ADVERTISEMENT

സുന്ദരനും സുമുഖനും സമ്പന്ന കുടുംബാംഗവുമായ ശ്രീകുമാറിന്റെ സൗഹൃദം ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ആഗ്രഹിച്ചിരുന്നു. 1980കളിൽ ആ മിക്സഡ് കോളജിലെ ഒരു താരരാജാവ് തന്നെയായിരുന്നു ശ്രീകുമാർ. പാടാനും വരയ്ക്കാനും എഴുതാനും അറിയുന്ന കോന്തന്മാരെ പെൺകുട്ടികൾ വല്ലാതെ കയറി അങ്ങ് ഇഷ്ടപ്പെടുമെന്ന് ശ്രീ ഇന്നസെന്റ് ‘വടക്കുനോക്കിയന്ത്രം’ എന്ന സിനിമയിൽ പറഞ്ഞതുപോലെ ഉള്ള ഒരു കഥാപാത്രമായിരുന്നു ശ്രീകുമാർ.

ശ്രീകുമാറിനെ ആരാധിക്കുന്ന പെൺകുട്ടികൾ ഒരുപാട് പേരുണ്ടായിരുന്നു ആ കോളജിൽ. ഇദ്ദേഹം ആരെയും നിരാശപ്പെടുത്തിയിരുന്നില്ല. കുറച്ചുനാൾ കഴിഞ്ഞപ്പോൾ സുഹൃത്തുക്കൾ തന്നെ ശ്രീകുമാർ എന്ന പേരുമാറ്റി ‘സ്ത്രീകുമാർ’ എന്നാക്കി. ആരോടും പരിഭവം ഇല്ലാതെ ഇതൊക്കെ എന്റെ മാത്രം ഭാഗ്യം, കഷണ്ടിക്കും അസൂയയ്ക്കും മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്ന മട്ടിൽ പുള്ളി  ഇതൊന്നും കാര്യമാക്കിയതേയില്ല. സുഹൃത്തുക്കളെ ഏറെ വേദനിപ്പിച്ചത് ഇദ്ദേഹത്തിന്റെ കോളജ് അഡ്രസ്സിൽ ധാരാളം കത്തുകൾ വരാറുണ്ടായിരുന്നു എന്നുള്ളതായിരുന്നു. വിദ്യാർഥികൾക്കുള്ള കത്തുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയാണ് പതിവ്. എന്നാൽ ശ്രീകുമാർ പോസ്റ്റുമാന് ചില്ലറ സാമ്പത്തിക സഹായം നൽകി അവ നേരിട്ട് വാങ്ങിയിരുന്നു. അതൊക്കെ അതീവ സുന്ദരികളുടെ കത്തുകളായിരിക്കും എന്നോർത്തു സുഹൃത്തുക്കൾ. ‘ജനിക്കുകയാണെങ്കിൽ ശ്രീകുമാറിനെ പോലെ ജനിക്കണം..’ എന്നൊക്കെ പറഞ്ഞു നെടുവീർപ്പിട്ടിരുന്നു. ഈ കോളജിലും തൊട്ടടുത്തുള്ള വനിതാ കോളജുകളിലും ഇദ്ദേഹത്തിന് ആരാധകർ ഏറെ ഉണ്ടായിരുന്നു. ഒരു ദിവസം അസൂയ മൂത്ത് ഒരു പയ്യൻ പോസ്റ്റുമാനെ സ്വാധീനിച്ചു ശ്രീകുമാറിനുള്ള അഞ്ചാറ് കത്തുകൾ ഞാൻ കൊടുത്തോളാം എന്ന് പറഞ്ഞു കൈവശപ്പെടുത്തി. പ്രേമലേഖനങ്ങൾ ആയിരിക്കും എന്ന് കരുതി എല്ലാവരുംകൂടി കൂട്ടായി ഇരുന്ന് പൊട്ടിച്ചു നോക്കി. സുദീർഘമായ പരിശോധനയിൽ നിജസ്ഥിതി വ്യക്തമായി. ടിയാൻ എഴുതിയ കവിതകൾ പ്രസിദ്ധീകരിക്കാതെ പത്രം ആഫീസുകളിൽ നിന്ന് തിരിച്ചു വന്നിരുന്നതാണ്. സത്യം മനസ്സിലാക്കിയ പയ്യന്മാർ കത്തുകൾ കീറിക്കളഞ്ഞു എങ്കിലും എല്ലാവരുടെയും മനസ്സിന് തെല്ലൊരു ആശ്വാസം കിട്ടിയിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ആ കോളജിലെ കോളജ് ബ്യൂട്ടി സുമിത്ര കാന്റീനിൽ  വെച്ച് എല്ലാവരെയും വിളിച്ചു കൂട്ടി ഒരു കത്ത് പൊക്കി കാണിച്ച് ഒരു പ്രഖ്യാപനമങ്ങു നടത്തി. എനിക്ക് ശ്രീകുമാർ തന്ന പ്രണയലേഖനം ആണ് ഇത്. എല്ലാവരും ഇതു കണ്ടോ എന്നും പറഞ്ഞു. ഉറ്റ സുഹൃത്തുക്കൾ ഉടനെ അവളോട് ചോദിച്ചു. ഇത് എന്തിനാണ് നീ പരസ്യമായി പറയുന്നത്? അവന് രഹസ്യമായി മറുപടി കൊടുത്താൽ പോരായിരുന്നോ എന്ന്. പക്ഷേ സുമിത്ര അതിന് തയാറല്ലായിരുന്നു. കത്ത് നൂറിൽ കൂടുതൽ വിദ്യാർഥിനികൾ കൈമറിഞ്ഞ് വായിച്ചു. ശ്രീകുമാറിനെ കണ്ടു മോഹിച്ചു പുറകെ നടന്നത് വെറുതെ ആയല്ലോ എന്നോർത്ത് വായിച്ചവർ വായിച്ചവർ സങ്കടപ്പെട്ട് പിന്നെയും പിന്നെയും കത്ത് കൈമാറി. നീ എന്ത് തീരുമാനിച്ചു?  എന്ന് ചോദിച്ചപ്പോൾ സുമിത്രയുടെ മറുപടി ഇതായിരുന്നു. പ്രിൻസിപ്പൽ അച്ചന്റെ കൈയ്യിൽ ഇത് കൊണ്ട് കൊടുത്ത് അവനെ രണ്ട് ആഴ്ച എങ്കിലും കോളജിൽ നിന്ന് സസ്പെൻഡ് ചെയ്യിക്കാൻ പോവുകയാണ് എന്ന്. അതോടെ പെൺകുട്ടികൾക്ക് ഒക്കെ പ്രതീക്ഷയായി. ശ്രീകുമാറിനെ നമുക്ക് നഷ്ടപ്പെട്ടില്ലല്ലോ, എന്നാലും രണ്ടാഴ്ച അവന്റെ തമാശകളും കുസൃതികളും കേൾക്കാതെയുള്ള കോളജ് ദിവസങ്ങൾ എത്ര വിരസമായിരിക്കും എന്നോർത്ത് വിഷമിച്ചു പെൺകുട്ടികൾ. കോളജ് ബ്യൂട്ടി സുമിത്ര ആകട്ടെ ഉറ്റ സുഹൃത്തുക്കളോടൊപ്പം പ്രിൻസിപ്പൽ അച്ചനെ കാണാനുള്ള തയാറെടുപ്പിൽ ആയിരുന്നു. അപ്പോഴാണ് കഥയിൽ ഒരു ട്വിസ്റ്റ്‌. പെട്ടെന്ന് ഒരു പെൺകുട്ടി ചാടിവീണു സുമിത്രയെ തടഞ്ഞു എന്നിട്ട് പറഞ്ഞു. “ഈ കത്ത് അവന്റെ പേര് വെച്ച് ഞാൻ എഴുതിയതാണ്. അവൻ ഇത് അറിഞ്ഞിട്ടു പോലുമില്ല. നീ പ്രിൻസിപ്പലിന്റ റൂമിലേക്ക് ഈ കത്തും കൊണ്ടുപോകരുത്. നിന്നെ കുറച്ചു കാലം ഒന്ന് പറ്റിക്കാം എന്ന് കരുതി ഞാൻ ഒപ്പിച്ച ഒരു തമാശ മാത്രമായിരുന്നു ഇത്. ഞാൻ കരുതി കുറച്ചുകാലം ഈ അഡ്രസ്സിൽ നീ മറുപടിയെഴുതി ഞങ്ങൾക്കും ഫ്രണ്ട്സിനും കൂടി ഒരു നേരമ്പോക്ക് ആകും എന്ന്. ഇങ്ങനെയൊരു ക്ലൈമാക്സ്‌ ഞാൻ പ്രതീക്ഷിച്ചില്ല.” എന്ന് പറഞ്ഞു ക്ഷമാപണവും നടത്തി. അത് അവിടെ അവസാനിച്ചു. പലരും സുമിത്രയോടു  ചോദിച്ചു. ഈ കത്ത് കിട്ടിയപ്പോൾ എന്താണ് നീ ഈവിധം പ്രതികരിച്ചത് എന്ന്?  

ശ്രീകുമാർ നഗരത്തിലെ തന്നെ രണ്ട് വനിതാ കോളജ് ബസ്സിന്റെയും പുറകെ രാവിലെയും വൈകിട്ടും ബൈക്ക് ഇരപ്പിച്ചു ഓരോ പെൺകുട്ടികളെയും സുരക്ഷിതരായി വീട്ടിലെത്തിക്കാറുള്ളത് എനിക്ക് അറിയാം. ഒരു ദിവസം ഒരാൾ ശ്രീകുമാറിനെ തടഞ്ഞുനിർത്തി ചോദിച്ചു. “എടാ,  എന്തിനാടാ ഇങ്ങനെ ആട് കാഷ്ഠിക്കാൻ  നടക്കുന്നതുപോലെ ഈ ബസിന്റെ  പുറകെ നീ ബൈക്കും ഇരപ്പിച്ചു നടക്കുന്നത്?  നീ പഠിക്കുന്ന കോളജിൽ തന്നെ 10-200 എണ്ണം ഇല്ലേ” എന്ന്. അതിന് ശ്രീകുമാറിന്റെ മറുപടി. “എന്റെ കോളജിലുള്ള കുട്ടികളെയെല്ലാം ഞാൻ സഹോദരിമാരായിട്ടാണ് കാണുന്നത്. കല്യാണം കഴിക്കുന്നത് ഈ വനിതാ കോളജിൽ നിന്നായിരിക്കും അതിനാണ് ഞാൻ ഈ കഷ്ടപ്പെടുന്നത് എന്നായിരുന്നു.” പ്രണയാഭ്യർഥന നടത്തി അത് നിരസിച്ചാൽ പയ്യന്മാരെ കുടുക്കാൻ വ്യാജ പരാതി കൊടുക്കുന്ന പെൺകുട്ടികൾ ഇവരുടെ കോളജിൽ തന്നെ ഉണ്ട്. 14 സെക്കൻഡിൽ കൂടുതൽ ഒരു സ്ത്രീയെ തുറിച്ചു നോക്കിയാൽ പുരുഷനെതിരെ കേസെടുക്കാമെന്ന് നമ്മുടെ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് പറഞ്ഞത് ഈയിടെയാണ്. ഈ നിയമം ഒക്കെ വരുന്നതിനു മുമ്പ് തന്നെ എൺപതുകളിൽ പ്രിൻസിപ്പൽ അച്ചൻ ഇതൊക്കെ കോളജിൽ മുഖം നോക്കാതെ നടപ്പാക്കിയിരുന്നു. ഒരു പെൺകുട്ടിയുടെ പരാതി കിട്ടിയാലുടനെ 2 ആഴ്ച സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ലെറ്റർ അടിച്ചു കൈയ്യിൽ കൊടുക്കുമെന്ന് ആ കോളജിൽ പഠിക്കുന്ന ഏത് പൊട്ടനും അറിയാം.  അതുകൊണ്ടുതന്നെ തുറിച്ചു നോക്കാനും കത്ത് കൊടുക്കാനും ഒന്നും ഉള്ള ധൈര്യം ഈ കോളജിൽ പഠിക്കുന്ന ആർക്കും ഉണ്ടാകില്ല എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.  ശ്രീകുമാർ ഇങ്ങനെയൊരു ബുദ്ധിശൂന്യത കാണിക്കില്ല എന്ന് എനിക്കറിയാമായിരുന്നു. ഇത് എന്റെ ശത്രുക്കളുടെ പണിയാണെന്ന് എനിക്ക് തോന്നിയിരുന്നു. അതിനാലാണ് കാന്റീനിൽ വച്ച് ഞാൻ ഒരു പ്രഖ്യാപനം നടത്തി, കള്ള മനം ഉണ്ടെങ്കിൽ തുള്ളട്ടെ എന്ന് കരുതിയത്. മാത്രവുമല്ല ഞാൻ ഈ വർഷത്തെ മിസ്സ്‌ ട്രിവാൻഡ്രം മത്സരത്തിൽ പങ്കെടുക്കാൻ ഇത്തരം ബുദ്ധിപരമായ ചോദ്യങ്ങൾക്കുത്തരം പഠിച്ചു കൊണ്ട് ഇരിക്കുക കൂടിയായിരുന്നു. പെൺകുട്ടികൾക്ക് സൗന്ദര്യവും ബുദ്ധിയും ധൈര്യവും വേണം എന്ന് മനസ്സിലായില്ലേ? കളി കാര്യമായി 3 മരണത്തിൽ കലാശിച്ച പത്രവാർത്ത ഈയിടെ വായിച്ചപ്പോൾ എന്റെ മനസ്സിലേക്ക് ഓടി വന്ന ഒരു പഴയകാല ക്യാമ്പസ്‌ കഥയാണിത്. 

Content Summary: Malayalam Short Story ' Kali Kaaryamakumpol ' written by Mary Josy Malayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com