രാമേശ്വരം – കൊല്ലങ്കോട് വഴി – കാവല്ലൂർ മുരളീധരൻ എഴുതിയ കഥ

HIGHLIGHTS
  • രാമേശ്വരം – കൊല്ലങ്കോട് വഴി (കഥ)
malayalam-story-kavalloor-kollangod
Representative image. Photo Credit: KuntalSaha/istockphoto.com
SHARE

മൈഥിലി, യാത്ര തുടങ്ങുമ്പോൾ ഇടിവെട്ടി കനത്ത മഴപെയ്യുകയായിരുന്നു. ആ കനത്ത മഴയും കാറ്റും, തുടർച്ചയായ മിന്നലുകളും കണ്ടപ്പോൾ യാത്ര മാറ്റിവെക്കേണ്ടി വരുമോ എന്ന് തോന്നി. അവസാന നിമിഷമാണ് മൂന്ന് ടിക്കറ്റുകൾ കിട്ടിയത്, അതും കൊല്ലങ്കോട് നിന്ന് മധുര വരെ! തൃശ്ശൂരിൽ നിന്നോ എറണാകുളത്തുനിന്നോ ടിക്കറ്റ് ഇല്ല, വെളുപ്പിന് നാല് മണിക്ക്. ഇനിയിപ്പോൾ മറ്റൊരു വഴിയുമില്ല കൊല്ലങ്കോട് വരെ കാറിന് പോവുക തന്നെ. കനത്ത മഴയും കാറ്റും ഇടിവെട്ടും കണ്ടപ്പോൾ കുറച്ചു നേരത്തെ തന്നെ ഇറങ്ങാമെന്ന് കരുതി. കാഴ്ചകൾ മറച്ചു മഴ കോരിച്ചൊരിയുന്നു. കാർ തിരിച്ചപ്പോൾ തന്നെ മതിലിൽ ഉരഞ്ഞോ എന്ന് സംശയം. കാറിന്റെ കണ്ണാടികളിൽ നിറഞ്ഞ നീരാവി കാഴ്ചകൾ മറച്ചിരിക്കുന്നു. ചെറിയ ഉരച്ചിൽ വശങ്ങളിൽ കണ്ടു, സാരമില്ല. കനത്ത മഴയിൽ വണ്ടി ഓടിക്കുക ബുദ്ധിമുട്ടായിരുന്നു. റോഡിൽ നടക്കുന്ന പണികൾ വ്യക്തമായി അറിയാത്ത ഒരാളായതിനാൽ സൂക്ഷിച്ചാണ് വണ്ടിയോടിച്ചിരുന്നത്. എപ്പോഴും തനിക്ക് തിരിച്ചുപോകേണ്ടതാണല്ലോ എന്ന വിചാരത്തോടെ വണ്ടി ഓടിക്കുന്നതിൽ സൂക്ഷ്മത പുലർത്താൻ ശ്രദ്ധിച്ചിരുന്നു.

നടത്തറയിൽ ഹൈവേ എത്തുന്നവരെ വലിയ കുഴപ്പമില്ലായിരുന്നു. ഹൈവേയിൽ കയറിയതും വലിയ വാഹനങ്ങളുടെ നടുവിലൂടെ ആയി ഓട്ടം. ശരിയായി ഒന്നും കാണാൻ വയ്യ, വലിയ വാഹനങ്ങളിലെ കനത്ത വെളിച്ചവും വലിയ വെല്ലുവിളിയായിരുന്നു. അപ്പുറത്തെ വശത്തുകൂടെ ഒരു ട്രൈലർ പാഞ്ഞുപോയി, റോഡിൽ തളം കെട്ടി നിന്നിരുന്ന ഒരു വലിയ ജലശേഖരം ആരോ ബക്കറ്റിൽ എടുത്തു ഒഴിച്ചപോലെ എന്റെ കാറിൽ പതിച്ചു. ഒന്നും കാണാൻ വയ്യ. ഭാഗ്യം വശങ്ങളിൽ വണ്ടികൾ ഒന്നുമില്ലായിരുന്നു. പന്നിയങ്കര ടോൾപ്ലാസ കഴിയുന്നത് വരെ മഴ, നിങ്ങളുടെ യാത്ര മുടക്കും എന്ന രീതിയിൽ തല്ലി തൊഴിച്ചു പെയ്തുകൊണ്ടിരുന്നു. ടോൾ പ്ലാസ കഴിഞ്ഞതും, വടക്കഞ്ചേരിയിലേക്ക് തിരിയാനുള്ള വഴിയായി. ഗൂഗിൾ കാണിച്ച വഴിയിലൂടെ രണ്ടു തവണ കറങ്ങേണ്ടി വന്നു, ശരിയായ വഴിയിലെത്താൻ. അതിനായി, ഹൈവേയിൽ കൂടി ഒരുതവണകൂടി കയറി ഇറങ്ങി. വടക്കഞ്ചേരി വഴി തുടങ്ങി നെന്മാറ വരെ വല്ലപ്പോഴും മാത്രം ചില വാഹനങ്ങൾ കണ്ടു. ഈ പാതിരയ്ക്ക് ചരക്ക് വാഹനങ്ങൾ അല്ലാതെ മറ്റൊന്നും തന്നെ ഇല്ല. വഴിയിൽ ആണെങ്കിൽ വെളിച്ചവുമില്ല. എന്നാൽ നെന്മാറയ്ക്ക്‌ കടന്നതോടെ മഴ നിന്നു. ഞങ്ങളുടെ പുറകെ ഒരു ടൂർ വാൻ എത്തി. ഇടയ്ക്കിടെ ഞങ്ങൾ അവരെ കടന്നു പോകും, അവർ ഞങ്ങളെ കടന്നുപോകും, എന്തോ രണ്ടുപേരും അങ്ങനെ കണ്ടും പറഞ്ഞും പോകാൻ ശ്രമിക്കുന്നപോലെ. 

സമയം രാത്രി ഒന്നരമണി, ഒരു ചായ കിട്ടിയാൽ കൊള്ളാമായിരുന്നു. നിർത്തിയിടത്തെല്ലാം ചായ തീർന്നു. എല്ലാവരും കടയടച്ചു പോകാനുള്ള ഒരുക്കത്തിലാണ്. തൽക്കാലം വെള്ളം കുടിച്ചു തൃപ്തിപ്പെട്ടു. എന്തായാലും റെയിൽവേ സ്റ്റേഷനിൽ ചായ കിട്ടുമായിരിക്കും. ഗൂഗിൾ കാണിച്ച ഊട്ടരയിൽ നിന്ന് വലത്തോട്ട് ഒരു ചെറിയ റോഡിലൂടെ തിരിഞ്ഞു. ഞങ്ങൾ റെയിൽവേ സ്റ്റേഷന് മുന്നിൽ നിർത്തി. അവിടെയൊന്നും ഒരു മനുഷ്യൻ പോലുമില്ല. റെയിൽവേ സ്റ്റേഷന് അകത്തേക്ക് പോകാനുള്ള ഗേറ്റ് പോലും അടച്ചിട്ടിരിക്കുന്നു. സുരക്ഷാകാരണങ്ങൾ ആയിരിക്കാം പൂട്ടിയിട്ടിരിക്കുന്നത്. ചായയോ വെള്ളമോ അടുത്ത പ്രദേശത്തില്ല. അവിടെ പാർക്ക് ചെയ്‌തുകണ്ട ഒരു കാറിനടുത്തു വണ്ടി പാർക്ക് ചെയ്തു. ഇനിയും രണ്ടു മണിക്കൂർ. ബാക്കിയുള്ളവരോട് ഞാൻ ഉറങ്ങിക്കോളാൻ പറഞ്ഞു. മൂന്നുമണിയായപ്പോൾ മീൻ വാങ്ങാൻ പോകുന്ന ഒരു വണ്ടി ആ നിശബ്ദതകളെ മുറിച്ചുകൊണ്ട് മുന്നിലൂടെ കടന്നു പോയി. അത് പോയിക്കഴിഞ്ഞതും ഒരു മയിൽ കരഞ്ഞു.

നാല് മണിയാക്കാൻ ഒരുപാട് കാത്തിരിക്കേണ്ടി വന്നു. ഒന്നോ രണ്ടോ ദിവസം കാത്തിരിക്കുന്ന പോലെയായിരുന്നു ആ മണിക്കൂറുകൾ. നാലു മണിക്ക് ഒരു ഓട്ടോറിക്ഷ വന്നു നിന്നു, അതിൽ നിന്നിറങ്ങിയവരുടെ ശബ്ദം അവിടെയാകെ നിറഞ്ഞു. ഞാൻ അവരുടെ അടുത്തേക്ക് നടന്നു. അവരുടെ ശബ്ദം കേട്ടാകണം ഗേറ്റുകൾ തുറന്നിരുന്നു. ഞാനും അകത്തേക്ക് നടന്നു. അതിമനോഹരമായ ഉദ്യാനം നിറഞ്ഞ റെയിൽവേ സ്റ്റേഷൻ. എവിടെയായിരിക്കും എ1 ബോഗി വരിക, അവിടെ കണ്ട റെയിൽവേ ഗാർഡിനോട് ചോദിച്ചു. ആ കാണുന്ന ഷെഡ് തള്ളി മുന്നോട്ട് നിന്നോളൂ, അവർ പറഞ്ഞു. മറ്റുള്ളവരെക്കൂടി വിളിച്ചുണർത്തി ബാഗുകൾ എടുത്ത് വീണ്ടും ഉള്ളിലേക്ക് നടന്നു. അപ്പോഴേക്കും തുരുതുരാ ഓട്ടോറിക്ഷകളും കാറുകളും വരാൻ തുടങ്ങി. ഇതുവരെ ഉറങ്ങിക്കിടന്ന ആ റെയിൽവേ സ്റ്റേഷൻ ആളുകളാൽ നിറഞ്ഞു. പണിസാധനങ്ങൾ കണ്ടാൽ അറിയാം അധികം പേരും ജോലിക്ക് പോകുന്നവരാണ്. പകുതി തമിഴും, പകുതി മലയാളവും കലർന്ന സംഭാഷണങ്ങൾ. 

വണ്ടി വരാൻ കുറച്ചുകൂടി സമയമുണ്ട്. ഞാൻ പുറത്തുപോയി വണ്ടി ശരിക്കും പൂട്ടിയിട്ടില്ലേ എന്ന് നോക്കി. തിരിച്ചു വരുമ്പോൾ അവിടത്തെ ആ ഉദ്യാനം വീണ്ടും ശ്രദ്ധിച്ചു. ചുറ്റും മയിലുകളുടെ കരച്ചിൽ ഉയർന്നു വന്നു. നേരം വെളുക്കുവാൻ തുടങ്ങുന്നു. ആ സ്റ്റേഷനിൽ നിർത്തിപോകുന്ന അപൂർവം വണ്ടികളിൽ ഒന്ന് കാത്തു ഞങ്ങളെല്ലാവരും നിന്നു. അവസാനം കാത്തിരിപ്പ് അവസാനിപ്പിച്ച് അമൃത എക്സ്പ്രസ്സ് പത്തുമിനിറ്റ് വൈകി എത്തി. എ1 ബോഗി ഞങ്ങളെയും കടന്നു മുന്നോട്ട് പോയി. ഞങ്ങൾ പുറകെ ഓടി, വണ്ടി ഒരു മിനിറ്റ് മാത്രമാണ് നിറുത്തുക, വേഗം അകത്തേക്ക് കയറി. തൊട്ടടുത്ത് ഇരുന്ന ആൾ പറഞ്ഞു, സത്യത്തിൽ മൂന്ന് മൂന്നര മണിക്കൂർ കൊണ്ട് മധുരയിൽ എത്താം എന്നാൽ ഡിണ്ടിഗൽ എത്തിയാൽ പിന്നെ രണ്ടുമണിക്കൂർ പിടിച്ചിടും. രാമേശ്വരത്തെ പുതിയ റെയിൽവേ പാലം പണി കഴിഞ്ഞാൽ അമൃത എക്സ്പ്രസ്സ് രാമേശ്വരത്തേക്ക് നീട്ടും, അപ്പോൾ ഈ പിടിച്ചിടൽ ഒക്കെ അവസാനിക്കും. അദ്ദേഹത്തോട് ചിരിച്ചു, ഞാൻ കിടന്നു. ഒന്ന് നടു നിവർത്തണം. അമൃത എക്സ്പ്രസ്സ് അടുത്ത ലക്‌ഷ്യമായ പൊള്ളാച്ചിയിലേക്ക് അതിവേഗം പാഞ്ഞു. 

Content Summary: Malayalam Short Story ' Rameshwaram Kollengode Vazhi ' Written by Kavalloor Muraleedharan

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS