പതിവു പോലെ ഇന്നലെയും ബസ് കാത്തു നിന്നു അര മണിക്കൂറോളം. ജാഥ ആയി പോകുന്ന മൂന്നോ നാലോ കെ.എസ്.ആർ.ടി.സി. ബസ്സിന്റെ അവസാനത്തെ ബസ്സിന്റെ പിൻഭാഗം ആണ് മിക്കവാറും എന്റെ ദൂരകാഴ്ച. കെ.എസ്.ആർ.ടി.സി. യും ഞാനും തമ്മിലുള്ള ഒരു അവിഹിത ബന്ധം എന്ന് വേണമെങ്കിൽ പറയാം. എന്നെങ്കിലും ഞാൻ നേരത്തെ എത്തിയാൽ അന്ന് CONVOY സമയത്ത് പോയിരിക്കും എന്നത്തെയും പോലെ എന്നെ കൂടാതെ.
അതുകൊണ്ടെന്താ അടുത്ത CONVOY യുടെ ആദ്യത്തെ ബസ്സിൽ തന്നെ എനിക്ക് സീറ്റ് കിട്ടി . മൂന്നുപേർക്കിരിക്കാവുന്ന സീറ്റിൽ രണ്ടോ മൂന്നോ വയസ്സുള്ള ഒരു കുട്ടിയും അവളുടെ അച്ഛനും അമ്മയും. ചെറുപ്പക്കാർ. സുന്ദരനും അവന്റെ അതി സുന്ദരിയായ ഭാര്യയും. സൗന്ദര്യം അളക്കാൻ ഈ വയസ്സ് കാലത്ത് രഹസ്യമായി ഞാൻ കൊണ്ട് നടക്കുന്ന ഒരു അളവ് കോല് ഉണ്ട്. തിളങ്ങുന്ന ചെവികൾ. Transparent earlobes. പ്രകാശത്തെ പോലും തടയാൻ മിനക്കെടാതെ സ്വർണ നിറത്തിൽ അങ്ങനെ തിളങ്ങി നിൽക്കുന്ന ചെവികൾ.
അത്ര മാന്യമല്ലാത്ത എന്റെ മനോരാജ്യത്തിൽ നിന്ന് എന്നെ ഉണർത്തിയത് ആ കൊച്ചുകുട്ടിയുടെ വാ തോരാത്ത സംസാരം. ഒരു കിലുക്കാംപെട്ടി. ആ കുട്ടി എന്നോട് എന്തോ ഒക്കെ പറയുന്നു ചോദിക്കുന്നു ചിരിക്കുന്നു. ഞാനും ഒന്നു ചിരിച്ചു. യാത്രകളിലൊക്കെ എന്റെ ഒരു സ്വഭാവം ആണ് കഴിയുമെങ്കിൽ ഒന്നും മിണ്ടാതിരിക്കുക. ബസ്സിന്റെ ഇരമ്പലിൽ ഒന്നും ശരിക്ക് കേൾക്കാൻ ആവില്ല. കേൾക്കാത്തത് പറയുന്നത് കൊണ്ടെന്താ ഗുണം. പിന്നെ അപരിചിതരോട് അങ്ങനെ വല്ലാതെ അടുക്കാൻ ഒരു വിഷമം. ഈഗോ പ്രോബ്ലം.
ആ കുട്ടി എന്റെ മുഖത്തു നോക്കി തന്നെ എന്തോ ഒക്കെ ചോദിച്ചു കൊണ്ടിരുന്നു പറഞ്ഞു കൊണ്ടും. ഞാൻ പലതരം ചിരി മുഖത്ത് പരത്തി മിണ്ടാതെ ഇരുന്നു. ഇറങ്ങാൻ നേരത്താണ് പിന്നെ ഞാൻ ആ ദമ്പതികളെ ശ്രദ്ധിച്ചത്. ഒന്നും മിണ്ടാത്ത അവരുടെ അംഗ വിക്ഷേപങ്ങൾ അപ്പോഴാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. സ്വയം ബധിരനും മൂകനും ആയിപ്പോയ ഒരു നിമിഷം. ദൈവമേ ആ കുട്ടി കരുതി കാണുമോ ഈ ലോകം മുഴുവനും ബധിരരും മൂകരും മാത്രം ആണെന്ന്.
Content Summary: Malayalam Short Story ' Kilukkampetti ' Written by Mathai Kuriakose