' എനിക്ക് ചോര കണ്ടാൽ തലകറങ്ങും, അതുകൊണ്ട് ഡോക്ടർ ആകാന് പറ്റില്ല...';പത്താം ക്ലാസുകാരന്റെ ഭാവി പരിപാടികൾ

Mail This Article
ഷീലയ്ക്ക് സംശയം കൂടി വന്നു. 40 വയസ്സുള്ള ഷീലയ്ക്ക് പഠിപ്പ് ഉണ്ടെന്നേ ഉള്ളൂ. എപ്പോഴും, എന്തിലും സംശയമാണ്. കറി വെക്കുമ്പോൾ ഉപ്പിട്ടോന്ന് രണ്ടു തവണയെങ്കിലും നോക്കും. കാലത്ത് രണ്ടു തവണ പല്ല് തേച്ചാലേ തൃപ്തിയാകൂ. ഇപ്പോൾ സംശയം മോനെ കുറിച്ചാണ്. തന്റെ രണ്ടാമത്തെ മകൻ കണ്ണൻ എന്ന് വിളിക്കുന്ന ഷിയാസിന് 10 ലെ പരീക്ഷയുടെ റിസൾട്ട് അറിയാൻ അത്ര ആകാംക്ഷ കാണുന്നില്ല. അതിനുള്ള കാരണങ്ങൾ കണ്ടെത്തലാണ് ഷീലയുടെ ഇപ്പോഴത്തെ പ്രധാന ജോലി. ഷീല പഠിക്കുന്ന കാലത്ത് എപ്പോഴും സമ്മർദ്ദം ഉണ്ടായിരുന്നു. നല്ല മാർക്ക് വേണം. സംസ്ഥാനത്ത് ആദ്യ പത്തു പേരിൽ ഒരാൾ ആകാനായിരുന്നു ശ്രമം. മെയ് മാസത്തിൽ റിസൾട്ട് വന്നപ്പോൾ മനസ്സിലായി കേരളത്തിൽ തന്നെക്കാൾ പഠിക്കുന്ന മിടുക്കികൾ ഉണ്ടെന്ന്. സ്കൂളിൽ ഫസ്റ്റ് ആയിരുന്നു. അത് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. രണ്ട് ട്രോഫികൾ കിട്ടി. ഇന്നത്തെ പോലെ ഫ്ലക്സ് വെക്കലും, മാർക്ക് ലിസ്റ്റ് സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യലും അന്നില്ല. ഷീല സർക്കാർ കോളജിൽ ടീച്ചർ ഉദ്യോഗം നേടുന്നത് വരെ നന്നായി പഠിച്ചു. ഇപ്പോൾ നാട്ടിലെ ഒരു ആർട്സ് കോളജിലെ കുട്ടികളെ നന്നായി പഠിപ്പിക്കുന്നു.
ഷീല കെട്ടിയ ആൾക്കും സർക്കാർ ജോലിയാണ്. ദൂരദർശനിൽ എൻജിനീയർ. ഇടയ്ക്ക് ട്രാൻസ്ഫർ ഉണ്ടാകും. ഇപ്പൊ, കൊൽക്കത്തയിൽ ആണ്. പഠിക്കുന്ന കാര്യത്തിൽ കണ്ണൻ അച്ഛനെ പോലെ ആണ്. നന്നായി പഠിച്ചാൽ മതി. നല്ല വണ്ണം പരീക്ഷ എഴുതണമെന്നോ, മുഴുവൻ മാർക്കും കിട്ടണമെന്നോ ആഗ്രഹം വേണ്ടത്രേ. സ്മാർട്ട് ആയാൽ നല്ല ജോലി കിട്ടും. ജോലിയിൽ എത്തിയാൽ വീണ്ടും സ്മാർട്ട് ആകണം. വീണ്ടും ഉയരാം കണ്ണനോട് അച്ഛൻ ഇടയ്ക്കിടെ പറയും. കണ്ണന് ഉയർന്ന മാർക്ക്, എല്ലാവരേക്കാൾ ഉയരത്തിൽ എത്തുക എന്നീ ചിന്തകൾ ഇനിയെപ്പോൾ ഉണ്ടാകുമെന്ന് ഷീലയ്ക്ക് ഒരു പിടിയും ഇല്ല. ഷീലയ്ക്ക് ദണ്ണം കൂടി. മോന് മാർക്ക് കുറഞ്ഞാൽ അമ്മമാരെയാണ് ആളുകൾ പഴി പറയുക. അതും ഒരു ടീച്ചറുടെ മോൻ നല്ല മാർക്കോടെ പാസായാൽ മാത്രം പോരാ. അവൻ നല്ല സ്കൂളിൽ തന്നെ അഡ്മിഷൻ വാങ്ങണം. അതിന് നല്ല മാർക്ക് വേണം.
Read also: അയാൾ പുറത്തിറങ്ങിയതും വീട്ടിനുള്ളിൽനിന്നും നിലവിളി, അപകടം; പ്രവാസിയുടെ വീട്ടിലെ ഹൃദയം തകർക്കും കാഴ്ച
കണ്ണൻ പറയുന്നത് ലോജിക്കൽ തിങ്കിങ് ഉള്ള വിഷയങ്ങളിൽ (മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടർ, etc.) അവന് ഏതാണ്ട് 90-95 ശതമാനം മാർക്ക് കിട്ടും. ചിലതിൽ 100 ശതമാനം കിട്ടാൻ സാധ്യത ഉണ്ട്. കാണാതെ പഠിക്കാനുണ്ടെങ്കിൽ ഒരിക്കലും മുഴുവൻ മാർക്ക് കിട്ടില്ല. മുഴുവൻ മാർക്കിനായി തല പുണ്ണാക്കണ്ട. ക്രിയേറ്റീവ് എഴുത്ത് (സോഷ്യൽ, മലയാളം) ആണെങ്കിൽ, മുഴുവൻ മാർക്കിനായി ശ്രമിക്കും. പക്ഷെ, പരീക്ഷ പേപ്പർ നോക്കുന്നയാൾക്ക് എന്താണ് വേണ്ടത് എന്ന് അറിയില്ലല്ലോ. അതോണ്ട്, ഈ വിഷയങ്ങളിൽ ഏകദേശം 90-95 ശതമാനം കിട്ടും. കണ്ണൻ ഒരു എ പ്ലസ് കാരനാണ് എന്നാണ് നാട്ടുകാരിൽ പലരും പറയുന്നത്. ആവാനും, ആകാതിരിക്കാനും സാധ്യത ഉണ്ട്. 2023 വർഷത്തിൽ എസ്.എസ്.എൽ.സി. കാരുടെ 8 + 9 ക്ലാസ്സിലെ പഠനം + പരീക്ഷ കൊറോണ കൊണ്ട് പോയി. ഇക്കൊല്ലത്തെ പത്താം ക്ലാസ്സ് പരീക്ഷ പൊതുവെ എളുപ്പം ആയതു കൊണ്ട്, എല്ലാവർക്കും മുഴുവൻ മാർക്ക് കിട്ടാം! പക്ഷെ, പ്ലസ് വണ്ണിന് കമ്പ്യൂട്ടർ ഉള്ള ഗ്രൂപ്പ് കിട്ടുമോ? നല്ല മാർക്ക് കിട്ടിയ പെൺകുട്ടികൾ ഉണ്ടായാൽ മത്സരം കൂടും. കണ്ണൻ പെട്ട് പോകും.
കണ്ണന് ഐ.ഐ.ടി യിൽ ചേരാൻ (പ്ലസ് ടു കഴിഞ്ഞാൽ) പറ്റുമോ എന്ന് ട്രൈ ചെയ്യാൻ ഇപ്പോൾ തന്നെ ശ്രമം തുടങ്ങി. 2025 ലെ എൻജിനീയറിംഗ് എൻട്രൻസ് ആണ് ആദ്യ കടമ്പ. ഒരു പേര് കേട്ട അക്കാഡമിക്കാർ കണ്ണനെ ക്ലാസ്സിലോ / ഓൺലൈൻ ആയോ പഠിപ്പിക്കാൻ റെഡി ആണ്. നമ്മുടെ വീട്ടിൽ ഇരുന്ന് സ്വന്തം ലാപ്ടോപ്പിൽ നോക്കി പഠിക്കാൻ ഫീസ് ഏകദേശം 1,50,000 (ഒന്നര ലക്ഷം) കൊടുക്കണം. പൈസ ഉള്ളോർക്ക് എന്തുമാവാലോ.. ഇതറിഞ്ഞ കൂട്ടുകാർ പറഞ്ഞു. പ്ലസ് വൺ, പ്ലസ് ടു കാലമാകുമ്പോൾ കണ്ണൻ എഴുത്ത്, പ്രസംഗം, ഫുട്ബോൾ കളി, കമ്പ്യൂട്ടർ കോഡിങ്, യാത്ര തുടങ്ങിയവയിൽ കൂടുതൽ സമയം ചിലവഴിക്കും. അങ്ങനെ വന്നാൽ അക്കാഡമിയിൽ ഇത്ര പൈസ കൊടുത്ത് ചേരുന്നതിൽ അർഥമില്ല. കണ്ണൻ ഒരു സൗജന്യ എൻട്രൻസ് കോഴ്സിന് ചേരാൻ തീരുമാനം ആയി.
പത്താം ക്ലാസ്സിലെ റിസൾട്ട് വന്നു. സ്കൂളിൽ നന്നായി പഠിക്കുന്ന എല്ലാവർക്കും നല്ല മാർക്കുണ്ട്. എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.. ടീച്ചറുടെ കുട്ടിയല്ലേ, കണ്ണന് മുഴുവൻ മാർക്ക് കിട്ടിയതിൽ അത്ഭുതപ്പെടാൻ ഒന്നൂല്ല. അവർ എല്ലാവരും കണ്ണൻ നല്ല മാർക്കിൽ ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഷീലയ്ക്ക് കൽക്കട്ടയിൽ നിന്ന് ഫോൺ വന്നു: "അവൻ ഡോക്ടർ ആകാൻ ശ്രമിക്കണം. എൻജിനീയർമാർക്ക് ഭാവിയിൽ ഡിമാൻഡ് ഉണ്ടാകില്ല. ഞാൻ പറയുന്നത് ഇപ്പോഴെങ്കിലും കേൾക്കാൻ പറയണം." ഷീലയിലെ ടീച്ചറുടെ തല ഉയർന്നു. ഷീലയ്ക്ക് ഒന്നറിയാം: കണ്ണൻ ഇപ്പോൾ തന്നെ സോഫ്റ്റ്‌വെയർ എൻജിനീയർ ആയ മട്ടുണ്ട്. "അച്ഛാ, എനിക്ക് ചോര കാണുമ്പോൾ തല കറങ്ങും. അതോണ്ടാണ് ഡോക്ടർ ആകാൻ പഠിക്കണ്ടാന്ന് പറഞ്ഞത്. അല്ലാതെ കംപ്യൂട്ടറിൽ കോഡിങ്ങും ഗെയിമിംഗും എപ്പോഴും കളിക്കാനല്ല," കണ്ണൻ ഫോണിലൂടെ ഉറക്കെ പറഞ്ഞു.
കണ്ണന് ചോര കണ്ടാൽ കുഴപ്പമില്ലെന്ന് ഷീലയ്ക്ക് അറിയാം. കണ്ണന് ഒരു മാനേജർ ആകണം. സോഫ്റ്റ്‌വെയർ എൻജിനീയറിംഗ് പഠിച്ചാൽ, കോഡിങ് അറിയുന്നത് കൊണ്ട് നല്ല ജോലി തുടക്കത്തിൽ തന്നെ കിട്ടും. പിന്നെ, ഉയർന്നു വരാം. അവന്റെ പ്ലാൻ നാട്ടിൽ കൂട്ടുകാർക്ക് എല്ലാവർക്കും അറിയാം. കൊൽക്കത്തയിലെ അച്ഛന് മാത്രമേ അറിയാത്തതുള്ളൂ. അവന്റെ ഗോൾ എന്താണെന്ന് അവൻ ഉച്ചത്തിൽ ഫോണിലൂടെ വിളിച്ചു പറഞ്ഞു. എനിക്ക് മാനേജർ ആകണം. അതിനു ശേഷം, സ്വന്തമായി ബിസിനസ്സ് വേണം. അച്ഛനെ പോലെ, സർക്കാർ പറയുന്ന പോലെ, നാട് നിരങ്ങി നടക്കാൻ എനിക്ക് പറ്റില്ല. എനിക്ക് നാല് പേർക്ക് ജോലി കൊടുക്കുന്ന സ്ഥാപനം നടത്തണം. അതിനായി ഞാൻ ഇപ്പോഴെ ശ്രമിക്കും. ഷീലയുടെ സംശയം തീർന്നു. കണ്ണൻ മിടുക്കനാകും.. ഷീല മാർക്ക് ലിസ്റ്റിൽ നിന്ന് തല ഉയർത്തി, മോന് ഒരു ഉമ്മ കൊടുത്തു.
Content Summary: Malayalam Short Story ' Progress Report ' Written by Baburajan Kizhakkedathu