ADVERTISEMENT

പുറത്ത്‌ വാഹനത്തിന്റെ ഒച്ച.. അകത്ത്‌ കാപ്പിയും പലഹാരവും തയാറാക്കുന്ന തിരക്കിലും... അയാൾ ഓടി നടന്നു.. നളിനാക്ഷന് ഇരിക്കപ്പൊറുതി കിട്ടുന്നില്ല... ഇന്ന് മകളെ പെണ്ണ് കാണാൻ വരുന്ന കൂട്ടരേ സ്വീകരിക്കാനുള്ള തിരക്കിലാണയാൾ.. ഭാര്യ അകത്തെ അടുക്കളയിൽ.. ബന്ധുക്കളോടൊപ്പവും.. രണ്ട് ഇന്നോവ കാറുകളിലായാണവർ എത്തിയത്. കണക്കിന് ദല്ലാളിനെ ചേർത്ത്... ദല്ലാളല്ലല്ലോ... മാരേജ് എക്സിക്യൂട്ടീവ് ആണല്ലോ ഇപ്പോൾ.. പതിനൊന്നാളുകൾ... നാടെത്ര മുൻപോട്ടുപോയാലും ‘ദല്ലാള്’ ദല്ലാള് തന്നെ.. അതേ നാവിനു വഴങ്ങൂ. പണ്ട് മുതലേ ചരിത്രം എന്നും നളിനാക്ഷന് ഹരമുള്ള വിഷയമായിരുന്നു. അത് കൊണ്ടാണ് ചരിത്രം പഠിച്ചു, ഒരു ചരിത്രാധ്യാപകനായിത്തീർന്നത്. ഇപ്പോഴും എന്തും കൂടുതൽ അറിയണമെങ്കിലും മനസിലാക്കണമെങ്കിലും ചരിത്രം അനിവാര്യമാണെന്ന് അദ്ദേഹത്തിന് പലപ്പോഴും തോന്നിയിരുന്നു.

'സ്ഫടികം സിനിമയിൽ ' കണക്കാണ് ലോകത്തിന്റെ ‘സ്പന്ദനം’ എന്ന് തിലകൻ പറയുന്നതുപോലെ.. നളിനാക്ഷന്റെ ഭാഷയിൽ പറഞ്ഞാൽ ചരിത്രമാണ് എല്ലാം... ചരിത്രമാണ് ലോകത്തിന്റെ ഗതി വിഗതികൾ നിയന്തിക്കുന്നത് തന്നെ.. അത് കൊണ്ട് തന്നെ ഓരോ ആളും ചരിത്രം പഠിക്കണം, അറിഞ്ഞിരിക്കണം എന്നദ്ദേഹം പറയാനുള്ളത്. നിലനിൽപ്പിനായുള്ള പോരാട്ടങ്ങളുടെ ചരിത്രം... പ്രതിസന്ധികളെ തരണം ചെയ്തു വിജയക്കൊടി പാറിയ ചരിത്രം... അടിച്ചമർത്തലുകളുടെയും ചവിട്ടിമെതിച്ചു കടന്നുപോയ മേലാളൻമാരുടെയും ചരിത്രം. പൊതു മധ്യത്തിൽ തന്റെ അഭിപ്രായം പറഞ്ഞു എന്ന ഏക കുറ്റം മാത്രം ചെയ്തതിന് സ്വന്തം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും പടിയടച്ചു പിണ്ഡം വെച്ച സ്ത്രീകളുണ്ടായിരുന്നതും ചരിത്രം. ഓരോ കാര്യങ്ങളും നാം ചെയ്യുന്നതിന് മുൻപ് ചരിത്രം അൽപം പഠിക്കുന്നത് നല്ലതാണെന്നു പറയുന്നത് അതുകൊണ്ടാണ്. സുപ്രധാനമായ തീരുമാനങ്ങളെടുക്കുമ്പോൾ ചരിത്രം ഒരു വഴി കാട്ടിയാണ് എന്ന് തന്നെ നളിനാക്ഷൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് രണ്ടു പെൺമക്കളിൽ മൂത്തവളെ ചരിത്രം തന്നെ പഠിപ്പിച്ചതും, ചരിത്രത്തിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതും. പുതിയ പാഠങ്ങൾ പഠിക്കാൻ കഴിയുന്നതും.. പുതിയ ജീവിത മേഖലകൾ തേടാൻ പ്രാപ്തമാകുന്നതിനും പുതിയവ ആസൂത്രണം ചെയ്യുന്നതിനുമെല്ലാം ചരിത്രത്തിന് ഒരുപാട് പ്രാധാന്യമുണ്ട്... റിട്ടയർ ആയ ശേഷം ലഭിച്ച തുക ഉപയോഗിച്ച് ഉണ്ടായിരുന്ന കടങ്ങളും തീർത്തു അദ്ദേഹം അൽപം സ്ഥലം സ്വന്തമായി വാങ്ങി പിന്നെ അതിൽ ചെറിയൊരു വീടും വെച്ചപ്പോഴേക്കും കിട്ടിയ തുകയിൽ ബാക്കി ഒന്നും തന്നെ അവശേഷിച്ചിട്ടില്ലായിരുന്നു.

ചെറിയ വരാന്തയിലെ കോലായിലിരുന്ന് അമ്മാവനെന്നു പരിചയപ്പെടുത്തിയ ആൾ എന്തോ തമാശ പറഞ്ഞു ചിരിക്കുന്നു. നളിനാക്ഷനതാസ്വദിക്കാൻ കഴിയുമായിരുന്നില്ല... അങ്ങനെയുള്ള ഒരു മാനസികാവസ്ഥയിലല്ലായിരുന്നു അയാൾ.. വല്യ തറവാട്ടുകാരാണത്രെ.. പയ്യൻ താലൂക്ക് ഓഫീസിൽ ക്ലാർക്ക് ആണ്... ‘അഞ്ചക്ക ശമ്പളമുള്ളവൻ’ ആണല്ലോ... പഴയ മൂന്നക്കത്തിനും നാലക്കത്തിനും - ജോലി ചെയ്തത് പൊടിപ്പും തൊങ്ങലുമായി അമ്മാവൻ എന്തൊക്കെയോ പഴയ കാല കഥകൾ റിലീസ് ചെയ്തു കൊണ്ടിരുന്നു. എക്സിക്യൂട്ടീവ് അതെല്ലാം കേട്ട് ചിരിക്കുന്നു. ചിരിക്കാൻ പറ്റിയ തരത്തിലുള്ള തമാശ ഒന്നുമല്ല എന്നയാൾക്ക്‌ തോന്നിയിരുന്നു.. ഇടയ്ക്കു കൂടെ വന്നവർ പുറത്തെ ചുറ്റു പാടുകൾ നിരീക്ഷിക്കുന്നു.ചെറുക്കനും ദല്ലാളും ആദ്യമേ വരേണ്ടതിനു പകരം ഒരു പട തന്നെ ആണല്ലോ വന്നിരിക്കുന്നത്..! അപ്പോൾ ചെറുക്കന്റെ ഇഷ്ടമല്ലേ വേണ്ടത്...? ചെറുക്കനെ നളിനാക്ഷൻ ശ്രദ്ധിച്ചു നോക്കി വെളുത്തു ചുവന്ന നല്ല ഉയരമുള്ള ഒരു ചെറുപ്പക്കാരൻ.. നല്ല പയ്യനാണെന്ന് തോന്നുന്നു. കാഴ്ച്ചയിൽ നല്ല അടക്കവും വിനയവും സുന്ദരനുമാണ്. മകൾക്ക് നന്നായി ചേരുകയും ചെയ്യും. അയാൾ മനസ്സിലോർത്തു. അകത്തു നിന്നും ചായയും പലഹാരങ്ങളും പുറത്തളത്തിലേക്കു വന്നു കൊണ്ടിരുന്നു. ഷുഗറിന്റെ അസ്ക്കിതയുള്ള അമ്മാവൻ മധുരം കണ്ടു മുഖം ചുളിപ്പിച്ചു.. കൈയ്യിലുണ്ടായിരുന്ന വലിയ മൊബൈലിൽ ഏതൊക്കെയോ വിവാഹ കച്ചവടം തരമാക്കുന്ന മൂന്നാമൻ മുമ്പിലെത്തിയ പ്ലേറ്റിൽ നിന്നും ഒരു ലഡ്ഡു എടുത്തു വിഴുങ്ങി.. അയാളുടെ വലിയ കണ്ണുകൾ ഒന്ന് കൂടെ വെളിയിലേക്കു ചാടി.. കൂടെ വന്ന പെണ്ണുങ്ങൾ അടുക്കളയും ബാത്തുറൂമുമാണ്‌ കാര്യമായി ചെക്ക് ചെയ്തത്.. പിന്നെ പെണ്ണിനുള്ള ആസ്തികളും.. പയ്യന്റെ അമ്മയുടെ മുഖത്തിട്ടിരുന്ന ചായം കൂടിയോ എന്നവർക്ക് തന്നെ സംശയമുള്ളതുപോലെയായിരുന്നു പെരുമാറ്റം.

ഒടുവിൽ മകൾ എത്തി അവരുടെ മുൻപിൽ രണ്ടു മിനിട്ടു നിന്ന്.. അകത്തേക്ക് പോയി. "അവർക്കു എന്തെങ്കിലും സംസാരിക്കണമെങ്കിൽ.." നാട്ടുനടപ്പനുസരിച്ചു മൂന്നാമൻ പറഞ്ഞു. അപ്പൻ ഇടപെട്ടു “എന്ത് സംസാരിക്കാൻ ഞങ്ങൾക്ക് കുട്ടിയെ ഇഷ്ടപ്പെട്ടു. ഞങ്ങളുടെ ഇഷ്ടം അവന്റെയും ഇഷ്ടം....” "ഇക്കാലത്തും ഇങ്ങനെയോ...." അയാൾ അത്ഭുതപ്പെട്ടു. മൂന്നാമൻ അൽപ്പം പരുങ്ങി, നളിനാക്ഷനെ, കൈ കാട്ടി പുറത്തേക്ക് വിളിച്ചു "അപ്പൊ എന്ത് കൊടുക്കും" "അത് അവളെ നന്നായി പഠിപ്പിച്ചിട്ടുണ്ട്... ജോലിയും കിട്ടും... പിന്നെ കുറച്ചു സ്വർണ്ണവും കൊടുക്കും..." അതിൽ തൃപ്തിയാകാത്ത മൂന്നാമൻ ഒന്നും മിണ്ടാതെ ചെറുക്കന്റെ അച്ഛനെ വിളിച്ചു ചെവിയിൽ എന്തോ അടക്കം പറഞ്ഞു. "ചുറ്റുവട്ടങ്ങളിൽ നടന്ന കല്യാണങ്ങളുടെ ചരിത്രം അതാണെന്ന് അദ്ദേഹം മനസിലാക്കിയിട്ടുണ്ടായിരുന്നു.. പക്ഷെ, ഇത് തനിക്ക് താങ്ങാവുന്നതിനും അപ്പുറത്തുള്ള തുകയാണവർ ചോദിക്കുന്നത്.. അയാൾ പരുങ്ങി നിന്നപ്പോൾ കൂടെ വന്ന അമ്മാവൻ അവരെ അടുത്തേക്ക് വിളിച്ചു. “ഇനി നമുക്ക് കാര്യത്തിലേക്കു കടക്കാം” അമ്മാവൻ തമാശ വിട്ടു ഗൗരവക്കാരനായി.. അതങ്ങനെ വേണമല്ലോ. പ്രധാനപ്പെട്ട കാര്യങ്ങൾ പറയുകയും തീരുമാനിക്കുകയും ചെയ്യുമ്പോൾ ഗൗരവം നല്ലതാണ്.

"പയ്യന്.. സർക്കാർ ജോലിയുണ്ട്, കുടുംബത്തു അത്യാവശ്യം നല്ല ചുറ്റുപാടുമുണ്ട്.. ആ സ്ഥിതിക്ക് എഴുപത്തിയഞ്ച് പവന്റെ സ്വർണ്ണവും, ഒരു പുതു പുത്തൻ ടാറ്റ ഹാരിയർ കാറും പിന്നെ പോക്കറ്റ് മണിയായി ഒരു പത്തു ലക്ഷവും കൊടുത്താൽ ഇത് നമുക്ക് നടത്താം " ചെറുക്കന്റെ അമ്മാവൻ ഉളുപ്പില്ലാതെ പറഞ്ഞു. കൂടെയുള്ളവർ അത് കേട്ട് തലയാട്ടി.. ചെറുക്കൻ.. അപ്പോൾ ജിലേബി സ്വാദോടെ കഴിക്കുകയായിരുന്നു. അത്രയുമൊന്നും കൊടുക്കാനില്ലല്ലോ.. ഉദ്ദേശിച്ച തുകയാകട്ടെ അവർ പറഞ്ഞതിന്റെ പകുതിപോലും വരുകയുമില്ലല്ലോ എന്നയാൾ ആന്തലോടെ ഓർത്തു. ഇത് തന്നെ ഇനിയും കടം മേടിച്ചു ഒപ്പിക്കേണ്ടത്.. പിന്നെ കനത്ത കല്യാണ ചെലവ്. നളിനാക്ഷന് തല കറങ്ങുന്നതു പോലെ തോന്നി. അയാൾ വിയർത്തു. നല്ലതു പോലെ വളർത്തി വലുതാക്കി.. പഠിപ്പിച്ചു.. എന്നിട്ടും ഒരു കച്ചവട മനോഭാവത്തോടെ വിലപേശുന്ന കണ്ടിട്ട് അയാൾക്ക് സങ്കടം വന്നു. അയാൾ ഭാര്യയെ ദയനീയമായി നോക്കി. അവളുടെ മുഖത്ത് ഒരു കൂസലും കണ്ടില്ല. എന്ന് മാത്രവുമല്ല... "ഉണ്ടാക്കിക്കൊട്' എന്ന് പിറു പിറുത്തു കൊണ്ടവൾ അകത്തേക്ക് പോകുകയും ചെയ്തു. അത് നളിനാക്ഷനിൽ ഒരു ഷോക്ക് തന്നെ സൃഷ്ട്ടിച്ചു. അയാൾ അവളുടെ പിന്നാലെ അകത്തേക്ക് പോയി. വിയർത്തു വിളറി നിൽക്കുന്ന അയാളുടെ അടുത്തേക്ക് വന്നു ഭാര്യ പതിയെ, എന്നാൽ ഉറച്ച ശബ്‌ദത്തിൽ യാതൊരു മയവുമില്ലാതെ പറഞ്ഞു "എങ്ങനെയെങ്കിലും ഉണ്ടാക്കി കൊടുക്കണം.. കൊടുത്തേ പറ്റൂ..." ഇവൾക്കിതെന്തു പറ്റി.. ഇവിടുത്തെ സാഹചര്യം അറിഞ്ഞിട്ട് തന്നാണോ ഇവൾ ഇങ്ങനെ പറയുന്നത്.. കാര്യ ഗൗരവമുള്ള ഇവൾ എങ്ങനെ ഇത്ര പെട്ടെന്ന്... അയാൾക്കൊന്നും മനസിലായില്ല..

അവൾ ആകെ കലിപ്പിലാണ് എന്നയാൾക്ക്‌ തോന്നി.. "ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുൻപ് എന്റെ അച്ഛനും ഈ അവസ്ഥയിലായിരുന്നു.. അന്ന് നിങ്ങൾ ഒന്നുമറിയാത്തപോലെ ഞാൻ കൊണ്ട് വെച്ച മധുര പലഹാരങ്ങൾ ആസ്വദിച്ച് കഴിക്കുകയായിരുന്നു. എന്റെ അച്ഛൻ എന്ത് മാത്രം ഉള്ളുനീറിയിട്ടുണ്ടായിരിക്കണം.. അന്ന് നിങ്ങളുടെ കൂട്ടത്തിലാർക്കെങ്കിലും ഒരൽപം മനഃസാക്ഷി ഉണ്ടായിരുന്നോ.. അത് കൊണ്ട് അവർ ചോദിക്കുന്നത് നിങ്ങൾ ഉണ്ടാക്കി കൊടുക്ക്..." അവൾ കാൽ നൂറ്റാണ്ടായി മനസ്സിൽ അടക്കി വെച്ച ദേഷ്യമെല്ലാം പുറത്തേക്കെടുക്കുകയാണെന്നയാൾക്കു തോന്നി. അവൾ പറയുന്നത് വളരെ ശരിയുമാണ്. അന്നവർ, അവളുടെ അച്ഛൻ എന്ത് മാത്രം പാടുപെട്ടിട്ടുണ്ടാകും തന്റെ വീട്ടുകാർ ചോദിച്ചത്രയും ഒപ്പിച്ചു കൊടുക്കുവാൻ വേണ്ടി.. നളിനാക്ഷൻ അകത്തെ മുറിയിലെ കസേരയിൽ തളർന്നിരുന്നു. മറ്റുള്ളവരുടെ ചരിത്രം ഇഴകീറി പഠിച്ചിരുന്ന അയാൾ തന്റെ മാത്രം ചരിത്രം സ്വയം പരിശോധിക്കാൻ മറന്നു പോയിരുന്നു ഇന്നിപ്പോൾ മനസിലാക്കുന്നു.. ‘സ്വന്തം ചരിത്ര’മായിരുന്നു ആദ്യം പഠിക്കേണ്ടിയിരുന്നത് എന്ന്.. ഇത്രയും കാലം താൻ മറ്റുള്ളവരുടെ ചരിത്രത്തിനു പിന്നാലെയായിരുന്നല്ലോ എന്നോർത്തപ്പോൾത്തന്നെ... അയാൾക്ക് കടുത്ത മനോവേദന തോന്നി. കാലം കാത്തു വെച്ച കണക്കുകൾ..! ‘അതെ, ചരിത്രത്തിനു ഒരു ആവർത്തന സ്വഭാവമുണ്ട്.. വിയർപ്പിൽ താൻ കുതിരുന്നതായി തിരിച്ചറിഞ്ഞ നിമിഷത്തിൽ അകത്തു നിന്നും മകൾ വരാന്തയിലേക്ക് കടന്നു വന്നു.. അവൾ പറഞ്ഞു തുടങ്ങി.

"നിങ്ങൾ ക്ഷമിക്കണം.. ഇവിടെ പറയുന്നത് ഞാൻ കേട്ടു.. ഇപ്പോൾ പറഞ്ഞത് നിങ്ങളുടെ ഡിമാൻഡ്. ഇനി ഞാൻ എന്റെ ഡിമാൻഡ് പറയാം. എന്നെ പാടുപെട്ട് പഠിപ്പിച്ചു.. നന്നായി പഠിപ്പിച്ചു, കേടുപാടുകളൊന്നുമില്ലാതെ ഇത്രയുമാക്കി... ജോലിയും കിട്ടും.. നിങ്ങളുടെ മകന് ഒരു പെണ്ണ്, അതും എന്നെത്തന്നെ വേണമെങ്കിൽ എന്റെ ഡിമാൻഡ് നിങ്ങൾ അംഗീകരിക്കണം." "അമ്പതു പവൻ ഇങ്ങോട്ടു തരണം, പിന്നെ എന്നെ വളർത്തി ചെല്ലും ചെലവും തന്നു നല്ല വിദ്യാഭ്യാസം തന്നു യാതനകൾ സഹിച്ചു വളർത്തി വലുതാക്കിയതിനു.. പത്തു ലക്ഷവും ഇങ്ങോട്ടു തന്നാൽ ഞാൻ കല്യാണത്തിന് ഞാൻ സമ്മതിക്കാം. അല്ലെങ്കിൽ, ദാ...." അവൾ പുറത്തേക്ക് കൈ ചൂണ്ടി "ഗേറ്റ് തുറന്നു കിടപ്പുണ്ട്... ബാക്കി ഞാൻ പറയേണ്ടല്ലോ.." അവൾ അകത്തേക്ക് പോയി. ഷുഗറു കേറിയ അമ്മാവന്റെ വാ തുറന്ന പടിയായി തന്നെ ഇരിക്കയാണ്. അയാൾ ഒരു പക്ഷെ തട്ടിപ്പോകുമോ എന്ന് തന്നെ നളിനാക്ഷൻ ഭയപ്പെട്ടു. തീക്കട്ടയിൽ ചവിട്ടിയപോലെ വന്നവർ മരവിച്ചിരിക്കെയാണ്.. അരുതാത്തത് എന്തോ സംഭവിച്ചപോലെ.. അതല്ലെങ്കിൽ ഒരു നേർത്ത വൈദ്യുതാഘാതമേറ്റപോലെ.. ജിലേബി തിന്നു കൊണ്ടിരുന്ന ചെറുക്കന്റെ ചുവന്ന മുഖം മഞ്ഞനിറമായി.. ആരും ഒന്നും മിണ്ടുന്നില്ല.. ഒരു യുദ്ധം കഴിഞ്ഞ പ്രതീതി.. മകൾ കൊടുങ്കാറ്റുപോലെ അകത്തേക്ക് പോയി.. "ഞൊട്ടാൻ വന്നേക്കുന്നു" അവൾ പിറു പിറുത്തു. വന്നവർ കുനിഞ്ഞ ശിരസ്സുമായി.. പൊട്ടിയ ബലൂൺ പോലെ പുറത്തേക്കും..

വന്നപ്പോൾ അവരുടെ മുഖത്തുണ്ടായിരുന്ന കനം അലിഞ്ഞില്ലാതായിരിക്കുന്നു എന്നയാൾക്ക് തോന്നി. ചെറുക്കന്റെ അമ്മയുടെ മുഖത്തെ ചായം മുഖത്ത് പടരുന്നതയാൾ കണ്ടു.. സരസമായി സംസാരിച്ചു കൊണ്ടിരുന്ന അമ്മാവന് ‘ആസ്മ’ കൂടി ശ്വാസം വലിച്ചു നടന്നു. "ഇവളാണ് പെണ്ണ്.." അവളുടെ അച്ഛനായതിൽ അയാൾ സ്വയം അഭിമാനിച്ചു. ചരിത്രം മാറുകയാണെന്നയാൾക്കു തോന്നി. മാറണമല്ലോ... അയാൾക്ക് ഉണർവ് തോന്നി.. മകളുടെ വിവാഹം ഇപ്പോൾ വന്നവരുടെ കൂടെ നടത്താത്തതിൽ നളിനാക്ഷന് ഒരു സങ്കടവും തോന്നിയില്ല. ഇത് ഒരു ചരിത്ര നിമിഷമായി തന്നെ അയാൾ കാണുന്നു. അതെ, മറ്റു പലർക്കും പാഠമാക്കാൻ കഴിയുന്ന ചരിത്രം.. പുതിയൊരു ചരിത്രം അവിടെ വിരിയുമ്പോൾ വന്ന കാറുകൾ ഗേറ്റും കടന്നു പുറത്തേക്കു പോയി കാണാമറയത്തെത്തിയിരുന്നു.

Content Summary: Malayalam Short Story ' Charithram Ormappeduthunnathu ' written by Poonthottathu Vinayakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com