ADVERTISEMENT

"ഞാൻ എന്റെ ഒരനുഭവം പറയാം. എനിക്കന്ന് ഒരു മുപ്പത് വയസ്സ് കാണും. മോന് അഞ്ചു വയസ്സ് അപ്പോളെനിക്ക് മുപ്പത് തന്നെ. അന്ന് ഞാൻ കോട്ടയത്ത് ഒരു കോളജിൽ അധ്യാപിക ആയിരുന്നു. അവിടത്തെ കുട്ടികൾക്ക് സ്റ്റഡി ടൂർ പോകാൻ ലേഡി സ്റ്റാഫ് ആരെങ്കിലും കൂടെ പോണം. എന്റെ കൂടെയുള്ളവർ എല്ലാം ഓരോ തിരക്കുകൾ പറഞ്ഞു ഒഴിഞ്ഞു. അവസാനം കുട്ടികൾ എന്റെ അടുത്ത് വന്നു. ടീച്ചറെ രണ്ട് ദിവസത്തെ ട്രിപ്പ് ആണ്. ടീച്ചർ വാ. നമുക്ക് മൈസൂർ ഒക്കെ ചുറ്റി അടിച്ച് പൊളിക്കാം.

ഞാൻ ജോലിക്ക് പോകുന്നതിനു തന്നെ വീട്ടുകാർ എത്രത്തോളം 'അഡ്ജസ്റ്റ്' ചെയ്യുന്നുണ്ട് എന്നെനിക്ക് അറിയാം. മോൻ സ്കൂളിൽ നിന്ന് മൂന്നുമണിക്ക് എത്തും. ഞാൻ എത്തുന്നതാകട്ടെ അഞ്ചു മണിക്കും. ആ രണ്ട് മണിക്കൂർ അവനെ നോക്കാൻ തന്നെ അവിടെ ആരും ഇല്ല. അതിനുവേണ്ടി ഞാൻ ഒരു ജോലിക്കാരിയെ നിർത്തിയിരിക്കുകയാണ്. അമ്മായിയച്ചനും അമ്മായിയമ്മയും വീട്ടിൽ ഉണ്ട്. പക്ഷേ അവർക്ക് മോനെ നോക്കാൻ പറ്റില്ല. ഞാൻ മോന്റെ കാര്യം പറഞ്ഞു ഒഴിയാൻ നോക്കി. കുട്ടികളുണ്ടോ വിടുന്നു. അവർ പറഞ്ഞു ,"ടീച്ചർ മോനെയും കൊണ്ട് വാ. അവനെ ഞങ്ങൾ നോക്കിക്കൊള്ളാം." അതൊരു നല്ല ആശയമായി എനിക്കും തോന്നി. കുറേ നാളായി വീട്ടിൽ നിന്ന് ഒരു ട്രിപ്പ് പ്ലാൻ ചെയ്യാൻ തുടങ്ങിയിട്ട്. പോകുന്ന ലക്ഷണം ഒന്നും കാണുന്നില്ല. അപ്പോ ഇങ്ങനെ ഒന്ന് ഒത്തുവന്നപ്പോൾ എനിക്കും സന്തോഷം. മോനെയും കൂട്ടാല്ലോ. 

ഞാൻ വീട്ടിൽ ഇത് അവതരിപ്പിച്ചു. അവർ ആദ്യം പറ്റില്ല എന്ന് കട്ടായം പറഞ്ഞു. അമ്പത് കുട്ടികളെയും കൊണ്ട് പോകുമ്പോൾ അവരെ നോക്കുമോ അതോ ഇവനെ നോക്കുമോ എന്നൊക്കെ ചോദിച്ച് ഹരിയേട്ടൻ ഒച്ച വെച്ചു. ഞാൻ ഇവനെ മാത്രം നോക്കുള്ളു എന്ന് പറഞ്ഞു ഞാൻ ഒരുവിധം സമ്മതിപ്പിച്ചു. ഹരിയേട്ടൻ പച്ചക്കൊടി കാണിച്ചപ്പോൾ അമ്മായിയച്ചനും അമ്മയും ഒന്നയഞ്ഞു. അങ്ങനെ പോകുന്നതിന്റെ തലേന്ന് ഞാൻ സാധനങ്ങൾ എടുത്ത് വെക്കുന്ന തിരക്കിലായിരുന്നു. അപ്പോഴാണ് മോൻ ഭക്ഷണം കഴിച്ച് ഒന്ന് ഓക്കാനിച്ചത്. അവന് അത് ഇടയ്ക്കിടയ്ക്ക് ഉള്ളതാണ്. എന്തെങ്കിലും ഒന്ന് രുചി പിടിക്കാതെ വന്നാൽ അപ്പോ ഓക്കാനിക്കും. പിന്നെ പ്രശ്നമൊന്നും ഉണ്ടാകാറില്ല. അന്ന് രാത്രി ഹരിയേട്ടൻ കേറി വന്നപ്പോൾ തന്നെ അച്ഛനും അമ്മയും കൂടി ഉമ്മറത്ത് വന്നിരുന്നു വലിയ വായിൽ സങ്കടം പറയുന്നു. "കുഞ്ഞുമോൻ ഇന്ന് ഛർദിച്ചു. ഈ വയ്യാത്ത കുട്ടിയേം കൊണ്ടാണോ അവള് നാളെ ദൂരയാത്രയ്ക്ക് പോകുന്നത്? അവന് അവിടെ വെച്ച് വല്ലതും വന്നാൽ എന്ത് ചെയ്യും." ഞാൻ ആകെ അമ്പരന്നു പോയി. എന്ത് ചെയ്യും? ഇവർ ഞങ്ങളുടെ പോക്ക് മുടക്കാൻ വേണ്ടി മനഃപൂർവം ചെയ്യുന്നതാണെന്ന് എനിക്ക് മനസ്സിലായി. മോൻ നൂറ്റൊന്ന് ഡിഗ്രി പനി വന്നു ആശുപത്രിയിൽ കിടന്നപ്പോൾ പോലും തിരിഞ്ഞു നോക്കാത്ത ആൾക്കാരാ ഇപ്പോൾ അത്യുൽസാഹം കാണിക്കുന്നത്. ഞാൻ വേഗം ഇടയിൽ കേറി പറഞ്ഞു. 'അപ്പോ എന്തുവേണം എന്നാണ് പറയുന്നത്? ഈ അവസാന നിമിഷം ഞാൻ വരുന്നില്ല എന്ന് പറയാൻ കഴിയില്ല' അവിടെ പിന്നെ ഒരു വാക്പോര് തന്നെ നടന്നു. 

ഒടുക്കം അച്ഛനുമമ്മയും മോനെ നോക്കാം ഞാൻ ഒറ്റയ്ക്ക് ടൂർ പോകാം എന്ന തീരുമാനത്തിലെത്തി. ഞാനാകെ തളർന്നു മുറിയിൽ വന്ന് മോനെയും ചേർത്ത് പിടിച്ച് കിടന്നു. അപ്പോ ഹരിയേട്ടൻ മുറിയിൽ വന്ന് പറഞ്ഞു 'അച്ഛനെയും അമ്മയെയും എല്ലാവരെയും ബുദ്ധിമുട്ടിച്ചിട്ട് നിനക്ക് സുഖിക്കാൻ പോണോ.' കരണത്ത് ഒരടി കിട്ടിയ പോലെ ഞാൻ ഇരുന്നു.'ഞാൻ കുട്ടികൾക്ക് വാക്ക് കൊടുത്തതല്ലെ? നിങ്ങൾ സമ്മതിച്ചതല്ലെ? ഇപ്പൊ മാറ്റി പറഞ്ഞാൽ അവരുടെ ടൂർ മുടങ്ങും. ഞാനെന്ത് ചെയ്യും?' "അത് അവരുടെ പ്രശ്നം അല്ലേ. നീയെന്തിനാ അറിയുന്നത്?" രാത്രി പന്ത്രണ്ടു മണിയാവാറായി. ഞാൻ എന്ത് ചെയ്യും? ഈ സമയത്ത് ആരെ വിളിച്ച് പറയും. ആകെ ആശയകുഴപ്പത്തിലായി. വേഗം ഫോൺ എടുത്ത് കുട്ടികളുടെ ടൂർ കോർഡിനേറ്ററെ വിളിച്ചു. എന്റെ അവസ്ഥ പറഞ്ഞു. ഞാൻ വിചാരിച്ചത് പോലെ അവൻ പരിഭ്രമിച്ചില്ല. എനിക്ക് അവന്റെ പേര് ഓർമ കിട്ടുന്നില്ല. കിരൺ എന്നായിരുന്നു എന്ന് തോന്നുന്നു. അവൻ കുറച്ച് നേരത്തിനുള്ളിൽ വിളിച്ച് ഒരു കുട്ടിയുടെ അമ്മ വരാൻ തയാറാണ് എന്ന് പറഞ്ഞു. ഞാൻ പ്രിൻസിപ്പലിനെ വിളിച്ച് എനിക്ക് തീരെ വയ്യ പനിയാണെന്നോ മറ്റോ പറഞ്ഞു. അദ്ദേഹം ആദ്യമൊന്നും സമ്മതിച്ചില്ല. അധ്യാപികമാർ ആരെങ്കിലും തന്നെ പോണം എന്ന് പറഞ്ഞു. കുറെ നേരം സംസാരിച്ച് അദ്ദേഹത്തെ കൊണ്ട് സമ്മതിപ്പിച്ചു. അതായിരുന്നു എന്റെ ആദ്യത്തെ ടൂർ അനുഭവം."ഞാൻ ഒന്ന് ചിരിച്ച് നിർത്തി.

"അപ്പോ ടീച്ചർ പിന്നെ ടൂർ ഒന്നും പോയില്ലേ?" സദസ്സിൽ ആരോ ചോദിച്ചു. "വീട്ടുകാരുടെ കൂടെ ടൂർ ഒക്കെ പോയിട്ടുണ്ട്. പക്ഷേ കുട്ടികളുടെ കൂടെ അതിൽ പിന്നെ ഞാൻ ടൂർ പോകാമെന്ന് ഏറ്റിട്ടില്ല. എനിക്കും ആകെ വിഷമമായി. വാക്ക് കൊടുത്തിട്ട് പിന്നെ പോകാൻ കഴിയാതെ വന്നാലോ എന്ന്. പിന്നൊരിക്കൽ എനിക്ക് തിരുവനന്തപുരത്ത് ഒരു പി എസ് സി പരീക്ഷ വന്നു. അന്ന് ഞങ്ങൾ പാലക്കാട് ആണ് താമസം. ഒരു രാത്രിയും പകലും യാത്രയുണ്ട് അവിടെ വരെ പോയി വരാൻ. അതിന് വീട്ടിൽ നിന്ന് ആരും എന്റെ കൂടെ വരാൻ തയാറായില്ല. കോളജിലെ കൂടെ ജോലി ചെയ്തിരുന്ന കുറച്ച് പേർക്കും ആ പരീക്ഷയുണ്ടായിരുന്നു. ഞാൻ അവരുടെ കൂടെ പോകുന്ന കാര്യം വീട്ടിൽ ചോദിച്ചു. അതോടെ വീട്ടുകാർ പുകില് ഉണ്ടാക്കാൻ തുടങ്ങി. അങ്ങനെ അതും വേണ്ട എന്ന് വെച്ചു. മോൻ വലുതായി അവന് കുടുംബമായി അവൻ ബോംബെയിൽ താമസിക്കുമ്പോഴാണ് അടുത്ത ഒരു ടൂർ ഒത്ത് വന്നത്. എനിക്ക് പഴയ ക്ലാസ്മേറ്റ്സിന്റെ ഒരു ഗ്രൂപ്പിൽ നിന്ന് ലേഡീസ് ട്രിപ്പ് പോകാൻ ഒരു അവസരം വന്നു. അന്ന് ഒരു വിധത്തിൽ ഹരിയേട്ടനെ പറഞ്ഞു സമ്മതിപ്പിച്ചു. അപ്പോള് ആൾ പറയാണ് നീ മോനെയും കൂടി ഒന്ന് അറിയിച്ചിട്ട് പൊക്കോ എന്ന്. മോനെ വിളിച്ചപ്പോ അവൻ പറയാ 'അമ്മയ്ക്ക് ഈ വയസ്സാൻ കാലത്ത് എന്തിന്റെ കേടാ' എന്ന്. 'അച്ഛനേം നോക്കി അവിടെ ഇരുന്നാ മതി. അമ്മ പോണ സമയത്ത് അച്ഛന് എന്തെങ്കിലും ആവശ്യം വന്നാൽ എന്ത് ചെയ്യും?' എന്ന്. 

അന്നാണ് ഞാൻ മനസ്സിലാക്കിയത് നമ്മൾ പെണ്ണുങ്ങൾ എല്ലാം ഒരു വിഷിയസ് സർക്കിളിൽ അകപ്പെട്ടു കഴിയുന്നവരാണ്. ആദ്യം അച്ഛൻ പിന്നെ ഭർത്താവ് അത് കഴിഞ്ഞ് മക്കൾ ഇങ്ങനെ അവർ പറയുന്നത് കേട്ട് അവർക്ക് വേണ്ടി ജീവിച്ച് ജീവിതകാലം മുഴുവൻ അവർക്ക് സേവ ചെയ്തു കൊണ്ടേ ഇരിക്കണം എന്നാണ് അവർ കരുതുന്നത്. അന്ന് മോൻ വിളിച്ച് വെച്ചതിന് ശേഷം ഞാൻ ഒരുപാട് ആലോചിച്ചു. ഞാൻ ഇനിയെങ്കിലും എനിക്ക് വേണ്ടി ജീവിക്കണ്ടേ എന്ന്. അത് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞാണ് ഞാൻ ഹേർ വിങ്സെന്ന സ്ഥാപനം തുടങ്ങുന്നത്. കേരളത്തിൽ ആദ്യമായാണ് അങ്ങനെ ഒരാശയം വരുന്നത്. സ്ത്രീകൾക്ക് മാത്രമായി ട്രിപ്പുകൾ നടത്തുക. ഇന്ന് ഞങ്ങൾ ഇരുപത്തിയഞ്ചോളം ലോക രാഷ്ട്രങ്ങളിലേക്ക് യാത്ര പോയി കഴിഞ്ഞു. ഇനിയും ഞങ്ങൾക്ക് ഒരുപാട് ദൂരം താണ്ടാനുണ്ട്. എനിക്ക് പറയാനുള്ളത് നിങ്ങളൊരിക്കലും കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ച് മരിക്കരുത് എന്നാണ്. നിങ്ങളുടെ ആഗ്രഹങ്ങൾക്കും കുറച്ച് സ്പേസ് കൊടുക്കുക ജീവിതത്തിൽ. ലോക വനിതാദിനത്തോട് അനുബന്ധിച്ച് സ്ത്രീ സ്വാതന്ത്ര്യം അടുക്കള വരെ എന്ന സെമിനാർ ഉത്ഘാടനം ചെയ്യാൻ എന്നെ വിളിച്ചതിന് നന്ദി."

Content Summary: Malayalam Short Story ' Avalkku Parakkan Chirakukal ' written by Shiju K. P.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com