കിനാക്കൾ – ക്ലേലിയ ജോൺ സി. എഴുതിയ കവിത
Mail This Article
നീ തന്ന കിനാക്കൾ
പൊഴിഞ്ഞൊരീ
വഴിത്താരയിലെൻ
യാത്രയിപ്പോൾ
പലകുറി കുനിഞ്ഞവരെ
പ്പുൽകണമെന്നു
വ്യഥാ നിനപ്പൂ ഞാൻ
ഒരു വേളയെൻ
നെഞ്ചകം പൂകിയവ
പുനർജനിക്കുമോ
എൻ ഓർമ്മത്താളിലിപ്പഴുമാ
മർമ്മരം കേൾക്കാം
നീ വന്നു പോയതിൻ
മഷിയടയാളങ്ങൾ
മനസ്സാകെ വെന്ത
നേരത്തായിരുന്നത്
ഇടിച്ചു കുത്തിയൊരു
മഴയായ് പെയ്തു നീ
ഞാനോ മടിച്ചു പെയ്തൊരു
ചാറ്റലായ് നിന്നു
നീ പെയ്തു തോർന്ന
നേരമെനിക്കെന്നെ
നഷ്ടമായി
പിന്നെ നീ പോയി
എവിടെക്കെന്നില്ലാതെ
ഒരു യാത്ര പറയാതെ
പറന്നകന്നു
നിലാവിലും വഴി മറന്ന
രാക്കിളിയായ് ഞാനലഞ്ഞു
ഇനിയൊരു വേനലിൽ
ഞാൻ നിന്നെപ്പുൽകുമോ?
നീയെന്നെയെന്നേക്കുമായ്
വെടിഞ്ഞതോ...?
ചോദ്യങ്ങളിലുടക്കി വീഴുന്നതീ
പകലുകൾ
സ്വപ്നമായെങ്കിലും
നീ പെയ്തിറങ്ങണം
അത്രമേൽ നിന്നെ
പ്രണയിച്ചിവൾ
എൻ കാതിലിപ്പഴും
മൂളുന്നതാ പ്രേമ ഗീതം
നീയെനിക്കായ്
മാത്രം മൂളിയോരീണം.
Content Summary: Malayalam Poem ' Kinakkal ' Written by Clelia John C.