ADVERTISEMENT

ചേട്ടനും അപ്പച്ചനും ഒന്നും അല്ല മലയാളികൾക്ക് അദ്ദേഹം ഇന്നസെന്റ് ആണ്, വെറും ഇന്നസെന്റ്. ഇത് എനിക്ക് ഇന്നസെന്റിനോടുള്ള ഒരു കടപ്പാടിന്റെ കഥയാണ്. അദ്ദേഹത്തെ എന്നെങ്കിലും നേരിട്ട് കണ്ടു പറയണം എന്ന് ആഗ്രഹിച്ചതുമാണ്. നാലാം ക്ലാസ്സിലെ വേനലവധി സമയത്താണ് സംഭവം. കുഞ്ഞിക്കഥകൾ കേട്ട് നടന്നിരുന്ന കാലം. അതിൽ കുറുക്കന്റെയും കൊക്കിന്റെയും കഥ നിങ്ങളും കേട്ടിട്ടില്ലേ. അതിലെ കുറുക്കനെ പോലെ ഒരു ദിവസം എന്റെ തൊണ്ടയിൽ ഒരു മീൻ മുള്ളു കുടുങ്ങി. മുള്ളെടുക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി അമ്മയും അമ്മൂമ്മയും. ഒന്നും ഫലം കണ്ടില്ല. എനിക്ക് നല്ല വേദനയും ഉണ്ടായിരുന്നു. രണ്ടു ദിവസമായിട്ടും മുള്ളു പോകാത്തതിനാൽ ഡോക്ടറെ കാണാൻ തന്നെ തീരുമാനിച്ചു. ഡോക്ടർ ആണെങ്കിലോ വേദനയ്ക്ക് പുറമെ പേടിയും സമ്മാനിച്ച് കൊണ്ട് ഒരു ചെറിയ സർജറിക്ക് നിർദ്ദേശിച്ചു. സർജറിക്കുള്ള തിയതിയും വാങ്ങി ഞങ്ങൾ വിഷമിച്ചു വീട്ടിലെത്തി. 

അന്നൊരു ഞായറാഴ്ചയായിരുന്നു. ദൂരദർശനിൽ വൈകുന്നേരം സിനിമ വരുന്ന സമയം. സിനിമ കാണാൻ എത്തിച്ചേർന്നവരോടൊപ്പം ഞാനും ഇരുന്നു. ടിവിയിൽ ഇന്നസെന്റ് അരങ്ങു തകർക്കുന്നു. ഇക്രുമോനും ഇന്നസെന്റുമായുള്ള സംഭാഷണം കേട്ട് എല്ലാവരും ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു. കൂട്ടത്തിൽ വേദനയൊക്കെ മറന്ന് ഞാനും ചിരിച്ചു. ഉറക്കെ പൊട്ടി പൊട്ടി ചിരിച്ചു. ചിരിയുടെ അവസാനം തൊണ്ടയിലെ മുള്ള് പെട്ടെന്ന് പുറത്തു ചാടി. ആദ്യം കാര്യം മനസിലായില്ലെങ്കിലും പതിയെ എഴുന്നേറ്റ് മുള്ള് പോയ കാര്യം എല്ലാവരോടും പറഞ്ഞു. കൂടിയിരുന്നവരെല്ലാം കൂടെ അത് ആഘോഷമാക്കി. സർജറിക്ക്‌ വച്ച പൈസ ഇനി ഇന്നസെന്റിനെ കണ്ട് കൊടുക്കണം എന്ന് ചിലർ കമന്റ് പാസ്സാക്കി.

ഇന്നസെന്റ് അസുഖ ബാധിതനായി കിടന്നപ്പോഴൊക്കെ അദ്ദേഹം വേഗം തിരിച്ചു വരണം എന്നാഗ്രഹിക്കാൻ എനിക്ക് ഈ ഒരു കാരണം മാത്രം മതിയായിരുന്നു. ഇന്നസെന്റിനെ പോലെയുള്ളവർ ഒരിക്കലും മരിക്കുമെന്ന് തോന്നുന്നില്ല. ലോട്ടറി അടിച്ച കിട്ടുണ്ണിയായും പോഞ്ഞിക്കരയായും ഒക്കെ ഇനിയും ഒരുപാട് വർഷം ഇവിടെ തന്നെ ഉണ്ടാകും. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Content Summary: Malayalam Experience Note ' Innocente Nandi ' written by Renjini Gopinath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com