ചക്പുക്.. ചക്പുക്... ചക്പുക്... ചക്പുക്. ഉറക്കത്തിൽ നിന്ന് ഞാൻ ഞെട്ടിയുണർന്നു. തീവണ്ടി ചക്രം ഉരുക്കുപാളത്തിൽ ഉരയുന്ന ശബ്ദത്തിനു പിറകെ വണ്ടിയുടെ നീണ്ടഹോണും മുഴങ്ങി.. അമൃത എക്സ്പ്രസ്സാവും പോയത്.. ഉറപ്പുതന്നെ. അരണ്ട വെളിച്ചത്തിൽ കിടന്നുകൊണ്ടു തന്നെ ഞാൻ ക്ലോക്കിലേക്കു നോക്കി. മൂന്നുമണി കഴിഞ്ഞ് പത്തു മിനിറ്റ്.. പകൽ കടന്നു വരുവാൻ ഇനിയും ഒത്തിരിസമയമുണ്ട്.. തലയ്ക്ക് ചെറിയൊരു ഭാരം. കെട്ടിറങ്ങിപോയ ബ്രാണ്ടിയുടെ സമ്മാനമാണ്.. ഈ പെരുപ്പ്..! ഇനി ഒട്ടും ഉറങ്ങാനാവും എന്നു തോന്നുന്നില്ല.. അല്ലേലും ഉറക്കമില്ലല്ലോ? മെല്ലെ എഴുന്നേറ്റിരുന്നു.. കൈയ്യെത്തി ടേബിളിലിരുന്ന മൊബൈൽ ഫോൺ കൈയ്യിലെടുത്തു.. ഡിസ്പ്ലേയിൽ അനന്യമോളെ എടുത്തു നിൽക്കുന്ന ഭാര്യ വർഷ..!! ഒരിക്കലും മായാത്ത അവളുടെ പുഞ്ചിരി..! അത് നെഞ്ചിലൊരു നൊമ്പരം ഉണർത്തി. ജീവിച്ചിരിക്കുമ്പോൾ അനന്യമോളെ നേരെയൊന്നു കാണാനും കൂടി സമയം ലഭിക്കാത്ത വിഷമം ഉള്ളിൽ നിന്ന് സങ്കടമായി തികട്ടിവന്നു.. ലീവ് ലഭിച്ച് തിരിച്ചു നാട്ടിലെത്തുന്നതിന്റെ തലേന്നാണ് അതു സംഭംവിച്ചത്...!! രണ്ടുവർഷം മുൻപ് ഇതെ അമൃത എക്സ്പ്രസ്സ്.. അന്ന് എനിക്കേറ്റവും പ്രിയപ്പെട്ട രണ്ടു ജീവനും കൊണ്ടാണ് പാഞ്ഞകന്നുപോയത്..! ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസുകാരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്. വർഷ എഴുതിവച്ച ആത്മഹത്യകുറിപ്പ് ഉദ്യോസ്ഥർ വായിക്കുവാനായി നൽകിയെങ്കിലും "വേണ്ട" എന്നു ഞാൻ പറഞ്ഞു.. ഇനി അതറിഞ്ഞിട്ടെന്തിനാണ് എന്നായിരുന്നു അന്നേരം ചിന്തിച്ചത്...! അവൾക്ക് അനന്യമോളെയെങ്കിലും മരണത്തിൽ നിന്ന് ഒഴിവാക്കാമായിരുന്നു.. ആ കുരുന്നു ജീവൻ എന്തു തെറ്റു ചെയ്തു? പക്ഷെ അവൾ പോവുമ്പോൾ ഒന്നും അറിയാത്ത കുഞ്ഞിനെയും കൂടെ കൊണ്ടുപോയി...! എന്തിനാണ് അവൾ അതുചെയ്തത് എന്ന് കുറെ വട്ടം മനസ്സ് കാരണമന്വേഷിച്ചതാണ്.. അവസാനം സ്വയം പിന്മാറി..! വേണ്ട.. ഇനി അന്വേഷിച്ചിട്ടെന്താണ്...?
പതിനഞ്ചുവർഷത്തെ രാജ്യസേവനം കഴിഞ്ഞ് തിരികെ വന്ന് ഇങ്ങനെ ഏകാന്തവാസം ചെയ്യാനാവും എന്റെ വിധി.. ഫോണിന്റെ ഡിസ്പ്ലെയിലെ വെളിച്ചം വർധിപ്പിച്ച് ഒന്നുകൂടി മകളെയും ഭാര്യയേയും കണ്ടു..! തലയിലെ ഭാരത്തിന്റെ പതിന്മടങ്ങുഭാരം നെഞ്ചിനകത്തു നിറഞ്ഞു.! കുറച്ചു നേരം അങ്ങനെയിരുന്നു.. അമൃതയുടെ "ഘടഘട" ശബ്ദം ഇപ്പോൾ കേൾക്കുന്നതെയില്ല.. വണ്ടി പറളി കഴിഞ്ഞ് പാലക്കാട് എത്താറായിട്ടുണ്ടാവും ഇനി എങ്ങനെ ശബ്ദം കേൾക്കാൻ..! മുറിയിലെ ലൈറ്റ് ഓൺ ചെയ്യാനായി തോന്നിയില്ല.. ഇരുട്ടത്ത് ഇരിക്കാനാണ് ഇപ്പോൾ കൂടുതൽ ഇഷ്ടം...! എന്തിനാണ് വെളിച്ചം.? ഞാൻ കിഴക്കുവശത്തെ ജനൽപാളികൾ തുറന്നിട്ടു. പകലിൽ കടുത്ത ചൂട് പാലക്കാടൻ അന്തരീക്ഷത്തെ വേവിച്ചെടുക്കുന്നുണ്ട്. കുംഭമാസം കഴിഞ്ഞിട്ടും ഒരു വേനൽമഴ പോലും പെയ്തതെയില്ല.. പകൽ സമയം വീശിയടിക്കുന്ന പാലക്കാടൻ ചൂടുകാറ്റിനെ തീ പോലും ഭയക്കും.. അത്രയ്ക്കു ചൂടും.. ഭാരതപുഴ അടുത്തുള്ളതുകൊണ്ട് എന്റെ "മങ്കര" പ്രദേശത്ത് അധികം ചൂടില്ല. എങ്ങനെയായാലും രാത്രി പത്തോ പതിനൊന്നോ മണിയാവണം അന്തരീക്ഷമൊന്നു തണുക്കുവാൻ.. തുറന്ന ജനാലവഴി തണുത്ത ഇളം കാറ്റ് മുറിക്കുള്ളിലേക്ക് ഒഴുകിയെത്തി. മലമ്പുഴ കനാൽ വെള്ളം തുറന്നു വിട്ടിട്ടുണ്ട് അതിന്റെ തണുപ്പാണ് ഇപ്പോൾ ഈ കാറ്റിന്.. ജനാലയിലൂടെ നോക്കുമ്പോൾ വിളയാറായ നെൽവയലും തൊട്ടപ്പുറം റെയിൽപാളവും വൈദ്യുതവിളക്കിൻ വെളിച്ചത്തിൽ വ്യക്തമായികാണാം...! യഥാസമയം കനാൽ വെള്ളം എത്തിയതുകൊണ്ട് വിളയാറായ നെൽവയലുകളെ ഇപ്രാവശ്യം വേനലിന് വിഴുങ്ങാൻ കഴിഞ്ഞിട്ടില്ല..! അല്ലെങ്കിൽ കഴിഞ്ഞവർഷത്തെ പോലെ എല്ലാം കരിഞ്ഞുണങ്ങി പോയേനെ..!! ജനാലയിലൂടെ വന്ന ഇളം കുളിരുള്ള കാറ്റു തട്ടിയപ്പോൾ തലയിലെയും നെഞ്ചിലെയും ഭാരത്തിന് കനം കുറഞ്ഞുവന്നു...! വൈദ്യുത വെളിച്ചത്തിന്റെ ചെറിയതിളക്കത്തിൽ നീണ്ടുകിടക്കുന്ന റെയിൽപാളത്തെ നോക്കി ഞാൻ ഒരു ദീർഘനിശ്വാസം വലിച്ചു..
തെല്ലകലത്തായി റെയിൽവെഗേറ്റ് കാണാം. എന്റെ ചെറുപ്പത്തിൽ അരണ്ടചിമ്മിനി വെളിച്ചത്തിൽ ഭയപ്പെടുത്തുന്ന ഒന്നായിരുന്നു റെയിൽവെ ഗേറ്റ്.. എന്നാൽ അതുപോലൊന്നുമല്ല ഇന്നവിടം. ഇപ്പോൾ..! പകൽ പോലെ വെളിച്ചം.. തിളങ്ങുന്ന കൂറ്റൻ ഗേറ്റുകൾ... പച്ചയും ചുവപ്പും മഞ്ഞയും വ്യക്തമായി കാണിക്കുന്ന സിഗ്നൽലൈറ്റുകൾ.. അന്നത്തെ ഓടുമേഞ്ഞ ഒറ്റമുറിയുള്ള ചെറിയൊരു ക്യാബിനു പകരം ആധുനിക സൗകര്യമുള്ള മൂന്നുവലിയ മുറികളുള്ള കോൺക്രീറ്റ് കെട്ടിടം..! ഇന്നും സുന്ദർ ആയിരിക്കുമോ ഗേറ്റിൽ ജോലി.. ഒന്നുപോയി നോക്കിയാലോ...! സമയം മൂന്നുമണി കഴിഞ്ഞ് ഇരുപത്തിയഞ്ചുമിനിറ്റെ ആയിട്ടുള്ളു. പോയി നോക്കാം.. ഞാൻ പോയാൽ പാവം അവനും ഒരു കൂട്ടാവും.. മിണ്ടിയും പറഞ്ഞും നേരം വെളുപ്പിക്കാം.. എന്തായാലും പോവുക തന്നെ...! വർഷ അനന്യമോളെയും കൊണ്ട് ട്രെയിനിനു മുന്നിലേക്ക് എടുത്തുചാടുന്നതിന്റെ ഒരേ ഒരു ദൃക്സാക്ഷിയാണ്.. ഗേറ്റ്കീപ്പർ സുന്ദർ..! തേനി സ്വദേശി. നല്ലൊരു പയ്യൻ.. ഇരുപത്തിയൊൻപതു വയസ്സെ അവനുള്ളു. മുതിർന്നവരെക്കാൾ പക്വതയുള്ള പെരുമാറ്റം.. അതുപോലെ വിനയം കലർന്ന സംസാരവും..! അവന്റെ വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടുമാസം മാത്രമെ ആയിട്ടുള്ളു.. ലീവ് ലഭിക്കാത്തതിനാൽ അവന് വേഗം തിരിച്ചു ജോലിക്കുവരേണ്ടിവന്നു.! ഇപ്പോൾ എന്റെ ആകെയുള്ള ഒരു കൂട്ടാണ് സുന്ദർ.. ഇതെപോലുള്ള ഉറക്കമില്ലാത്ത രാത്രികളിലെ ഒഴിച്ചുകൂടാനാവാത്ത സ്നേഹസൗഹൃദം..! സുന്ദർ രാത്രി ജോലി കഴിഞ്ഞാൽ എവിടേയും പോവില്ല.. താമസസ്ഥലത്ത് സുഖമായി ഉറങ്ങും. ചിലപ്പോൾ ഭക്ഷണം പോലും കഴിക്കില്ല എന്നാണ് അവൻ പറഞ്ഞത്.. പകൽ ഞാനും എവിടെയും പോവാറില്ലല്ലോ? വിരസമായ പകലിൽ പലവട്ടം ഒരു കുപ്പി വിസ്കിയുമായി സുന്ദറിന്റെ ക്വാർട്ടേഴ്സ് വരെ പോയാലോ എന്നു ചിന്തിച്ചിരുന്നുവെങ്കിലും ഇതുവരെ പോയതെ ഇല്ല..! ഇത്തരം ഉറക്കം നഷ്ടപ്പെട്ട സമയങ്ങളിലാണ് ഞങ്ങൾ തമ്മിലുള്ള കണ്ടുമുട്ടലുകൾ..
ടോർച്ച് എടുക്കണമെന്ന് ചിന്തിച്ചെങ്കിലും അതിവേഗം മറന്നു.. ഇരുട്ടത്തുതന്നെ വാതിൽ തുറന്നടച്ചു.. വാതിൽ ലോക്ക് ചെയ്തില്ല.. "ആരുമില്ലാത്ത ഈ വീട്ടിൽ ഒന്നുമുണ്ടാവില്ല എന്ന് കള്ളന്മാർക്കറിയാം.. ഇനി അവർ വന്നാലും ഇവിടെ നിന്ന് ഒന്നും കൊണ്ടുപോവാനില്ല..!" മൊബൈലിലെ ചെറിയ വെളിച്ചത്തിൽ വയൽ വരമ്പുകയറി റെയിൽ പാളങ്ങൾക്കരുകിലെത്തി. ഗേറ്റ് ലക്ഷ്യമാക്കി പാളത്തിലൂടെ തന്നെ നടന്നു. ഇനി ഇപ്പോഴൊന്നും വണ്ടിവരാനില്ല.. നാലുമണി കഴിയും.. കുറച്ചു നടന്നപ്പോൾ പാളത്തിൽ ആരോ ഇരിക്കുന്നതായി കണ്ടു. പിൻവശമാണ് കാണുന്നത്.. ഞാൻ ഒന്നു ഞെട്ടി..!. നടത്തം നിർത്തി.. മരങ്ങളുടെ നിഴൽപറ്റി ലേശം ഇരുളിലേക്കു മാറിനിന്ന് അങ്ങോട്ടു നോക്കി. അതൊരു സ്ത്രീയാണ്...! അവർ കരയുന്നുമുണ്ട്..! പതിഞ്ഞ ശബ്ദത്തിൽ ആ കരച്ചിൽ ഇപ്പോൾ ശരിക്കും കേൾക്കാം.. എന്റെ നെഞ്ചിടിപ്പ് വല്ലാതെ വർധിച്ചു..! ഞാൻ എന്റെ കാലടിശബ്ദം ഒട്ടും പുറത്തേക്കുവരാതെ പരമാവധി വശങ്ങളിലുള്ള തേക്കുമരങ്ങളുടെ മറപറ്റി ആ സ്ത്രീരൂപമിരിക്കുന്നതിന്റെ വളരെ അടുത്തെത്തി. മരങ്ങളുടെ നിഴൽ ഞാൻ നിന്ന ഭാഗങ്ങളിലെ വെളിച്ചം പൂർണ്ണമായും മറച്ചിരുന്നു.. എന്നിരുന്നാലും വഴിവിളക്കിന്റെ വെളിച്ചത്തിൽ ഇപ്പോൾ ഉരുക്കുപാളത്തിലിരിക്കുന്ന അവളെ എനിക്കു നന്നായി കാണാം..! അവൾക്കാണെങ്കിൽ എന്നെ ഒട്ടും കാണുകയുമില്ല.. അവർ വലിയൊരു സ്ത്രീയൊന്നുമല്ല.. ഏകദേശം ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ വയസ്സു മാത്രം പ്രായം തോന്നിക്കുന്ന പെൺകുട്ടിയാണ്..! നല്ല വെളുത്തവസ്ത്രമാണ് ധരിച്ചിരിക്കുന്നത്.. അവളുടെ കൈകളിൽ ചോരപുരണ്ടിട്ടുണ്ട്. സൂക്ഷിച്ചു നോക്കിയപ്പോൾ ചുവന്ന പൂക്കൾ പോലെ വസ്ത്രങ്ങളിലും, മുഖത്തും ഉണങ്ങാത്ത ചോരപ്പാടുകൾ തെറിച്ചുവീണതു കാണാം.. എനിക്കു വല്ലാത്ത ഭയം തോന്നി..
അന്നേരം പെട്ടെന്നൊരു ശബ്ദം.. ഞാൻ ഭയന്നു പോയി..! ഉണക്കയിലകളെ തള്ളിയകറ്റി രണ്ടു വലിയ എലികൾ എന്റെ കാൽ ചുവട്ടിലൂടെ പാഞ്ഞുപോയി. "അയ്യോ" എന്റെ നാവിൽ നിന്ന് അറിയാതെ ഒച്ച പുറത്തേക്കു ചാടി..!.. അതുകേട്ട ആ പെൺകുട്ടി ചാടിയെഴുന്നേറ്റ് ഞാൻ നിന്ന ഭാഗത്തേക്കു ഭയത്തോടെ നോക്കി..! അതിനു മുൻപുതന്നെ ഞാൻ എന്നെ ഒട്ടും കാണാത്തരീതിയിൽ നിലത്തു കുത്തിയിരുന്നു. ആ കുട്ടി കുറച്ചുനേരം ഇങ്ങോട്ടുനോക്കിയ ശേഷം പിന്തിരിഞ്ഞ് ഗേറ്റിന്റെ വിപരീതദിശയിലേക്ക് നടന്നുതുടങ്ങി..! അവൾ നടന്നുനീങ്ങുന്നതിന് കുറച്ചകലത്തിലായി ഞാനും അവളെ വിടാതെ പിന്തുടർന്നു. ഒന്നോരണ്ടോ കുതിപ്പിന് അവളെ പിടിക്കുവാൻ സാധിക്കത്തക്കവണ്ണമായിരുന്നു എന്റെ പിന്തുടരൽ...! അവൾ നടത്തം ഇടതുവശത്തുള്ള പാളം മാറി വലതു വശത്തുള്ള പാളത്തിലേക്കായി.. പോരാത്തതിന് വേഗതയും വർധിപ്പിച്ചു.. അവളുടെ ഒപ്പം എത്താനായി ഞാനും നടത്തത്തിനുവേഗത കൂട്ടി.. വളഞ്ഞുപോകുന്ന പാളത്തിന്റെ ഭാഗമെത്തിയപ്പോൾ അവൾ ഒന്നു നിന്നു...! ഞാൻ വീണ്ടും മരത്തിന്റെ മറപറ്റി..! അവൾ ചുറ്റിലും നോക്കിയശേഷം പാളത്തിന്റെ അരികിൽ ഇരുന്നു. എന്നിട്ട് ചെരിഞ്ഞുകിടന്ന് ചെവി പാളത്തിൽ ചേർത്തുവച്ചു.. തീവണ്ടി ദൂരെനിന്നു വരുന്നുണ്ടോ എന്നറിയാനാവും അതെന്നു എനിക്കു മനസ്സിലായി. അവൾ ആത്മഹത്യ ചെയ്യാൻ വന്നതു തന്നെ ഞാൻ ഉറപ്പിച്ചു..!! പക്ഷെ അവളുടെ കൈകളിലും മുഖത്തും വസ്ത്രത്തിലും ചോരപ്പാടുകൾ കാണുന്നുണ്ടല്ലോ.. അതെന്താവും..? ചിലപ്പോൾ അവൾ ആരെയെങ്കിലും കൊല ചെയ്തിട്ടു വന്നതാവുമോ? ഞാൻ സംശയിച്ചു.. സുന്ദറിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചാലോ..? ഞാൻ ചിന്തിച്ചു. വേണ്ട സമയമുണ്ട്.! ഇപ്പോൾ വണ്ടികളൊന്നും വരാനില്ല.. ഈ പെൺകുട്ടി എന്താ ചെയ്യുന്നത് എന്നു നോക്കാമല്ലോ?
പാളത്തിൽ ചേർത്തുപിടിച്ച ചെവിയിൽ തീവണ്ടി വരുന്നതിന്റെ യാതൊരു ശബ്ദലക്ഷണവും കിട്ടാത്തതു കൊണ്ടാവും അവൾ വീണ്ടും പാളത്തിൽ ഇരുപ്പുറപ്പിച്ചു..! ഇപ്പോൾ എനിക്കഭിമുഖമാണ് ആ കുട്ടിയുടെ മുഖം.. സങ്കടവും ഭയവും ആ മുഖത്ത് നന്നായി കാണാം. തെല്ലുനേരം അങ്ങനെ ഇരുന്ന ശേഷം അവൾ രണ്ടു കൈകൾകൊണ്ടും മുഖം പൊത്തികുറച്ചുറക്കെ തന്നെ കരഞ്ഞു....!! മുളചീന്തി പൊട്ടിയകലുന്നതുപോലെയുള്ള അവളുടെ കരച്ചിൽ എന്റെ കാതുകളിലും നെഞ്ചിലും തറച്ചു..! ഞാൻ നിന്നുരുകി..!! ആ കരച്ചിലിൽ അവളുടെ കൈകളിലെയും മുഖത്തെയും ചോര കണ്ണുനീരിൽ നനഞ്ഞു പടർന്നു...!! തീരെ ദൈവവിശ്വാസമില്ലാത്ത ഞാൻ ദൈവത്തെ വിളിച്ചു. "ഭഗവാനെ... കൃഷ്ണാ..!" രണ്ടു ദിവസം മുൻപ് സുന്ദർ പറഞ്ഞത് എനിക്ക് അന്നേരം ഓർമ്മയിലെത്തി...! സുന്ദർ നല്ലവണ്ണം മലയാളം സംസാരിക്കും.. പണ്ടെ നാടുവിട്ടു പോയതാണെങ്കിലും അവന്റെ അമ്മ വീട് ഒറ്റപ്പാലത്താണ്. "ദീപുസർ.. എനിക്കിവിടെ മടുത്തു സർ.. എങ്ങനെയെങ്കിലും ഇവിടുന്നു സ്ഥലമാറ്റം വാങ്ങിക്കണം. രാത്രിയും പകലും ജോലി നോക്കുന്നതിൽ എനിക്കു വിഷമമില്ല.. പക്ഷെ ഈ റെയിൽവെ ഗേറ്റിലെ ജോലി ചെയ്യാൻ വയ്യ.. ഞാൻ നാലോളം റെയിൽവെ ഗേറ്റിൽ ജോലി ചെയ്തിട്ടുണ്ട്.. പക്ഷെ.. സർ ഈ റെയിൽവെഗേറ്റ് റൊമ്പ മോശം സർ... ഇവിടെ എത്ര ആത്മഹത്യ സർ..? ഈ റെയിൽവെ ഗേറ്റിൽ കുറച്ചകലത്തിൽ മാത്രം ഇരുവശത്തുമായി വർഷത്തിൽ പത്തു പന്ത്രണ്ടോളം.. ആത്മഹത്യകൾ.. ! അതും പ്രായം നന്നെ കുറഞ്ഞവർ.. നോക്കു ദീപുസർ.. ഇന്നലെയും ഒരുവൻ വണ്ടിക്കു വട്ടംചാടി അതും വൈകിട്ട് ഏഴുമണിക്ക്. എന്റെ മുൻപീന്ന് ഗേറ്റടച്ച സമയത്ത്. എല്ലാവരും നോക്കി നിൽക്കെ ബൈക്ക് നിർത്തി വണ്ടിക്കു മുൻപിലേക്ക് അയാൾ എടുത്തു ചാടി.. ആർക്കും ഒന്നു പിടിച്ചു നിർത്താനോ തടയാനോ കഴിഞ്ഞില്ല. ഈ പുഴയ്ക്കക്കരയുള്ളതാത്രെ.. "കോട്ടായി സ്വദേശി...!" വെറും നാൽപ്പതു വയസ്സു പ്രായം മാത്രം. പാവം പ്രവാസി..! ഏകമകൾ പനിബാധിച്ചു മരിച്ച സങ്കടാത്രെ...! മടുത്തു സർ.. മടുത്തു.. പോവണം ഈ നാട്ടീന്ന്..! എനിക്ക് ഈ നാട്ടിൽ വേലയെ വേണ്ട ദീപു സർ.."
സുന്ദറിന്റെ ആ വാക്കുകൾ ഓർത്തപ്പോൾ ഞാൻ മനസ്സിലുറപ്പിച്ചു.. ഈ കുട്ടിയെ മരണത്തിലേക്കു വിട്ടുകൊടുത്തു കൂടാ.. ഞാൻ നേരിട്ടു കണ്ട സ്ഥിതിക്ക് ഈ കുട്ടിയെ രക്ഷപ്പെടുത്തണം..! രണ്ടും കൽപ്പിച്ച് ഞാൻ മരത്തിന്റെ മറവിൽ നിന്നും പുറത്തുവന്നു.. "കുട്ടി" ഞാൻ ഉറക്കെ വിളിച്ചു.. അവൾ ഞെട്ടിയെഴുന്നേറ്റു.. അടുത്ത നിമിഷം അവിടുന്ന് ഓടിപോവാനായി അവൾ തുനിഞ്ഞു..! എന്നാൽ വളരെ വേഗം ഞാൻ ആ കുട്ടിയുടെ കൈയ്യിൽ കടന്നുപിടിച്ചു. "നിൽക്കു കുട്ടി.. ഭയപ്പെടെണ്ട.. ഞാൻ ഉപദ്രവിക്കാനല്ല.. ഞാനൊരു പട്ടാളക്കാരനാണ്.. അതാ ആ കാണുന്നതാണ് എന്റെ വീട്.." ഞാൻ രണ്ടു വയൽ വരമ്പിനപ്പുറമുള്ള എന്റെ വീടിന്റെ ഭാഗത്തേക്ക് വിരൽ ചൂണ്ടി...." പക്ഷെ ഇരുൾ പുതച്ചു കിടക്കുന്ന എന്റെ വീട് ഒട്ടും കാണുന്നുണ്ടായിരുന്നില്ല..! ലൈറ്റ് തെളിക്കാത്തതിന്റെ മണ്ടത്തരം എന്നിൽ ജാള്യത പടർത്തി.. പക്ഷെ ആ കുട്ടി എന്നോട് അതെപറ്റി ഒന്നും ചോദിച്ചില്ല.. പകരം വിറയാർന്ന ശബ്ദത്തിൽ കരഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു. "അങ്കിൾ എന്റെ കൈവിടു.. എനിക്കു പോവണം..! എനിക്കു മരിക്കണം അങ്കിൾ..! മരിക്കണം..! എന്റെ അനീഷേട്ടൻ എന്നെ വിട്ടു പോയി.. എനിക്കും.. അങ്ങോട്ടു പോവണം.. പ്ലീസ് അങ്കിൾ കൈവിടു..." അവൾ യാചിച്ചു "നിൽക്കു കുട്ടി.. ഒന്നു ഞാൻ പറയുന്നതു കേൾക്കു.. അതാ ആ കാണുന്നതാണ് റെയിൽവെ ഗേറ്റ്.. നമുക്കവിടെ പോയിരുന്നു കുറച്ചു നേരം സംസാരിക്കാം.. അവിടെ സുന്ദറുണ്ട്.. വരു.." ഞാൻ അവളുടെ കൈത്തണ്ടയിലെ പിടിമുറുക്കി.! "പറ്റില്ല അങ്കിൾ എന്നെ വിടു.. എനിക്കു പോവണം.. പോവണം.." അവൾ കരഞ്ഞു കൊണ്ട് ആവർത്തിച്ചു. "എന്തായാലും കുട്ടി ഞാൻ പറഞ്ഞത് അനുസരിച്ചെ പറ്റു.. നമുക്ക് ആ ഗേറ്റ് വരെ പോകണം അതു നിർബന്ധമാണ്..." ഞാൻ ശബ്ദത്തിന് ഇത്തിരി കനം കൂട്ടി.. "പറ്റില്ല അങ്കിൾ.. എന്റെ അനീഷേട്ടൻ ദാ അവിടെ കിടപ്പുണ്ട്.. എനിക്ക് അങ്ങോട്ടു പോവണം.." അവൾ കുറച്ചു മുന്നിലേക്കുള്ള പാളത്തിലേക്കു കരഞ്ഞുകൊണ്ട് കൈ ചൂണ്ടി... ഞാൻ അങ്ങോട്ടു നോക്കിയെങ്കിലും അവിടെ ആരെയും കണ്ടില്ല. പകരം പാളത്തിലാകെ ഒരു മനുഷ്യശരീരമാണോ എന്നു സംശയിക്കത്തക്ക രീതിയിൽ ചിതറികിടക്കുന്ന മാംസകഷണങ്ങൾ കണ്ടു..!! അങ്ങോട്ടടുത്തു പോയി നോക്കണമെന്ന് കരുതിയെങ്കിലും ഞാൻ ആ ഉദ്യമത്തിൽ നിന്നും വേഗം പിന്മാറി..
ആദ്യം ഈ കുട്ടിയെ രക്ഷപെടുത്തുക എന്നിട്ടാവാം.. മറ്റുള്ളവ.. അതിനായി ഞാൻ അവളോട് വീണ്ടും പറഞ്ഞു. "എന്തായാലും കരച്ചിൽ നിർത്തു.. കുട്ടി" എല്ലാത്തിനും പോംവഴിയുണ്ടാക്കാം, ആദ്യം നമുക്ക് ഗേറ്റുവരെ ഒന്നു പോവാം എന്നിട്ടാവാം ബാക്കി കാര്യങ്ങൾ.. ഇനി ആത്മഹത്യ ചെയ്യാനാണെങ്കിൽ തന്നെ ഇപ്പോഴൊന്നും വണ്ടി വരാനുമില്ല.. ദയവു ചെയ്ത് ഞാൻ പറയുന്നതു കേൾക്കു..." അവൾ സാവധാനം കരച്ചിൽ നിർത്തി.. ഞാൻ ബലത്തിൽ പിടിച്ചിരുന്ന അവളുടെ കൈത്തണ്ട മെല്ലെ സ്വതന്ത്രമാക്കി. അവൾ ഓടിപോയില്ല.. പകരം വിതുമ്പിവിതുമ്പി കരഞ്ഞു.. "ശരി നടക്കു കുട്ടി.." അവൾ അനുസരിച്ചു.. അവൾ മുൻപിലും ഞാൻ പിറകിലുമായി റെയിൽവെ ഗേറ്റിലേക്ക് നടന്നുതുടങ്ങി.. വഴിവിളക്കു തീരെ ഇല്ലാത്ത ഒരുഭാഗം എത്തിയപ്പോൾ മാത്രം ഞാൻ മൊബൈലിലെ ടോർച്ചു തെളിച്ച് അവൾക്ക് വഴികാട്ടി.. ഞങ്ങൾ റെയിൽവെ ഗേറ്റ് എത്താറായി.. ദൂരെ നിന്നെ ഞാൻ സുന്ദറിനെ കണ്ടു..! മൊബൈലിൽ എന്തോ വീഡിയോ കണ്ട്.. ഉറക്കമൊഴിച്ചിരിക്കുന്ന പാവം സുന്ദർ...! "മോളുടെ പേരെന്താ....?" ഞാൻ ചോദിച്ചു.. അവൾ മറുപടിയൊന്നും പറഞ്ഞില്ല.. അവളെന്തോ ആലോചനയിലാണെന്ന് എനിക്കു മനസ്സിലായി. അവൾ ഞാൻ ചോദിച്ചത് കേട്ടുകാണില്ലായിരിക്കാം.. "മോളെ... മോളുടെ പേരെന്താ..." ഞാൻ തെല്ലുറക്കെ ചോദിച്ചു.. അവൾ പെട്ടെന്ന് ആലോചനയിൽ നിന്ന് ഞെട്ടിയുണർന്നു പറഞ്ഞു.. "അയിഷ..". "നല്ല പേര് " ഞാൻ മനസ്സിൽ പറഞ്ഞു.. ഞങ്ങൾ ഗേറ്റിന്റെ ക്യാബിനിലെത്തി.. സുന്ദർ ഞങ്ങളെ കണ്ടു. "സർ... വരണം.. വരണം.. ദീപുസർ.. ഞാൻ സാറിന്റെ വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.! "ആരാണു സർ ഒപ്പമുള്ളത്...?" സുന്ദർ ചോദിച്ചു.. മറുപടിക്കു പകരം സുന്ദറിനെ നോക്കി ഞാൻ കണ്ണുകൾ ചിമ്മിയടച്ചു.. "കുട്ടി അകത്തേക്കു കയറു.. ദാ.. അവിടെ ഇരുന്നോളു..." ഞാൻ അകത്തെ മുറിയിലെ കസേര കാണിച്ചു കൊടുത്തു.. അവൾ മടിച്ചുമടിച്ച് അവിടെ പോയിരുന്നു.
സുന്ദർ എഴുന്നേറ്റ് ഞങ്ങൾക്കരികിലെത്തി.. അവൻ ചോദ്യരൂപേണ എന്നെ നോക്കി.. ഞാൻ വീണ്ടും കണ്ണടച്ചു കാണിച്ചു.. അവൻ അവളുടെ ചോര പുരണ്ട വസ്ത്രത്തിലേക്കും മുഖത്തേക്കും എന്നെയും മാറിമാറി നോക്കി... അവൾ തല താഴ്ത്തി മുഖം ചുമരിനഭിമുഖമായി തിരിച്ചു.. "ഏയ് സുന്ദർ ഞാൻ നിനക്ക് ചായയിട്ടു തരട്ടെ..?" "വേണ്ട സർ" അവൻ പറഞ്ഞു "വണ്ടി വരാറായോ..?" "ഇല്ല സർ ഇനിയും സമയമുണ്ട്.." "എന്തായാലും ഞാൻ ചായയിടാം.." ഞാൻ അതിവേഗം ചായയുണ്ടാക്കി മൂന്നു ഗ്ലാസുകളിലേക്കു പകർന്നു.. ഒരു ഗ്ലാസ് സുന്ദർ ഇരിക്കുന്നവിടെ കൊണ്ടുപോയി അവനു നൽകി.. ഞാൻ കാര്യങ്ങൾ അവനോട് വളരെ ചുരുക്കി വേഗത്തിൽ പറഞ്ഞു. പൊലീസ് സ്‌റ്റേഷനിൽ വിവരമറിയിക്കാനായും ആവശ്യപ്പെട്ടു...! തിരിച്ച് അവൾക്കരികിലെത്തി "മോളേ ഒന്നു മുഖം കഴുകി ഈ ചായ കുടിക്കു.. അതാ അവിടെ വാഷ്ബേസിൻ ഉണ്ട്.." ഞാൻ അവൾ ഇരിക്കുന്നവിടത്തെ ടേബിളിൽ ചായ കൊണ്ടുവച്ചു.. എന്നിട്ട് മറ്റൊരു കസേര നീക്കി അവളുടെ അടുത്തിരുന്നു. അവളുടെ അവസ്ഥ എന്നിൽ വല്ലാത്ത വേദന നിറച്ചു....! "കുട്ടി ചായ കുടിക്കു..." അവൾ അനുസരിച്ചു. അവൾ മുഖവും കൈകളും കഴുകി വന്നു. എന്റെ തുടർച്ചയായുള്ള നിർബന്ധത്താൽ അവൾ ചായ കുടിക്കുവാൻ തുടങ്ങി. ഇതിനിടയിൽ വണ്ടി വരുന്നതായുള്ള അറിയിപ്പു മുഴങ്ങി.. സുന്ദർ ഗേറ്റു താഴ്ത്തി.. ഷൊർണ്ണൂർ ഭാഗത്തേക്ക് മാംഗ്ലൂർ സെൻട്രൽ എക്സ്പ്രസ്സ് അതിവേഗത്തിൽ പാഞ്ഞു പോയി.. അതുകണ്ട അവൾ വെപ്രാളപ്പെട്ട് ചാടിയെണീറ്റ് പുറത്തേക്ക് ഓടുവാൻ ശ്രമിച്ചു..!! "അവിടെ ഇരിക്കു കുട്ടി.. എന്നിട്ട് ആ ചായ മുഴുവൻ കുടിക്കു." ഞാൻ ഒച്ചവച്ചു.. അവൾ ഇരുന്നു.. ചായ കുടിച്ചു.. "അയിഷ എന്നല്ലെ പേരു പറഞ്ഞത്" അതെ എന്നവൾ തലയാട്ടി.. "എന്താണ് കൂട്ടുകാരനു പറ്റിയത്.. പറയു..?" അവൾ ഒന്നും മിണ്ടിയില്ല. "പറയണം കുട്ടി.. അല്ലാതെ പറ്റില്ല..." ഞാൻ വീണ്ടും ഒച്ചവച്ചു.
അവൾ മെല്ലെ പറഞ്ഞു തുടങ്ങി... "ഞാനും അനീഷേട്ടനും രണ്ടു വർഷമായി സ്നേഹത്തിലാണ്. പക്ഷെ രണ്ടു മതത്തിൽപ്പെട്ടവരായതുകൊണ്ട് വിവാഹം കഴിക്കുവാൻ രക്ഷിതാക്കൾ സമ്മതിക്കുന്നില്ല. അങ്ങനെ ഞങ്ങൾ ഒരുമിച്ചു ജീവനൊടുക്കാൻ തീരുമാനിച്ചു. അവൾ കരഞ്ഞു തുടങ്ങി. ഞങ്ങൾ ഒരുമിച്ചു ട്രെയിനിനു മുന്നിൽ ചാടാനായിരുന്നു തീരുമാനിച്ചത്.. വണ്ടി വരുമ്പോൾ കൈകോർത്തു പിടിച്ച് ഒരുമിച്ച് ചാടാൻ തയാറായി നിന്നു.. പക്ഷെ അനീഷേട്ടൻ..." അവളുടെ കരച്ചിൽ ഉച്ചത്തിലായി... സുന്ദർ അന്നേരം അങ്ങോട്ടുവന്നു. സുന്ദറിനെ കണ്ടിട്ടും അവൾ കരച്ചിൽ നിർത്തിയില്ല.. "പിന്നീട് എന്തു സംഭവിച്ചു.? പറയു കുട്ടി..." ഞാനാവശ്യപ്പെട്ടു.. അവളുടെ കരച്ചിൽ വല്ലാതായി.. ഞാനവളുടെ പുറത്തു തട്ടി സാന്ത്വനിപ്പിച്ചു..! കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല.. അവളുടെ കരച്ചിൽ നേർത്തുനേർത്തുവന്നു. വെസ്റ്റ് കോസ്റ്റിന്റെ സമയമായെന്നു തോന്നുന്നു.. സുന്ദർ ഗേറ്റ് താഴ്ത്തുന്നതിനായി വീണ്ടും പോയി.. അവൾ ഒട്ടു സമാധാനിച്ചപ്പോൾ ബാക്കി കൂടി പറയാൻ ഞാനാവശ്യപ്പെട്ടു. അവൾ പറഞ്ഞു തുടങ്ങി.. "അത്.. അത്.. വണ്ടി വരുമ്പോൾ അനീഷേട്ടൻ എന്നെ പുറത്തേക്ക് തള്ളിയിട്ട് ഒറ്റയ്ക്കു വണ്ടിയുടെ മുന്നിലേക്കു ചാടി..!! എന്നെ കൂടെ മരിക്കാൻ എന്റെ അനീഷേട്ടൻ സമ്മതിച്ചില്ല.. എന്റെ അനീഷേട്ടൻ പോയി..! എനിക്കു മാത്രമായി ഇനി ജീവിക്കേണ്ട.. എനിക്കും മരിക്കണം.. എന്നെ വിട്ടയക്കു അങ്കിൾ.. പ്ലീസ്.. വിട്ടയക്കു അങ്കിൾ.. പ്ലീസ്.." അവളുടെ പൊട്ടിക്കരച്ചിലുകൾ നിലവിളിയോടെ പാഞ്ഞു പോകുന്ന വെസ്റ്റ് കോസ്റ്റിന്റെ ശബ്ദത്തിൽ ചേർന്ന് അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചു...!!!
Content Summary: Malayalam Short Story written by Divakaran P. C.