില കാലങ്ങളിൽ പാർക്കുന്നു. ഞാനും എന്റെ ആകാംക്ഷകളിൽ നിന്ന് അവരെ അടർത്തിമാറ്റുന്നു.
എഴുതി അവസാനിപ്പിക്കും മുൻപ് വീണ്ടും ഞാൻ പ്രാവുകളുടെ വീട്ടിലേക്ക് എത്തി നോക്കുന്നു. പകൽ മുഴുവൻ കുഞ്ഞിപ്രാവ് ഇവിടെ ഉണ്ടായിരുന്നില്ല. ഇപ്പോഴതാ, അവർ മൂന്ന് പേരും അവിടെയിരിക്കുന്നു. ഈ രാത്രി ഉറങ്ങുന്നു. ആനന്ദം! തിരിച്ചു വരാൻ ഇഷ്ടങ്ങളിൽ ഒരിടമുണ്ടായിരിക്കുക, തൊട്ടടുത്തിരിക്കാൻ പ്രിയപ്പെട്ട ചിലരുണ്ടായിരിക്കുക എന്നതിന്റെ ആനന്ദം! ഞാനും അതിപ്പോൾ പങ്കുവയ്ക്കുന്നു; നിറയെ സ്നേഹവും. "മനുഷ്യർ എന്നിൽ സങ്കടം നിറയ്ക്കുന്നു, അവരുടെ അടുപ്പവും അകലവും ഒരുപോലെ. പക്ഷികളും പാട്ടുകളും എന്നോട് അതു തന്നെ ചെയ്യുന്നു. കടലും കാറ്റും മഴയും നക്ഷത്രങ്ങളും ചെയ്യുന്നതും മറ്റൊന്നല്ല." നിനക്ക് വേണ്ടി എഴുതി, അയച്ചു, മായ്ച്ചു കളഞ്ഞ ആ കത്ത്, തുടങ്ങിയത് ഇങ്ങനെ ആയിരുന്നു. അവസാനിപ്പിച്ചതോ ഇങ്ങനേയും : "പക്ഷികൾ എന്നിൽ സങ്കടം നിറയ്ക്കുന്നു. അവരുടെ സ്നേഹവും അവരോടുള്ള സ്നേഹവും മനുഷ്യരും എന്നിൽ സങ്കടം നിറയ്ക്കുന്നു. ചില നേരങ്ങളിൽ മനുഷ്യനായിരിക്കുന്നു എന്നത് തന്നെ എന്നിൽ സങ്കടം നിറയ്ക്കുന്നു.." പ്രിയപ്പെട്ടവളേ ഞാനതോർക്കുന്നു. ജൈവഘടികാരം ഭ്രമണം തെറ്റിയോടുമ്പോഴും "മറന്നോ?" "ഇല്ല... എന്തേ?" "മറന്നിരുന്നെങ്കിൽ അപരിചിതരെപ്പോലെ വീണ്ടും കണ്ടുമുട്ടാമായിരുന്നു. തമ്മിൽ വീണ്ടും സുഹൃത്തുക്കളും പ്രിയപ്പെട്ടവരും ആകാമായിരുന്നു."
Content Summary: Malayalam Short Story ' Mounam Oral Snehathe Orthedukkunna Vidham ' written by K. Pradeep