' മുറ്റത്തെ പന്തൽ കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്, ഇന്ന് കൂടെപ്പിറപ്പിന്റെ കല്യാണമാണത്രേ...'
Mail This Article
കൂട്ടുകുടുംബങ്ങൾ പലപ്പോഴും അഴകും ഉറപ്പുമാണ്.. എന്നാൽ അതിനിടയിൽ കുടുംബ ഭാരമേറ്റാനും, സാമ്പത്തിക കാര്യങ്ങൾ കണ്ടെത്താനും മാത്രം നിയോഗിക്കപ്പെടുന്ന ചില ജന്മങ്ങളുമുണ്ടാകും. ആഘോഷങ്ങളും സന്തോഷവും അവർക്ക് പലപ്പോഴും കിട്ടാക്കനിയായിരിക്കാം, എന്നാലും ഒരിറക്ക് പാൽചായയും, ചോറും കിട്ടും അതും അമ്മാവനെന്നോ, ഏട്ടനെന്നോ ഒക്കെയുള്ള ഒരു പൊയ് ബഹുമാനം കൂടെയും... "ഏയ്, അവനിപ്പോ സമയൊന്നൂല്ല്യ കുട്ട്യേ... ഷൊർണൂരാത്രേ ഉദ്യോഗം... അവിടെ തന്നെ താമസും... കഴിഞ്ഞയാഴ്ച്ച മോട്ടറ് കേടായി... പാടത്ത് നട്ടിരിക്കണ നേരാണേയ്... നന്നാക്കാൻ വന്നിട്ട് അന്നന്നെ തിരിച്ചുപോയിന്നും ഇവിടെ കേൾക്കണ്ടായി..." അമ്മ മൂത്ത മകനെ കുറിച്ച് ഓർത്ത് അയവിറക്കി...
"ന്നാ, പിന്നെ അങ്ങനെ ആകാം... എത്രയും പെട്ടന്നന്നെ നടത്താം... താമസിപ്പിക്കണ്ട..." തറവാട്ട് കാരണവരായ അച്ഛൻ മകളുടെ കല്യാണം തീരുമാനിച്ചു. "മൂത്ത മോൻ ഇവിടെ ഇല്ലേ!" പുതിയ ബന്ധുക്കൾ തിരക്കി. കാരണവർ ചുറ്റും നോക്കി... "ആര് ശിവനോ!, അവനിവിടെ... എവിടെയോണ്ട്... ഞാൻ ഇവിടെണ്ടാർന്നില്ല, നിങ്ങൾ വരണോണ്ട് ഇപ്പൊ വന്നേള്ളൂ..." വീട്ടുകാര്യത്തേക്കാൾ നാട്ടുകാര്യം അതായിരുന്നു അന്നത്തെ തറവാട്ട് കാരണവരുടെ ഗൗരവമുദ്ര... നാല് പെങ്ങന്മാരും, അനുജനും വീട്ടുചിലവും അത് മൂത്തമകന്റെ ഉത്തരവാദിത്വം, അതായിരുന്നു അന്നത്തെ കൂട്ടുകുടുംബ സംവിധാനം. തമ്മിൽ തമ്മിൽ സ്നേഹത്തിനു വരെ ദാരിദ്ര്യം. "അപ്പോന്നാ ഞങ്ങളിറങ്ങട്ടെ... ബാക്കി ഒക്കെ വഴിപോലെയാവാം..." അങ്ങനെ ഒരു പെങ്ങളുടെ കല്യാണം ശരിയായി... ആ ആഴ്ച്ച ഷൊർണൂരിൽ നിന്നും അവധിക്ക് വന്ന മകനോട് (ഇന്നത്തെ കാലഘട്ടമല്ല ബസ്സൊക്കെ വിരളമാണ്) വീട്ടിലെ ഈ വിശേഷം ഒഴികെ ബാക്കി വീട്ട് ചിലവിന്റെ കാര്യമൊക്കെ അമ്മ പറഞ്ഞു. ഉദ്യോഗസ്ഥനല്ലേ തിരക്കാവുമെന്നു കരുതി അമ്മ പറയാതിരുന്നതാവും.
തിരികെ ജോലിസ്ഥലത്തെത്തിയ ശിവൻ തന്റെ പെങ്ങളുടെ കല്യാണക്കാര്യം അറിയാതെ ജോലി തുടർന്നു. ദിവസങ്ങൾ അങ്ങനെ കൊഴിഞ്ഞുവീണു. "നാളെ കല്യാണായിട്ടും സാറിവിടെ ഇരിക്ക്യാണോ!" കൂടെ ജോലിയെടുക്കുന്ന ചിലർ കുശലം ചോദിച്ചു. എന്താന്നറിയാതെ ആശ്ചര്യപൂർവം അദ്ദേഹം അവരെ നോക്കി. "സാർ പറഞ്ഞില്ലെങ്കിലും ഞങ്ങൾക്കും ക്ഷണമൊക്കെ ഇണ്ടേ. പയ്യന്റെ കുടുംബം വഴി ഞങ്ങൾക്കും ക്ഷണണ്ട്..." ആരുടേയാ എന്താന്നു അവരോട് ചോദിക്കാൻ ആത്മാഭിമാനം അനുവദിക്കാത്തൊണ്ട്... "ഉവ്വ്, മറന്നതല്ല കുറച്ചു പണികൂടിയുള്ളത് തീർത്തിട്ടിറങ്ങാം കരുതി..." ഇന്നത്തെ പോലെ മൊബൈലും വാട്സാപ്പും ഇല്ലാത്തോണ്ട് ബസ് പിടിച്ച് വീട്ടിലെത്തിയാൽ അറിയാം എന്താ ഏതാ എന്ന്.
വീട്ടിലെത്തിയപ്പോൾ ചെറിയ പന്തലൊക്കെ കണ്ടു. എന്താന്നറിയാതെ വീടിന് ഉള്ളിൽ കേറിയപ്പോ "എന്താടോ... ഒരു വിശേഷായിട്ട് താൻ ഇപ്പഴാണോ കേറിവരണേ, ഇങ്ങനെണ്ടോ ഒരു ഉദ്യോഗം!" ചോദ്യം കേട്ടെങ്കിലും മനസ്സിന്റെ പകപ്പിൽ ആരാ എന്താന്നൊന്നും പിടികിട്ടിയില്ല. ശ്രദ്ധിച്ചില്ല... നേരെ അമ്മേടെ അടുത്ത് പോയി ചോദിച്ചു "ഇവിടെന്താ വിശേഷം?", "ആ, അത് പറയാൻ വിട്ടു കുട്ട്യേ... ഞാൻ കരുതി നീ അറിഞ്ഞിണ്ടാവുംന്ന്... അങ്ങനെ ഓൾടെ കാര്യം ശരിയായി... നല്ല കൂട്ടക്കാരാ അവൾക്കും ബോധിച്ചു. കഴിഞ്ഞ തവണ നീ വന്നപ്പോ പറഞ്ഞില്ല്യേ ഇവിടാരും? ഓർമ്മണ്ടാവില്ല തിരക്കൊണ്ടാവും. ഇനിയിപ്പോ വേഗം കൈയ്യും കാലും കഴുകി ചെന്നോളു അവര് പുറപ്പെടാറായിണ്ടാവും... വേഗം ഇറങ്ങിക്കോളൂ കുട്ട്യേ.. ആളൊലൊക്കെ വണ്ടീല് കേറീണ്ടാവും..." അമ്മ അതും പറഞ്ഞു അപ്പറത്തേക്ക് പോയി. പാടത്തെ തേവുകോട്ട മാറ്റാറായെന്ന് പറഞ്ഞകൂട്ടത്തിൽ, കൂടപ്പിറപ്പിന്റെ കല്യാണകാര്യംകൂടി കഴിഞ്ഞ തവണ വന്നപ്പോൾ പറയാർന്നു. മറുപടിയായി പറയാൻ ആഗ്രഹിച്ച ഈ വാക്കുകൾ പോലും തൊണ്ടയിൽ ഉടക്കി... പറഞ്ഞില്ല, ഇനി അതൊരു വിഷമാവണ്ട ഒരു നല്ല ദിവസല്ലേ... കലങ്ങിയ കണ്ണും മനസ്സും ആരെയും കാണിക്കാതെ മുഖവും കഴുകി വേഗം കല്യാണത്തിന് വന്നോരടെ കൂട്ടത്തിൽ ഒരാൾമാത്രമായി ആ വല്യേട്ടനും സ്ഥാനം പിടിച്ചു.
സ്വന്തം പെങ്ങടെ കല്യാണക്കാര്യം അറിയാൻ അൽപം കൂടി വൈകിയിരുന്നെങ്കിൽ പെങ്ങളുടെ കല്യാണത്തിന് പോലും വരാൻ സമയല്ല്യാത്തത്ര തിരക്കുള്ള 'ഉദ്യോഗസ്ഥൻ' എന്ന പഴികൂടി മിച്ചം. ഇതാവുമ്പോ ലേശം വൈകി വിളിച്ചുപോയെന്നല്ലേ ഇള്ളൂ.. സാരല്ല്യാ, വൈകിവന്ന ഒരു വിവാഹ ക്ഷണപത്രിക അങ്ങനെ കരുതാം... ശിവൻ ആശ്വസിച്ചു...
Content Summary: Malayalam Short Story ' Vivaha Kshanapathrika ' written by Vinod Kannath