അവാർഡുകൾക്കും വിവാദങ്ങൾക്കുമിടയിൽ എനിക്കും കിട്ടി അത്ര മോശമല്ലാത്ത ഒരവാർഡ്.. എല്ലാത്തിലും ഇപ്പോൾ വ്യാജനും ഒറിജിനലും തിരിച്ചറിയാൻ കഴിയാത്ത കാലമായതു കൊണ്ട് അവാർഡെന്ന് പറഞ്ഞാലും ഒന്നാലോചിച്ചേ സ്വീകരിക്കാവൂ. ടിപ്പു സുൽത്താന്റെ സിംഹാസനം വരെ നമ്മുടെ നാട്ടിലെ ആശാരിമാർ പണിതു തരുന്നതാണല്ലോ കാലം.. മൈസൂർ കൊട്ടാരത്തിന്റെ ആധാരം വരെ വീട്ടിലിരുന്ന് വാങ്ങിക്കാവുന്ന കാലമായതു കൊണ്ട് അവാർഡുകളെയും ഒന്ന് സംശയിക്കണം. അവാർഡ് വിവരമറിഞ്ഞപ്പോൾതന്നെ പലരും വിളിച്ചഭിനന്ദിച്ചു.. അതിനിടയിലാണ് ഒരു കിളി മൊഴിയും വിളിച്ചത്. "സാർ, ഞാൻ വേൾഡ് ടു വേൾഡ് ചാനലിൽ നിന്നു ട്രീസയാണ്. സാറിന് അവാർഡ് കിട്ടിയ വിവരമറിഞ്ഞു എന്റെയും ചാനലിന്റെയും അഭിനന്ദനങ്ങൾ.. ഞങ്ങൾക്ക് സാറിന്റെ ഒരു ഇന്റർവ്യൂ വേണം.." തിരിച്ചു പറയാനുള്ള അവസരം തരാതെ ട്രീസ പറഞ്ഞു കൊണ്ടിരുന്നു. "ഇങ്ങനെയൊരു ചാനലിന്റെ കാര്യം ഞാൻ കേട്ടിട്ടു പോലുമില്ലല്ലോ? മാത്രമല്ല, ഒരു അഭിമുഖം കൊടുക്കാനുള്ള പ്രാധാന്യമൊക്കെ ഇതിനുണ്ടോ?"
പറഞ്ഞു തീർന്നില്ല, ട്രീസ കേറി ഇടപെട്ടു. "സാർ, ഞങ്ങൾ ചാനൽ തുടങ്ങിയിട്ടില്ല, രണ്ടു മാസത്തിനുള്ളിൽ തുടങ്ങും, പരിപാടികളൊക്കെ റെക്കോഡ് ചെയ്തു വെക്കുകയാണ്. അപ്പോൾ കൊടുക്കാനാണ് സാറിന്റെ ഇന്റർവ്യൂ." "സാറിനെയും അമ്മയെയും ഉൾപ്പെടുത്തി "എന്റെ അമ്മ" എന്ന പരിപാടിയാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. സാറിനെ കാണാനും പരിചയപ്പെടാനുമായി ഞാൻ നാളെ ഓഫീസിൽ വരാം." പിറ്റേന്ന് പറഞ്ഞ സമയത്ത് തന്നെ ചാനൽകാരി ഓഫീസിലെത്തി. "സാറിനെ പരിചപ്പെടാൻ കഴിഞ്ഞതിൽ വളരെ സന്തോഷം." എനിക്കും സന്തോഷമായി. പത്രത്തിലൊക്കെ ചെറിയ അഭിമുഖങ്ങൾ വന്നിട്ടുണ്ടെങ്കിലും ചാനലിൽ ആദ്യം വരികയാണ്. "ഞാൻ പറഞ്ഞല്ലോ സാർ, സാറും അമ്മയുമായുള്ള ആത്മ ബന്ധം, ഇങ്ങനെയൊരു സാഹിത്യകാരനെ സമൂഹത്തിന് സംഭാവന ചെയ്യാൻ അമ്മ വഹിച്ച പങ്ക്.. ഇതൊക്കെ വിശദീകരിക്കുന്ന ഒരു അഭിമുഖമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്.." പോകാൻ നേരം ട്രീസ പറഞ്ഞു "നാളെ രാവിലെ പത്തു മണിക്ക് ഞങ്ങൾ വീട്ടിൽ വരും. രണ്ടു ക്യാമറാമാൻമാർ, ഒരു ബ്യൂട്ടിഷ്യൻ, അസിസ്റ്റന്റ് ഉൾപ്പെടെ ആറുപേർ കാണും.." മുന്നറിയിപ്പ് തന്നിട്ട് വേൾഡ് ചാനൽകാരി യാത്രയായി.
ഇന്റർവ്യൂ വിവരം ഓഫീസിലും നാട്ടിലുമൊക്കെ അറിഞ്ഞു. പ്രിയതമയുടെ സംശയം ബ്യൂട്ടിഷ്യൻ എന്തിനു വരുന്നു എന്നതായിരുന്നു. എത്ര മിനുക്കിയിട്ടെന്താ, നിങ്ങളുടെ മുഖം ഇതുപോലെ തന്നെയല്ലേ ടി.വിയിൽ വരൂ എന്നതാവാം അവളുടെ വിചാരം. ഏതായാലും കുടുംബ വീട്ടിലേക്ക് വെളുപ്പിനെ തന്നെ ഞങ്ങൾ പുറപ്പെട്ടു. വീട്ടിൽ ചെന്നയുടൻ ഇന്റർവ്യൂ എങ്ങനെ നേരിടാം എന്ന് അമ്മയെ പഠിപ്പിക്കലായിരുന്നു പ്രധാന ജോലി. അതിനിടയിൽ മണി പത്തായി, പത്തരയായി, പതിനൊന്നായി.. ട്രീസയെയും സംഘത്തെയും പറ്റി ഒരു വിവരവുമില്ല. വിളിച്ചു നോക്കാമെന്ന് വിചാരിച്ച് വിളിച്ചു, ഫോണെടുക്കുന്നില്ല. കുറച്ചു കഴിഞ്ഞപ്പോൾ ഇങ്ങോട്ട് വിളിച്ചു "രാവിലെ വേറൊരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യേണ്ടി വന്നു. ഉടനെ തന്നെ ഞങ്ങളെത്തും.." അവർക്ക് കൊടുക്കാൻ വെച്ചിരുന്ന കാപ്പിയും പലഹാരങ്ങളും തണുത്തു. ഇനി ഊണ് കൊടുക്കേണ്ടി വരുമോന്ന് പേടിച്ചിരിക്കുമ്പോഴാണ് അടുത്ത വിളി വന്നത് "സാറേ, ഞങ്ങൾ ഊണു കഴിഞ്ഞ ഉടൻ എത്തും, വഴി ഒന്നു കൂടെ പറഞ്ഞു തരാമോ?" നേരത്തെ പറഞ്ഞു കൊടുത്തിരുന്നതാണെങ്കിലും വീണ്ടും പറഞ്ഞു കൊടുത്തു. ഇന്റർവ്യൂക്കാരന് എന്ത് ഔചിത്യം?
രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും കാണാതായപ്പോൾ വീണ്ടും വിളിച്ചു, അപ്പോഴും സ്വിച്ച് ഓഫ്.. കാത്തിരുന്ന് മടുത്ത ഇന്റർവ്യൂ നേരിട്ട് വീക്ഷിക്കാൻ കാലേ കൂട്ടി എത്തിയിരുന്ന അയൽവാസികളിൽ പലരും ഇതാരോ കബളിപ്പിച്ചതായിരിക്കുമെന്ന അഭിപ്രായം രേഖപ്പെടുത്തി തിരിച്ചു പോകാൻ തുടങ്ങി. പക്ഷേ, തട്ടിപ്പായിരുന്നെങ്കിൽ ഓഫീസിൽ നേരിട്ട് വന്നു സംസാരിക്കുമായിരുന്നോ എന്ന ആശ്വാസത്തോടെ പിന്നെയും ഞാൻ ട്രീസയെ കാത്തിരുന്നു. ഏതെങ്കിലും വേൾഡിൽ നിന്നും വേൾഡ് വിഷൻകാരി എത്തിയാൽ മതിയെന്ന ആഗ്രഹത്തോടെ ഇരിക്കുമ്പോഴാണ് ട്രീസ വീണ്ടും വിളിക്കുന്നത്. "സാർ, എന്നെ ഒന്നും പറയരുത്, എന്നോട് ക്ഷമിക്കണം, ഞങ്ങളുടെ ക്യാമറാമാന് പെട്ടെന്നൊരു തലകറക്കമുണ്ടായി. ആശുപത്രിയിലാണ്, രാവിലെ മുതൽ ഭക്ഷണം കഴിക്കാതെയാണ് അയാൾ ഷൂട്ട് ചെയ്തത്. പ്രഷറും ഷുഗറുമൊക്കെ ഉള്ള ആളായിരുന്നു. അതു കൊണ്ട് ഇന്ന് വരാൻ കഴിയുമെന്ന് തോന്നുന്നില്ല, സാറ് എന്നോട് ക്ഷമിക്കണം.."
ഒരു വാചകത്തിൽ ഇത്രയും ക്ഷമയും സാർ വിളിയും ആദ്യമായിട്ട് കേൾക്കുകയാണ്. അപ്പോഴും എന്റെ ബുദ്ധിമുട്ടിനെക്കാൾ രാവിലെ മുതൽ അമ്മയെ ഒരുക്കി നിർത്തി ബുദ്ധിമുട്ടിച്ചതിലായിരുന്നു എനിക്ക് വിഷമം. അല്ലെങ്കിലും ആരെങ്കിലും ഇന്റർവ്യൂ നടത്താമെന്ന് പറഞ്ഞാൽ ഉടൻ തന്നെ രാവിലെ കെട്ടിയെഴുന്നേറ്റ് ഇറങ്ങിക്കോളും എന്ന ഭാവത്തിലാണെന്നു തോന്നുന്നു പ്രിയതമ എന്നെ ഒന്ന് നോക്കിയത്. ഏതായാലും അതിരാവിലെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പൗഡറുമിട്ടിറങ്ങിയ ഞങ്ങൾ അധികം വൈകാതെ വീട്ടിലേക്ക് തിരികെ യാത്രയായി. ഓഫീസിലും ഇന്റർവ്യൂ വിവരമറിഞ്ഞ പരിചയക്കാരോടുമൊക്കെ ഇനി എന്താ പറയുകയെന്ന ആലോചനയിലായിരുന്നു അപ്പോൾ ഞാൻ..
Content Summary: Malayalam Short Story ' Interview Varunna Vazhi ' written by Naina Mannanchery