ADVERTISEMENT

രാഘവൻ പിള്ളയ്ക്ക് മണ്ണിനോട് പ്രേമമായിരുന്നു. പിറന്നു വീണതുതന്നെ മണ്ണിലേക്ക് ആയിരുന്നോ എന്നുതോന്നും അയാളെ കണ്ടാൽ. ഒരു കർഷകൻ ആയിരുന്ന മാധവൻ പിള്ളയുടെ ഇളയ മകനായിരുന്നു രാഘവൻ പിള്ള. അച്ഛനും അപ്പൂപ്പനും കുടുംബത്തിൽ മിക്കവാറും എല്ലാവരും കൃഷിക്കാർ ആയിരുന്നു. പറമ്പിലും വയലിലും ചെയ്തു പോന്ന എല്ലാ കൃഷികളും അവർ ചെയ്തിരുന്നു. കാലം കടന്നുപോയി. മാധവൻ പിള്ളയുടെ മരണശേഷം സ്വത്തുക്കൾ ഭാഗം ചെയ്തു. രാഘവൻ പിള്ളയ്ക്ക് മുപ്പത്തഞ്ച് സെന്റ് പറമ്പ് ഓഹരിയായി കിട്ടി. ആ മുപ്പത്തഞ്ച് സെന്റിൽ എല്ലാ തരം കൃഷികളും അയാൾ ചെയ്തു. ഒരിഞ്ച് ഭൂമി പോലും വെറുതെ വിടാത്ത കൃഷി. ഇതിനിടെ രാഘവൻ പിള്ളയ്ക്ക് കല്യാണപ്രായം ആയി എന്ന് സ്വയം തോന്നിയപ്പോൾ വിവരം കാരണവന്മാരെ അറിയിച്ചു. അടുത്ത ഗ്രാമത്തിലെ സുമതി എന്ന ഒരു പെൺകുട്ടിയുമായുള്ള വിവാഹം അവർ നടത്തിക്കൊടുത്തു.

രാഘവൻ പിള്ളയും സുമതിയും ഒരുമിച്ച് കൃഷി ചെയ്തു. പറമ്പ് കിളച്ചും വിത്ത് പാകിയും, വെള്ളം നനച്ചും, വിളവെടുത്തും അങ്ങനെ ജീവിതം കടന്നു പോയി. ഇതിനിടെ സുമതി മൂന്ന് പ്രാവശ്യം പ്രസവിച്ചു. മൂത്ത രണ്ടു പെൺകുട്ടികൾ, ഇളയ ഒരു ആൺകുട്ടി. കൃഷിയിൽ നിന്നും കിട്ടിയ തുച്ഛമായ വരുമാനം കൊണ്ട് കുട്ടികളെ വളർത്തി. സമയം ഉള്ളപ്പോൾ അടുത്ത കൃഷിയിടങ്ങളിൽ അവർ കൃഷിപ്പണി ചെയ്തും ജീവിതം കഴിച്ചു കൂട്ടി. കുട്ടികൾ വളർന്നു. പെൺകുട്ടികൾ പത്താം ക്ലാസ്സ് വരെ പഠിച്ചു. പിന്നീട് പഠിത്തം നിർത്തി. മകൻ പത്താം ക്ലാസ്സ് കഴിഞ്ഞ് ഐ ടി ഐയിൽ ചേർന്ന് ഇലക്ട്രീഷ്യൻ കോഴ്സ് പഠിച്ചു സർട്ടിഫിക്കറ്റ് നേടി. പെൺകുട്ടികൾ വളർന്നു പുര നിറഞ്ഞ് നിൽക്കുന്നത് കണ്ടപ്പോൾ രാഘവൻ പിള്ളയ്ക്കും സുമതിക്കും ആവലാതി കൂടി. കൃഷി കൊണ്ട് കഷ്ടിച്ച് ജീവിച്ചു എന്നല്ലാതെ മറ്റൊന്നും സമ്പാദിച്ചു വയ്ക്കാൻ ആ കുടുംബത്തിന് കഴിഞ്ഞില്ല. അവസാനം ആകെ ഉണ്ടായിരുന്ന മുപ്പത്തഞ്ച് സെന്റിൽ നിന്നും ഇരുപത് സെന്റ് പറമ്പ് വിറ്റ് രണ്ടു പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുത്തു. ഒപ്പം മകന് ഗൾഫിൽ ഒരു ജോലിക്ക് വേണ്ടി ഒരു വിസയും സംഘടിപ്പിച്ചു. ഗൾഫിൽ പോകുന്നതിന് മുമ്പ് മകൻ തീർത്തു പറഞ്ഞു. “ഈ പതിനഞ്ച് സെന്റ് പറമ്പിൽ കിടന്നു കൃഷി ചെയ്ത് നരകിക്കാൻ ഞാനിനി തിരിച്ചു വരില്ല”

മകന്റെ വിരഹം സുമതിക്ക് താങ്ങാൻ കഴിഞ്ഞില്ല. മൂന്ന് മാസം കഴിഞ്ഞ് അവർ മരിച്ചു. ശവസംസ്കാരത്തിന് മകന് വരാൻ കഴിഞ്ഞില്ല. രാഘവൻ പിള്ള തികച്ചും ഒറ്റപ്പെട്ടു. വല്ലപ്പോഴും പെൺമക്കൾ വരും. ഒരു ദിവസം കൂടെ നിൽക്കും, എന്തെങ്കിലും വിളവ് ഉണ്ടെങ്കിൽ അതിന്റെ പങ്കും വാങ്ങി പോകും. ഏകാന്തത രാഘവൻ പിള്ളയെ ആകെ അസ്വസ്ഥനാക്കി. എന്നിട്ടും അയാൾ കൃഷി തുടർന്നു. ഒരു ദിവസം, തെങ്ങിന്റെ മൂട് എടുത്തു കൊണ്ടിരിക്കേ രാഘവൻ പിള്ള തല കറങ്ങി വീണു. അയൽപക്കത്തെ ആളുകൾ അയാളെ എടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിയിൽ വെച്ച് രാഘവൻ പിള്ള പറഞ്ഞു. “ഞാൻ മരിച്ചാൽ എന്റെ ശരീരം ദഹിപ്പിക്കരുത്. എന്റെ പറമ്പിൽ തന്നെ കുഴിച്ചു മൂടിയാൽ മതി”. ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് അയാൾ മരിച്ചു. ആഗ്രഹ പ്രകാരം മൃതശരീരം പറമ്പിൽ തന്നെ കുഴിച്ചു മൂടി.

Read also: ' നീ ജോലിക്കു തന്നെയാണോ മോനേ പോകുന്നത്...?';സന്ധ്യയായിട്ടും മകൻ എത്തിയില്ല, പകച്ച് നിൽക്കുന്ന അമ്മ

മരിച്ച് നിമിഷങ്ങൾക്കകം അയാളുടെ ആത്മാവ് ദൈവത്തിന്റെ മുന്നിൽ എത്തി. അവിടെ ആണെങ്കിൽ ആത്മാക്കൾ വലിയ ഒരു ക്യൂവിൽ നിൽക്കുന്നുണ്ടായിരുന്നു. സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും ആൾക്കാരെ തരം തിരിച്ചു വിടുന്നു. രാഘവൻ പിള്ളയുടെ ഊഴം എത്തി. ചിത്രഗുപ്തൻ അയാളുടെ കണക്കുകൾ പരിശോധിച്ച് നോക്കി. ഒരു പുണ്യ കർമ്മവും അയാളുടെ കണക്കിലില്ല. അമ്പലത്തിലെ വഞ്ചിയിൽ പോലും നയാ പൈസ ഇട്ടിട്ടില്ല. കുറെ പുരയിടം കിളച്ചു മറിച്ചു എന്നല്ലാതെ മറ്റ് നല്ല കർമ്മങ്ങൾ ഒന്നും ചെയ്തിട്ടില്ല. സ്വർഗ്ഗത്തിലേക്ക് അയക്കാൻ ഒരു നിർവ്വാഹമില്ല. പിന്നീട് പാപങ്ങളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ ചിത്രഗുപ്തൻ ഞെട്ടിപ്പോയി. ശൂന്യം. ഒരു പാപവും അയാൾ ചെയ്തിട്ടില്ല. ചീത്ത വിളിച്ചിട്ടില്ല, ആരെയും കൊന്നിട്ടില്ല, ദ്രോഹിച്ചിട്ടില്ല, കള്ളം പറഞ്ഞിട്ടില്ല, ഒരു പട്ടിയെപ്പോലും കല്ലെറിഞ്ഞിട്ടില്ല. വെറുതെ ഒന്നും തിന്ന് മുടിപ്പിച്ചിട്ടുമില്ല. നരകത്തിൽ പോകാനുള്ള ഒരു യോഗ്യതയും ഇല്ല.

ചിത്രഗുപ്തൻ ആകെ വിഷണ്ണനായി. കാര്യം മനസ്സിലായ രാഘവൻ പിള്ളയുടെ ആത്മാവ് പറഞ്ഞു “എന്നെ എന്റെ മണ്ണിലേക്ക് തിരിച്ച് അയച്ചോളൂ.” ദേഷ്യത്തോടെ ചിത്രഗുപ്തൻ പറഞ്ഞു. “എന്ത് വിഡ്ഢിത്തം ആണെടോ  താൻ പറയുന്നത് ? ഒരു മനുഷ്യന്റെ ആത്മാവിന് വീണ്ടും മനുഷ്യ ജന്മം കിട്ടാൻ 84 വിവിധ യോനികളിലൂടെ ജനിച്ചു മരിക്കണം. അതിന് പല നൂറ്റാണ്ടുകൾ കഴിയും. അത് പറ്റില്ല.” കുറെ നേരം ആലോചിച്ചതിന് ശേഷം ചിത്രഗുപ്തൻ പറഞ്ഞു “തന്നെ ഞാനൊരു മണ്ണിരയാക്കാം. അതിന് തന്റെ പറമ്പിൽ തന്നെ ജനിക്കാനുള്ള അവസരവും. എന്തെങ്കിലും പുണ്യമോ പാപമോ ചെയ്തു എന്ന് ഞങ്ങൾ അറിയുമ്പോൾ തിരിച്ചു വിളിക്കാം". ഉടനെ തന്നെ രാഘവന്റെ ആത്മാവുമായി ഒരു മാലാഖ ഭൂമിയിൽ അയാളുടെ പറമ്പിൽ എത്തി. അയാളുടെ കുഴിമാടത്തിൽ maggot(പുഴുക്കൾ) അയാളുടെ ശരീരം ഏകദേശം മുഴുവനും തിന്ന് തീർത്തിരുന്നു. തലച്ചോറ് തിന്നു കൊണ്ടിരുന്ന ഒരു പുഴുവിനെ വിളിച്ച് ദൈവത്തിന്റെ തീരുമാനം അറിയിച്ചു. അതിന് കാര്യം മനസ്സിലായി. ഉടനെ തന്നെ മണ്ണിന്റെ അടിയിലുണ്ടായിരുന്ന ഒരു മണ്ണിരയുടെ ശവ ശരീരത്തിൽ  പുഴു പ്രവേശിച്ചു. ഒപ്പം രാഘവൻ പിള്ളയുടെ ആത്മാവും. അങ്ങനെ രാഘവൻ പിള്ള ഒരു മണ്ണിര ആയി പുനർജ്ജനിച്ചു. അയാളുടെ സ്വന്തം മണ്ണിൽ.

Read also: മരണവീട്ടിൽ മദ്യപാനം; വാക്കേറ്റത്തിനിടെ കുപ്പി വലിച്ചെറിഞ്ഞു, പിന്നെ നടന്നത് ആരും പ്രതീക്ഷിക്കാത്ത സംഭവം

ഉടനെ തന്നെ മണ്ണ് തിന്ന് കുഴിയുണ്ടാക്കി മണ്ണിര പുറത്ത് വന്നു. ചുറ്റും നോക്കി. ആരെയും കണ്ടില്ല. കുറെ നാൾ അങ്ങനെ അലഞ്ഞു നടന്നു. വേറൊരു മണ്ണിരയുമായി ചങ്ങാത്തം കൂടി. അവർ പ്രണയിച്ചു. അതിൽ കുറെ കുട്ടികൾ ഉണ്ടായി. ആരും തിരിഞ്ഞ് നോക്കാത്ത ആ ഭൂമിയിൽ മണ്ണിരകൾ യഥേഷ്ടം ഇഴഞ്ഞ് നടന്നു. പറമ്പ് മുഴുവൻ കുഴിച്ച് മറിച്ചു.  ഇതിനിടയിൽ മഴക്കാലം വന്നെത്തി. പറമ്പ് നിറയെ വെള്ളം നിറഞ്ഞു. രാഘവൻ പിള്ളയ്ക്ക് സന്തോഷമായി. ഏതെങ്കിലും വിത്തുകളോ മരങ്ങളോ വീണ്ടും കിളിക്കുമെന്നും അവയിൽ വിളവ് ഉണ്ടാകുമെന്നും അയാൾക്ക് അറിയാമായിരുന്നു. രാഘവൻ പിള്ള എന്ന മണ്ണിര വിളവിനായി കാത്തിരുന്നു...

ഭാഗം – 2

ഒരു മണ്ണിരയായി പുനർജ്ജനിച്ച രാഘവൻ പിള്ള തന്റെ പറമ്പിൽ യഥേഷ്ടം ഇഴഞ്ഞു നടന്നു. കുടുംബത്തിലെ മറ്റ് മണ്ണിരകളുമായി ചേർന്ന് കുഴികളുണ്ടാക്കി പരിസരമെല്ലാം ഉഴുതു മറിച്ചു. മഴക്കാലമെത്തി. രാഘവൻ പിള്ളയ്ക്ക് സന്തോഷമായി. ഇടയ്ക്കിടെ പറമ്പ് മുഴുവൻ വെള്ളം കൊണ്ട് നിറഞ്ഞു. അതിൽ മുങ്ങി ശ്വാസം മുട്ടി കുറെ മണ്ണിരകൾ മരിച്ചു. മഴക്കാലം മാറിയതോടെ പുരയിടത്തിന്റെ പലയിടത്തും പുല്ലും പാഴ്ച്ചെടികളും വളർന്നു. പക്ഷേ വിത്ത് പാകാഞ്ഞതിനാൽ ഫലമുള്ള ഒരു സസ്യങ്ങളൂം വളർന്നു വന്നില്ല. വിളവ് കാത്തിരുന്ന രാഘവൻ പിള്ളയ്ക്ക് വലിയ സങ്കടമായി. ഒരു ദിവസം അടുത്ത വീട്ടിലെ ഗോപു ഒരു പഴുത്ത മാങ്ങയും ചപ്പി ക്കൊണ്ട് ആ പുരയിടത്തിൽ വന്നു. ആ കുട്ടി മാങ്ങയണ്ടി ആ പുരയിടത്തിൽ തന്നെ ഇട്ടിട്ട് പോകണേ എന്നയാൾ പ്രാർഥിച്ചു. അയാളുടെ പ്രാർഥന ഫലിച്ചു. ഗോപു ആ മാങ്ങയണ്ടി പുരയിടത്തിന്റെ ഒരു വശത്തേക്ക് വലിച്ചെറിഞ്ഞു. മാങ്ങയണ്ടി നല്ല രീതിയിൽ മുളച്ചു വളരണമെങ്കിൽ അതിനെ കുഴിച്ചു മൂടണമെന്ന് രാഘവൻ പിള്ളയ്ക്ക് അറിയാമായിരുന്നു. അയാളും കുടുംബവും കൂടി മാങ്ങയണ്ടിയുടെ അടുത്തുള്ള മണ്ണിൽ കുഴിയുണ്ടാക്കി മണ്ണ് പുറത്തെടുത്ത് മാങ്ങയണ്ടി മൂടാനായി ഒരു ശ്രമം നടത്തി.

Read also:ആരോടും മിണ്ടില്ല, മുഖത്ത് നോക്കില്ല, എപ്പോഴും പത്രവായന; 'അരക്കിട്ടുറപ്പിച്ച ചുണ്ടുകളുള്ള' വല്ലാത്തൊരു ഭർത്താവ്

അങ്ങനെയിരിക്കെ ഒരു ദിവസം ആ പറമ്പിൽ നാലഞ്ച് ആളുകൾ നടക്കുന്നത് രാഘവൻ പിള്ള കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ അതിലൊരാൾ തന്റെ മകൻ സുനിൽ ആണെന്ന് മനസ്സിലായി. കൈ പൊക്കി മകനെ വിളിക്കാൻ ഒരു ശ്രമം നടത്തി. കൈകളില്ലാത്ത മണ്ണിര എങ്ങനെ കൈ പോക്കി വിളിക്കാൻ. കൂവി വിളിച്ചു. പക്ഷേ ഒരു ശബ്ദവും പുറത്ത് വന്നില്ല. അയാൾ അവരുടെ അടുത്തേക്ക് നീങ്ങി. അവർ സംസാരിക്കുന്നത് എന്താണെന്ന് ശ്രദ്ധിച്ചു. അവസാനം മനസ്സിലായി സുനിൽ തന്റെ അവകാശത്തിലുള്ള പുരയിടം വിറ്റ് കാശാക്കാനാണ് ഗൾഫിൽ നിന്നും നാട്ടിലേക്ക് വന്നതെന്ന്. “മോനേ, നമ്മുടെ മണ്ണ് വിൽക്കല്ലേടാ, ഞാനുണ്ട് ഈ മണ്ണിൽ. നീ പുരയിടം വിൽക്കല്ലേ..” ഏങ്ങിയേങ്ങിപ്പറഞ്ഞു രാഘവൻ പിള്ള. ഒരിക്കലെങ്കിലും തന്റെ കണ്ണുകളിലേക്ക് അവൻ നോക്കിയിരുന്നെങ്കിൽ തന്റെ വേദന ആ പൊന്നുമോൻ മനസ്സിലാക്കുമെന്ന് ആ ഹൃദയം തേങ്ങി. അൽപസമയം കഴിഞ്ഞ് സുനിലും കൂടെ വന്നവരും കൈ കൊടുത്തു പിരിഞ്ഞു. രാഘവൻ പിള്ള ഒരു ജീവശ്ശവം പോലെ ആ രംഗം കണ്ടു നിന്നു. 

സുനിൽ പോയതിന്റെ രണ്ടാഴ്ച കഴിഞ്ഞ ഒരു ദിവസം ഒരു ജെസിബി പുരയിടത്തിൽ വന്നു നിന്നു. പുരയിടത്തിന്റെ അതിരിൽ മതിലുകൾ കെട്ടാനുള്ള ഫൗണ്ടേഷന്റെ വാരം തോണ്ടാനുള്ള പണി തുടങ്ങി. താമസിയാതെ ആ പുരയിടത്തിന്റെ നാല് വശവും മതിൽ ഉയർന്നു. കിഴക്ക് ഭാഗത്ത് ഒരു വലിയ ഗേറ്റും സ്ഥാപിച്ചു. മതില് കെട്ടി രണ്ടു മാസം കഴിഞ്ഞ് ഒരു ദിവസം ജെസിബി വീണ്ടും വന്നു. പിന്നെ പാറയും, മണലും, ഇഷ്ടികയും, മെറ്റിലും ഒക്കെയെത്തി. അവിടെ ഉണ്ടായിരുന്ന പഴയ വീട് ആദ്യം പൊളിച്ചു മാറ്റി. തന്റെ അച്ഛൻ മാധവൻ പിള്ള വർഷകാലത്തെ പരിശ്രമം കൊണ്ടുണ്ടാക്കിയ തന്റെ വീട് തകർന്നു വീഴുന്നത് നിറകണ്ണുകളോടെ അയാൾ നോക്കിക്കണ്ടു. അല്ലേലും ഒരു മണ്ണിരയ്ക്ക് എത്ര കണ്ണീര് വരാനാണ്. എന്തായാലും മനസ്സ് തളർന്ന് ആ പറമ്പ് മുഴുവൻ രാഘവൻ പിള്ള ഒരു ഭ്രാന്തനെപ്പോലെ ഇഴഞ്ഞു നടന്നു. ഫൗണ്ടേഷന്റെ പണി കഴിഞ്ഞ് ഏകദേശം ഒരു മാസത്തോളം വീടിന്റെ ഒരു പണിയും നടന്നില്ല. ഉടനെയെങ്ങും ബാക്കി പണി നടക്കില്ല എന്ന് രാഘവൻ പിള്ള സമാധാനിച്ചു. പെട്ടെന്നായിരുന്നു വീണ്ടും വീടിന്റെ പണി തുടങ്ങിയത്. കുറെ ജോലിക്കാർ ഒരുമിച്ചു വന്ന് പണി തുടങ്ങി. എതോ ഒരു വലിയ കോൺട്രാക്ടർ ആയിരുന്നു വീട് പണി ഏറ്റെടുത്തതെന്ന് മനസ്സിലായി. ഇടയ്ക്കിടെ പുരയിടത്തിന്റെ പുതിയ ഉടമസ്ഥൻ വന്ന് എന്തൊക്കെയോ നിർദ്ദേശങ്ങൾ കൊടുക്കുന്നത് രാഘവൻ പിള്ള കണ്ടു.

Read also: തളർന്നു കിടക്കുന്ന അമ്മയെ നോക്കാൻ പുതിയ ഹോംനഴ്സ്; അപ്പന്റെയും മകന്റെയും ജീവിതം മാറിമറിഞ്ഞു

അങ്ങനെ അടുത്ത ആറ് മാസത്തേക്ക് അവിടെ പുതിയ വീടിന്റെ പണി നടന്നു. ഈ സമയം മുഴുവൻ രാഘവൻ പിള്ള ആ ഭൂമി ഉഴുതു മറിച്ചു കൊണ്ടേയിരുന്നു. എട്ട് മുറികളുള്ള ഒരു ഇരുനില കെട്ടിടം ആ പുരയിടത്തിൽ അവർ നിർമ്മിച്ചു. പെയിന്റിങ്ങിന്റെയും വയറിങ്ങിന്റെയും പ്ലംബിങ്ങിന്റെയും ഒക്കെ പണി കഴിഞ്ഞു. അതോടെ പണിയെല്ലാം തീർന്നു കാണും എന്ന് രാഘവൻ പിള്ള സ്വപ്നം കണ്ടു. പക്ഷേ സ്വപ്നത്തിൽ നിന്നും ഞെട്ടിയുണരാൻ കൂടുതൽ സമയം വേണ്ടി വന്നില്ല. ഒരുദിവസം രാവിലെ ലോറിയിൽ വീണ്ടും മണലും സിമന്റും, തറയിൽ വിരിക്കുന്ന ടൈൽസും പേവർ ബ്ലോക്കും എല്ലാം എത്തി. ആദ്യം വീടിന്റെ ചുറ്റും ചുവന്ന ടൈൽസ് ഒരു നാലടി വീതിയിൽ ഭിത്തിയോട് ചേർന്ന് വിരിച്ചു. നല്ല ഭംഗിയായിരുന്നു വീട് ഇപ്പോൾ കാണാൻ. രാഘവൻ പിള്ളയ്ക്ക് സന്തോഷമായി. പിന്നൊരു ദിവസം വീടിന്റെ ഉടമസ്ഥൻ കോൺട്രാക്ടറോട് പറയുന്നത് കേട്ടു “ഈ വീടിന്റെ പരിസരത്ത് ഒരിഞ്ചു സ്ഥലം പോലും ബാക്കി വയ്ക്കാതെ എല്ലായിടത്തും പേവർ ബ്ലോക്കുകൾ പാകിയേരെ. വീട് മുതൽ മതില് വരെ. എന്റെ ഭാര്യയ്ക്ക് വെള്ളത്തിലും മണ്ണിലും ചെളിയിലും ഒക്കെ കാല് ചവിട്ടുന്നത് ഇഷ്ടമല്ല. നല്ല സ്ലോപ്പ് കൊടുത്തു വെള്ളം ഒഴുകി പോകത്തക്ക രീതിയിൽ ചാനലും ഉണ്ടാക്കണം. മഴ പെയ്താൽ ഈ വീടിന്റെ പരിസരത്ത് ഒരു തുള്ളി പോലും വെള്ളം തളം കെട്ടി നിൽക്കരുത്. എല്ലാ വെള്ളവും പുറത്തുള്ള ഓടയിലേക്ക് ഒഴുകിപ്പോകട്ടെ.” “അപ്പൊഴേ സാറേ, ഇവിടെ ചെടികളൊന്നും വേണ്ടേ?” കോൺട്രാക്ടർ സംശയം ചോദിച്ചു. “ആര് നോക്കുമെടോ ചെടികളൊക്കെ? അതൊക്കെ സലീമയ്ക്ക് ബുദ്ധിമുട്ട് ആകും. അവരുടെ ഇഷ്ടം നടക്കട്ടെ.” ഉടമസ്ഥൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

രാഘവൻ പിള്ളയുടെ ചങ്ക് തകർന്നു. അയാൾ ആ പുരയിടം മുഴുവൻ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്നു. ആ മണ്ണിന്റെ ഗന്ധം ആവോളം വലിച്ചെടുത്തു. താനും ഭാര്യ സുമതിയും കൂടി ആ പുരയിടത്തിൽ ചെയ്തു കൂട്ടിയ കൃഷികളുടെ ഓർമ്മകൾ അയവിറക്കി. ചുറ്റുപാടുമുള്ള മതിലിന്റെ ഫൗണ്ടേഷൻ അൽപം ആഴത്തിൽ ആയിരുന്നു. അതും കോൺക്രീറ്റ് ഫൗണ്ടേഷൻ. ഒരു മണ്ണിരയ്ക്കും മതില് കടന്നു പുറത്തേക്ക് പോകാൻ കഴിഞ്ഞില്ല. പേവർ ബ്ലോക്കുകൾ പാകിത്തുടങ്ങി. വീടിന്റെ ഗേറ്റ് മുതൽ പുറകോട്ട് ആയിരുന്നു പാകി വന്നത്. പാകി വരുന്നത് അനുസരിച്ച് രാഘവൻ പിള്ളയും മറ്റു മണ്ണിരകളും പുറകിലോട്ട് ഇഴഞ്ഞു മാറാൻ ശ്രമിച്ചു. പലർക്കും സമയം കിട്ടിയില്ല. അവർ ശ്വാസം മുട്ടി മരിച്ചു. രാഘവൻ പിള്ള പുരയിടത്തിന്റെ അവസാനത്തെ മൂലയിലേക്ക് മാറിക്കിടന്നു. അവസാനത്തെ പേവർ ബ്ലോക്ക് വയ്ക്കാൻ സമയമായി. തന്റെ സമയം കഴിഞ്ഞു എന്ന് രാഘവൻ പിള്ളയ്ക്ക് മനസ്സിലായി. അടച്ചു പിടിച്ചിരുന്ന കണ്ണ് അയാൾ തുറന്നു. താൻ ജീവന് തുല്യം സ്നേഹിച്ച തന്റെ പുരയിടം അവസാനമായി ഒന്ന് നോക്കി. അപ്പോൾ കണ്ടു കാലന്റെ ദൂതന്മാരെ. അവർ തന്നെ കൊണ്ടുപോകാൻ വന്നതാണെന്ന് മനസ്സിലായി. അവരുടെ ഇടയിൽ ഒരു കണക്ക് പുസ്തകവുമായി ചിത്രഗുപ്തനെയും അയാൾ കണ്ടു. 

Read also: സാഹിത്യകാരന്റെ ഡയറിയിൽ ഭാര്യ എന്തോ കുറിച്ചു; ഉള്ളിലെ കലാകാരനെ തളർത്തിക്കളഞ്ഞ എഴുത്ത്

ചിത്രഗുപ്തന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതായി രാഘവൻ പിള്ളയ്ക്ക് തോന്നി. ചിത്രഗുപ്തൻ മുന്നോട്ടു വന്ന് പറഞ്ഞു “വരൂ പിള്ളേ, നിങ്ങളുടെ ഭൂമിയിലെ ജീവിതം ഇവിടെ അവസാനിക്കുന്നു. താൻ പിറന്ന മണ്ണിനേയും അതിലെ സസ്യങ്ങളെയും ഇത്രയധികം സ്നേഹിച്ച മറ്റൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. സ്വന്തം രാജ്യത്തിന്റെ അതിരുകൾ തന്റെ ജീവൻ കൊടുത്തും രക്ഷിക്കുന്ന ഒരു രാജ്യസ്നേഹിയായ ഭടനെപ്പോലെയാണ് നിങ്ങൾ. സ്വന്തം മണ്ണിന് വേണ്ടി അവസാനനിമിഷം വരെ സംഘർഷം ചെയ്യുന്ന മനുഷ്യൻ. നിങ്ങളുടെ മരണം ഒരു വീരമൃത്യു ആയി ഞാൻ ഘോഷിക്കും. അത്രമാത്രം പുണ്യ കർമ്മങ്ങൾ ഇന്ന് നിങ്ങളുടെ കണക്കിലുണ്ട്. ഇനി ഈ മണ്ണിൽ നിങ്ങൾ കഷ്ടപ്പെടെണ്ടാ. നിങ്ങൾക്ക് സ്വർഗ്ഗലോകത്തിൽ ഒരു മാലാഖയായി തുടരാൻ അവസരം തരുന്നു.” രാഘവൻ പിള്ള മറുപടി ഒന്നും പറഞ്ഞില്ല. അവസാനത്തെ പേവർ ബ്ലോക്ക് വച്ചു. രാഘവൻ പിള്ള എന്ന മണ്ണിര അന്ത്യശ്വാസം വലിച്ചു. ഉടനെ തന്നെ ആ ആത്മാവ് ഒരു മാലാഖയായി ചിത്രഗുപ്തനോടൊപ്പം സ്വർഗ്ഗത്തിലേക്ക് പറന്നുയർന്നു. ചിരിച്ചു കൊണ്ട് ചിത്രഗുപ്തൻ വിളിച്ചു പറഞ്ഞു. “മണ്ണിൽ ജനിച്ച മാലാഖ...”

Content Summary: Malayalam Short Story ' Vilavu Kaathirunna Mannira ' Written by Colonel Ramesh Ramakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com