ADVERTISEMENT

ഉടലകങ്ങളിലെ നിശ്ചലതയുടെ

ചംക്രമണത്തിൽ,

യാന്ത്രികതയിലെ

നിരന്തരമരവിപ്പിൽ

മടുപ്പിറക്കൽ. 
 

ഒരു ചുവടുവയ്പ്പിന്റെ

അനക്കം; നിസ്സാരത. 

കാൽപാദങ്ങൾക്കുകീഴിലെ

തരിമണലിൽ

ഉറച്ചുനിൽക്കുന്നതൊന്നുണ്ടോ

എന്ന തേടൽ തീവ്രത

ഒറ്റക്ഷണത്തിന്റെ

സൂക്ഷ്മാംശത്തിൽ. 
 

നനുത്തൊരു

തൂവൽത്തുമ്പ്‌ കണ്ടെടുക്കുന്നു.

താഴടുക്കിലെ

കറുപ്പുചായം ചാലിച്ചൊരു

ചിത്രമെഴുത്ത്‌. 
 

വഴിത്തിരിവുകളിലെ

അപഭ്രംശങ്ങളുടെ പശ്ചാത്തലം,

ദിശമാറി കുറുകെയൊഴുകാൻ

ആരംഭിച്ച നദി,

ആർപ്പുവിളിക്കാൻ മറന്ന

മുഖങ്ങൾ

കാണാവുന്നു. 
 

ചുറ്റിത്തിരിയുന്നൊരു കാറ്റ്‌

വെളുവെളുപ്പിൽപ്പകർത്തിയ

കടുംനോവുമഷിയുണക്കുന്നു. 

വസന്തകാലത്തിന്റെ

മരത്തണലായി

പരന്ന ക്യാൻവാസിന്റെ

നിറപ്പകർച്ച. 
 

എനിക്ക്‌ നന്നേ

ഭാരം കുറയുന്നു. 

ദിനാന്ത്യത്തിൽ

എന്റെ പ്രതിബിംബം

ആ നിമിഷത്തിന്റെ

ഏറ്റവും നല്ല പകർപ്പിനെ

കാഴ്ചവയ്ക്കുന്നു. 
 

നനച്ചുപരിപാലിക്കൽ

ശ്രമകരമല്ലാത്ത

വിലപ്പെട്ടൊരു തൈ

എനിക്ക്‌

അന്വേഷിച്ചുകിട്ടിയിരിക്കുന്നു. 
 

ഇടവിട്ടുമാത്രം പെയ്യുന്ന

കിനിവിലും

തളിർന്നാമ്പു നീട്ടുന്ന

ഡെസേർട്ട്‌-റോസ്‌. 
 

Content Summary: Malayalam Poem ' Desert Rose ' Written by Prathibha Panicker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com